മുറിവേറ്റ ട്രംപ്; ഇംപീച്ച്മെന്റും വീറ്റോയും ഇറാൻ യുദ്ധവും, യുഎസിൽ ഇനി നടക്കാൻ പോകുന്നതെന്ത്…?

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ അട്ടിമറി വിജയം നേടിയിരിക്കുകയാണ് ഡെമോക്രാറ്റിക് പാർട്ടി. സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും നിയന്ത്രണം ഉറപ്പാക്കിക്കൊണ്ട് ഡെമോക്രാറ്റുകൾ നിർണായക സീറ്റുകൾ പിടിച്ചെടുത്തു.
100 അംഗ സെനറ്റിൽ പാർട്ടിയുടെ ആകെ അംഗസംഖ്യ ഇപ്പോൾ 54 ആയി ഉയർന്നു, കൂടാതെ രണ്ട് സീറ്റുകളിൽ കൂടി പാർട്ടി ലീഡ് ചെയ്യുന്നുമുണ്ട്. ജനപ്രതിനിധി സഭയും പാർട്ടി സ്വന്തമാക്കി. 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 218 സീറ്റുകളാണ്. 228 സീറ്റുകൾ ഇതിനോടകം ഡെമോക്രാറ്റിക് പാർട്ടി നേടിക്കഴിഞ്ഞു. 35 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 139 സീറ്റുകളാണ് റിപ്പബ്ലിക്കൻമാർ നേടിയത്. 33 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ബരാക് ഒബാമയുടെ രണ്ടാം കാലയളവിനുശേഷം, സിറ്റിങ് പ്രസിഡന്റിന് കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം ലഭിക്കാത്ത ആദ്യ സന്ദർഭമാണിത്. അന്തിമ ഫലം വന്നിട്ടില്ലെങ്കിലും ഇതിനോടകം തന്നെ സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്. യുഎസ് പാർലമെന്റായ കോൺഗ്രസിലെ രണ്ട് സഭകളിലും ഭൂരിപക്ഷം നഷ്ടമായതോടെ ട്രംപ് ഒറ്റയാനായി മാറുകയും ചെയ്തു. ഇതോടെ യുഎസിൽ ഇനി എന്ത് സംഭവിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്...
യുഎസിൽ ഇനി എന്ത്
വിജയിച്ചാൽ ഇറാൻ യുദ്ധം അവസാനിപ്പിക്കുമെന്നും ജീവിതച്ചെലവ് കുറയ്ക്കുമെന്നും അധികാര ദുർവിനിയോഗം നടത്തിയെന്ന ആരോപണത്തിന് ട്രംപ് ഭരണകൂടത്തെ ഉത്തരവാദികളാക്കുമെന്നും ഡെമോക്രാറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് എളുപ്പമായിരിക്കില്ല. യുഎസ് പ്രസിഡന്റിനുള്ള വീറ്റോ അധികാരമാണ് അതിനുള്ള പ്രധാന കാരണം.
യുഎസിൽ നിയമങ്ങൾ പാസാക്കുന്നതിനും സർക്കാർ ചെലവുകൾക്ക് അംഗീകാരം നൽകുന്നതിനുമാണ് ജനപ്രതിനിധി സഭയും സെനറ്റും സഹായിക്കുന്നത്. എന്നാൽ ഇവയിലൊന്നിനും ഒറ്റയ്ക്ക് പ്രവർത്തിക്കാൻ കഴിയില്ല. മാത്രമല്ല, ഓരോ സഭയ്ക്കും മറ്റേ സഭയ്ക്കില്ലാത്ത ചില അധികാരങ്ങളുമുണ്ട്.
