സെപ്റ്റംബർ 11-ന് നിങ്ങൾ എവിടെയായിരുന്നു? എല്ലാവരും നേരിട്ടത് ഒരേ ചോദ്യം, ഗ്രൗണ്ട് സീറോയിൽ നിന്നുള്ള റിപ്പോർട്ടിങ്

സെപ്റ്റംബർ 11-ന് നിങ്ങൾ എവിടെയായിരുന്നു? ലോകവ്യാപാര കേന്ദ്രം ആക്രമിക്കപ്പെട്ടതിന്റെ ഒന്നാം അനുസ്മരണദിനം റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽനിന്നും അമേരിക്കയിലെത്തിയ പത്രപ്രവർത്തകർ നേരിട്ട മുഖ്യ ചോദ്യം ഇതായിരുന്നു. ന്യൂജഴ്‌സിയിലെ കൃഷി ഇടങ്ങളിൽ വാഷിങ്ടണിലെ ഭരണകൂട സമുച്ചയങ്ങളിൽ ടെക്‌സാസിലെ റാഞ്ചുകളിൽ ഒക്‌ലഹോമയിലെ മരുപ്പരപ്പിൽ - അമേരിക്കയുടെ മണ്ണിലും ആകാശത്തിലും നിറഞ്ഞു നിന്ന ചോദ്യം ഇതായിരുന്നു. സെപ്റ്റംബർ 11 ന് നിങ്ങൾ എവിടെയായിരുന്നു.
ലോകത്തോട് മാത്രമല്ല സ്വന്തം മനഃസാക്ഷിയോടും അമേരിക്കൻ ജനത ഈ ചോദ്യം ചോദിച്ചു. 2001 സെപ്റ്റംബർ 11-ന് ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.16-ന് ആണ് ലോകവ്യാപാര കേന്ദ്രത്തിന്റെ നേർക്ക് ആദ്യ ആക്രമണമുണ്ടായത്. ഈ ലേഖകൻ അപ്പോൾ ചെന്നൈയിൽ മാതൃഭൂമി ഓഫീസിൽ അന്നത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന തിരക്കിലായിരുന്നു. ടിവിയിൽ വാർത്ത കണ്ടുകൊണ്ടിരുന്ന ഭാര്യ ഷിജിയാണ് അമേരിക്കയിൽ എന്തോ വലിയ ആക്രമണമുണ്ടായിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞത്. മാതൂഭൂമിക്കന്ന് ചെന്നൈയിൽ വീടും ഓഫീസും ഒന്നായിരുന്നു. ടിവി വെച്ചിരിക്കുന്ന മുറിയിലേക്ക് ഓടി എത്തിയപ്പോൾ കണ്ട കാഴ്ച അന്ധാളിപ്പിച്ചു. ഒരു കൂറ്റൻ വിമാനം ന്യൂയോർക്കിലെ ലോകവ്യാപാര കേന്ദ്രത്തിന്റെ ടവറുകളിലേക്ക് ഇടിച്ചു കയറുന്നു.
അതൊരു വല്ലാത്ത കാഴ്ചയായിയിരുന്നു. വിമാനം തന്നെ ആയുധമാക്കിയാണ് ഭീകരർ അമേരിക്കയെ വിറപ്പിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്. വിമാനം തന്നെ മിസൈലും ബോംബുമാവുന്ന വിചിത്ര പരിണാമം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജനിച്ചവരെ സംബന്ധിച്ചിടത്തോളം ലോകമൊന്നടങ്കം ഇത്രയധികം ചർച്ച ചെയ്ത ഒരു സംഭവം ജീവിതത്തിൽ അതുവരെയുണ്ടായിരുന്നില്ല. തൊട്ടടുത്ത കൊല്ലം സെപ്റ്റംബർ 11-ന് ന്യൂയോർക്കിൽ ഗ്രൗണ്ട് സീറോ എന്ന് വിശേഷിപ്പിക്കപ്പെട്ട ആക്രമണസ്ഥലത്ത് എത്തിപ്പെടാൻ അവസരമുണ്ടാവുമെന്ന് അന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല.
