കാലാവധിക്ക് ഏഴ് മാസം, സര്‍വേയില്‍ പിന്നില്‍; എന്നിട്ടും ചൂതാട്ടം നടത്തി സുനക്, എന്താവും ചേതോവികാരം?

ഋഷി സുനക്കും നരേന്ദ്ര മോദിയു. Photo: ANI
ഋഷി സുനക്കും നരേന്ദ്ര മോദിയു. Photo: ANI

അപ്രതീക്ഷിത നീക്കം! ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഋഷി സുനകിന്റെ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഏഴു മാസംകൂടി ശേഷിക്കെ ജൂലായ് നാലിന് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ''ബ്രിട്ടന് അതിന്റെ ഭാവി തിരഞ്ഞെടുക്കാനുള്ള സമയമാണിത്. ഞങ്ങള്‍ കൈവരിച്ച പുരോഗതി തുടരണോ, അതോ മുമ്പത്തെ ഘട്ടത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാനുള്ള സമയമാണിത്,'' തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് ഋഷി പറഞ്ഞു. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും അതിനകം പ്രധാനമന്ത്രിക്കസേരയില്‍ സുനകിന് രണ്ട് വര്‍ഷം കാലാവധി തികയ്ക്കാനാകുമെന്നും പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. 

യു.കെയുടെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയായ ഋഷി സുനക്, 44 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസിന്റെ രാജിയെത്തുടര്‍ന്ന് 2022 ഒക്ടോബറിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സുനക് പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന ആദ്യ വോട്ടെടുപ്പാണിത്. പക്ഷേ, 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്. കെയിര്‍ സ്റ്റാര്‍മര്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടിയാണ് അഭിപ്രായസര്‍വേകളില്‍ മുന്നില്‍. ഒപ്പം സ്വന്തം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും ഋഷിക്ക് വെല്ലുവിളികളുണ്ട്. അതിനാല്‍ ലേബര്‍ പാര്‍ട്ടിയെ പിന്നിലാക്കുക മാത്രമല്ല, തന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മേല്‍ നിയന്ത്രണം സ്ഥാപിക്കാനും ഋഷി സുനക് ശ്രമിക്കുകയാണെന്നും രാഷ്ട്രീയ വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍, എന്തിനാണ് സുനക് നേരത്തെ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്? സാധ്യതകള്‍ അദ്ദേഹത്തിന് അനുകൂലമാണോ?

Content Highlights: United Kingdom general election, Rishi Sunak

Continue reading