ട്രംപിന് നൊബേൽ വേണം, പുതിനെയും ബ്രിക്‌സിനെയും തകര്‍ക്കണം; ഇടയിൽപെട്ട് ഇന്ത്യ

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം അധികത്തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതിന് കാരണം ഇന്ത്യയുമായുള്ള വലിയ വ്യാപാരക്കമ്മി മാത്രമാണോ? റഷ്യക്കെതിരായ യുഎസ് പടനീക്കത്തിനിടയ്ക്ക് ഇന്ത്യ പെട്ടുപോയതും ഇതിനു കാരണമാകാമെന്ന് സൂചിപ്പിക്കുന്നു റിപ്പോര്‍ട്ടുകള്‍. അധികാരത്തിലേറിയാല്‍ ഉടനെ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണം നടത്തിയ ട്രംപിന് ഒന്നും നടക്കാത്തതിലെ ഇച്ഛാഭംഗവും അഭിമാനക്ഷതവും ചെറുതല്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് സൗകര്യപ്പെടുമ്പോള്‍ യുദ്ധം നിര്‍ത്തും! ഇപ്പോള്‍ റഷ്യയുടെ മുന്‍പ്രസിഡന്റ് മെദ്‌വദേവിനോട് വാക്യുദ്ധത്തില്‍ തോറ്റ ദ്വേഷ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ആണവ അന്തര്‍വാഹിനികളെ വരെ വിന്യസിച്ചു കഴിഞ്ഞു!
യുദ്ധത്തില്‍ റഷ്യ തളരാതെ പൊരുതുന്നതിനു കാരണം ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങള്‍ വന്‍തോതില്‍, അവിടെനിന്നു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതാണെന്ന് പാശ്ചാത്യരാജ്യങ്ങള്‍ കരുതുന്നു. റഷ്യന്‍ എണ്ണയും ആയുധങ്ങളും ഇന്ത്യ വാങ്ങുന്നത് അലോസരമുണ്ടാക്കുന്നതായി ട്രംപും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞുകഴിഞ്ഞു. ഇന്ത്യയുടെ കാര്‍ഷികമേഖല അമേരിക്കന്‍ ഇറക്കുമതിക്ക് തുറന്നിടാത്തതും അവരെ അലോസരപ്പെടുത്തുന്നുണ്ട്. മറ്റൊന്ന് ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുന്നതാണ്. ബ്രിക്സ് ശക്തിയാര്‍ജിക്കുന്നതും ഡോളറിനെ തഴഞ്ഞ് സ്വന്തം കറന്‍സികളില്‍ പരസ്പരവ്യാപാരം നടത്തുന്നതും യാങ്കികള്‍ക്ക് സഹിക്കുന്നില്ല. ആഗോള സമ്പദ് വ്യവസ്ഥയില്‍ അമേരിക്കയുടെ അധീശത്വം ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ഡോളറിന്റെ പങ്ക് വലുതാണ്. ഡോളറിന്റെ മേല്‍ക്കോയ്മ നഷ്ടമാവുന്നത് ഒരു ലോകയുദ്ധം തോല്‍ക്കുന്നതിനു തുല്യമായിരിക്കുമെന്ന് ട്രംപ് തന്നെ പറഞ്ഞിട്ടുണ്ട്.
Content Highlights: US imposes 25% tariff on Indian imports