കേരളം ലോകത്തിന് സംഭാവന ചെയ്ത രാഷ്ട്രതന്ത്രജ്ഞൻ; വിശ്വപൗരൻ വി.കെ.കൃഷ്ണമേനോന് 130 വയസ്സ്

#ജി.വി രാകേശ്
ജവഹർ ലാൽ നെഹ്റുവിനൊപ്പം വികെ കൃഷ്ണമേനോൻ
ജവഹർ ലാൽ നെഹ്റുവിനൊപ്പം വികെ കൃഷ്ണമേനോൻ

'വിശ്വസ്തത എന്നത് സത്യസന്ധതയാണ്. മുകളിലുള്ളവരോടുള്ള വിശ്വസ്തത എളുപ്പമാണ്. എന്നാൽ തന്നോടും സ്വന്തം ആശയങ്ങളോടും ആദർശങ്ങളോടും നിങ്ങളെ ആദരിക്കുന്നവരോടും നിങ്ങൾക്ക് അധികാരമുള്ളവരോടും ഉള്ള വിശ്വസ്തത -ഇതാണ് അതിലും വലുത്.' -വി.കെ.കൃഷ്ണമേനോൻ

വർത്തമാനകാലത്തും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ അതിർത്തിത്തർക്കം,യുദ്ധം, മനുഷ്യാവകാശലംഘനങ്ങൾ, ഭക്ഷ്യക്ഷാമം, അഭയാർത്ഥി പ്രവാഹം, ദുരിതം എന്നിവ അനന്തമില്ലാതെ തുടരുകയാണ്. അതിന് അറുതി വരുത്താനുള്ള പ്രസ്ഥാനങ്ങളും സംവിധാനങ്ങളും സ്ഥാപനങ്ങളും പരാജയപ്പെടുന്ന സാഹചര്യത്തിൽ ബുദ്ധിപരമായി വിഷയങ്ങൾ അവതരിപ്പിക്കാനും മനുഷ്യപക്ഷത്തുനിന്ന് സംസാരിച്ച് പരിഹാരം കണ്ടെത്താനും കഴിവുറ്റവരില്ലെന്ന് തിരിച്ചറിയുമ്പോഴാണ് കൃഷ്ണമേനോന്റെ മൂല്യം നാൾക്കുനാൾ വർധിക്കുന്നത്. ഇന്ന് കൃഷ്ണമേനോന്റെ 130-ാം ജന്മവാർഷികം 1896 മെയ് മൂന്നിന് കോഴിക്കോട് പന്നിയങ്കരയിലാണ് കൃഷ്ണമേനോന്റെ ജനനം. അച്ഛൻ തലശ്ശേരിയിലെ പ്രശസ്ത അഭിഭാഷകാനായിരുന്ന കോമത്ത് കൃഷ്ണക്കുറുപ്പ്,അമ്മ;വെങ്ങാലിൽ ലക്ഷ്മിക്കുട്ടിയമ്മ.

വികെ കൃഷ്ണമേനോന്റെ പന്നിയങ്കരയിലെ വീട്

'കൃഷ്ണമേനോന്റെ ജീവിത പ്രവർത്തനങ്ങൾ വിവരിക്കുക എന്നത് നയാഗ്രയെ ഫ്‌ലാസ്‌കിൽ ഒതുക്കാൻ ഒരുമ്പിടലാണ്, പരമാർത്ഥത്തിൽ അസാധ്യമായ പ്രവൃത്തി. സ്വന്തം നാട്ടിലും പുറത്തും ഒരുപോലെ ഇത്രയേറെ കടുത്ത വിമർശനങ്ങൾക്ക് പാത്രമായ ഒരിന്ത്യൻ രാജ്യതന്ത്രജ്ഞൻ കൃഷ്ണമേനോനെപ്പോലെ മറ്റൊരാളില്ല. അദ്ദേഹത്തിന് ധാർഷ്ട്യമുണ്ടായിരുന്നു. എന്നാൽ തന്റെ നാടിനെ ഇടിച്ചുതാഴ്ത്താൻ ശ്രമിക്കുന്നവരുടെ നേർക്ക് മാത്രമായിരുന്നു അത്. പരിപൂർണ്ണമായ അർപ്പണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. അദ്ദേഹത്തിന്റെ വാക്കുകൾ തീക്ഷണമായിരുന്നു. പക്ഷേ കാപട്യത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തി സത്യത്തെ പുറത്തുകൊണ്ടുവരുമ്പോൾ മാത്രമാണ് പരുഷമായി പെരുമാറിയത്. ബുദ്ധിപരമായി അദ്ദേഹം ഒരതികായകനാണ്. അതിലളിതമായ വസ്തുക്കളിൽ നിന്നുപോലും പാഠങ്ങൾ ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ തുളച്ചുകയറുന്ന മനസ്സിന് കഴിയുമായിരുന്നു. അതൊക്കെക്കൊണ്ടുതന്നെ ജീവിത്തിലുടനീളം വിവാദങ്ങൾ കൃഷ്ണമേനോനെ വിടാതെ പിടികൂടി..'- മുൻ രാഷ്ട്രപതിയും കൃഷ്ണമേനോനോടൊപ്പം പ്രവർത്തിക്കുകയും ചെയ്ത ആർ.വെങ്കിട്ടരാമന്റെ വാക്കുകളാണിത്.

സമ്പന്നനായ ഒരാളെ സംബന്ധിച്ച് സ്വമനസ്സാലെ പട്ടിണി കൈവരിക്കുക എന്നത് ധീരവും ഒരുതരത്തിൽ വേദനാകരവുമായ അനുഭവവുമാണ്. അതിസമ്പന്ന കുടുംബത്തിൽ ജനിച്ച വി.കെ.കൃഷ്ണമേനോന്റെ കാര്യത്തിൽ ലണ്ടനിൽ സംഭവിച്ചത് അതാണ്. വീടും കൂടുമില്ലാത്തവനെപ്പോലെ ജീവിത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് സർവ്വപ്രധാനമെന്നു താൻ വിശ്വസിക്കുന്ന ആദർശത്തിൽ മുഴുവൻ ശ്രദ്ധയും സമയവും കേന്ദ്രീകരിച്ചുകൊണ്ട് ഇരുപത് വർഷത്തിലധികം അവിടെ കഴിച്ചുകൂട്ടുക. എന്നിട്ട് ലക്ഷ്യം പൂർത്തിയാക്കി വിജയം കൈവരിക്കുമ്പോൾ അൽപം ഗർവുണ്ടാവുക എന്നത് മനുഷ്യസഹജം. കേരളം ലോകത്തിന് സംഭാവന ചെയ്ത വി.കെ.കൃഷ്ണമേനോൻ എന്ന രാഷ്ട്രതന്ത്രജ്ഞൻ വ്യത്യസ്തനാവുന്നതും അതുകൊണ്ടുതന്നെയാണ്.

