പുരുഷന്മാർ മാറിനിന്ന് സ്ത്രീകളെയെല്ലാം ട്രെയിനിൽ കയറ്റിവിട്ടു, വിമാനങ്ങൾ മിസൈലായ ആ ഭീകരനിമിഷം ഓർത്തെടുക്കുന്നു..

ഇന്ന് സെപ്തംബർ 11, 2001 ആക്രമണത്തിന്റെ ഇരുപത്തഞ്ചാമത് വർഷത്തിന്റെ വാർഷികമാണ്. ഞാനും ചന്ദ്രശേഖറും താമസിക്കുന്ന റിട്ടയർമെന്റ് കമ്മ്യൂണിറ്റിയിൽ കൂടുതൽ ആൾക്കാരും ആ ദിവസത്തിന്റെ ഭീതിപ്പെടുത്തുന്ന ഓർമകൾ സൂക്ഷിക്കുന്നവരാണ്. അമേരിക്ക അന്യദേശങ്ങളിൽ പോയി യുദ്ധങ്ങളും ആക്രമണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അമേരിക്കൻ മണ്ണിൽ ആദ്യമായാണ് ഒരു ആക്രമണമുണ്ടാകുന്നത്.
ഇന്നലെ വൈകുന്നേരം പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ കൂട്ടം കൂട്ടമായി ഞങ്ങളുടെ അയൽവാസികൾ സെപ്റ്റംബർ 11-ന്റെ വിഷയം എടുത്തിട്ടു. അതിനു സാഹചര്യം ഉണ്ടാക്കിയ അമേരിക്കൻ നേതൃത്വത്തെ എതിർത്തും അനുകൂലിച്ചും സംസാരങ്ങളുണ്ടായി. ഞങ്ങൾ വിദേശികളായതു കാരണം ചിലപ്പോൾ ഇങ്ങനെയുള്ള സംസാരവിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കാറുണ്ട്. ഞാൻ ആ സമയത്തു സെനറ്റിൽ ഉണ്ടായിരുന്ന കാരണം ചിലർ എന്റെ അനുഭവങ്ങളെ കുറിച്ച് ചോദിച്ചു. അപ്പോഴാണ് ഞാൻ വീണ്ടും ആ ദിവസത്തെ പറ്റി ഓർത്തതു.
ആ ദിവസം ക്യാപിറ്റൽ ഹില്ലിൽനിന്ന് അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിൽ ഇരിക്കുമ്പോൾ എന്റെയും കുടുംബത്തിന്റെയും മറ്റു പ്രിയപ്പെട്ടവരുടേയും സുരക്ഷതക്ക് വേണ്ടി പ്രാർത്ഥിച്ചതിനോടൊപ്പം ക്യാപിറ്റോളും ചുറ്റുമുള്ള അമൂല്യ നിധികളെന്നു ഞാൻ കരുതുന്ന ലൈബ്രറിയും സ്മിതോസോണിയൻ നിധികളും നശിക്കരുതെ എന്ന് കൂടി പ്രാത്ഥിച്ചു. കൂടാതെ അന്ന് ഇരുസഭകളും ചേരുന്ന ദിവസമായിരുന്നു. അഞ്ഞൂറിലധികം നിയമസമാജികർ, പതിനായിരത്തോളം മറ്റു ജോലിക്കാർ, പിന്നെ സന്ദർശകർ. അവിടെ ഒരു ബോംബ് വീണാൽ ഉള്ള സ്ഥിതി?