ഒരു യാത്രയുടെ ഓർമ
2002 ഓഗസസ്റ്റ് രണ്ടാം വാരത്തിലാണെന്ന് തോന്നുന്നു ചെന്നൈയിലെ അമേരിക്കൻ ഏംബസിയിൽ നിന്നും ഒരു വിളി വന്നു. അടിയന്തരമായി എത്തണമെന്ന് പറഞ്ഞ് കോൺസൽ ജനറലിന്റെ ഓഫീസിൽ നിന്നായിരുന്നു വിളി. പഴയ ജമിനി സ്റ്റുഡിയോ നിലനിന്നിരുന്ന സ്ഥലത്തായിരുന്നു അന്ന് മാതൃഭൂമി ഓഫീസ്. അവിടെ നിന്നും അമേരിക്കൻ ഏംബസിയിലേക്ക് നടക്കാവുന്ന ദൂരമേയുള്ളു. മലയാളിയും നേരത്തെ ഇന്ത്യാ ടുഡെയുടെ ടിവി ചാനലിൽ മാധ്യമപ്രവർത്തകയുമായിരുന്ന സുസ്മിത അന്ന് കോൺസൽ ജനറൽ ഓഫീസിൽ മീഡിയ ഓഫീസറാണ്. ലോക വ്യാപാര കേന്ദ്രം ആക്രമിക്കപ്പെട്ടതിന്റെ ഒന്നാം അനുസമരണദിനം റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പത്രപ്രവർത്തകരെ അമേരിക്കൻ ഭരണകൂടം ക്ഷണിക്കുന്നുണ്ടെന്നും മലയാളത്തെ പ്രതിനിധിയായി എന്നെയാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്നും സുസ്മിതയാണ് പറഞ്ഞത്. ക്ഷണക്കത്തും മറ്റ് വിശദവിവരങ്ങളുമടങ്ങിയ കവർ സുസ്മിത കൈമാറി.
അമേരിക്കൻ ഭരണകൂടത്തിന്റെ ക്ഷണക്കത്ത് കോഴിക്കോടുള്ള എഡിറ്റർ ഗോപാൽജി എന്ന് ഞങ്ങൾ സ്‌നേഹപൂർവ്വം വിളിക്കുന്ന കെ.ഗോപാലകൃഷ്ണന് അയച്ചുകൊടുത്തു. കത്ത് കിട്ടിയപ്പോൾ ഗോപാൽജി ഒരു കാര്യം വ്യക്തമാക്കി. ക്ഷണക്കത്ത് എഡിറ്റർക്കാണ് നൽകേണ്ടത്. എഡിറ്ററാണ് മാതൃഭൂമിയിൽനിന്നും ആരാണ് പോകേണ്ടത് എന്ന് തീരുമാനിക്കുക. ഇക്കാര്യം ഏംബസിക്കാരോട് പറയണമെന്നും ഇക്കുറി ജോണി തന്നെ പൊയ്‌ക്കോളൂ എന്നും ഗോപാൽജി പറഞ്ഞു. ഗോപാൽജിയുടെ നിലപാട് നൂറു ശതമാനവും ശരിയായിരുന്നു. ചെന്നൈയിൽ മാതൃഭൂമിയുടെ അന്നത്തെ പ്രതിനിധി ഈ ലേഖകനായിരുന്നതുകൊണ്ടും എന്നെ പരിചയമുള്ളതുകൊണ്ടുമാണ് ഏംബസിയിൽ നിന്നുള്ള ക്ഷണക്കത്ത് എന്റെ പേരിലായത്. 40,000 രൂപ പോക്കറ്റ് മണിയായി നൽകണമെന്ന് അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റിനോട് നിഷ്‌കർഷിക്കാനും ഗോപാൽജി മറന്നില്ല.
ഏകദേശം ഒരു മാസത്തോളമുള്ള യാത്രയാണ് ഇന്ത്യൻ പത്രപ്രവർത്തകർക്കായി അമേരിക്കൻ ഭരണകൂടം ആവിഷ്‌കരിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 25-ഓളം പത്രപ്രവർത്തകർ. അതും വിവിധ പ്രാദേശിക ഭാഷകളിൽ നിന്നുള്ള പത്രക്കാർ. കശ്മീർ മതൽ കേരളം വരെയുള്ള ഇന്ത്യയുടെ അക്ഷരാർത്ഥത്തിലുള്ള പരിച്ഛേദം. സംഘത്തിൽ രണ്ട് മലയാളികളുണ്ടായിരുന്നു- ഈ ലേഖകനും തമിഴിൽ നിന്നുള്ള കെ.പി. സുനിലും. സുനിൽ അന്ന് ജയ ടിവിയുടെ എഡിറ്ററാണ്. ഇലസ്‌ട്രേറ്റഡ് വീക്ക്ലിയുടെ ലേഖകനായിരിക്കെ ജയളിതയുടെ ഭരണകൂടം വേട്ടയാടിയതിനെത്തുടർന്ന് രാത്രിക്ക് രാത്രി സുനിൽ ഡൽഹിക്ക് പലായനം ചെയ്തതും അവിടെ വെച്ച് സുബ്രഹ്മണ്യൻ സ്വാമിയുടെ സഹായത്തോടെ സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടിയതുമൊക്കെ ചരിത്രമാണ്. ഇതേ സുനിൽ ജയ ടിവിയുടെ എഡിറ്ററായി എന്നത് കാലം കാത്തുവെച്ച മറ്റൊരു ചരിത്രമാവുന്നു.