ആനിബസന്റിന്റെ അനുയായി

തിരുവങ്ങാട് വലിയമാടാവിൽ സ്‌കൂളിലാണ് കൃഷ്ണമേനോൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഹൈസ്‌കൂൾ വിദ്യാഭ്യാസം കോഴിക്കോട് ഗണപത് ഹൈസ്‌കൂളിലും കോളജ് വിദ്യാഭ്യാസത്തിന്റെ പ്രാരംഭഘട്ടമായ ഇന്റർ മീഡിയറ്റിന് കോഴിക്കോട് സാമൂതിരി കോളജിലുമാണ്. 1915-മുതൽ മദ്രാസ് പ്രസിഡൻസി കോളജിൽ ചരിത്രവും സാമ്പത്തിക ശാസ്ത്രവും ഐച്ഛിക വിഷയങ്ങളായെടുത്താണ് ബി.എ.ക്ക് പഠിച്ചത്. എം.എ.കാൻഡത്ത് (മലയാളത്തിലെ ആദ്യ ചെറുകഥയെഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനായ എം.സി. മാധവൻ എന്ന അറത്തിൽ കണ്ടോത്ത് മാധവൻ നമ്പ്യാർ ബ്രിട്ടീഷ് രേഖകളിൽ കണ്ടോത്ത് എന്നത് കാൻഡത്ത് എന്നായി മാറി. പിന്നെ എം.എ. കാൻഡത്ത് എന്ന പേരിലാണ് അറിയപ്പെട്ടത്.) എന്ന യുവ പണ്ഡിതനായിരുന്നു. ഡോ.എസ്.രാധാകൃഷ്ണൻ അന്ന് അവിടെ തത്ത്വവിജ്ഞാനീയ വിഭാഗത്തിൽ ട്യൂട്ടറായിരുന്നു.

ഒരു സ്‌കോളർഷിപ്പും പ്രധാനപ്പെട്ട രണ്ട് പുരസ്‌കാരങ്ങളും മേനോന് ലഭിച്ചതോടെ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ശ്രദ്ധപിടിച്ചുപറ്റാൻ സാധിച്ചു. ആ സമയത്തുതന്നെ ആനിബസന്റിന്റെ 'ഹോം റൂൾ' പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായി. 1916-ൽ ഹോംറൂൾ ലീഗിന്റെ പതാക കോളജിലെ കൊടിമരത്തിൽ അദ്ദേഹം ഉയർത്തി. ഗുരുതരമായ കുറ്റമായി കണക്കാക്കി ജയിലിലടക്കാൻ മതിയായൊരു കുറ്റകൃത്യമായിരുന്നു അത്. കോളജ് അധികൃതർ നടപടിയിലേക്ക് നീങ്ങിയപ്പോൾ കേൻഡത്തിന്റെ ഇടപെടലിന്റെ ഫലമായി അധികാരികൾ താക്കീതു ചെയ്തു വിട്ടു.

1918-ൽ ധനതത്ത്വശാസ്ത്രത്തിലും ചരിത്രത്തിലും രാഷ്ട്രമീമാംസയിലും കൃഷ്ണമേനോന് ബിരുദം ലഭിച്ചു. പിതാവിന്റെ ഇഷ്ടത്തിനനുസരിച്ച് മദ്രാസിലെ ലോ കോളജിൽ ചേർന്നു. നിയമപഠനം പൂർത്തീകരിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചു. 1918-ൽ തിയോസഫിക്കൽ സൊസൈറ്റിയിൽ ചേർന്ന മേനോൻ അതിന്റെയും ബോയ്സ് സ്‌കൗട്ട് പ്രസ്ഥാനത്തിന്റെയും സന്ദേശം മദ്രാസ്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രചരിപ്പിക്കുന്നതിനാണ് പിന്നീടുള്ള ആറ് വർഷം വിനിയോഗിച്ചത്. രബീന്ദ്രനാഥ ടാഗോറിനെ ആദ്യ വൈസ് ചാൻസിലർ ആക്കിക്കൊണ്ട് ആനിബസന്റ് മദ്രാസിൽ സ്ഥാപിച്ച നാഷണൽ യൂത്ത് യൂണിവേഴ്സിറ്റിയിൽ കുറച്ചുകാലം അദ്ധ്യാപനവും നടത്തിയിരുന്നു. ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന നെഹ്‌റുവിന്റെ ആവശ്യത്തെ ആനിബസന്റ് പിൻതാങ്ങാത്തതിനാൽ ആനിബസന്റിന്റെ പ്രവർത്തനങ്ങളിൽ നിന്നു വിട്ടുമാറി. എങ്കിലും ഒരമ്മയുടെ സ്ഥാനം നൽകി ആദരിച്ചിരുന്നു.

