ദുരൂഹകൊലപാതകങ്ങളോ രഹസ്യആക്രമണമോ? പാകിസ്താനിൽ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരർ ഒന്നൊന്നായി വീഴുമ്പോൾ

പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപക നേതാക്കളിലൊരാളായ അമീർ ഹംസയ്ക്ക് വെടിയേറ്റു! ലാഹോറിൽ വെച്ചാണ് ലഷ്കറിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഹംസയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായതെന്നാണ് വിവരം. ഇയാൾ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലാഹോറിലെ ഒരു ന്യൂസ് ചാനലിന്റെ ഓഫീസിന് മുന്നിൽ വെച്ചാണ് ഹംസയ്ക്ക് വെടിയേറ്റത്. ചാനൽ ഓഫീസിന് പുറത്തുകൂടി നടന്നുപോകുന്നതിനിടെ അജ്ഞാതരായ അക്രമികൾ ഹംസയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുതിർത്തതിന് പിന്നാലെ അജ്ഞാതനായ അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെ, ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയ നിരവധി ഭീകരരും ഭീകര സംഘടനകളിലെ ഉന്നത കമാൻഡർമാരും പാകിസ്താനിലോ പാക് അധിനിവേശ കശ്മീരിലോ വെച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. ലഷ്കർ-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുടെ മുൻനിര നേതാക്കളാണ് ഒന്നൊന്നായി ഇല്ലാതാകുന്നത്. അവരാകട്ടെ ഇന്ത്യയ്ക്കെതിരെ വർഷങ്ങളായി ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നവരും. റിപ്പോർട്ടുകൾ പ്രകാരം, ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ പലപ്പോഴും തിരിച്ചറിയപ്പെടാത്ത തോക്കുധാരികളാണ്. അല്ലെങ്കിൽ ദുരൂഹമായ സാഹചര്യങ്ങളിൽ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നു. അമീർ ഹംസയ്ക്ക് നേരെയുള്ള ആക്രമണവും സമാനമായ രീതിയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ ആരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ?
Content Highlights: The article discusses the recent assassination attempt on Lashkar-e-Taiba's founding member Amir Hamza in Lahore and evaluates the pattern of mysterious killings of India’s most wanted terrorists hiding in Pakistan.