രണ്ട് ദിവസം കൊണ്ട് പാസ്‌പോർട്ട്
അമേരിക്കൻ ഭരണകൂടത്തിന്റെ ക്ഷണക്കത്ത് കിട്ടിയപ്പോഴാണ് മറ്റൊരു പൊല്ലാപ്പിനെക്കുറിച്ചോർത്തത്. പാസ്‌പോർട്ട് പുതുക്കിയിട്ടില്ല. ഇതിപ്പോൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഏംബസിക്ക് പാസ്‌പോർട്ട് കൈമാറണം. നിനച്ചിരിക്കാതെ കിട്ടിയ അമേരിക്കൻ യാത്ര വെള്ളത്തിലാവുമോ എന്ന് ബേജാറായപ്പോഴാണ് ഒരു സുഹൃത്ത് ചെന്നൈയിൽ കേന്ദ്രസർക്കാരിന് കീഴിലുള്ള പി.ഐ.ബിയുടെ ഡെപ്യൂട്ടി ഡയറക്ടർ നല്ലമുത്തുവിനെ കാണാൻ പറഞ്ഞത്. ചില പത്രസമ്മേളനങ്ങളിൽ വെച്ച് നല്ലമുത്തുവിനെ കണ്ടിട്ടുണ്ട്. നേരെ ഹാഡോസ് റോഡിലുള്ള പി.ഐ.ബി. ഓഫീസിലെത്തി നല്ലമുത്തുവിനെ കണ്ട് കാര്യം പറഞ്ഞു. നല്ലമുത്തു കൈയ്യോടെ തൊട്ടടുത്ത മുറിയിലുള്ള പാസ്‌പോർട്ട് ഓഫീസറുടെ അടുത്തേക്ക് കൊണ്ടുപോയി. പുള്ളിക്കാരൻ ഒരു ഫോം എടുത്തു തന്നിട്ട് പൂരിപ്പിച്ചുകൊടുക്കാൻ പറഞ്ഞു. പാസ്‌പോർട്ട് സൈസിലുള്ള ഫോട്ടൊ പെഴ്‌സിലുണ്ടായിരുന്നത് ഉപകാരമായി.
രണ്ടാം നാൾ നല്ലമുത്തുവിന്റെ വിളി വന്നു. പാസ്‌പോർട്ട് റെഡിയാണ്. സംഗതി അന്നുതന്നെ അമേരിക്കൻ എംബസിയിൽ എത്തിച്ചു. ഇനി വേറെ ഔപചാരികതകൾ ഒന്നുമില്ലെന്നും യാത്രയ്ക്ക് റെഡിയായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നും എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. ഓഗസ്റ്റ് 18-നോ പത്തൊമ്പതിനോ ആയിരുന്നു യാത്രയെന്നാണോർമ. ചെന്നൈയിൽനിന്ന് ഞാനും സുനിലുമുണ്ടായിരുന്നു. നേരെ ഡെൽഹിക്ക്. അവിടെ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള പത്രപ്രവർത്തകർ. എല്ലാവരും ഒത്തുചേർന്ന് ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിൽ ലണ്ടനിലെ ഹിത്രു വിമാനത്താവളത്തിലേക്ക്. അവിടെ നിന്നും അടുത്ത വിമാനത്തിൽ വാഷിങ്ടണിലേക്ക്. ലണ്ടനിൽനിന്നും വിമാനം ഉയർന്നുപൊങ്ങും മുമ്പ് ഒരറിയിപ്പ് വന്നു. ബിസിനസ് ക്ലാസ്സിൽ ഒരു സീറ്റ് ഒഴിവുണ്ട്. അത് ഇന്ത്യയിലെ പത്രപ്രവർത്തകരിൽ നിന്നും നറുക്കിട്ടെടുത്ത് ഒരാൾക്ക് നൽകും. നറുക്കെടുത്തപ്പോൾ ഭാഗ്യവാൻ ഈ ലേഖകൻ.