യാത്രകളിൽ ലോകമെമ്പാടുമുള്ള പല തലസ്ഥാനനഗരികളും അവരുടെ നിയമസഭ മന്ദിരങ്ങളും കൂടാതെ രാജാക്കന്മാരുടെ പടുകൂറ്റൻ കൊട്ടാരങ്ങളും കോട്ടകളും കണ്ടിട്ടുണ്ട്. അവയ്ക്കൊക്കെ വളരെ പഴക്കവും വിചിത്രവുമായ ചരിത്രങ്ങളുമൊക്കെ ഉണ്ട് - കീഴടക്കങ്ങളുടെയും കീഴടങ്ങലുകളുടേയും കഥകൾ, യുദ്ധത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ. തലപൊക്കി നിൽക്കാനും തല താഴ്ത്താനും പോരുന്ന ചരിത്രങ്ങൾ.
എന്നാൽ അതിൽ നിന്നെല്ലാ വളരെ ചുരുങ്ങിയ ചരിത്രമുള്ള, പഴക്കം കുറഞ്ഞ ഒരു നിയമസഭാ മന്ദിരമാണ് ക്യാപിറ്റോൾ. മറ്റു കാലപ്പഴക്കമുള്ള നിയമസഭാ മന്ദിരങ്ങളും കൊട്ടാരങ്ങളെയും വെച്ച് നോക്കുമ്പോൾ ക്യാപിറ്റോൾ ഒരു വലിയ സംഭവമായി തോന്നില്ല. എന്നാൽ അടിമത്തമെന്ന ക്രൂരതയെ മാറ്റിവെച്ചാൽ, ഇന്ത്യ പോലും നമ്മുടെ ഭരണഘടനക്ക് മാതൃകയായി സ്വീകരിച്ച ഒരു ഭരണക്രമം പിന്തുടരുന്ന, അതിനെ കെട്ടുറപ്പിക്കാൻ വേണ്ടി രാജ്യമെമ്പാടുംനിന്നും വരുന്നവരെ സംരക്ഷിക്കുന്ന ആ കെട്ടിടം, അത് നിലം പതിക്കുന്നത് ഓർക്കാൻ വയ്യ.
2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ അംബരചുംബികളിലൊന്നിൽ ആദ്യത്തെ ബോംബ് വീഴുന്ന സമയത്തു ഞാൻ സെനറ്റ് ഓഫീസിലെ ഒരു കോൺഫറൻസ് മുറിയിൽ മീറ്റിംഗിലായിരുന്നു. സെനറ്റ് കെട്ടിടങ്ങളിലെ നീണ്ട ഇടനാഴികളിലെ ചുവരുകളിൽ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനിൽ സാധാരണ സെനറ്റ് ഫ്ലോറിൽ നടക്കുന്ന സംഗതികൾ കാണിക്കാറുണ്ട്. പെട്ടെന്ന് അതുമാറി ഒരു പ്ലെയിൻ അംബരചുംബികളിൽ ഒന്നിൽ ഇടിക്കുന്ന കാഴ്ചയാണ് വന്നത്. കോൺഫറൻസ് ഹാളിൽ ഇരുന്ന ഞങ്ങൾ പെട്ടെന്ന് ഹാളിലേക്ക് ഇറങ്ങി. അതൊരു അപകടമാണെന്ന് കരുതി കൂടുതൽ വിവരങ്ങൾ അറിയാൻ എല്ലാപേരും ടെലിവിഷന് ചുറ്റും കൂടി. അഞ്ചുമിനിട്ടിനുള്ളിൽ സെനറ്റ് ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തിൽ കൂടി അറിയിപ്പ് വന്നു എല്ലാവരും ഓഫീസിൽ നിന്നും ഇറങ്ങണമെന്നു.
