ഖമീനിക്ക് പിന്‍ഗാമിയാര്, മകനെ രഹസ്യമായി തിരഞ്ഞെടുത്തോ? ഇറാനിൽ പരമോന്നത നേതാവിനെക്കുറിച്ച് ചർച്ചകൾ

Ayatollah Ali Khamenei  | Photo: Office of the Iranian Supreme Leader via AP
Ayatollah Ali Khamenei | Photo: Office of the Iranian Supreme Leader via AP

ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമീനി കോമയിലാണോ? അലി ഖമീനി ഗുരുതര രോഗബാധിതനാണെന്നും അദ്ദേഹം കോമയിലാണെന്നുമാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എണ്‍പത്തിയഞ്ചുകാരനായ അലി ഖമീനി ഗുരുതര രോഗബാധിതനാണെന്ന് യു.എസ്. മാധ്യമമായ 'ന്യൂയോര്‍ക്ക് ടൈംസ്' ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോമയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിനിടെ അലി ഖമീനിയുടെ ആരോഗ്യസ്ഥതി ഇറാന്‍ മറച്ചുവെയ്ക്കുന്നു എന്നായിരുന്നു ആരോപണം. ഇതിനിടെ, പുതിയ പരമോന്നത നേതാവിനെക്കുറിച്ചുള്ള ചര്‍ച്ചകളും രാജ്യത്ത് ഉയര്‍ന്നു. അലി ഖമീനിയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമല്ല, തിരഞ്ഞെടുപ്പും ഇറാനില്‍ നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രഹസ്യയോഗത്തില്‍ തന്റെ പിന്‍ഗാമിയായി 55 വയസ്സുള്ള മകന്‍ മുജ്തബ ഖമീനിയെ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്തുവെന്ന വാര്‍ത്ത ഇസ്രയേലി മാധ്യമങ്ങളാണ് പുറത്തുവിട്ടത്. 

ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സമയത്ത് തന്നെയാണ് പുതിയ നേതാവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്ത് ഉയരുന്നതെന്നതാണ് ശ്രദ്ധേയം. എന്നാല്‍, പരമോന്നത നേതാവ് ഒരു ഇറാന്‍ നയതന്ത്ര പ്രതിനിധിയെ കാണുന്ന ചിത്രം പുറത്തുവിട്ടുകൊണ്ടാണ് ഇറാന്‍ ഇതിനോട് പ്രതികരിച്ചത്. ലെബനനിലെ ഇറാന്‍ അംബാസഡര്‍ മുജ്തബ അമാനിയുമായി അദ്ദേഹം സംസാരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഖമീനിയുടെ എക്‌സ് അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഖമീനി, ലെബനനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ അംബാസഡര്‍ മുജ്തബ അമാനിയെ കാണുകളും സംസാരിക്കുകയും ചെയ്തുവെന്ന പേര്‍ഷ്യന്‍ ഭാഷയിലുള്ള കുറിപ്പിനൊപ്പമായിരുന്നു ചിത്രം പുറത്തുവിട്ടത്.  പക്ഷേ, ഊഹാപോഹങ്ങള്‍ ശമിപ്പിക്കാന്‍ ആ ചിത്രത്തിനും സാധിച്ചില്ല. ഖമീനിയെക്കുറിച്ചോ അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ചോ ഔദ്യോഗികമായി ഇറാന്‍ ഒന്നും പറഞ്ഞിരുന്നില്ല എന്നത് തന്നെയാണ് കാരണം. 

Content Highlights: Who is Mojtaba Khamenei, possibly Iran’s next Supreme Leader?

Continue reading