ബിസിനസ് ക്ലാസിൽ തൊട്ടടുത്ത സീറ്റിൽ ഒരു അമേരിക്കൻ ടെലികോം കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്നു. ഒന്നും രണ്ടും ചിയേഴ്‌സ് പറഞ്ഞ് അദ്ദേഹവുമായി കമ്പനിയാവാൻ താമസമുണ്ടായില്ല. ചാൾസ് ഗ്രഹാം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സെപ്റ്റംബർ പതിനൊന്നോടെ അമേരിക്ക മാറി മറിഞ്ഞതിനെക്കുറിച്ച് ചാൾസ് വിശദമായി സംസാരിച്ചു. എന്തുകൊണ്ട് അമേരിക്കയ്‌ക്കെതിരെ ഇത്രമാത്രം വെറുപ്പുണ്ടായി എന്ന ചോദ്യം ചോദിക്കേണ്ടതുണ്ടെന്ന് ചാൾസാണ് പറഞ്ഞത്. അമേരിക്കൻ അധികൃതരുമായുള്ള സംഭാഷണത്തിൽ ഈ ചോദ്യം ചോദിച്ചിരിക്കണമെന്നും ചാൾസ് പറഞ്ഞു. ചിക്കാഗോ സ്വദേശിയായ ചാൾസ് അമേരിക്കൻ ഭരണകൂടത്തിന്റെ വിദേശ നയങ്ങളോട് കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. ലോകത്തെവിടെയും കയറി ഇടപെടുമ്പോൾ അവരുടെ വികാരം എന്താണെന്ന് അമേരിക്കൻ ഭരണകൂടം ഓർക്കേണ്ടതുണ്ടെന്നാണ് ചാൾസ് പറഞ്ഞത്.
എന്താവശ്യമുണ്ടെങ്കിലും ബന്ധപ്പെടണമെന്ന് പറഞ്ഞ് ചാൾസ് ഇമെയിൽ ഐഡിയും ഫോൺനമ്പറുമുള്ള വിസിറ്റിങ് കാർഡ് തന്നു. ആദ്യമായി ഒരു ഇമെയിൽ ഐഡി സ്വന്തമായുണ്ടായത് അമേരിക്കൻ യാത്രയിലാണ്. സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി നോക്കുന്ന ഭാര്യയുടെ സംഭാവനയായിരുന്നു യാഹുവിലുള്ള ആ ഐഡി. ചാൾസുമായി പിന്നീട് കുറെനാൾ ഇമെയിൽ ബന്ധമുണ്ടായിരുന്നു. ഇടയ്ക്ക്‌വെച്ച് അത് മുറിഞ്ഞുപോയി. ലോക വ്യാപാര കേന്ദ്രത്തിന് നേർക്കുള്ള ആക്രമണത്തിന്റെ 25-ാം വാർഷികത്തിൽ ചാൾസ് എവിടെയാണാവോ? പഴയ ഇമെയിൽ ഐഡി തപ്പിയെടുത്ത് ചാൾസിനെ ഒന്നു ബന്ധപ്പെടണം.
ശൂന്യ സ്ഥലം
അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച ശേഷം സെപ്റ്റംബർ ഒമ്പതോടെയാണ് ഞങ്ങൾ ന്യൂയോർക്കിലെത്തിയത്. അവിടെ ഗ്രൗണ്ട് സീറോയ്ക്ക് തൊട്ട് മുന്നിലുള്ള ഒരു വലിയ കെട്ടിടസമുച്ചയത്തിന്റെ മുകളിലാണ് ലോകമെമ്പാട് നിന്നുമുള്ള പത്രക്കാർക്ക് ഇരിപ്പടമൊരുക്കിയിരുന്നത്. കല്ലിന്മേൽ കല്ല് അവശേഷിക്കാത്ത വിധത്തിൽ ലോക വ്യാപാര സമുച്ചയം മൊത്തം പൊളിച്ചുമാറ്റിയിരുന്നു. പ്രശസ്ത ഫ്രഞ്ച് ദിനപ്പത്രം ലു മൊന്തെയുടെ റിപ്പോർട്ടറായിരുന്നു എന്റെ തൊട്ടടുത്ത്. സ്വന്തം ലാപ്‌ടോപ്പിൽ അദ്ദേഹം റിപ്പോർട്ട് അടിച്ചുവിടുന്നത് കുറച്ചുനേരം കൗതുകത്തോടെ നോക്കി. ഇന്ത്യയിൽ നിന്നുള്ള ഒരു റിപ്പോർട്ടറുടെ കൈയ്യിലും അന്ന് ലാപടോപ്പ് ഉണ്ടായിരുന്നില്ല. അമേരിക്കൻ അധികൃതർ ഒരുക്കിയ മീഡിയ റൂമിലെ കമ്പ്യൂട്ടറുകളും ഫാക്‌സ് മെഷിനുകളുമായിരുന്നു ഞങ്ങളുടെ ആയുധങ്ങൾ.
