പരിഷ്കരണവാദിയായ പുതിയ പ്രസിഡന്‍റ് ; പെസെഷ്കിയാനില്‍ പൂക്കുന്ന ഇറാന്റെ പ്രതീക്ഷകള്‍

'മതഭ്രാന്തന്മാരുടെ മനസ്സിലെ മാറ്റത്തിന്
സാധാരണ ജീവിതത്തിനുള്ള ആഗ്രഹം കൊണ്ട്...
ആണ്‍കുട്ടിയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച
പെണ്‍കുട്ടിക്ക് വേണ്ടി..
സ്ത്രീകള്‍ക്ക്, ജീവിതത്തിന്, സ്വാതന്ത്ര്യത്തിന്..'
ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന കുര്‍ദിഷ് യുവതി മരണപ്പെട്ടപ്പോള്‍ ഇറാനിയന്‍ കവിയായ ഷെര്‍വിന്‍ ഹാജിപുര്‍ എഴുതിയതായിരുന്നു ഈ വരികള്‍. ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികള്‍ പിന്നീട് ഈ വരികളെ പ്രക്ഷോഭഗീതമായി ഏറ്റെടുത്തു. ദേശവ്യാപകമായ പ്രതിഷേധങ്ങളിലെങ്ങും ഷെര്‍വിന്റെ വരികള്‍ മുഴങ്ങിക്കേട്ടു. 2023-ല്‍ ഗ്രാമി പുരസ്‌കാര വേദിയിലും സാമൂഹിക മാറ്റത്തിനായുള്ള മികച്ച ഗാനമായി ഇത് അംഗീകരിക്കപ്പെട്ടിരുന്നു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധം കെട്ടടങ്ങി. പക്ഷെ, ഈ വരികള്‍ ഒരുവിഭാഗം ഇറാനിയന്‍ ജനത, പ്രത്യേകിച്ച് യുവജനങ്ങള്‍ ഏറ്റെടുത്തു. രാജ്യം തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ ഇക്കഴിഞ്ഞ ദിവസങ്ങളിലും ഇതേ ഗീതം മുഴങ്ങിക്കേട്ടു കൊണ്ടേയിരിക്കുകയായിരുന്നു. ഇറാന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌കിയാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മാറ്റത്തിനായുള്ള ഈ ആഹ്വാനമായിരുന്നു പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്. വരികള്‍ എഴുതിയ ഷെര്‍വിന്‍ ഇപ്പോഴും തടവിലായിരിക്കെ മാറ്റത്തിനായുള്ള ആ ഗീതത്തെ പ്രചാരണ ആയുധമാക്കി മാറ്റിയതിനെതിരെ വിമര്‍ശകര്‍ രംഗത്തെത്തി. പക്ഷെ, വിമര്‍ശനങ്ങളേയും ആയുധമാക്കിക്കൊണ്ടുള്ള പെസെഷ്‌കിയാന്റെ പ്രചാരണത്തിന് വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചെന്നു വേണം കരുതാന്‍. ഇറാന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് അത്തരം വാര്‍ത്തകളാണ് പുറത്തുവരുന്നത്.
Content Highlights: Who is Masoud Pezeshkian, Iran’s next President?