പേടി തുടങ്ങി, ഇന്ത്യക്കാര്‍ വീണ്ടും വരണമെന്ന് മന്ത്രി; ബഹിഷ്‌കരണത്തില്‍ ആടിയുലഞ്ഞ് മാലദ്വീപ്

ഇന്ത്യന്‍ സഞ്ചാരികള്‍ കൈവിട്ടതോടെ അഭ്യര്‍ഥനയുമായി മാലദ്വീപ് ടൂറിസം മന്ത്രി രംഗത്ത്! ഉഭയകക്ഷിബന്ധം വഷളായ സാഹചര്യത്തില്‍ മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യൻ സഞ്ചാരികള്‍ രാജ്യത്തെത്തണമെന്ന് മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ അഭ്യര്‍ഥിച്ചത്. 'നമുക്കൊരു ചരിത്രമുണ്ട്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സര്‍ക്കാരിനും ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് താല്‍പര്യം. ഞങ്ങള്‍ എല്ലായ്പ്പോഴും സമാധാനവും സൗഹൃദ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ ജനങ്ങളും സര്‍ക്കാരും ഇന്ത്യന്‍ സഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യും. മാലദ്വീപ് വിനോദസഞ്ചാരത്തിന്റെ ഭാഗമാകാന്‍ ഇന്ത്യക്കാരോട് ടൂറിസം മന്ത്രി എന്ന നിലയില്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഞങ്ങളുടെ സമ്പദ്വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്' - വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇബ്രാഹിം ഫൈസല്‍ പറഞ്ഞു.
'ഇന്ത്യ ഔട്ട്' മുദ്രാവാക്യമുയര്‍ത്തി ചൈനീസ് അനുകൂല നേതാവ് മുഹമ്മദ് മുയിസു അധികാരത്തിലെത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മാലദ്വീപിലെ ചില മന്ത്രിമാര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതോടെ ഇന്ത്യന്‍ സഞ്ചാരികള്‍ കൂട്ടത്തോടെ മാലദ്വീപിനെ ബഹിഷ്‌കരിച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ബഹിഷ്‌കരണ ആഹ്വാനങ്ങളുണ്ടായി. സെലിബ്രിറ്റികള്‍ അടക്കുമുള്ളവര്‍ ഇതിന് പിന്തുണ നല്‍കി. ഇന്ത്യന്‍ സഞ്ചാരികള്‍ മാലദ്വിപിനെ ഒഴിവാക്കിയതോടെ അവരുടെ ടൂറിസം മേഖല വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കി. ഇതോടെ ഇന്ത്യയെ അനുനയിപ്പിക്കലല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ലാതായി. അതിന്റെ ഭാഗമാണ് മാലദ്വീപ് ടൂറിസംമന്ത്രിയുടെ അഭ്യര്‍ഥന.
Content Highlights: Why Maldives is urging Indian tourists to return