ഉദാഹരണത്തിന്, ഉന്നത സർക്കാർ പദവികളിലേക്ക് ട്രംപ് നിർദ്ദേശിക്കുന്ന വ്യക്തികളെ അംഗീകരിക്കാനുള്ള സവിശേഷ അധികാരം സെനറ്റിനുണ്ട്. സെനറ്റിൽ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ, അംബാസഡർമാർ, മന്ത്രിസഭാംഗങ്ങൾ, സുപ്രീം കോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ള ഫെഡറൽ ജഡ്ജിമാർ എന്നീ സ്ഥാനങ്ങളിലേക്ക് പ്രസിഡന്റ് തന്റെ അനുയായികളെ നിയമിക്കുന്നത് തടയാൻ ഡെമോക്രാറ്റുകൾക്ക് സാധിക്കും. കൂടാതെ സെനറ്റിൽ ഭൂരിപക്ഷമുള്ള കക്ഷിക്ക്, അന്വേഷണങ്ങൾ ആരംഭിക്കാനും രേഖകൾ ആവശ്യപ്പെടാനും സാക്ഷികളെ വിസ്താരത്തിനായി വിളിച്ചുവരുത്താനും അധികാരമുള്ള സമിതികളുടെ നിയന്ത്രണം ലഭിക്കുന്നു.
ഇതിനുപുറമെ, ഒരു പ്രസിഡന്റിനെയോ ഉന്നത സർക്കാർ ഉദ്യോഗസ്ഥനെയോ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുകയാണെങ്കിൽ, പ്രതിസ്ഥാനത്തുള്ള വ്യക്തിയുടെ വിചാരണയുടെ മേൽനോട്ടം വഹിക്കേണ്ട ചുമതല സെനറ്റിനാണ്. പ്രസിഡന്റായുള്ള തന്റെ ആദ്യ ടേമിൽ, 2019-ലും 2021-ലുമായി രണ്ട് തവണ ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ഉണ്ടായിരുന്നു. എന്നാൽ രണ്ട് തവണയും സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാലിത്തവണ ഡെമോക്രാറ്റുകൾക്ക് സെനറ്റിൽ ഭൂരിപക്ഷമുണ്ട്.
കൂടാതെ ഒരു ബിൽ നിയമമായി മാറണമെങ്കിൽ, പ്രസിഡന്റ് അതിൽ ഒപ്പുവെക്കുന്നതിന് മുൻപായി കോൺഗ്രസിലെ ഇരുസഭകളും അത് പാസാക്കേണ്ടതുണ്ട്. ഇങ്ങനെയൊക്കെ അധികാരമുണ്ടെങ്കിലും പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന്റെ വീറ്റോ അധികാരത്തിന് മുന്നിൽ ഇതിനെല്ലാം തടസ്സങ്ങൾ നേരിടും. വീറ്റോ അധികാരം താൻ ധാരാളമായി ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ നടത്തിയ പോഡ്കാസ്റ്റിൽ സൂചന നൽകുകയും ചെയ്തിട്ടുണ്ട്. വീറ്റോ മറികടക്കാൻ ഡെമോക്രാറ്റുകൾക്ക് ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അതായത് ഡെമോക്രാറ്റുകൾക്ക് ട്രംപിന്റെ വീറ്റോ മറികടക്കാൻ റിപ്പബ്ലിക്കൻമാരുടെ പിന്തുണ ആവശ്യമാണ്.
ബില്ലുകൾ കൊണ്ടുവരാം പക്ഷേ...
യുഎസ് കോൺഗ്രസിൽ ഭൂരിപക്ഷം ലഭിച്ച് ആദ്യ 100 മണിക്കൂറിനുള്ളിൽ നടപ്പിലാക്കാനായി ഒരു പദ്ധതി ഡെമോക്രാറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. 'അതിശയവും അമ്പരപ്പും ഉളവാക്കുന്ന, അതിവേഗത്തിലുള്ള നിയമനിർമ്മാണ നടപടി' എന്നാണ് ന്യൂയോർക്ക് ടൈംസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
തീരുവകൾ എടുത്തുകളയുക, ഇറാൻ യുദ്ധം അവസാനിപ്പിക്കുക, ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ബില്ലുകൾ അവതരിപ്പിക്കുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നാണ് സൂചന.
എന്നാൽ ഈ ബില്ലുകൾ നിയമമാക്കി മാറ്റാനുള്ള അധികാരം ഡെമോക്രാറ്റ് പാർട്ടിക്ക് ഇപ്പോഴും ഉണ്ടാകില്ല, അതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമതായി, സെനറ്റിലൂടെ ഒരു ബിൽ പാസാക്കണമെങ്കിൽ വോട്ടെടുപ്പിന് കൊണ്ടുവരാൻ 60 സെനറ്റർമാരുടെ അനുമതി ആവശ്യമാണ്. സെനറ്റിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയിട്ടുണ്ടെങ്കിലും 60-ൽ എത്തിയിട്ടില്ല. രണ്ടാമതായി, ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, ഏതൊരു ബില്ലും വീറ്റോ ചെയ്യാനുള്ള അധികാരം ട്രംപിനുണ്ട്.
