‘ഇത്രയുംകാലത്തെ പോരാട്ടത്തിനുള്ള മറുപടിപോലും ആ കുട്ടിക്ക് ലഭിച്ചില്ല’; നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ ഉമാ തോമസ്

കൊച്ചി: ഇത്രയുംനാൾ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയിൽനിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎൽഎ. സെൻഷേണൽ കേസിൽ വിധിവരുമ്പോൾ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചിരിക്കുന്നതെന്നും ഉമാ തോമസ് എംഎൽഎ കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസിലുണ്ടായ വിധിയിൽ പ്രതികരിക്കുകയായിരുന്നു ഉമ തോമസ്.
സെൻഷേണൽ കേസിൽ വിധിവരുമ്പോൾ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. നിർഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാർലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാൾ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാൻ പറ്റില്ല. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികൾക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.
കോടതിയെ മാനിക്കാതെയല്ല. സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയിൽ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാൾ ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നൽകാൻ, എട്ട് വർഷമായി ദുഃഖം മുഴുവൻ സഹിക്കുന്ന അവൾക്ക് നീതി ലഭിച്ചില്ല. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനൽ ഗൂഢാലോചനയാണ് എന്ന കാര്യത്തിൽ സംശയമില്ല, ഉമാ തോമസ് എംഎൽഎ പറഞ്ഞു.
Content Highlights: uma thomas mla comment actress attack verdict