ഇന്ത്യയ്ക്ക് അധികത്തീരുവ: ട്രംപിനെ അസ്വസ്ഥപ്പെടുത്തുന്നത് കിട്ടാത്ത ക്രെഡിറ്റോ, പുതിന്റെ ചിരിയോ?

#പി.മുരളീധരന്‍
വ്ളാദിമിര്‍ പുതിന്‍, ഡൊണാള്‍ഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദി
വ്ളാദിമിര്‍ പുതിന്‍, ഡൊണാള്‍ഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്ത്യക്കെതിരായ അധികത്തീരുവ 50 ശതമാനമായി വര്‍ധിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ ഇന്ത്യയുമായുള്ള വ്യാപാരചര്‍ച്ചകള്‍ പുനരാരംഭിക്കൂ എന്ന് വ്യക്തമാക്കിയിരിക്കുന്നു. രാജ്യതാല്‍പ്പര്യങ്ങള്‍ ബലികഴിച്ച് ട്രംപിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുവേദിയില്‍ പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. 25 ശതമാനം പിഴത്തീരുവ പ്രാബല്യത്തില്‍ വരാന്‍ മൂന്നാഴ്ച സമയമുണ്ട്. അതിനുമുമ്പ് ഓഗസ്റ്റ് 25-ന് ഇന്ത്യയില്‍ നടക്കാനിരുന്ന വ്യാപാരചര്‍ച്ച നടക്കില്ലെന്നര്‍ത്ഥം. കാര്‍ഷികോല്‍പ്പന്ന, ഡെയറി, ഫിഷറീസ് മേഖലകളിലെ വിട്ടുവീഴ്ചയാണ് അമേരിക്ക ആവശ്യപ്പെടുന്നത്. വ്യക്തിപരമായ നഷ്ടം സഹിക്കേണ്ടി വന്നാലും വിട്ടുവീഴ്ച പറ്റില്ലെന്നാണ് മോദിയുടെ നിലപാട്.
 
പക്ഷേ, അധികത്തീരുവയ്ക്ക് അമേരിക്ക ചൂണ്ടിക്കാട്ടുന്ന കാരണം വേറൊന്നാണ്. റഷ്യയില്‍ നിന്നും ഇന്ത്യ വലിയ തോതില്‍ എണ്ണ വാങ്ങുന്നത് യുക്രൈനുമായുള്ള യുദ്ധം തുടരാനും അവിടത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാനും റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുതിന് സഹായകമാവുന്നുവെന്ന് അമേരിക്ക ആരോപിക്കുന്നു. ശരിക്കും ട്രംപിനെ അസ്വസ്ഥപ്പെടുത്തുന്നതെന്താണ്, റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതോ, അതോ ഇന്ത്യയുടെ ആഭ്യന്തരവിപണി അമേരിക്കക്കു മുന്നില്‍ തുറന്നിടാത്തതോ, പുതിന്റെ അവഗണന നിറഞ്ഞ ചിരിയോ?  മൂന്നും എന്നാവും ഉത്തരം.

ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചതിന്റെ ക്രെഡിറ്റെടുക്കാന്‍ ട്രംപിനെ അനുവദിക്കാത്തതാണ് ഇന്ത്യയോടുള്ള നിലപാടില്‍ പെട്ടെന്നുവന്ന മാറ്റത്തിന് കാരണമെന്ന് മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസനും പ്രശസ്ത ദക്ഷിണേഷ്യാവിദഗ്ധന്‍ മൈക്കേല്‍ കൂഗല്‍മനും പറയുന്നു. അല്ലെങ്കില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനും ചൈനയ്ക്കും പിന്നില്‍ മൂന്നാമതുള്ള ഇന്ത്യയെ ടാര്‍ഗറ്റു ചെയ്യുമായിരുന്നില്ല- അവര്‍ പറയുന്നു. വെടിനിര്‍ത്തലില്‍ മറ്റാരുടെയും ഇടപെടലുണ്ടായില്ലെന്ന് മോദി പാര്‍ലമെന്റില്‍ പറഞ്ഞു, ട്രംപിനോട് ഫോണില്‍ നേരിട്ടും പറഞ്ഞു. എന്തായാലും ആമസോണും വാള്‍മാര്‍ട്ടും ഇന്ത്യയില്‍ നിന്ന് വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നത് നിര്‍ത്തിവെച്ചു കഴിഞ്ഞു!

Content Highlights: US-India Trade Talks Stall as Trump Hikes Tariffs

Continue reading