കോഴിക്കോട് മാനാഞ്ചിറയിൽ സ്ഥാപിച്ച വികെ കൃഷ്ണമേനോന്റെ പ്രതിമ

ലണ്ടനിലേക്ക്

ഇംഗ്ലണ്ടിലെ ലെച്ച്വർത്തിൽ സംഘടിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ സമ്മേളനത്തിൽ ഡോ.അരുണ്ഡേയ്ൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി കൃഷ്ണമേനോനെയും ഒപ്പം കൂട്ടാൻ തീരുമാനിച്ചു. ഇംഗ്ലണ്ടിൽ ഉപരിപഠനത്തിനു സൗകര്യം ചെയ്തുകൊടുക്കുകയും അവർ തിരഞ്ഞെടുക്കുന്ന പ്രവർത്തനരീതിക്ക് പ്രയോജനപ്പെടുന്ന ഏറ്റവും ഉദാത്തമായ പരിശീലനത്തിന് ഏർപ്പാടാക്കുകയും ചെയ്യാമെന്നായിരുന്നു വാഗ്ദാനം. അച്ഛൻ കൃഷ്ണക്കുറുപ്പ് നാമമാത്രമായ തുകയാണ് വഴിച്ചെലവിനായി നൽകിയത്. സമ്പന്നതയിൽ നിന്നു മാറി തീക്ഷണമായ ദാരിദ്ര്യത്തിലേക്കു മാറുകയായിരുന്നു. ആഹാരത്തിനുപോലും കാശില്ലാത്ത അവസ്ഥയായി. 28-ാം വയസ്സിൽ 1924 ജൂൺമാസം പുതിയൊരു ജീവിതം ആരംഭിക്കുന്നതിനായി ഒരു ഇറ്റാലിയൻ കപ്പലിൽ ഡോ.അരുണ്ഡേയ്ലിനൊപ്പം കൃഷ്ണമേനോൻ ലണ്ടനിലെത്തി. 23 വർഷമാണ് അദ്ദേഹം ലണ്ടനിൽ ജീവിച്ചത്. ലണ്ടനിലെത്തുമ്പോൾ ആരോഗ്യവാനായ ഒരു യുവാവായിരുന്നു. 51 വയസ്സാകുമ്പോഴേക്കും വടിയൂന്നി നടക്കേണ്ട ഒരു ദുർബല ശരീരൻ. ബ്രിട്ടണിലേക്ക് പോകുന്നതിനു മുൻപുതന്നെ കൃഷ്ണമേനോൻ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്ണോമിക്സിൽ പഠനത്തിന് പ്രവേശനം നേടിയിരുന്നു. ഒരു ദശകം നീണ്ടു നിൽക്കുന്ന ബന്ധമാണ് കൃഷ്ണമേനോന് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്ണോമിക്‌സിൽ ഉണ്ടായിരുന്നത്.

അധ്യാപനവൃത്തിയിൽ പരിശീലനം നേടാനുള്ള ഡിപ്ലോമക്ക് വേണ്ടിയുള്ള ഒരു ക്ലാസിൽ ചേർന്നുകൊണ്ടാണ് ഇംഗ്ലണ്ടിലെ മേനോന്റെ ജീവിതം ആരംഭിച്ചത്. ഹെർട്ട്ഫോർഡ്ഷയറിലെ സെന്റ് ക്രിസ്റ്റ്ഫേഴ്സ് സ്‌കൂളിൽ ഒരു വർഷം ചരിത്രം പഠിപ്പിക്കുകയും ചെയ്തു. 1925-ൽ ഡിപ്ലോമ നേടി. 1927-ൽ ധനതത്ത്വശാസ്ത്രത്തിൽ ബി.എസ്.സി.ബിരുദം ഒന്നാം ക്ലാസ് ഓണേഴ്സോടെ കരസ്ഥമാക്കി. പിന്നീട് ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഇൻഡസ്ട്രിയൽ സൈക്കോളജിയിൽ എം.എ.ബിരുദം നേടി. 1935-ൽ ധനതത്ത്വശാസ്ത്രത്തിൽ എം.എസ്.സി. കരസ്ഥമാക്കി.

ഇന്ത്യൻ ലീഗ്

1930 ആയപ്പോഴേക്കും ലണ്ടനിൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗം എന്ന നിലയിൽ 'ഇന്ത്യൻ ലീഗ്' എന്ന പ്രസ്ഥാനം ഉദയം ചെയ്തു. ഇന്ത്യയുടെ സ്വയംഭരണാവകാശത്തിനു പിൻതുണ നല്കുക എന്നതായിരുന്നു ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യം. 1932-ൽ ഇന്ത്യാലീഗിന്റെ പ്രതിനിധി സംഘാംഗം എന്ന നിലയിൽ ഇന്ത്യയിലെത്തി. ഇംഗ്ലണ്ടിലേക്ക് 1924-ൽ പോയിട്ട് ആദ്യമായാണ് മേനോൻ നാട്ടിലേക്ക് മടങ്ങുന്നത്. 1932 ആഗസ്ത് അഞ്ചാം തിയ്യതി വെനീസിൽനിന്നു കപ്പലിൽ പുറപ്പെട്ട ഇന്ത്യാലീഗ് പ്രതിനിധി സംഘം 17-ാം തിയ്യതി ബോംബയിലെത്തി. 83 ദിവസം ഇന്ത്യയിലെ പലയിടങ്ങളിലായി ചുറ്റിസഞ്ചരിച്ചു. ഇന്ത്യയിൽ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട മർദ്ദനഭരണത്തിന്റെയും ക്രൂര പീഡനങ്ങളുടെയും യാതനകൾ നേരിട്ടറിഞ്ഞ പ്രതിനിധി സംഘത്തിലെ ഇംഗ്ലീഷുകാരായ അംഗങ്ങൾക്കുപോലും ലജ്ജതോന്നി. ബ്രിട്ടീഷ് സർക്കാറിന്റെ ക്രൂരതകളെക്കുറിച്ചുള്ള 536 പേജുള്ള റിപ്പോർട്ടുമായാണ് നവംബർ ഏഴാം തിയ്യതി ബ്രിട്ടീഷുകാരുടെ മുന്നിലേക്ക് സംഘം തിരിച്ചു പോയത്.

തളർച്ചയും ഉയർത്തെഴുന്നേൽപ്പും

ഇന്ത്യയിലെത്തിയപ്പോൾ അച്ഛൻ കൃഷ്ണക്കുറുപ്പിനെയും കണ്ടിരുന്നു. ഇംഗ്ലണ്ടിൽ തിരിച്ചെത്തി കുറച്ച് മാസങ്ങൾക്ക് ശേഷമാണ് അച്ഛൻ മരിച്ച വിവരം കത്തിലൂടെ അറിയുന്നത്. ഇത് മേനോനെ ഏറെ വേദനിപ്പിച്ചിരുന്നു. മേനോനെ രോഗങ്ങളും പിടികൂടാൻ തുടങ്ങി. അതിനിടെ ലീഗിലെ വൊളന്റിയറും ഇംഗ്ലീഷുകാരിയുമായ ബാർബറ മക്നമാറയുമായുള്ള പ്രണയവും ഉടഞ്ഞുപോയി. ബാർബറ ക്ഷയരോഗിയായതിനാലാണ് അവർ മേനോനുമായി ബന്ധം അവസാനിപ്പിക്കാൻ കാരണമായത്. അതോടെ മേനോനും വിവാഹിതനാവണമെന്ന മോഹം ഉപേക്ഷിച്ചു.

