താലിബാന്‍ ഇനി റഷ്യയ്ക്ക് ഭീകരസംഘടനയല്ല; പുതിന്‍ നയം മാറ്റുമ്പോള്‍ നേട്ടമാര്‍ക്ക്, കോട്ടമാർക്ക് ?

അന്താരാഷ്ട്ര സമൂഹം ഒരകലമിട്ട് മാറ്റി നിര്‍ത്തുന്ന ഭീകരസംഘടനയായ താലിബാനെതിരായ നിലപാട് റഷ്യ മയപ്പെടുത്തുകയാണോ? അല്ലെന്ന് പറയാന്‍ പ്രയാസമാണ്. കാരണം കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്. താലിബാന് 2003-ല്‍ നല്‍കിയ ഭീകരസംഘടനയെന്ന പേര് റഷ്യ ഔദ്യോഗികമായി നീക്കം ചെയ്തു. അഫ്ഗാനിസ്താനില്‍ ഭരണം കൈയാളുന്ന താലിബാന്റെ മേലുള്ള നിരോധനം റഷ്യന്‍ സുപ്രീംകോടതിയാണ് നീക്കിയത്. ഭീകരസംഘടനയെന്ന പദവി കോടതിക്ക് താല്‍ക്കാലികമായി റദ്ദാക്കാന്‍ കഴിയുമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം റഷ്യ കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. റഷ്യന്‍ കോടതിയുടെ ഈ നീക്കം താലിബാനെ സംബന്ധിച്ച് ഒരു നയതന്ത്ര വിജയമാണ്. അവരുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലര്‍ത്തുന്നത് റഷ്യന്‍ നിയമപ്രകാരം ശിക്ഷാര്‍ഹമായിരുന്നു. സമീപ വര്‍ഷങ്ങളില്‍, മധ്യേഷ്യന്‍ രാജ്യങ്ങളായ കസാഖ്‌സ്താനും കിര്‍ഗിസ്താനും താലിബാനെ തങ്ങളുടെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് റഷ്യയുടെ നടപടി.
2021 ഓഗസ്റ്റില്‍, രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക നടപടികള്‍ക്ക് ശേഷം യുഎസ്, നാറ്റോ സൈനികര്‍ രാജ്യം വിടുന്നതിന്റെ അവസാന ആഴ്ചകളിലാണ് താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തത്. 2001 സെപ്റ്റംബര്‍ 11-ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അല്‍ഖയിദ ഭീകരര്‍ തകര്‍ത്തതു മുതല്‍ തുടങ്ങിയതാണ് അഫ്ഗാന്‍ യുദ്ധത്തിന്റെ ചരിത്രം. ആക്രമണത്തിന്റെ സൂത്രധാരനയ അല്‍ഖയിദ തലവന്‍ ഒസാമ ബിന്‍ ലാദനെ പിടികൂടി വധിക്കുകയായിരുന്നു അധിനിവേശത്തിന്റെ ലക്ഷ്യം. 2001 സെപ്റ്റംബര്‍ 26-ന് പഞ്ചശിര്‍വാലിയില്‍ ബോംബിട്ടുകൊണ്ട് തുടങ്ങിയ യുദ്ധം പക്ഷേ എത്തിനിന്നത് അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിന്റെ സമ്പൂര്‍ണ പതനത്തിലാണ്. അല്‍ ഖായിദയ്ക്കും ലാദനും സംരക്ഷണം നല്‍കിയ താലിബാനെ ഭരണത്തില്‍നിന്ന് പുറത്താക്കാനായെങ്കിലും അധിനിവേശാനന്തരം അവര്‍ ശക്തരായി തിരിച്ചെത്തി. 1996 മുതല്‍ 2001 വരെയുള്ള അവരുടെ ആദ്യ ഭരണകാലത്തേക്കാള്‍ മികച്ച ഭരണം താലിബാന്‍ തുടക്കത്തില്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതെല്ലാം വെള്ളത്തില്‍വരച്ച വരപോലെയായി. ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഒറ്റപ്പെടല്‍ നേരിടുന്നതിനിടയിലാണ് താലിബാന് അനുകൂലമായി റഷ്യയുടെ നടപടി.
Content Highlights: Russia Removes Taliban from Terror List