എന്തുകൊണ്ട് ചൈനീസ് വിദ്യാർഥികൾക്ക് ട്രംപിന്റെ വിലക്ക്?

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള, നിര്‍ണായക മേഖലകളില്‍ പഠനം നടത്തുന്ന ചൈനീസ് വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്ന് അമേരിക്കയുടെ വിദേശ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത് എന്തുകൊണ്ടാണ്? മറ്റു രാജ്യങ്ങളിലെ പഠിതാക്കളില്‍ നിന്നും വ്യത്യസ്തമായി ചൈനീസ് വിദ്യാര്‍ഥികള്‍ അമേരിക്കയ്ക്ക് ഉയര്‍ത്തുന്ന ഭീഷണി എന്താണ്?
ഉത്തരം എല്ലാവര്‍ക്കും അറിയുന്നതാണ്. ബൗദ്ധിക സ്വത്ത്, അത്യാധുനിക സാങ്കേതികവിദ്യ, ശാസ്ത്ര, സാങ്കേതികവിദ്യയിലെ നൂതന കണ്ടുപിടിത്തങ്ങള്‍ എന്നിവയുടെ മോഷണം, ചാരവൃത്തി എന്നിവയ്ക്ക് ചൈന വിദ്യാര്‍ഥികളെ വ്യാപകമായി ഉപയോഗിക്കുന്നു എന്ന ആരോപണം. സാങ്കേതിക, സാമ്പത്തിക രംഗങ്ങളില്‍ ഞെട്ടിക്കുന്ന വേഗത്തില്‍ ചൈന വളര്‍ന്നതും വന്‍ശക്തിയായതും സാമ്പത്തികരംഗത്തെ ചാരവൃത്തി വഴിയാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. അമേരിക്കയില്‍ ഈ രംഗത്തെ 80 ശതമാനം കേസുകളിലും ചൈന പ്രതിയാണ്. ഓരോ 12 മണിക്കൂറിലും ചൈനയുടെ ചാരവൃത്തിക്കെതിരായ ഒരു കേസ് എഫ്.ബി.ഐ ആരംഭിക്കുന്നു. 2017-ലെ ബൗദ്ധിക സ്വത്തവകാശ (ഐ.പി) കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് ഒരു വര്‍ഷം ഈ മോഷണം കാരണം അമേരിക്കയ്ക്കുണ്ടാവുന്ന നഷ്ടം 225 ബില്യന്‍ ഡോളറിനും 600 ബില്യന്‍ ഡോളറിനും ഇടയ്ക്കാണ്. മോഷ്ടാവ് മിക്കപ്പോഴും ചൈന തന്നെ. 2019-ലെ സി.എന്‍.ബി.സി സര്‍വേ പ്രകാരം അമേരിക്കന്‍ കമ്പനികളില്‍ അഞ്ചിലൊന്നും ചൈനീസ് സ്ഥാപനങ്ങള്‍ തൊട്ടു മുമ്പത്തെ വര്‍ഷം ഐ.പി മോഷണം നടത്തിയതായി പരാതിപ്പെട്ടിട്ടുണ്ട്.
Content Highlights: US to revoke visas of Chinese students