മേനോൻ ഒരിക്കലും സ്ത്രീ വിദ്വേഷിയായിരുന്നില്ല. സ്തീകളുമായി വിവാഹാലോചനയിലെത്തിയ അടുപ്പം പലപ്പോഴും മേനോനുണ്ടായിരുന്നു. അതിലൊന്നാണ് മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൾ മാധവി അമ്മയുടെ മകളും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്ണോമിക്സിൽ പഠിച്ച് പിന്നീട് ഡൽഹിയിലെ വിമൻസ് കോളജായ മിറാൻഡ ഹൗസ് പ്രിൻസിപ്പളുമായ ജാനകിയമ്മയുമായുള്ള അടുപ്പം. അവരും പിന്നീട് വിവാഹിതയായിട്ടില്ല. പ്രണയവിരഹവും രക്തവാതവും നടുവേദനയും മൂലമുണ്ടായ അസ്വസ്ഥതയോടൊപ്പം മാനസീകാസ്വാസ്ഥ്യവും കൂടിച്ചേർന്ന് രോഗിയായിമാറി. പിന്നീടൊരിക്കലും കൃഷ്ണമേനോൻ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. 1935-ൽ ജവഹർലാൽ നെഹ്‌റു ലണ്ടൻ സന്ദർശിക്കുന്ന വിവരം വന്നതോടെ അതുവരെ ക്ഷീണിതനായിരുന്ന മേനോൻ രോഗക്കിടക്കവിട്ട് എഴുന്നേറ്റു. ലണ്ടനിലെത്തിയ നെഹ്‌റുവുമായി ഏറെ നേരം സംസാരിച്ചു. ഈ കൂടിക്കാഴ്ചയാണ് മേനോനും നെഹ്‌റുവും തമ്മിലുള്ള സൗഹൃദം ശക്തിയാർജ്ജിക്കുന്നത്.

വിശ്വപ്രസിദ്ധമായ പ്രസംഗം

സ്വാതന്ത്ര്യാനന്തരം നയതന്ത്രബന്ധം സ്ഥാപിക്കാനായി പല വിദേശരാജ്യങ്ങളിലേക്കും നെഹ്‌റു നിയോഗിച്ചത് കൃഷ്ണമേനോനെയാണ്. 1947 ആഗസ്ത് 15-ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി കൃഷ്ണമേനോൻ ചുമതലയേറ്റു. ഹൈക്കമ്മീഷണർ എന്ന നിലയിൽ രണ്ട് കാര്യങ്ങളിൽ മേനോന് നിർബന്ധമുണ്ടായിരുന്നു. ഒന്ന് ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്ന് ആളുകളെ ബോധ്യപ്പെടുത്തുക. രണ്ട് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധം മാതൃകാപരമാക്കുക എന്നിവയായിരുന്നു. ഇന്ത്യയുടെ വിദേശസ്ഥാനപതീകാര്യാലയങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വിപുലമായുള്ളത് എക്കാലത്തും ലണ്ടൻ ഹൈക്കമ്മീഷൻ കാര്യാലയമാണ്. 1952 ജൂൺ 13 വരെ മേനോൻ ലണ്ടനിൽ ഹൈക്കമ്മീഷണറായി സേവനം അനുഷ്ഠിച്ചു.

ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ നേതാവായി 1953-ൽ കൃഷ്ണമേനോനെ തിരഞ്ഞെടുത്തു. അക്കൊല്ലം തന്നെ മദ്രാസിൽനിന്ന് രാജ്യസഭാംഗമാക്കി. കാലാന്തരത്തിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നെഹ്‌റുവിന്റെ നീക്കമായിരുന്നു അത്. ചേരിചേരാനയം ഉൾപ്പടെയുള്ള അന്താരാഷ്ട്ര നയങ്ങൾ രൂപവത്ക്കരിക്കുന്നതിന് നെഹ്‌റുവിനൊപ്പം മുഖ്യപങ്ക് വഹിച്ചിരുന്നത് മേനോനായിരുന്നു. 1954-ൽ രാഷ്ട്രം മേനോനെ പത്മവിഭൂഷൺ നല്കി ആദരിക്കുകയും ചെയ്തു. 1956 നവംബർ 17-ന് ജമ്മുകാശ്മീർ കോൺസിറ്റിയുവന്റ് അസംബ്ലി ഒരു ഭരണഘടന സംസ്ഥാനത്തിനായി സ്വീകരിക്കുകയും 1957 ജനുവരി 26 മുതൽ നിലവിൽ വരികയും ചെയ്തു. 1957 ജനുവരി ആദ്യം പാകിസ്താൻ കാശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭ 1948- 50 കാലത്ത് പാസാക്കിയ ആറു പ്രമേയങ്ങളെ ജെ.കെ. കോൺസ്റ്റിസ്റ്റ്യൂവന്റ് അസംബ്ലി അട്ടിമറിച്ചെന്ന് പറഞ്ഞ് ഐക്യരാഷ്ട്രസുരക്ഷാസമിതിക്കു പരാതി കൊടുത്തു. പാകിസ്താന്റെ പരാതിയിൽ സുരക്ഷാസമിതി 1957 ജനുവരി 15-ന് ചർച്ചയാരംഭിച്ചു. 1957 ജനുവരി 23-ന് ആദ്യം അഞ്ചുമണിക്കൂർ അഞ്ചുമിനിറ്റും പിറ്റേന്ന് അതിന്റെ തുടർച്ചയായി രണ്ടരമണിക്കൂറും കൃഷ്ണമേനോൻ സഭയിൽ പ്രസംഗിച്ചു. എട്ടുമണിക്കൂർ അദ്ദേഹം ഈ വിഷയത്തിൽ സഭയെ കൈയിലെടുക്കകയും ഒടുവിൽ മോഹാലസ്യപ്പട്ട് വീഴുകയും ചെയ്തു. ഐക്യരാഷ്ട്രസഭയിൽ വമ്പിച്ച പിൻതുണയോടെ നടത്തിയ ഏറ്റവും ദീർഘമായ പ്രസംഗം എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചു ആ മാരത്തൺ പ്രസംഗം. ചാതുര്യമാർന്നൊരു പ്രകടനമായിരുന്നു അത്. ഏഴുവർഷത്തിനകം കശ്മീർ സംബന്ധിച്ച ഇന്ത്യയുടെ ഭാഗം ഇത്ര അഭിനിവേശത്തോടെ, വാചാലതയോടെ, ചരിത്രവസ്തുതകളും രാഷ്ട്രീയ യാഥാർഥ്യങ്ങളും നിരത്തിയുണ്ടായ ആദ്യപ്രസംഗമായിരുന്നു അത്. കൃഷ്ണമേനോന് വീരപരിവേഷം നല്കുകയും ചെയ്തു. 1957 ഫിബ്രവരി 8,15,20,21 തിയ്യതികളിലും സുരക്ഷാസമിതിയിൽ മേനോൻ നാല് ദീർഘപ്രസംഗങ്ങൾ കൂടി നടത്തിയിരുന്നു.