അന്ന് അവിടെയിരുന്നുകൊണ്ട് എഴുതി തയ്യാറാക്കിയ റിപ്പോർട്ട് തൊട്ടടുത്ത ദിവസം മാതൃഭൂമിയിൽ അച്ചടിച്ചുവന്നു. ഗ്രൗണ്ട് സീറൊ എന്നായിരുന്നു ഡേറ്റ് ലൈൻ. റിപ്പോർട്ടിൽ നിന്ന്: ഇതൊരു നിമിഷമാണ്. അമേരിക്കയുടെ ചരിത്രം മാറ്റിയെഴുതപ്പെട്ട നിമിഷത്തിന്റെ പുനർജനി. ലോകം ഒന്നടങ്കം ഇപ്പോൾ ശൂന്യ സ്ഥലത്തുണ്ട്. ഇവിടെ ലോക ധനകാര്യ കേന്ദ്രത്തിന് മുന്നിൽ നിന്ന്‌കൊണ്ട് നോക്കുമ്പോൾ ശൂന്യസ്ഥലം അഗാധവും തീവ്രവുമായ കാഴ്ചയാണ്. ലോക വാണിജ്യ ഗോപുരം ഇപ്പോൾ ചരിത്രമാണ്; ഓർമയാണ്. ആ ഓർമയാണ് ഇപ്പോൾ പുതുക്കപ്പെടുന്നത്. അമേരിക്ക വീണ്ടും സെപ്റ്റംബർ പതിനെിന്നിലൂടെ കടന്നുപോവുകയാണ്.
സമയം രാവിലെ 8. 40: ന്യയോർക്കിലെ അഞ്ച് മുഖ്യ കേന്ദ്രങ്ങളായ ബ്രോങ്ക്‌സ് , ബ്രൂക്ക്‌ലിൻ, മൻഹാട്ടൻ, ക്യൂൻസ്, സ്റ്റേറ്റൻ ഐലന്റ് എന്നിവിടങ്ങളിൽ നിന്നും അനുസ്മരണ പ്രദക്ഷിണങ്ങൾ ശൂന്യസ്ഥലത്തേക്ക് പ്രവേശിക്കുകയാണ്. ബ്യൂഗിളിന്റെയും ഡ്രമ്മിന്റെയും സ്വരസ്ഥായികൾ അന്തരീക്ഷത്തെ സാന്ദ്രമാക്കുന്നു. ശൂന്യ സ്ഥലത്തിന് മുകളിൽ അമേരിക്കൻ എയർഫോഴ്‌സിന്റെ ഹെലിക്കോപ്റ്ററുകൾ വലയം വെച്ചുകൊണ്ടേയിരിക്കുന്നു.
8.45 -ന്യൂയോർക്ക് ആ നിമിഷത്തിനായി തയ്യാറെടുക്കുകയാണ്.
8.46 - ഇതാണാ നിമിഷം.ന്യൂയോർക്ക് നിശ്ശബ്ദമാവുന്നു. കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിന് ഇതേ നിമിഷത്തിലാണ് ലോക വാണിജ്യ കേന്ദ്രത്തിന്റെ നേർക്ക് ആദ്യ ജറ്റ് വിമാനം ഇടിച്ചുകയറിയത്.