ട്രംപിനെതിരെ അന്വേഷണം
യുഎസ് കോൺഗ്രസിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടതിൽ ട്രംപ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത് തനിക്കെതിരായ അന്വേഷണത്തിലായിരിക്കും. പ്രതിനിധിസഭയിലെ വിജയം ഡെമോക്രാറ്റുകൾക്ക് വിപുലമായ അന്വേഷണാധികാരങ്ങൾ നൽകുന്നുണ്ട്. രേഖകളും സാക്ഷികളും ഹാജരാക്കാൻ ഉത്തരവിടാനുള്ള അധികാരം ഇതിൽ ഉൾപ്പെടുന്നു. ട്രംപിനെക്കുറിച്ചും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ബിസിനസ് താൽപ്പര്യങ്ങളും അദ്ദേഹത്തിന്റെ പ്രസിഡൻഷ്യൽ അധികാരങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഡെമോക്രാറ്റുകൾ നേരത്തെ സൂചന നൽകിയിരുന്നു.
വൈറ്റ് ഹൗസിന്റെ അനുമതി ആവശ്യമില്ലാത്ത കോൺഗ്രഷണൽ അന്വേഷണങ്ങൾ ട്രംപിന്റെ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാക്കിയേക്കാം. കാരണം അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ക്രിപ്റ്റോകറൻസി, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെയുള്ള എല്ലാ മേഖലകളിലേക്കും തങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വർഷം പുറത്തുവിട്ട സാമ്പത്തിക വെളിപ്പെടുത്തൽ ഫോമുകൾ പ്രകാരം ട്രംപിന്റെ വ്യക്തിഗത ആസ്തി ഏകദേശം 2.2 ബില്യൺ ഡോളറിലധികം വർദ്ധിച്ചിട്ടുണ്ട്.
അന്വേഷണങ്ങളുടെ ഭാഗമായി ചില കമ്പനികൾക്കും സർക്കാർ വകുപ്പുകൾക്കും ഡെമോക്രാറ്റിക് സെനറ്റർമാർ കത്തുകൾ അയച്ച് രേഖകൾ സൂക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരിൽനിന്ന് ഇതിൽ എത്രത്തോളം സഹകരണമുണ്ടാകുമെന്നത് കണ്ടറിയണം. ഉദ്യോഗസ്ഥർ സെനറ്റ് സമൻസുകളെ കോടതിയിൽ ചോദ്യം ചെയ്തേക്കാം, ഇത് അന്വേഷണങ്ങൾ മാസങ്ങളോ വർഷങ്ങളോ വൈകിപ്പിച്ചേക്കാം.
ഇംപീച്ച്മെന്റ് ഉണ്ടാകുമോ
ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യുന്ന കാര്യത്തിൽ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾക്കിടയിൽ ഭിന്നതയുണ്ട്. ഒരുവിഭാഗം ആളുകൾ ഇംപീച്ച്മെന്റിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും കമലാ ഹാരിസ്, ഹിലരി ക്ലിന്റൺ തുടങ്ങിയ നേതാക്കൾ ഇതിനെ പിന്തുണയ്ക്കുന്നില്ല. അതേസമയം ട്രംപ് ഭരണകൂടത്തിലെ ചില പ്രധാനികളെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നീക്കം സജീവമായി നടന്നേക്കും. അതിൽ ഒന്നാമത്തെ ആളാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്.
ഡെമോക്രാറ്റുകൾ ആ ശ്രമം നടത്തിയാൽ, ഇരുപാർട്ടികളിലെയും അംഗങ്ങളിൽ നിന്ന് അതിന് പിന്തുണ ലഭിച്ചേക്കാമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാനുള്ള ഒരു പ്രമേയം ഇതിനകം തന്നെ പടിയിറങ്ങുന്ന റിപ്പബ്ലിക്കൻ ജനപ്രതിനിധി സഭാ അംഗം തോമസ് മാസി അവതരിപ്പിച്ചിട്ടുണ്ട്. ഇറാൻ, വെനസ്വേല, യെമൻ എന്നിവിടങ്ങളിലടക്കം യുഎസ് നടത്തിയ സൈനിക നടപടികളുമായി ബന്ധപ്പെട്ടാണിത്.