പ്രതിരോധമന്ത്രി

മദ്രാസിൽനിന്ന് രാജ്യസഭാംഗമായി ന്യൂഡൽഹിലെത്തിയ മേനോനെ 1956 മുതൽ '57 വരെ നെഹ്‌റു മന്ത്രിസഭയിലെ വകുപ്പില്ലാ മന്ത്രിയാക്കി. 1957 ഏപ്രിൽ 17-ന് നെഹ്‌റുവിന്റെ 13 അംഗ മന്ത്രിസഭയിൽ ഇന്ത്യയുടെ നാലാമത്തെ പ്രതിരോധമന്ത്രിയായി കൃഷ്ണമേനോൻ ചുമതലയേറ്റു. സൈനിക കാര്യങ്ങളെപ്പറ്റി നിഷ്‌കൃഷ്ടവും വ്യക്തവുമായ അഭിപ്രായങ്ങളുള്ളയാളായിരുന്നു കൃഷ്ണമേനോൻ. പ്രതിരോധസംബന്ധമായ സമഗ്രമായ പഠനം നടത്തിയിട്ടുള്ള അദ്ദേഹം പല അവസരങ്ങളിലായി വിലപ്പെട്ട പ്രബന്ധങ്ങൾ തയ്യാറാക്കിയിരുന്നു. അങ്ങനെ ഇംഗ്ലണ്ടിൽ പ്രത്യേകിച്ച് ഇടതുപക്ഷക്കാരുടെ ഇടയിൽ പ്രതിഭാശാലിയായ സൈനികകാര്യ വിദഗ്ധനെന്ന പ്രശസ്തി നേടിയിരുന്നു. വ്യക്തമായ അഭിപ്രായങ്ങളും നിഗമനങ്ങളും വെച്ചുകൊണ്ടാണ് ജോലിയാരംഭിച്ചത്. പ്രതിരോധമന്ത്രി എന്ന നിലയിൽ മേനോൻ നന്നായി ജോലി തുടങ്ങി. കോടിക്കണക്കിന് വിലവരുന്ന സൈനികോപകരണങ്ങളും മറ്റും സൈനിക ഡിപ്പോകളിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന കാഴ്ചയാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റപ്പോൾ കണ്ടത്. വീണ്ടെടുക്കലിന്റെയും പരിഷ്‌ക്കരിക്കലിന്റെയും പുനർ നിർമ്മാണത്തിന്റെയും വലിയോരു പദ്ധതിയാണ് അദ്ദേഹം ആസൂത്രണം ചെയ്തത്. ഉപയോഗശൂന്യമെന്ന് കരുതി എഴുതിത്തള്ളിയ ആയിരക്കണക്കിന് സൈനിക വാഹനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗത്തിന് സജ്ജമാക്കി. അറ്റകുറ്റപ്പണികൾ ചെയ്യുന്ന കേന്ദ്രങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും പുതിയവ ആരംഭിക്കുകയും ചെയ്തു.

സൈനികർക്കുള്ള പരിശീലനം, സൈനികരുടെ വിദ്യാഭ്യാസ നിലവാരവും ക്ഷേമവും ഉയർത്തുന്നതിനുള്ള പദ്ധതി എന്നിവയ്ക്ക് രൂപം നല്കി. ശാസ്ത്രീയവും സാങ്കേതികവുമായ വിജ്ഞാനം സമാഹരിക്കാനും പ്രായോഗികമാക്കാനുമായി പ്രതിരോധമന്ത്രിയുടെ ഗവേഷണ വികസന സമിതി രൂപവത്ക്കരിച്ചു. സായുധസേനക്ക് വേണ്ടി പ്രവർത്തിക്കുന്ന സിവിലിയൻ ശാസ്ത്രജ്ഞൻമാരുടെ എണ്ണവും പദവിയും വർധിപ്പിച്ചു. എല്ലാറ്റിലും ശാസ്ത്രീയമായ അടിത്തറയുണ്ടാക്കി. ഇന്ത്യയിൽ യുദ്ധോപകരണങ്ങളുടെ നിർമ്മാണത്തിന് മുൻഗണന കൊടുത്തുകൊണ്ട് നിരവധി നിർമ്മാണ ശാലകൾ സ്ഥാപിച്ചു. ട്രക്കുകൾ, വിമാനങ്ങൾ, പാചക പാത്രങ്ങൾ, പാൽ കട്ടിയാക്കിയെടുക്കുന്ന യന്ത്രങ്ങൾ, പ്രഷർകുക്കർ എന്നിങ്ങനെ പലതും പ്രതിരോധ നിർമ്മാണ ശാലയിൽ ഉണ്ടാക്കിത്തുടങ്ങി. സൈനിക വാഹനങ്ങൾ സ്വകാര്യ വ്യക്തികളിൽ നിന്നും വിലക്കെടുക്കുന്ന സമ്പ്രദായവും അവസാനിപ്പിച്ചു. ഇതോടെ സൈനികർക്കിടയിലും പുതിയ ഉണർവുണ്ടായി. കൂടാതെ സാധാരണ സൈനികരുമായി സമ്പർക്കവും മന്ത്രി പുലർത്തി. മേനോന്റെ ഈ നയം സ്വകാര്യ വ്യവസായികളെയും മറ്റുചിലരേയും പരിഭ്രമിപ്പിച്ചു.