ഞങ്ങളെല്ലാവരും കയ്യിൽ കിട്ടിയ ഞങ്ങളുടെ സാധനങ്ങളെല്ലാം എടുത്തു കെട്ടിടത്തിനു പുറത്തിറങ്ങി. അപ്പോൾ ക്യാപിറ്റോളിന്റെ മുകളിൽ കൂരിരുട്ട് പകർന്നതുപോലെ ശബ്ദമാനമായ ഒരു കൂറ്റൻ വിമാനം. ആദ്യം എല്ലാപേരും കരുതിയത് അതൊരു ശത്രു വിമാനമാണെന്നാണ്. ആരോ വിളിച്ചു പറഞ്ഞു അത് നമ്മുടെ വിമാനമാണെന്ന്. അപ്പോഴേക്കും ആയിരക്കണക്കിന് ആൾക്കാർ ക്യാപിറ്റോളിനും ചുറ്റും നിറഞ്ഞു കഴിഞ്ഞിരുന്നു. പെട്ടെന്ന് ഭയാനകമായ ഇടിവെട്ടും പോലെയുള്ള ശബ്‌ദം. ആകാശത്തേക്കുയരുന്ന പുകച്ചുരുളുകൾ. പിന്നീട് അറിയുന്നത് അത് അടുത്തുള്ള പെന്റഗണിൽ വിമാനം ഇടിച്ചിറങ്ങിയ ശബ്ദമാണെന്നാണ്. ക്യാപിറ്റോളിന്റെ ചുറ്റുമുള്ള പാർക്കുകളിൽ ആളുകൾ തിങ്ങിക്കൂടുകയാണ്. എങ്ങോട്ടു പോകണമെന്ന് ആർക്കുമറിയില്ല.
ക്യാപിറ്റൽ ഹില്ലിൽ തന്നെ പതിനായിരത്തിൽപരം ആളുകൾ ജോലി ചെയ്യുന്നുണ്ട്. കൂടാതെ അതിനു ചുറ്റുമുള്ള ഓഫീസുകളും യൂണിയൻ സ്റ്റേഷനെന്ന വലിയ ട്രെയിൻ സ്റ്റേഷൻ, കടകൾ, റെസ്റ്ററന്റുകൾ ഇവയൊക്കെ ഉണ്ട്. എല്ലാവരും കൂടി ഒരു ജനപ്രളയമായി മാറി. അന്ന് രണ്ടു നിയമസഭകളും ചേരുന്നുണ്ടായിരുന്നു. ഞാനും കൂട്ടുകാരും ട്രെയിൻ സ്റ്റേഷനിലേക്ക് ഓടി. ഭൂമിക്കടിയിലൂടെ ഓടുന്ന ട്രെയിൻ എല്ലാ അഞ്ചു മിനിറ്റു കൂടുമ്പോഴും ഉണ്ടായിരുന്നു. സ്റ്റേഷനിൽ ചെന്നപ്പോൾ നിന്നു തിരിയാൻ സ്ഥലമില്ല.
പക്ഷെ ജീവിതത്തിൽ ഒരുക്കലും മറക്കാനാകാത്ത ഒരു സംഭവമായി ഞാൻ ഓർക്കുന്ന കാര്യം - അവിടെ അപ്പോൾ ഉണ്ടായിരുന്ന പുരുഷന്മാർ മാറി നിന്നിട്ടു സ്ത്രീകളെ എല്ലാവരേയും ട്രെയിനിൽ കയറ്റി. ട്രെയിൻ നിറഞ്ഞപ്പോൾ അത് നീങ്ങി. ഞാൻ കാണുന്നത് പുരുഷന്മാർ മാത്രം സ്റ്റെഷനിൽ നിൽക്കുന്നതാണ്. ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ ട്രെയിൻ സർവീസ് നിന്നു. ഞങ്ങളുടെ ട്രെയിനാണ് അവസാനമായി അവിടെ നിന്നും വിട്ട ട്രെയിൻ. പിന്നീട് അറിഞ്ഞു മിക്കവാറും ആൾക്കാർ ഒന്നുകിൽ രാത്രി അവിടെ പാർക്ക് ബെഞ്ചുകളിൽ ഉറങ്ങുകയോ, ഇല്ലങ്കിൽ അടുത്തുള്ള ഹോട്ടലുകളിൽ താങ്ങുകയോ ചെയ്തു. ചിലർ പത്തു മൈലിൽ കൂടുതൽ നടന്നു വീടുകളിൽ എത്തി.