9.03 - ന്യയോർക്ക് ഗവർണ്ണർ ജോർജ് പടാക്കി എബ്രഹാം ലിങ്കന്റെ പ്രശസ്തമായ ഗെറ്റിസ്ബർഗ് പ്രസംഗം വായിക്കുന്നു. ന്യൂയോർക്ക് മേയർ ബ്ലും ബെർഗ് സെപ്റ്റംബർ പതിനൊന്നിലെ ആക്രമണത്തിൽ മരിച്ചവരുടെ പേരുകൾ വായിക്കാൻ തുടങ്ങുന്നു.
9.04 -ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ശൂന്യ സ്ഥലത്തേക്ക്. പ്രിയപ്പെട്ടവരുടെ സ്മരണയിൽ അവർ പുഷ്പാർച്ചന നടത്തുന്നു.
9.59 - ന്യൂയോർക്ക് വീണ്ടും മൗനത്തിലേക്ക്. രണ്ടാമത്തെ ഗോപുരം നിലംപതിച്ച നിമിഷമാണിത്.
10.00 - മരണമടഞ്ഞവരുടെ പേരുകൾ വായിക്കുന്നത് മേയർ ബ്ലും ബെർഗ് തുടരുന്നു.
10.29 -മണികൾ മുഴങ്ങുന്നു. അമേരിക്കയുടെ ഓരോ കോണിൽ നിന്നും മണികൾ മുഴങ്ങുന്നു. ഒരു സെപ്റ്റംബർ 11 കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും അമേരിക്ക വീണ്ടും ജീവിക്കുകയാണെന്നും വിളംബരം ചെയ്യുന്ന മണി മുഴക്കങ്ങൾ!
പാഠങ്ങൾ. പാഠഭേദങ്ങൾ
എല്ലാ അർത്ഥത്തിലും അമേരിക്ക മാറി മറിഞ്ഞ ദിവസമാണ് സെപ്റ്റംബർ 11. ലോകത്ത് എവിടെ വേണമെങ്കിലും യുദ്ധമുണ്ടാക്കാൻ അമേരിക്കയ്ക്ക് കഴിയും. എന്നാൽ അമേരിക്കൻ മണ്ണിൽ യുദ്ധസമാനമായ ആക്രമാണമുണ്ടാവുന്നത് ഇതാദ്യമായിട്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പേൾ ഹാർബറിൽ ജപ്പാൻ ആക്രമണം നടത്തിയപ്പോൾ പോലും അമേരിക്കയുടെ ഹൃദയ ഭൂമി സുരക്ഷിതമായിരുന്നു. എന്നാൽ സെപറ്റംബർ 11 അതിന് മാറ്റം വരുത്തി.
ശൂന്യസ്ഥലത്ത് എത്തിയപ്പോൾ ഓർമകളുടെ വിണ്ടെടുപ്പ് അത്യധികം വികാരഭരിതമായിരുന്നു. ആക്രമണത്തിൽ ഭയചകിതരായി ലോകവ്യാപാര കേന്ദ്രത്തിൽ നിന്ന് നൂറുകണക്കിന് മനുഷ്യർ പുറത്തേക്കിറങ്ങി ഓടിയപ്പോൾ മരണം വകവെയ്ക്കാതെ അതിനുള്ളിലേക്ക് ഓടിക്കയറിയ ഫയർഫോഴ്‌സ് സൈനികരെ എല്ലാവരും അത്യധികം സ്നേഹാദരവുകളോടെയാണ് ഓർത്തത്. നിരവധി ജീവനുകളാണ് ഈ സൈനികർ രക്ഷിച്ചത്. ഒരു ഭീകരാക്രമണത്തിനും അമേരിക്കയെ ഇല്ലാതാക്കാനാവില്ല എന്ന പ്രതിജ്ഞ ശൂന്യ സ്ഥലത്ത് ഉയർന്നുകൊണ്ടേയിരുന്നു.
അമേരിക്ക മാറി മറിഞ്ഞത് അമേരിക്കയ്ക്കുള്ളിൽ നടത്തിയ ഓരോ യാത്രയും ബോദ്ധ്യപ്പെടുത്തി. എല്ലായിടത്തും അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളായിരുന്നു. വിമാനത്തിനുള്ളിൽ കയറും മുമ്പ് ഷൂസ് അഴിച്ചുവെച്ചായിരുന്നു പരിശോധന. ദേവാലയങ്ങളിലേക്ക് കയറും പോലെയാണ് അമേരിക്കൻ വിമാനങ്ങളിൽ കയറുന്നതെന്ന് ഒപ്പമുണ്ടായിരുന്ന സുനിൽ പകുതി കളിയും പകുതി കാര്യമായും പറഞ്ഞു. അമേരിക്കൻ മണ്ണിൽ പിന്നീടിതുവരെ ഇതുപോലുള്ള ഒരു ഭീകരാക്രമണവും ഉണ്ടായിട്ടില്ലെന്നത് കാണാതിരിക്കേണ്ടതില്ല.