പോർച്ചുഗീസ് കോളനി ഭരണത്തിൽ നിന്ന് ഗോവയെ സ്വതന്ത്രമാക്കാൻ ഇന്ത്യൻ സൈന്യം 1961 ഡിസംബറിൽ നടത്തിയ സൈനിക നടപടിയാണ് 'ഓപ്പറേഷൻ വിജയ്'. 451 വർഷത്തെ പോർച്ചുഗീസ് ഭരണം 36 മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ചു. ഈ സൈനിക നീക്കം ഇന്ത്യയുടെ ത്രി-സേനാ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു. പ്രധാനമന്ത്രി നെഹ്‌റുവിനെക്കൂടാതെ രണ്ട് മലയാളികളാണ് പ്രധാനമായും ഓപ്പറേഷൻ വിജയ്ക്ക് നേതൃത്വം നൽകിയത്. ഒന്ന് പ്രതിരോധമന്ത്രിയായ വി.കെ.കൃഷ്ണമേനോനും രണ്ട് ലെഫ്റ്റനന്റ് ജനറൽ കുഞ്ഞിരാമൻ പാലാട്ട് കാൻഡത്ത് എന്ന കെ.പി.കാൻഡത്തുമാണ്. ഇരുവരും മലയാളികളായത് യാദൃച്ഛികം മാത്രം.

മലയാളത്തിലെ ആദ്യ ചെറുകഥയെഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൻ എം.സി. മാധവൻ എന്ന അറത്തിൽ കണ്ടോത്ത് മാധവൻ നമ്പ്യാരുടെയും (ബ്രിട്ടീഷ് രേഖകളിൽ കണ്ടോത്ത് എന്നത് കാൻഡത്ത് എന്നായി മാറി. പിന്നീട് എം.എ.കാൻഡത്ത് എന്ന പേരിലാണ് അറിയപ്പെട്ടത്.) ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന ചേറ്റുർ ശങ്കരൻ നായരുടെ മകൾ പാലാട്ട് മാധവി അമ്മയുടെയും മകനാണ് കെ.പി.കാൻഡത്ത്. പത്മഭൂഷൺ നല്കി കെ.പി.കാൻഡത്തിനെ രാജ്യം ആദരിച്ചിട്ടുണ്ട്.

1962-ലെ ചൈനാ ആക്രമണത്തെത്തുടർന്ന് നവംബർ ഏഴിന് മേനോൻ മന്ത്രിസ്ഥാനം രാജിവെച്ചു. യുദ്ധത്തിൽ ഇന്ത്യക്കുണ്ടായ പരാജയത്തിന്റെ ഒരു പ്രധാനകാരണം ധനമന്ത്രിയായിരുന്ന മൊറാർജി ദേശായിയായിരുന്നു. മേനോനോടുള്ള വ്യക്തിപരമായ വെറുപ്പുമൂലം രാജ്യത്തിന്റെ സുരക്ഷിതാവസ്ഥയെ അപകടത്തിലാക്കാൻ അദ്ദേഹം മടിച്ചില്ല. 1962-ൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുകയും ആറ് മാസത്തിനു ശേഷം നെഹ്‌റു മന്ത്രിസഭയിൽ നിന്ന് കൃഷ്ണമേനോനെ രാജിവെപ്പിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയാണ് ലോക പ്രശസ്ത തത്ത്വശാസ്ത്രജ്ഞനായ ഡോ.എസ്.രാധാകൃഷ്ണൻ.

നെഹ്‌റുവിന്റെ ആത്മമിത്രം എന്ന നിലയിലും മികച്ച മന്ത്രി എന്ന നിലയിലും കൃഷ്ണമേനോൻ അംഗീകരിക്കപ്പെട്ടിരുന്നു. 1957-ലും 1962-ലും വടക്കൻ ബോംബെയിൽ നിന്നാണ് ലോകസഭയിലെത്തിയത്. പ്രതിരോധ മന്ത്രിയായിരുന്നതിനാൽ ബോംബെ നോർത്ത് മണ്ഡലത്തിലെ എം.പി.യുടെ പ്രതിനിധിയായി നിയോഗിച്ചത് പിന്നീട് കേന്ദ്ര മന്ത്രിവരെയായിട്ടുള്ള കൃഷ്ണമേനോന്റെ ബന്ധുവും കോഴിക്കോട്ടെ അയൽപക്കക്കാരനുമായ കെ.പി.ഉണ്ണിക്കൃഷ്ണനെയാണ്. നെഹ്‌റുവിന്റെ കാലശേഷം മേനോൻ വിരുദ്ധപക്ഷം ബോംബെ സീറ്റ് നല്കിയില്ല. ഇടതുപക്ഷത്തിന്റെ പിൻതുണയോടെ 1969-ൽ മിഡ്നാപ്പൂരിൽ നിന്നും 1971-ൽ തിരുവനന്തപുരത്തുനിന്നും മേനോൻ ലോകസഭയിലെത്തി.

വ്യത്യസ്തമായ ജീവിതശൈലി

നെഹ്‌റുവിനെപ്പോലെ കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറാൻ പ്രത്യേക വാസനയാണ്. ജീവിതചര്യകളിൽ തീവ്രനിഷ്ഠയുള്ള ഒരാളായിരുന്നു. മദ്യം, പുകവലി,വയറു നിറച്ച് ഭക്ഷണം എന്നീ ശീലങ്ങളൊന്നും മേനോനുണ്ടായിരുന്നില്ല. ചായയും ബിസ്‌ക്കറ്റുമായിരുന്നു മുഖ്യാഹാരം. ലോകത്തിലെ മഹാനായ ചായപ്രേമിയായിരുന്നു. അരനൂറ്റാണ്ടോളം നിത്യവും 20 മുതൽ 40 വരെ ചായകുടിച്ചിരുന്നു. ബ്ലാക്പൂരിലുള്ള ഇസ്മയിൽ ആന്റ് കമ്പനിയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട തേയില എത്തിച്ചുകൊണ്ടിരുന്നത്. രണ്ട് മണിക്കൂർ സമയത്തെ ഉറക്കം കൊണ്ട് തൃപ്തിപ്പെടും. ജോലിയിൽ നിന്ന് വിട്ടുമാറി വിശ്രമമില്ല.

