വീണ്ടും ട്രംപ് ‘ടാക്കോ’ അടിച്ചു; തളരാതെ, തകരാതെ ഹോർമുസിന്റെ സുൽത്താൻ, യു.എസിന് ഇത് സൂയസ് നിമിഷം

പ്രതീക്ഷിച്ചപോലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ടാക്കോ’ (എല്ലായ്പ്പോഴും ട്രംപ് പേടിച്ചോടും എന്ന പരിഹാസത്തിന്റെ ചുരുക്കപ്രയോഗം) അടിച്ചു. ഏപ്രിൽ എട്ടാം തീയതി പുലർച്ചെ, ഇസ്ലാമിക റിപ്പബ്ലിക്കിനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്ന ഭീഷണി നടപ്പാക്കുന്നതിന് ഒരു മണിക്കൂർ ശേഷിക്കേ, ട്രംപ് ഇറാനുമായി വെടിനിർത്തൽ കരാറിന് സമ്മതിച്ചിരിക്കുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് പൊതുഗതാഗതത്തിന് തുറന്നുകൊടുത്താൽ രണ്ടാഴ്ചത്തേക്ക് ബോംബാക്രമണങ്ങൾ നിർത്തിവെക്കാമെന്ന് ട്രൂത്ത് സോഷ്യലിൽ അദ്ദേഹം വ്യക്തമാക്കി. തന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയെന്നും യുദ്ധത്തിൽ വിജയിച്ചുവെന്നും അവകാശപ്പെട്ടാണ് ട്രംപ് പിൻമാറുന്നത്. പക്ഷേ, ഒറ്റനോട്ടത്തിൽ വ്യക്തമാണ്- വിജയത്തിന്റെ കുപ്പായമണിഞ്ഞ് അമേരിക്കൻ പട സ്ഥലം കാലിയാക്കുമ്പോൾ ടെഹ്റാൻ തെരുവുകളിൽ വിജയാഭേരി മുഴങ്ങുകയാണ്.
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം ഇങ്ങനെയാണ്: 'പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ- ഇറാനിൽ ഇന്ന് ഞാനയക്കാനുദ്ദേശിച്ചിരുന്ന സംഹാരശക്തിയെ തടഞ്ഞുവെക്കണമെന്ന് അവരപേക്ഷിച്ചു- ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായും സുരക്ഷിതമായും തുറക്കുന്നതിന് ഇറാൻ സമ്മതിക്കുന്നതിന് വിധേയമായി, രണ്ടാഴ്ചത്തേക്ക് ബോംബാക്രമണം നിർത്തിവെക്കാൻ ഞാൻ സമ്മതിച്ചു. ഇത് ഇരുഭാഗവും നടപ്പാക്കുന്ന വെടിനിർത്തലാവും. നമ്മുടെ എല്ലാ സൈനികലക്ഷ്യങ്ങളും നേടുക മാത്രമല്ല, അതിനപ്പുറവും നേടിയിരിക്കുന്നു, ഇറാനുമായി സുനിശ്ചിതമായ ദീർഘകാല സമാധാനക്കരാറും മധ്യപൂർവേഷ്യൻ സമാധാനവും ഉണ്ടാക്കുന്ന കാര്യത്തിലും നാം വളരെ മുമ്പോട്ടു പോയിരിക്കുന്നു. ഇറാനിൽനിന്നു ലഭിച്ച പത്തിന നിർദ്ദേശം ഭാവിചർച്ചകൾക്ക് ആധാരമാക്കാവുന്ന, നടപ്പാക്കാനാവുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നു. രണ്ടാഴ്ച കൊണ്ട് സമാധാനക്കരാർ പൂർത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദീർഘകാല പ്രശ്നത്തെ പരിഹാരത്തിനടുത്ത് എത്തിക്കാനായത് അഭിമാനകരമാണ്.' എവിടെയോ ഒരു നിലവിളി ശബ്ദം കേൾക്കുന്നില്ലേ?!
Content Highlights: Trump announces a two-week ceasefire with Iran following intense military engagement., Iran retains control over the Strait of Hormuz transit and nuclear enrichment capabilities., The conflict is being labeled as America's 'Suez Moment', signaling a decline in regional hegemony., China and Russia gain strategic influence as US credibility among Gulf nations wanes., India faces a complex balancing act under its multi-alignment foreign policy.