ജനുവരി മൂന്നുവരെ കാത്തിരിക്കണം
ഇടക്കാല തിരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും ജനുവരി മൂന്നിന് ശേഷമായിരിക്കും പുതിയ അംഗങ്ങൾ അധികാരമേൽക്കുക. നിലവിലുള്ള ഫണ്ടിംഗ് ഡിസംബർ 11-ന് അവസാനിക്കുന്നതിനാൽ, അതിനുമുമ്പ് പുതിയ സർക്കാർ ഫണ്ടിംഗ് ബില്ലുകൾ നിലവിലെ പ്രതിനിധികൾക്ക് പാസാക്കേണ്ടതുണ്ട്.
നിശ്ചിത സമയപരിധിക്ക് മുമ്പ് പുതിയ ഫണ്ടിംഗ് ബില്ലുകൾ പാസാക്കിയില്ലെങ്കിൽ, സർക്കാർ സേവനങ്ങൾ വീണ്ടും സ്തംഭിക്കും. ഇത് ട്രംപിന്റെ രണ്ടാമത്തെ പ്രസിഡന്റ് കാലയളവിലെ നാലാമത്തെ ഷട്ട്ഡൗൺ ആയിമാറും.
ഇറാൻ യുദ്ധത്തിന് എന്ത് സംഭവിക്കും
ഇടക്കാല തിരഞ്ഞെടുപ്പിൽ കനത്ത പ്രഹരമേറ്റ ട്രംപ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് എന്ത് നിലപാടെടുക്കുമെന്നതാണ് ഇനി ശ്രദ്ധേയമായ കാര്യം. യുഎസ് സെനറ്റിന്റെ നിയന്ത്രണം ജനുവരി മൂന്നിന് ശേഷമേ ഡെമോക്രാറ്റുകൾക്ക് ലഭിക്കൂ എന്നതുകൊണ്ട് തന്നെ അടുത്ത രണ്ട് മാസം ഇറാൻ യുദ്ധത്തിന് നിർണായകമായ ഒരു കാലയളവാണ്.
'അപമാനവും പരാജയവും നേരിടുമ്പോൾ കൂടുതൽ നിരുത്തരവാദപരമായി പെരുമാറുന്ന ഒരു രീതി ട്രംപിനുണ്ട്' എന്ന് യുഎസ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. സെനറ്റിൽ ഡെമോക്രാറ്റുകൾ അധികാരമേറ്റുകഴിഞ്ഞാൽ യുദ്ധാധികാരങ്ങൾ നിയന്ത്രിക്കാനുള്ള നിലപാട് അവർ സ്വീകരിച്ചേക്കും. യുദ്ധ ഫണ്ടിങ് നിയന്ത്രിക്കുന്നതുൾപ്പടെയുള്ള നടപടികളിലൂടെയാകും ഇത്.
ട്രംപ് ഭരണകൂടത്തിന് സൈനിക നടപടികൾക്കായി ഇതിനകം അനുവദിച്ച തുക ചെലവഴിക്കുന്നത് തുടരാം, എന്നാൽ ഡെമോക്രാറ്റുകൾക്ക് യുദ്ധത്തിനായുള്ള കൂടുതൽ ഫണ്ടുകൾ തടയാൻ കഴിഞ്ഞേക്കും. സൈനിക ചെലവ് തടഞ്ഞാൽ യുഎസ് സൈനികരെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ട്രംപ് ഡെമോക്രാറ്റുകൾക്ക് നേരെ ഉപയോഗിച്ചേക്കും.
Content Highlights: Democratic Party secured control of both the Senate and the House of Representatives in the US midterm elections., President Donald Trump faces legislative gridlock and potential investigations due to lost congressional majorities., Trump's veto power remains a major hurdle for Democrats trying to pass new laws without bipartisan support., The upcoming transition on January 3 brings new congressional members and crucial government funding decisions.