പ്രതിരോധകാര്യമന്ത്രി എന്ന നിലയിൽ വമ്പിച്ച ഒരു കെട്ടിടം പാർപ്പിടമായി കിട്ടിയെങ്കിലും അതിന്റെ ഒരറ്റത്ത് ചെറിയ ഒരു മുറിമാത്രമാണ് അദ്ദേഹം ഉപയോഗിച്ചത്. ആ ഒതുങ്ങിയ മുറിയിൽ പലതരം നിത്യോപയോഗ ഉപകരണങ്ങളുടെ നല്ല ശേഖരമുണ്ടായിരുന്നു. യന്ത്രകളിപ്പാട്ടങ്ങളും പാവകളും പ്രിയപ്പെട്ടവയായിരുന്നു. പുസ്തക ഭ്രാന്തനായതിനാൽ വലിയൊരു പുസ്തക ശേഖരം തന്നെ ഉണ്ടായിരുന്നു. വളരെ വേഗത്തിൽ വായിക്കാനുള്ള കഴിവും മേനോന്റെ പ്രത്യേകതയാണ്. വായിച്ചത് മുഴുവൻ ഓർമ്മയിൽ തങ്ങിനില്ക്കുകയും ചെയ്യും. ഇംഗ്ലണ്ടിൽ കൃഷ്ണമേനോൻ അഭിഭാഷകവൃത്തി കാര്യമായി ചെയ്തിരുന്നില്ല. സാമ്പത്തിക പരാധീനത അനുഭവിച്ചുകൊണ്ടിരുന്ന കൃഷ്ണമേനോൻ 1933-ന്റെ മധ്യത്തോടെ ലണ്ടനിലെ പ്രശസ്തങ്ങളായ രണ്ട് പ്രസാധക സ്ഥാപനങ്ങളിൽ താല്ക്കാലിക അടിസ്ഥാനത്തിൽ എഡിറ്റർ ജോലി ചെയ്തിരുന്നു. പെൻഗ്വൻ ബുക്സിന്റെ ഒരു അനുബന്ധമായി ബോസ് വെല്ലിനോട് ചേർന്ന് 1936-ൽ മേനോൻ പെലിക്കൻ ബുക്‌സ് ആരംഭിച്ചു. 1938-ന്റെ അവസാനത്തോടെ മേനോന് പെൻഗ്വിൻ ബുക്‌സിലെ അലൈൻലെൻ 125 പൗണ്ട് നല്കി പെൻഗ്വിൻ ബുക്‌സുമായുള്ള മേനോന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചു. വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന മേനോന് ആ കാലത്ത് കിട്ടിയ ഗണ്യമായ തുകയായിരുന്നു അത്. കൃഷ്ണമേനോന്റെ സോളിറ്റർ ആ പണവുമായി കടന്നു കളഞ്ഞു. സഹപ്രവർത്തകനായ സാമുവൽ ലിങ്കൺ നിയമ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇതായിരുന്നു മേനോന്റെ മറുപടി: 'പണംകൊണ്ട് എനിക്കെന്താണാവശ്യം? എനിക്ക് കുറച്ച് ആവശ്യങ്ങളേയുള്ളൂ.നമുക്ക് കാരുണ്യം കാണിക്കാം.അയാൾക്കൊരു ഭാര്യയും കുട്ടികളുമുണ്ട് '

സ്വന്തം ഉപയോഗത്തിന് നിരവധി സൂട്ടുകൾ വാങ്ങിശേഖരിച്ചിരുന്നു. ഈ ഒരു കാര്യത്തിൽ മാത്രമാണ് അദ്ദേഹം അമിതവ്യയം ചെയ്തിരുന്നത്. വിശേഷമാംവിധം തുന്നപ്പെട്ടവയാണ് എല്ലാ സൂട്ടുകളും. ഏറ്റവും നന്നായി വസ്ത്രധാരണം ചെയ്യുന്ന മനുഷ്യൻ എന്ന പ്രശസ്തി പുറംനാടുകളിൽ നേടിയിട്ടുണ്ട്. പക്ഷേ നല്ല ഷൂസ് ധരിക്കാൻ പലപ്പോഴും മേനോനെക്കൊണ്ടാവില്ല. പാദങ്ങളുടെ പ്രത്യേക രൂപത്തിനിണങ്ങിയ പുതിയ ഷൂസും സോക്സും പലപ്പോഴും കിട്ടിയിരുന്നില്ല. അതിനാൽ പഴകിയുടഞ്ഞ ഷൂസും സോക്സുമാണ് ഉപയോഗിച്ചിരുന്നത്. മേനോന്റെ ഷൂസും സോക്സും കണ്ടിട്ട് നെഹ്‌റു ഒരിക്കൽ വഴക്ക് പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.

മരണവും മരണാനന്തരം

ഇന്ത്യാ ലീഗിന്റെ നേതൃത്വത്തിൽ ലണ്ടനിൽ നെഹ്‌റുവിന് ഒരു സ്മാരക കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമം കൃഷ്ണമേനോന്റെ നേതൃത്വത്തിൽ നടന്നു വരികയായിരുന്നു. അതിന്റെ ധനശേഖരണാർത്ഥം 1974 മാർച്ച് 11,12,14 തിയ്യതികളിൽ റോയൽ ആൽബർട്ട് ഹാളിൽ ലതാമങ്കേഷ്‌ക്കറിന്റെ സംഗീത പരിപാടി നിശ്ചയിച്ചു. ലണ്ടനിലെത്തിയ ലതാ മങ്കേഷ്‌കർക്ക് മാർച്ച് ഒമ്പതിന് ഉച്ചഭക്ഷണം ഒരുക്കി. ഇതായിരുന്നു മേനോൻ പങ്കെടുത്ത അവസാന പരിപാടി. അന്ന് വൈകീട്ട് മേനോൻ ഹൃദ്രോഗബാധിതനാവുകയും ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് ഇന്ത്യയിലെത്തി ന്യൂഡൽഹിയിലെ ജി.സി.പന്ത് ആസ്പത്രിയിലെ വിദഗ്ധ മേൽനോട്ടത്തിലായിരുന്നു പിന്നീടുള്ള ജീവിതം.

