20 വര്‍ഷത്തെ പിണക്കം മറന്ന് താക്കറെ കസിന്‍സ് കൈകോര്‍ത്തു; ബിജെപിയെ നേരിടാന്‍ കച്ചമുറുക്കി ശിവസേന

#അജ്നാസ് നാസർ
ഉദ്ധവും രാജും ബാല്‍ താക്കറെയ്ക്കൊപ്പം (ഫയല്‍ ചിത്രം)
ഉദ്ധവും രാജും ബാല്‍ താക്കറെയ്ക്കൊപ്പം (ഫയല്‍ ചിത്രം)

20 വര്‍ഷത്തെ പിണക്കം മറന്ന് ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിച്ചിരിക്കുന്നു! മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള വാര്‍ത്തയാണ് മുംബൈയില്‍ നിന്ന് പുറത്ത് വരുന്നത്. ശിവസേനയെ പിളര്‍ത്തിയ താക്കറെ കുടുംബത്തിലെ ഭിന്നതകള്‍ അവസാനിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും പലരും അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ നിന്ന് ഹിന്ദി ഭാഷാ നയം പിന്‍വലിച്ചതിനെത്തുടര്‍ന്ന് നടത്തുന്ന മെഗാ വിജയ സമ്മേളനത്തില്‍ ഇരുവരും കൈകോര്‍ത്ത് തോളോട് തോള്‍ ചേര്‍ന്നു നിന്നു. 2006ലാണ് ഇരുവരും രാഷ്ട്രീയമായും മാനസികമായും വേര്‍പിരിഞ്ഞത്. ഉദ്ധവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് രാജ് താക്കറെ ശിവസേനയില്‍നിന്ന് പിരിഞ്ഞ് മഹാരാഷ്ട്ര നവനിര്‍മാണ്‍സേന സ്ഥാപിക്കുകയായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ മറാത്തി ഭാഷയെ തൊട്ടുകളിച്ചതോടെയാണ് തങ്ങള്‍ എല്ലാ പിണക്കവും മറന്ന് ഒന്നിക്കുന്നതെന്നാണ് ഉദ്ധവ് പറഞ്ഞത്. മുംബൈയെ മഹാരാഷ്ട്രയില്‍ നിന്ന് വേര്‍തിരിക്കാനുള്ള പദ്ധതിയുടെ മുന്നോടിയാണ് ത്രിഭാഷാ നയമെന്നായിരുന്നു രാജ് താക്കറെയുടെ പ്രതികരണം. ബി.ജെ.പി സര്‍ക്കാരിനെതിരെ പഴയ വജ്രായുധമായ മറാത്താ വാദമുയര്‍ത്തി യുദ്ധമുഖം തീര്‍ക്കാനാണ് ശിവസേനയുടെ നീക്കമെന്ന് ഇരുവരുടെയും വാക്കുകളില്‍ നിന്ന് വ്യക്തമാണ്. നിലവില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഉദ്ധവ് വിഭാഗം ശിവസേനയ്ക്ക് ഒരുകാലത്ത് തങ്ങളുടെ ഹൃദയവും തലച്ചോറുമായിരുന്ന താക്കറെ കസിന്‍സ് ഒന്നിക്കുന്നത് വലിയ ആവേശം തന്നെയായിരിക്കും സൃഷ്ടിക്കുക.

Content Highlights: Thackeray cousins join hands after 20 years shiv sena maharashtra politics

Continue reading