അമേരിക്കൻ ജനത ഒന്നടങ്കം ഭരണകൂടത്തിന്റെ നിരീക്ഷണ വലയത്തിലായി എന്നതാണ് സെപ്റ്റംബർ പതിനൊന്നിന്റെ ബാക്കിപത്രം. പൗര സമൂഹത്തിന്റെ സ്വകാര്യത ഇന്നിപ്പോൾ അമേരിക്കയിൽ വലിയൊരു ചോദ്യ ചിഹ്‌നമാണ്. പേട്രിയറ്റ് ആക്റ്റ് പോലുള്ള നിയമങ്ങളിലൂടെ ഏത് പൗരന്റെ സ്വകാര്യതയും ഭേദിക്കാൻ ഭരണകൂടത്തിന് അവകാശം കൈവന്നു. എഡ്‌വേർഡ് സ്‌നോഡനെപ്പോലുള്ളവർ പൊരുതിയത് ഇതിനെതിരെയാണ്. സ്വകാര്യത സ്വാതന്ത്ര്യം തന്നെയാണെന്നും ഒന്നിന്റെ പേരിലും അത് ലംഘിക്കാൻ ഭരണകൂടത്തിനാവില്ലെന്നുമാണ് സ്‌നോഡൻ നിലപാടെടുത്തത്.
ഇന്നിപ്പോൾ ശൂന്യ സ്ഥലത്ത് ഗംഭീരമായ സ്മാരകമുണ്ട്. സെപ്റ്റംബർ പതിനൊന്ന് അമേരിക്കൻ ചരിത്രത്തിൽ നിന്ന് ഒരിക്കലും മായില്ല. പക്ഷേ, അതിന്റെ പാഠങ്ങൾ അമേരിക്കൻ ഭരണകൂടം എത്രമാത്രം ഉൾക്കൊണ്ടു എന്ന് ചോദിച്ചാൽ ഉത്തരം സങ്കീർണ്ണമായിരിക്കും. എത്രയെത്ര യുദ്ധങ്ങൾ അമേരിക്ക സെപറ്റംബർ പതിനൊന്നിന്റെ പേരിൽ നടത്തി. അൽ ഖ്വെയ്ദക്കും താലിബനുമെതിരെയുള്ള യുദ്ധം പക്ഷേ, അവസാനിച്ചത് അഫ്ഘാനിൽ താലിബന്റെ തിരിച്ചവരവിലാണ്. ഇറാക്കിനും സിറിയയ്ക്കും ശേഷം ഇറാനുമായുള്ള യുദ്ധം. സംഘർഷങ്ങൾ അവസാനിക്കുന്നില്ല. വെനിസ്വലേയുടെ അധിനിവേശം മറ്റൊരു വൈരുദ്ധ്യമാണ്. സെപ്റ്റംബർ പതിനൊന്നിന്റെ അനുരണനങ്ങൾ ലോക സമാധാനം മരീചികയാക്കിയിരിക്കുന്നു.
എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളെ വെറുക്കുന്നതെന്ന് അമേരിക്കയിലെ ജനാധിപത്യ സമൂഹം ഭീകരരോട് ചോദിച്ചിരുന്നു. ലോകത്തെ അറിയുന്നതിൽ, മനസ്സിലാക്കുന്നതിൽ അമേരിക്ക എന്തുകൊണ്ടാണ് പരാജയപ്പെടുന്നതെന്ന് ന്യൂയോർക്ക് ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ പത്രപ്രവർത്തകൻ തോമസ് ഫ്രീഡ്മാൻ ചോദിച്ചിരുന്നു. ഈ ചോദ്യങ്ങൾക്ക് ഇനിയും അമേരിക്കയ്ക്ക് മറുപടി കിട്ടിയിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തമാകാം ടെഹ്‌റാനിൽ നിന്നുള്ള വാർത്തകൾ!
Content Highlights: A veteran journalist recounts the harrowing events of the September 11, 2001 terrorist attacks, his subsequent visit to Ground Zero for the first anniversary, and how the tragedy reshaped American security, society, and global politics.