1974 മെയ് മൂന്നിന് അദ്ദേഹത്തിന്റെ 78-ാം ജന്മദിനമായിരുന്നു. ആശംസകളർപ്പിക്കാൻ നിരവധിപ്പേർ എത്തിയിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുൾപ്പെയുള്ളവർ സന്ദേശങ്ങളും അയച്ചിരുന്നു. കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളായ പ്രതിരോധമന്ത്രി ജഗജീവൻ റാമും വിദേശകാര്യമന്ത്രി സ്വരൺസിങും സന്നിഹിതാരയിരുന്നു എന്നുമാത്രമല്ല പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനത്തിൽ ഇന്ത്യ നേടിയ സ്വയംപര്യാപ്തതയിൽ മേനോന്റെ സംഭവനകളെപ്പറ്റി സംസാരിക്കുകയും ചെയ്തു. സുപ്രീം കോടതിയിലെ അന്നത്തെ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അദ്ദേഹത്തെ പ്രൊമിത്യൻ വ്യക്തിത്വം, ദേശഭക്തിയുള്ള മല്ലൻ, മനുഷ്യബാണം എന്നുമൊക്കെയാണ് വിശേഷിപ്പിച്ചത്.

1974 ഒക്ടോബർ ആറിന് പുലർച്ചെ 2.25-ന് കൃഷ്ണമേനോൻ എന്ന വിശ്വപൗരൻ ലോകത്തോട് വിടപറഞ്ഞു. വാർത്ത അറിഞ്ഞയുടൻ ഇന്ദിരാഗാന്ധി 'അഗ്നിപർവ്വതം എരിഞ്ഞടങ്ങി' എന്നാണ് പറഞ്ഞത്. അന്തിമോപചാരങ്ങൾക്കായി മൃതദേഹം തീൻമൂർത്തി മാർഗിലെ വസതിയിലേക്ക് മാറ്റി. ആറിന് വൈകീട്ട് ഡൽഹിയിലെ വൈദ്യുതി ശ്മശാനത്ത് സംസ്‌കാരം നടത്തി. പൊതുദർശനത്തിന് വെച്ചപ്പോഴും സംസ്‌കാരച്ചടങ്ങിലും വളരെകുറച്ചു പേർമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ദിരാഗാന്ധിയുടെ മുഴുവൻ സമയ സാന്നിധ്യമുണ്ടായിരുന്നു.

കൃഷ്ണമേനോനുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ഡൽഹിയിലെ ഹോസ്റ്റിങ്സ് റോഡ് വി.കെ.കൃഷ്ണമേനോൻ മാർഗ് എന്ന് നാമകരണം ചെയ്തു. ഇന്ദിരാഗാന്ധി അധ്യക്ഷയായിക്കൊണ്ട് കൃഷ്ണമേനോൻ സ്മാരക പ്രഭാഷണങ്ങളും നടത്തി. സുപ്രീംകോടതിക്കു മുന്നിൽ 'കൃഷ്ണമേനോൻ ഭവൻ' എന്ന സ്ഥാപനം സ്ഥിതിചെയ്യുന്നുണ്ട്. 1975-ൽ കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ കൃഷ്ണമേനോന്റെ പേരിൽ മ്യൂസിയം സ്ഥാപിച്ചു. അദ്ദേഹം ഉപയോഗിച്ച വസ്തുക്കൾ, ലഭിച്ച സമ്മാനങ്ങൾ, പുരസ്‌കാരങ്ങൾ, കത്തുകൾ എന്നിവയാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കോഴിക്കോട് രാജാജി റോഡിൽ സ്ഥിതിചെയ്യുന്ന ഇൻഡോർ സ്റ്റേഡിയം 'വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയം' എന്ന പേരിലാണ് അറിയപ്പെടുന്നത്.

കോവിക്കോട് ഈസ്റ്റ് ഹില്ലിലെ വി.കെ കൃഷ്ണമേനോൻ മ്യൂസിയം

1977-മാർച്ചിൽ ലണ്ടനിലെ കാംഡെൻ ബറോയിൽ മേനോന്റെ സ്മാരക ഫലകവും 1977 ജൂൺ 17-ന് ലണ്ടനിലെ ഫിറ്റ്സ് റോയി സ്‌ക്വയറിൽ പ്രതിമയും സ്ഥാപിച്ചു. രാഷ്ട്രപതി ആർ.വെങ്കിട്ടരാമന്റെ നിർദ്ദേശപ്രകാരം 1988-ൽ ഡൽഹിയിലെ കൃഷ്ണമേനോൻ മാർഗ്ഗ് റൗണ്ട് ബൌട്ടിൽ പ്രധാനമന്ത്രി രാജീവ്ഗാന്ധി മേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. 1988 ഒക്ടോബർ നാലിന് കോഴിക്കോട് മാനാഞ്ചിറയിൽ സ്ഥാപിച്ച പ്രതിമ രാഷ്ട്രപതി ആർ.വെങ്കിട്ടരാമനും അനാച്ഛാദനം ചെയ്തു.

1975 ഓഗസ്റ്റ് 16-ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജ് കണ്ണരിൽ ആരംഭിച്ചു. 1997-ൽ വി.കെ.കൃഷ്ണമേനോൻ സ്മാരക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. 2008 ഒക്ടോബറിൽ വർണ്ണവിവേചനം അവസാനിപ്പിക്കുന്നതിൽ മേനോൻ നല്കിയ സംഭാവനകളെമാനിച്ച് ദക്ഷിണാഫ്രിക്കൻ സർക്കാർ പ്രത്യേക പുരസ്‌കാരം നല്ലകി ആദരിച്ചു. 2013-ൽ ഒക്ടോബറിൽ ബംഗ്ലാദേശ് സർക്കാർ മേനോനെ ആദരിച്ചു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിൽ വി.കെ.കൃഷ്ണമേനോൻ സ്മാരക സൊസൈറ്റി എന്നൊരു കൂട്ടായ്മയും പ്രവർത്തിച്ചിരുന്നു. കൃഷ്ണയ്യരുടെ മരണത്തോടെ സൊസൈറ്റിയുടെ പ്രവർത്തനങ്ങളും നിലച്ചു.

Content Highlights: V.K. Krishna Menon's role as a key Indian diplomat and strategist., His contributions to the Non-Aligned Movement and foreign policy., The legendary 8-hour marathon speech at the UN regarding Kashmir., His transformation from a wealthy background to a life of austerity and service., Impact of his legacy and memorials established in his honor.