ഞാൻ വീട്ടിൽ എത്തിയപ്പോൾ എന്റെ ഭർത്താവും കുട്ടികളും വീട്ടിൽ എത്തിയിരുന്നു. വീട്ടിൽ എത്തിയ ശേഷമാണ് രണ്ടാമത്തെ അംബരചുമ്പിയും നിലംപതിക്കുന്നതു കാണുന്നത്. ഇതുകഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ ആന്ത്രാക്സ് എന്ന മാരകമായ വിഷം ആരോ കവറിലാക്കി സെനറ്റിലേക്കയച്ചു. ആതു തുറന്നുവരും അത് കൈകാര്യം ചെയ്തവരുമായ അഞ്ചു പേർ മരിച്ചു. കൂടാതെ ഇരുപതിൽപ്പരം സെനറ്റ് ജോലിക്കാർ രോഗബാധിതരുമായി. അതോടെ സെനറ്റ് വീണ്ടും രണ്ടാഴ്ച്ച അടച്ചിട്ടു. മരിച്ച ഒരു സ്ത്രീ എനിക്ക് നന്നായി അറിയാവുന്നവരായിരുന്നു. ആ സംഭവം നടന്ന ശേഷം ഞാൻ വളരെ അധികം ചിന്തിച്ചു- ഇവിടെ ഇനി ജോലി ചെയ്യണോ? തലസ്ഥാനനഗരി മാത്രമല്ല ജോലിചെയ്യുന്ന സ്ഥലം തന്നെ അപകടകാരിയാണ്. രണ്ടു മക്കളുടെ പഠിത്തം മുഴുവനും കഴിഞ്ഞിട്ടില്ല. പെൺകുട്ടികളാണ് അവരെ ഒരു നിലയിൽ എത്തിക്കാതെ എന്ത് തീരുമാനമാണ് എടുക്കാൻ സാധിക്കുക. മുന്നോട്ടുപോകുക തന്നെ.
ദിവസങ്ങൾ കഴിഞ്ഞു പുതിയ വിവരങ്ങൾ കിട്ടുമ്പോളാണ് അറിയുന്നത് നാലു വിമാനങ്ങൾ അയച്ചിരുന്നു, രണ്ടെണ്ണം വേൾഡ് ട്രേഡ് സെന്റർ തകർത്തു, ഒന്ന് പെന്റഗണിൽ വീണു, പിന്നെ ഒന്ന് യാത്രക്കാരുടെ ഇടപെടൽ കാരണം പെൺസിൽവാനിയയിലെ ഒരു പാടത്ത് വീണുതകർന്നു എന്നറിയുന്നത്. പെൻസിൽവാനിയയിൽ തകർന്ന വിമാനം ക്യാപിറ്റോളിനെ ലക്ഷ്യമാക്കിയാണെന്നും അല്ല വൈറ്റ് ഹൗസിനെ ലക്ഷമാക്കിയാണെന്നുമുള്ള ഊഹങ്ങൾ ഇപ്പോഴും നടക്കുന്നു. ആർക്കും അറിയില്ല. അതിന്നും ഒരു സംസാരവിഷയമാണ്. ചരിത്രം എന്നെന്നേക്കുമായും മറച്ച ഒരു വിവരമായിരിക്കും.
കേരളത്തിൽ, വിതുരയിൽ, എന്റെ ഓർമയിലുള്ള ആദ്യത്തെ യുദ്ധം 1962-ലെ ഇന്ത്യ-ചൈന യുദ്ധമാണ്. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ അതൊരു സ്കൂളിൽ നിന്നുള്ള കുട്ടികളുടെ ഒരു പ്രതിഷേധ ജാഥയിൽ ഒതുങ്ങി. കുറച്ചു ജവാന്മാരുടെ മരണവാർത്ത കേട്ടു. പിന്നെ 1971-ലെ പാകിസ്താൻ യുദ്ധ്യം. അതിനും പ്രതിഷേധ ജാഥയിൽ പങ്കുകൊണ്ടു. പക്ഷെ നമ്മളെ നേരിട്ട് ബാധിച്ചു എന്ന് തോന്നിയിട്ടില്ല. സെപ്റ്റമ്പർ 11 അതായിരുന്നില്ല.
