'നാന്‍സി എവിടെ'; അക്രമി പോള്‍ പെലോസിയുടെ തലക്കടിച്ചത് നാന്‍സിയെ തിരഞ്ഞുകൊണ്ട്

സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | Photo:  Justin Sullivan/Getty Images/AFP
സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | Photo: Justin Sullivan/Getty Images/AFP

വാഷിങ്ടണ്‍: യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിക്ക് ക്രൂരമര്‍ദനം. സാന്‍ഫ്രാന്‍സിസ്‌കോയിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമി 'നാന്‍സി എവിടെ' എന്ന് ആക്രോശിച്ചുകൊണ്ട് പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പോള്‍ പെലോസി ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിയെ പിന്നീട് പൊലീസ് പിടികൂടി. 

ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നാണ് നാന്‍സി പെലോസിയുടെ വസതിയിലേക്ക് അക്രമി എത്തിയത്. 42-കാരനായ ഡേവിഡ് ഡിപെപ്പെ എന്നയാളാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാന്‍സി പെലോസി എവിടെ എന്ന് ചോദിച്ചായിരുന്നു 42-കാരന്‍ ആക്രമിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പെട്ടന്നുണ്ടായ ആക്രമണത്തിന്റെ കാരണത്തേക്കുറിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല.

അക്രമം നടക്കുമ്പോള്‍ നാന്‍സി പെലോസി വാഷിങ്ടണിലായിരുന്നു. അകത്തു കടന്നയുടന്‍ പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് അക്രമിക്കുകയായിരുന്നു. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ പോള്‍ പെലോസിയുടെ തലയോട്ടി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. വിവരം ലഭിച്ചത് അനുസരിച്ച് പെലോസിയുടെ വീട്ടില്‍ പൊലീസ് എത്തുമ്പോള്‍ ചുറ്റിക കൊണ്ടുള്ള ആക്രമണം തടയാന്‍ ശ്രമിക്കുന്ന പോളിനെയാണ് കാണാന്‍ സാധിച്ചത്. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോള്‍ പെലോസിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 82-കാരനായ പോളിന് കാര്യമായ പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്നും നാന്‍സി പെലോസിയുടെ വക്താവ് ഡ്രൂ ഹാമില്‍ പറഞ്ഞു. അക്രമി പോലീസ് കസ്റ്റഡിയിലാണെന്നും മര്‍ദനത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ടെന്നും ഹാമില്‍ പറഞ്ഞു.

Content Highlights: 'Where is Nancy': Man was searching for US Speaker before assault on her husband