വാഗ്ഭടാനന്ദ ദർശനത്തിന്റെ സാമൂഹികപ്രയോഗം; സാമൂഹിക നവോത്ഥാനത്തിൽനിന്ന് സുസ്ഥിരവികസനത്തിലേക്ക്

“ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ; ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ” എന്ന ആഹ്വാനം അനീതികൾക്കെതിരെ പോരാടാനും മനുഷ്യന്റെ അന്തസ്സും സ്വാഭിമാനവും ഉയർത്തിപ്പിടിക്കാനും സമൂഹത്തെ പ്രചോദിപ്പിച്ച നവോത്ഥാനസന്ദേശമാണ്. വാഗ്ഭടാനന്ദഗുരുദേവന്റെ ചരമദിനമായ ഒക്ടോബർ 29-ന് ഈ സന്ദേശത്തിന്റെ സമകാലികപ്രസക്തി തിരിച്ചറിയുന്നതും അതിന്റെ സാമൂഹികപ്രയോഗം കൈവരിച്ച വിജയം വിലയിരുത്തുന്നതും ഉചിതമായിരിക്കും.
1885-ൽ ജനിച്ച വയലേരി കുഞ്ഞിക്കണ്ണൻ, ബ്രഹ്മാനന്ദ ശിവയോഗിയിൽനിന്നു വാഗ്ഭടാനന്ദൻ എന്ന പേര് സ്വീകരിച്ചു. ജാതിവിരോധം, അയിത്തോച്ചാടനം, അനാചാരനിർമ്മാർജനം, യുക്തിചിന്ത, മനുഷ്യസമത്വം എന്നിവയിലൂന്നിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേരളനവോത്ഥാനത്തിനു പുതിയ ദിശ നൽകി. സാമൂഹികമോചനത്തിനു ബോധവത്കരണം മാത്രം പോരെന്നും സാമ്പത്തികസ്വാതന്ത്ര്യവും തൊഴിൽമാന്യതയും അനിവാര്യമാണെന്നും അദ്ദേഹത്തിന്റെ ദർശനം സമൂഹത്തെ ബോദ്ധ്യപ്പെടുത്തി.
ഇതിന്റെ സാമൂഹികവിജയം മനസ്സിലാക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല ഉദാഹരണം ഈ ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 1925 ഫെബ്രുവരി 13-നു രൂപംകൊണ്ട ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ആണ്. തൊഴിൽനിഷേധത്തിനും സാമൂഹികവിവേചനത്തിനുമെതിരെ കൂട്ടായ്മയുടെ ശക്തിയിൽ വിശ്വസിച്ച തൊഴിലാളികളുടെ ആ സംരംഭം ഇന്ന് റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, മറ്റ് അടിസ്ഥാനസൗകര്യ പദ്ധതികൾ എന്നിവയിലൂടെ കേരളത്തിന്റെ വികസനത്തിൽ നിർണായകപങ്കു വഹിക്കുന്ന സഹകരണസ്ഥാപനമായി വളർന്നു. നിർമാണമേഖലയ്ക്കപ്പുറം വിവരസാങ്കേതികവിദ്യ, നൈപുണ്യവികസനം, വിദ്യാഭ്യാസം, കലാ-കരകൗശലം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഈ വളർച്ചയിൽ അടിത്തറയായി നില്ക്കുന്നത് വാഗ്ഭടാനന്ദമൂല്യങ്ങളാണ്.
സൊസൈറ്റിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2024 ഫെബ്രുവരി 13-ന് വടകര മടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സഹകരണപ്രദർശനങ്ങൾ, ചരിത്രപ്രദർശനം, സാംസ്കാരികപരിപാടികൾ, കുടുംബസംഗമങ്ങൾ, പുസ്തകപ്രസിദ്ധീകരണം, തൊഴിലാളികളുടെ ക്ഷേമവും നൈപുണ്യവികസനവും മുൻനിർത്തിയ പ്രവർത്തനങ്ങൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി എന്നത് ഈ ദർശനത്തിന്റെ ആവിഷ്കാരമാണ്. 2024 ഒക്ടോബറിൽ കോഴിക്കോട്ടു സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണസമ്മേളനങ്ങളും സഹകരണഗവേഷണ കോൺഫറൻസും ആഗോള സഹകരണപ്രസ്ഥാനവുമായി ആശയവിനിമയത്തിനും ഭാവി വികസനദിശകൾ ചർച്ച ചെയ്യുന്നതിനും വേദിയൊരുക്കി. “Co-operatives in the Next Industrial Revolution” എന്ന വിഷയത്തെ ആസ്പദമാക്കിയ ഗവേഷണസമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ വിദഗ്ധരും ഗവേഷകരും പങ്കെടുത്തു. കേരളത്തിന്റെകൂടി ഭാവിവളർച്ചയുടെ ദിശയ്ക്കുള്ള അന്വേഷണമായാണ് സൊസൈറ്റി അതിനെ കണ്ടത്. സഹകരണപ്രസ്ഥാനത്തിന്റെ ഭാവിലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന ശതാബ്ദിപ്രഖ്യാപനവും ഈ ഉദ്യമത്തിന്റെ പ്രധാനനേട്ടമായിരുന്നു.
ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി 2024 ഡിസംബർ 5 മുതൽ 7വരെ സൊസൈറ്റിയുടെ ഉപസ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ സംഘടിപ്പിച്ച International Conclave on Sustainable Construction സുസ്ഥിരവികസനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പായിരുന്നു. പരിസ്ഥിതിസൗഹൃദ നിർമാണസാമഗ്രികൾ, കാലാവസ്ഥാപ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ, പ്രീഫാബ്രിക്കേഷൻ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, കുറഞ്ഞ കാർബൺ പുറന്തള്ളലുള്ള നിർമാണരീതികൾ, നൈപുണ്യവികസനം എന്നിവയ്ക്കായിരുന്നു ഊന്നൽ. ഇതും അതേ സമൂഹബദ്ധതയുടെ പ്രതിസ്ഫുരണം ആയിരുന്നു. ഈ കോൺക്ലേവ്, ഗവേഷണവും വ്യവസായവും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടി. നിർമാണം എന്നത് ഭൗതികസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽമാത്രം ഒതുങ്ങാതെ പരിസ്ഥിതിയെയും ഭാവിതലമുറകളെയും പരിഗണിക്കുന്ന, മാനവികമായ, ഉത്തരവാദിത്വപൂർണ്ണമായ പ്രവർത്തനമാകണമെന്ന സന്ദേശമാണ് ഇതു മുന്നോട്ടുവച്ചത്.
വാഗ്ഭടാനന്ദന്റെ കാലത്ത് സാമൂഹികനീതിയും തൊഴിൽമാന്യതയുമായിരുന്നു പ്രധാന പോരാട്ടങ്ങൾ. ഇന്ന് സുസ്ഥിരവികസനം, സാങ്കേതികനവീകരണം, പരിസ്ഥിതി സംരക്ഷണം, തൊഴിലാളികളുടെ സുരക്ഷ, നൈപുണ്യവികസനം എന്നിവയിലേക്കുകൂടി അതു വികസിച്ചിരിക്കുന്നു. സഹകരണത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഈ മാറ്റങ്ങളെ ഉൾക്കൊള്ളുകയാണ് കാലത്തിന്റെ ആവശ്യം.
ഒക്ടോബർ 29-ലെ വാഗ്ഭടാനന്ദ അനുസ്മരണം ഭൂതകാലത്തെ ആദരിക്കുന്ന ചടങ്ങിൽ ഒതുങ്ങരുത്. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സാമൂഹികനീതി എത്രത്തോളം പ്രതിഫലിക്കുന്നു, അധ്വാനിക്കുന്ന മനുഷ്യർക്ക് എത്രത്തോളം അന്തസ്സും അവസരങ്ങളും ഉറപ്പാക്കുന്നു, വികസനം എത്രത്തോളം പരിസ്ഥിതിസൗഹൃദവും മനുഷ്യകേന്ദ്രിതവുമാണ് എന്നീ ചോദ്യങ്ങൾ ഉയർത്തേണ്ട ദിനമാണത്.
വാഗ്ഭടാനന്ദൻ പകർന്ന ഉണർവ് സഹകരണത്തിന്റെ ശക്തിയായി മാറി; ഊരാളുങ്കൽ സൊസൈറ്റി ആ ശക്തിയെ നൂറ്റാണ്ടിന്റെ വളർച്ചയാക്കി. ഈ പാരമ്പര്യത്തിന്റെ യഥാർഥ തുടർച്ച കൂടുതൽ നിർമാണങ്ങൾ സൃഷ്ടിക്കുന്നതിൽ മാത്രമല്ല, കൂടുതൽ നീതിയുള്ളതും സുസ്ഥിരവും മനുഷ്യകേന്ദ്രിതവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിലുമാണ്.
(ഐഐഐസി ഡെപ്യൂട്ടി ഡയറക്ടറും കെഎസിവി ഹെഡ്- അഡ്മിനും കെഎംഎംഎൽ മുൻ മാനേജിംഗ് ഡയറക്ടറുമാണ് ലേഖകൻ)
Content Highlights: Vagbhatananda's teachings emphasized social justice, human equality, and economic freedom., ULCCS was founded in 1925, embodying cooperative strength against labor denial and discrimination., The cooperative has expanded from construction to IT, skill development, and education., ULCCS's centenary celebrations highlighted global cooperation and sustainable construction practices.