ബംഗ്ലാദേശില്‍ അമേരിക്കയിറങ്ങി! ലക്ഷ്യം അപൂര്‍വമൂലകങ്ങളും ചൈനയും, കരുതലോടെ ഇന്ത്യ

മുമ്പെങ്ങും ഇല്ലാത്തവിധം അസ്ഥിരമാവുകയാണ് ഇന്ത്യയുടെ അയല്‍പക്കം. പ്രത്യേകിച്ച് ദക്ഷിണേഷ്യ. തുടര്‍ച്ചയായി ഉണ്ടാവുന്ന കലാപങ്ങളും രാജ്യാന്തര ഇടപെടലുകളും ഇന്ത്യയുടെ സുരക്ഷയ്ക്ക് ചെറുതല്ലാത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭവും ഇടക്കാല സര്‍ക്കാരിന്റെ രൂപീകരണവും ബംഗ്ലാദേശിലെ തീരാത്ത അസ്വസ്ഥതകള്‍, മ്യാന്‍മറില്‍ തുടരുന്ന ആഭ്യന്തരയുദ്ധം, മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ സിഐഎയും ചൈനയും പാകിസ്താന്റെ ഐഎസ്‌ഐയും നടത്തുന്ന രഹസ്യനീക്കങ്ങള്‍... ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യയുടെ സ്വാധീനത്തെ തുരങ്കംവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഇവയെന്ന് സംശയമുണ്ടാക്കാന്‍ പോലും പ്രേരിപ്പിക്കുന്ന സംഭവങ്ങളാണ് ചുറ്റിലും.
ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന് നല്‍കിയിരുന്ന ഉപരോധ ഇളവ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചതും ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇറാന്റെ മേല്‍ സമ്മര്‍ദം പരമാവധി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള അമേരിക്കന്‍ നീക്കം ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ ബാധിക്കുന്നതാണ്. തുറമുഖത്തെ ശഹീദ് ബെഹേഷ്തി ടെര്‍മിനല്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യയ്ക്ക് പത്തു വര്‍ഷത്തെ കരാര്‍ ലഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. പാകിസ്താനെ സ്പര്‍ശിക്കാതെ അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള നേരിട്ടുള്ള പാത തുറക്കുന്ന തുറമുഖം തന്ത്രപരമായ പ്രാധാന്യമുള്ള ഹോര്‍മുസ് കടലിടുക്കിന് അടുത്താണ്.
Content Highlights: US-China Rivalry Intensifies in the Bay of Bengal