കുതിര കൂട്ടില്‍നിന്ന് പുറത്തുചാടി; ബോയിങ് 747 വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂയോര്‍ക്ക്: കുതിര കൂട്ടില്‍നിന്ന് പുറത്തുചാടിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ന്യൂയോര്‍ക്കില്‍നിന്ന് ബെല്‍ജിയത്തിലേക്ക് പോയ എയര്‍ അത്‌ലാന്റാ ഐസ്‌ലാന്‍ഡിക്കിന്റെ ബോയിങ് 747 ചരക്കുവിമാനമാണ് 31,000 അടിയില്‍നിന്ന് തിരിച്ചിറക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍നിന്ന് ബെല്‍ജിയത്തിലെ ലീജിലേക്കായിരുന്നു വിമാനം. ലീജിലേക്കുള്ള 15 കുതിരകളില്‍ ഒന്നായിരുന്നു യാത്രാമധ്യേ കൂട്ടില്‍നിന്ന് പുറത്തുചാടാന്‍ ശ്രമിച്ചത്. വിമാനം യാത്ര ആരംഭിച്ചതിന് പിന്നാലെ കെട്ടഴിഞ്ഞ കുതിര പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് കുലുക്കമനുഭവപ്പെട്ടു. കൂട്ടില്‍നിന്ന് പകുതി ദൂരത്തോളം ചാടിയ കുതിരയുടെ മുന്‍കാലുകള്‍ കൂട്ടിന് പുറത്തായി. തുടര്‍ന്ന് കുതിര കുടുങ്ങിപ്പോവുകയായിരുന്നു.
യാത്രാമധ്യേ പൈലറ്റാണ് കുതിര രക്ഷപ്പെടാന്‍ ശ്രമിച്ച കാര്യം ബോസ്റ്റണിലെ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. യാത്ര തുടരുന്നതിന് ബുദ്ധിമുട്ടില്ലെന്ന് പറഞ്ഞ പൈലറ്റ് പക്ഷേ കുതിരയ്ക്ക് പരിക്കുണ്ടെന്ന് അറിയിക്കുകയും വിമാനം തിരിച്ചിറക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് തിരിച്ചിറക്കാന്‍ അനുമതി നല്‍കിയത്.
നിലത്തിറക്കുന്നതിനുമുമ്പ് 20 ടണ്‍ ഇന്ധനം പുറത്തുകളയേണ്ടിവന്നുവെന്ന് പൈലറ്റ് പറഞ്ഞു. വിമാനം താഴെയിറക്കിയ ഉടനെ കുതിരയ്ക്ക് വൈദ്യസഹായം നല്‍കാന്‍ വെറ്റിനറി ഡോക്ടറുടെ സേവനം ആവശ്യമാണെന്നും പൈലറ്റ് ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചിരുന്നു. കുതിരയെ ഇറക്കിയ ശേഷം യാത്ര പുരാരംഭിച്ച വിമാനം പിറ്റേന്ന് രാവിലെ ലീജില്‍ എത്തിയതായി വിമാനട്രാക്കിങ് സൈറ്റുകള്‍ വ്യക്തമാക്കുന്നു. കുതിരയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: A horse loose on a flight to Belgium forces a cargo jet back to New York