പിടിയിലാവുന്ന യുഎസ് പൗരൻമാരും ബിഷ്‌ണോയിക്കെതിരായ കുറ്റപത്രവും; എല്ലാം അമേരിക്കൻ തന്ത്രങ്ങളോ?

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിടിവാശികൾക്ക് വഴങ്ങാത്ത ഇന്ത്യയെ മെരുക്കാൻ അമേരിക്ക വഴിവിട്ട സമ്മർദ്ദതന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ശക്തിപ്പെടുത്തുന്ന സംഭവ പരമ്പരകളാണ് അടുത്തിടെ അരങ്ങേുന്നത്. സിഐഎ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കൻ പൗരൻ മാത്യു വാൻ ഡൈക്ക് അറസ്റ്റിലായത് മാർച്ച് മാസമാണ്. ഇപ്പോഴിതാ, സൈനിക പശ്ചാത്തലമുള്ള രണ്ടാമതൊരു അമേരിക്കൻ പൗരൻ ജോർഡൻ ബ്രൗൺ നേപ്പാൾ അതിർത്തിക്കടുത്തുവെച്ച് കസ്റ്റഡിയിലായിരിക്കുന്നു. കഴിഞ്ഞയാഴ്ച ലോറൻസ് ബിഷ്‌ണോയ് ക്രിമിനൽ സംഘത്തിനെതിരെ യു.എസ് പുറപ്പെടുവിച്ച വിപുലമായ കുറ്റപത്രവും തുർക്കിക്ക് എഫ് 35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കയുടെ നീക്കവും പോലെ വേറെയുമുണ്ട് കാര്യങ്ങൾ. ഒറ്റനോട്ടത്തിൽ പരസ്പര ബന്ധമില്ലാത്തവയാണെങ്കിലും അവയ്‌ക്കെല്ലാം ഒരു പൊതുസ്വഭാവം കാണാം.
വ്യാപാരക്കരാർ ചർച്ചകളിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണ് അമേരിക്ക പയറ്റുന്നതെന്ന് കരുതുന്നവരുണ്ട്. രാജ്യത്തെ കാർഷിക, ക്ഷീര മേഖലകൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തുറന്നുകൊടുക്കാനും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാനും ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയിട്ടും ഇന്ത്യ വഴങ്ങിയിട്ടില്ല. രാജ്യതാൽപ്പര്യം മുൻനിർത്തിയുള്ള ലക്ഷ്മണരേഖകളിൽ വിട്ടുവീഴ്ചയില്ലെന്ന് ചർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്ന വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പലകുറി വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊന്ന് വിദേശസംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌സിആർഎ) ഇന്ത്യ കൊണ്ടുവരുന്ന ഭേദഗതിക്കെതിരായ നിലപാടാണ്. അമേരിക്കയിലെ ഭരണ, പ്രതിപക്ഷങ്ങൾ (റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ്) ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. പക്ഷേ, ഇന്ത്യ വഴങ്ങിയില്ലെന്നു മാത്രമല്ല, ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കുകയും ചെയ്തു.
അതേസമയം, ഈ സംഭവങ്ങൾക്ക് ട്രംപ് ഭരണകൂടവുമായി ബന്ധമില്ലെന്ന് വാദിക്കുന്നവരുമുണ്ട്. അമേരിക്കയിലെ നിഗൂഢരാഷ്ട്രത്തിന്റെ(ഡീപ് സ്റ്റേറ്റ്) ആസൂത്രണത്തിനും മുൻഗണനകൾക്കും അതതു സമയത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധമുണ്ടാവാനിടയില്ലെന്നും അതിന്റെ ദീർഘകാല പദ്ധതികളുടെ ഭാഗമാകാം ഇപ്പോൾ നടക്കുന്നതെന്നും അവർ പറയുന്നു.
Content Highlights: Analysis of recent arrests of US citizens in India linked to intelligence activities., Strategic evaluation of the 2026 withdrawal of criminal charges against Gautam Adani by the US DOJ., Impact of 'Operation Hardball' on India-US diplomatic relations and criminal investigations., India's firm stance on national sovereignty despite external pressure from the US., Examination of the 'Deep State' influence on international policy decisions.