ലെജിസ്ലേറ്റീവ് ഇൻഫർമേഷൻ ഡിവിഷനിൽ ജോലി ചെയ്തിരുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് കഴിഞ്ഞുള്ള കുറെ ദിവസങ്ങളും ആഴ്ചകളും എന്റെ ഓർമയിൽ ഏറ്റവും കൂടുതൽ പ്രയാസവും തിരക്കും നിറഞ്ഞതായിരുന്നു. മൂന്നു രാവും, പകലും സഭ കൂടിയിരുന്നു. പാട്രിയേറ്റ് ബിൽ പാസ്സാക്കുന്നതു വരെ ഞങ്ങളുടെ സെക്ഷൻ രാപകൽ മാറി മാറി സഭാ നടപടികൾ ഡാറ്റാബേസിൽ ചേർക്കേണ്ടിയിരുന്നു, വോട്ടെണ്ണൽ അടക്കം. ട്രെയിൻ രാത്രി പതിനൊന്നു മണിക്ക് നിൽക്കുന്നത് കാരണം ചന്ദ്രശേഖർ രാവിലെ മൂന്നു മണിക്കും നാലു മണിക്കുമൊക്കെ എന്നെ കൊണ്ടുപോകാനായി വരുമായിരുന്നു.
ഞങ്ങളുടെ ജോലി മാത്രമല്ല സെനറ്റ് അന്തരീക്ഷം തന്നെ അത് കഴിഞ്ഞു മാറി. സെക്യൂരിറ്റിയുടെ സ്വഭാവം മാറി, ക്യാപിറ്റലിനു ചുറ്റുമുള്ള സുരക്ഷാചട്ടങ്ങൾ മാറി, ജോലിക്രമങ്ങൾ മാറി. ഏറ്റവും വലിയ മാറ്റം ക്യാപിറ്റോൾ സന്ദർശകരെ സ്വീകരിക്കുന്ന രീതിയായിരുന്നു. കെട്ടിടത്തിന്റെ ഡിസൈൻ മാറ്റി ഒരു വിസിറ്റർ സെന്റർ പുതിയതായി പണിതു അതിൽ കൂടി സന്ദർശകരെ ക്യാപിറ്റോളിലേക്കു കയറ്റുന്ന രീതിയാക്കി. അതിനുമുമ്പേ നേരിട്ട് ക്യാപിറ്റോളിലേക്കു കയറാമായിരുന്നു. ഈ മാറ്റങ്ങൾ വരുത്തിയപ്പോൾ എന്റെ മനസ്സിൽ വന്നത് വർഷങ്ങൾക്കുമുൻപ് ഞാൻ ഡിസൈൻ ചെയ്ത വിസിറ്റർ സെന്റർ ആയിരുന്നു. ‘ജനങ്ങളുടെ വീട്’ എന്ന് കരുതിയിരുന്ന ക്യാപിറ്റോൾ ഒരു കോട്ടപോലെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ സെപ്റ്റംബർ പതിനൊന്നിന് ശേഷമാണ് തുടങ്ങിയത്.
