ജഗനെതിരേ അനിയത്തി; ആന്ധ്രയിൽ ഫലം കാണുമോ കോൺഗ്രസിന്റെ ഫാമിലി ട്രിക്ക്

വൈ.എസ്. ശര്‍മിള- അവിഭക്ത ആന്ധ്രപ്രദേശിലെ, കോണ്‍ഗ്രസിന്റെ തലപ്പൊക്കമുണ്ടായിരുന്ന നേതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകള്‍. നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി. വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകയും അധ്യക്ഷയും. അങ്ങനെ രാഷ്ട്രീയമായി മേല്‍വിലാസങ്ങള്‍ പലതാണ് യെദുഗുരി സണ്ടിന്തി ശര്‍മിള റെഡ്ഡി എന്ന വൈ.എസ്. ശര്‍മിളയ്ക്ക്. ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള സഹോദരന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആരോഹണത്തില്‍ ശര്‍മിളയുടെ പങ്ക് നിര്‍ണായകമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് സഹോദരന്‍ തന്നെ രാഷ്ട്രീയമായി അവഗണിക്കുന്നുവെന്ന ബോധ്യത്തില്‍ അവര്‍ സ്വന്തം നിലയ്ക്ക് ഒരു പാര്‍ട്ടി രൂപവത്കരിക്കുകയും രാഷ്ട്രീയതട്ടകം തെലങ്കാനയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് ആന്ധ്രപ്രദേശ് രാഷ്ട്രീത്തിലേക്ക് മടങ്ങുക എന്ന വലിയ ചുവടുവെച്ചിരിക്കുകയാണ് ശര്‍മിള. മുഖ്യ എതിരാളിക്ക് സഹോദരന്‍ ജഗന്റെ മുഖം. ശര്‍മിളയെയും അവരുടെ വൈ.എസ്.ആര്‍.ടി. പാര്‍ട്ടിയെയും ഒപ്പംചേര്‍ത്ത് ആന്ധ്രപ്രദേശില്‍ പുനരുജ്ജീവനം ലക്ഷ്യംവെക്കുകയാണ് കോണ്‍ഗ്രസ്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍ നിന്നാണ് ശര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അവരെ സ്വാഗതം ചെയ്തു. ആന്ധ്രയുടെയും തെലങ്കാനയുടെയും മര്‍മം അറിയുന്ന രാഷ്ട്രീയക്കാരിയാണ് ശര്‍മിള. ജഗന്‍മോഹന്‍ റെഡ്ഡിയുമായുള്ള അഭിപ്രായവ്യത്യാസത്തിന് പിന്നാലെ 2021-ലാണ് അവര്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചത്, യുവജന ശ്രമിക റൈത്തു തെലങ്കാന പാര്‍ട്ടി അഥവാ വൈ.എസ്.ആര്‍.ടി.പി. ജഗനുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പരസ്യമായ വിഴുപ്പലക്കിന് അവര്‍ നിന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തന മേഖല ആന്ധ്രയില്‍നിന്ന് തെലങ്കാനയിലേക്ക് മാറ്റി. തുടര്‍ന്ന് ബി.ആര്‍.എസിനും കെ. ചന്ദ്രശേഖര്‍ റാവുവിനുമെതിരേ നിരന്തര പോരാട്ടമായിരുന്നു ശര്‍മിള നയിച്ചത്.
Content Highlights: ys sharmila joins congress ysr congress tdp revanth reddy telangana