ആക്രമണത്തിന് പിന്നാലെ വിദേശികളോട്, പ്രത്യേകിച്ച് ദക്ഷിണേഷ്യയിൽ നിന്നുള്ളവരോടുള്ള അമേരിക്കക്കാരുടെ സമീപനത്തിൽ വലിയ മാറ്റമുണ്ടായതായി എനിക്ക് തോന്നിയിരുന്നു. പുറമേ നിന്നുള്ളവരോട് ഒരുതരം വെറുപ്പ് അവർ പ്രകടിപ്പിക്കാൻ തുടങ്ങി. അവരെ മാറ്റി നിർത്തുന്ന സമീപനം പലപ്പോഴും അവരുടെ ഭാഗത്തുനിന്നുണ്ടായി. പ്രത്യേകിച്ച് സിഖ് സമൂഹം വലിയ വിവേചനം അക്കാലത്ത് നേരിട്ടു. പൊതുവേ ഒരു വിശ്വാസമില്ലായ്മ എല്ലായിടത്തും പ്രകടമായിരുന്നു. ഓഫീസുകളിലടക്കം ഞാനത് കണ്ടിരുന്നു.
ദുരന്തത്തിന് ശേഷം സെനറ്റിൽ ഒരു പ്രാർത്ഥനാ യോഗം നടന്നിരുന്നു. സെനറ്റിലെ എല്ലാ മത വിഭാഗത്തിലുള്ള ജോലിക്കാരെയും ഉൾപ്പെടുത്തിയായിരുന്നു പ്രാർത്ഥന. ആ സമയത്ത് സെനറ്റിൽ ഞാൻ മാത്രമായിരുന്നു ഇന്ത്യക്കാരിയായി ഉണ്ടായിരുന്നത്. ഞാൻ ഹിന്ദുവാണ് എന്നറിഞ്ഞപ്പോൾ എന്നോട് ഒരു ഹിന്ദു പ്രാർത്ഥന നടത്തുമോ എന്ന് അവർ ചോദിച്ചു. പക്ഷേ അതിനുതക്ക അറിവൊന്നും എനിക്കുണ്ടായിരുന്നില്ല. എങ്കിലും ഗായത്രീ മന്ത്രം ചൊല്ലാം എന്ന് ഞാൻ വിചാരിച്ചു. അതിന്റെ ഒരു വിവർത്തനവും ഞാൻ തയ്യാറാക്കി. അങ്ങനെ സെനറ്റിൽ ഹിന്ദുക്കളെ പ്രതിനിധികരിച്ച്, ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് സെനറ്റിൽ നടത്തി. അതൊരു വലിയ അംഗീകാരമായി എനിക്ക് തോന്നി.
ഇതെല്ലാം ഉണ്ടായിട്ടും തിരിഞ്ഞു നോക്കുമ്പോൾ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ദുരന്തത്തിൽ പൊലിഞ്ഞത് 2,977 മനുഷ്യ ജീവനുകളാണ്. എത്രയോ ആളുകളെ കാണാതായി. എത്രയോ ആളുകൾ അസുഖബാധിതരായി. ഏകദേശം എട്ടു ലക്ഷം കോടി ഡോളർ ചെലവാക്കി യുദ്ധം ചെയ്തു. അഫ്ഗാനിസ്താനിൽ മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. എന്നിട്ട് എന്താണ് സംഭവിച്ചത്? കുറേ മനുഷ്യജീവനുകൾ നഷ്ടമായി. കാണാതായവരെക്കുറിച്ച് ഇന്നും വിവരമൊന്നുമില്ല. അഫ്ഗാനാകട്ടെ പഴയതിലും മോശമായ സ്ഥിതിയിലായി. അമേരിക്കയെ സംബന്ധിച്ചത്തോളം സ്മാരകങ്ങളെന്ന പേരിലുള്ള രണ്ടോ മൂന്നോ പടുകൂറ്റൻ കെട്ടിടങ്ങൾ കെട്ടിപ്പൊക്കി. എങ്കിലും ദുരന്തം ഇന്നും ഒരു നോവായി അവശേഷിക്കുന്നു!
Content Highlights: A former Senate employee shares a poignant firsthand account of working in Washington D.C. during the September 11, 2001 terrorist attacks, detailing the immediate chaos at Capitol Hill, subsequent security changes, and the enduring geopolitical impacts.