ഒരു ആക്രമണവും ഇരുപത്തിമൂന്ന് കൊല്ലം കൊണ്ട് മാറിമറിഞ്ഞ ലോകക്രമവും

ലോകം ഞെട്ടിത്തരിച്ച സംഭവം നടന്നിട്ട് ഇരുപത്തിമൂന്നാണ്ട് കഴിഞ്ഞു. ആധുനിക ലോകക്രമത്തെ 9/11ന് മുന്‍പും പിന്‍പും എന്നാണ് വിളിച്ചു വരുന്നത്. 9/11 എന്നറിയപ്പെടുന്ന സെപ്റ്റംബര്‍ 11 അമേരിക്കന്‍ ജനതയ്ക്ക് നടുക്കുന്ന ഒരു ഓര്‍മദിവസമാണ്. 2001-ലെ ആ ശപിക്കപ്പെട്ട ദിവസം ലോകവ്യാപാര സംഘടനയുടെ ഇരട്ടഗോപുരം ഭീകരാക്രമണത്തില്‍ തകര്‍ത്ത ദിനത്തിന്റെ ഇരുപത്തിമൂന്നാം പതിവുപോലെ കടന്നുപോയി. 2001 സെപ്തംബര്‍ 11-നാണ് 19 അല്‍ഖായ്ദ ഭീകരര്‍ നാല് യാത്രാവിമാനങ്ങള്‍ റാഞ്ചി ന്യൂയോര്‍ക്കിലെയും വാഷിങ്ടണിലെയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇടിച്ചിറക്കിയത്. അമേരിക്കയുടെ അഭിമാനസ്തംഭങ്ങളായി കരുതിയ ലോകവ്യാപാരകേന്ദ്രത്തിന്റെ ഇരട്ടഗോപുരങ്ങള്‍ ആക്രമണത്തില്‍ നിലംപരിശായി. 2996 പേര്‍ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോകത്തെ മുഴുവന്‍ സ്തംഭിപ്പിച്ച 9/11 ഭീകരാക്രമണം. 23 വര്‍ഷം കൊഴിഞ്ഞെങ്കിലും ഇന്നലെ എന്ന പോലെ ഞെട്ടലോടെ ഓര്‍ക്കുന്ന ദിവസംകൂടിയാണ്. നല്ല തെളിഞ്ഞ ആകാശമുള്ള ഒരു സാധാരണ ചൊവ്വാഴ്ച പതിവ് പ്രഭാത തിരക്കുകളില്‍ മുഴുകിയ ന്യൂയോര്‍ക്ക് നഗരത്തെ കാത്തിരുന്നത് തീര്‍ത്തും അസാധാരണമായ സംഭവങ്ങളായിരുന്നു. അതിന്റെ തുടര്‍ചലനങ്ങളാവട്ടെ, ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, മത സ്വഭാവങ്ങളെയും സമവാക്യങ്ങളെയും തീര്‍ത്തും മാറ്റിമറിച്ചവയും.
നാല് കൊമേഴ്ഷ്യല്‍ വിമാനങ്ങളാണ് അല്‍ ഖ്വയ്ദ ഭീകരര്‍ ഹൈജാക്ക് ചെയ്തത്. അതിലാദ്യത്തേത്, രാവിലെ 8.46-ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറില്‍ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ അമ്പരന്നുപോയ ആളുകള്‍ പരക്കം പായുമ്പോള്‍ പുകപടലങ്ങളുയര്‍ന്ന ഇരട്ട ടവറിന്റെ തെക്കന്‍ ടവറില്‍ രണ്ടാമത്തെ വിമാനവും വന്നിടിച്ചു കഴിഞ്ഞിരുന്നു. അപ്പോള്‍ സമയം രാവിലെ 9.03 മണി. ഇതേസമയം 370 കിലോമീറ്ററുകള്‍ അകലെയുള്ള, ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമെന്നു കരുതപ്പെടുന്ന പെന്റഗണിനെ ഉന്നംവെച്ച് മൂന്നാമത്തെ വിമാനങ്ങള്‍ പറത്തുകയായിരുന്ന ഭീകരര്‍ കൃത്യം 9.37-ന് ലക്ഷ്യം കാണുന്നു. നാലാമത്തേത് 10.03-ഓടെ പെന്‍iസിൽവാനിയക്കടുത്ത് ഒരു പാടത്ത് തകര്‍ന്നുവീഴുകയായിരുന്നു. സമയം 10.30 ആയപ്പോഴേക്കും അമേരിക്കയുടെ അഭിമാനസ്തംഭം ഡബ്ല്യു.ടി.സി ഇരട്ട ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീണു. തീയും പുകയും പൊടിപടലങ്ങളും കൊണ്ട് മൂടിയ കെട്ടിടത്തില്‍ നിന്നും സ്വരക്ഷ ഓര്‍ത്ത് എടുത്തു ചാടിയവരും അകത്തു പെട്ടുപോയവരുമായി മൂവ്വായിരത്തിനടുത്ത് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നാലു വിമാനങ്ങളിലും കയറിക്കൂടിയ ഭീകരര്‍ (മൊത്തം 19 പേര്‍) യാത്രയ്ക്കിടയില്‍ വിമാനങ്ങള്‍ റാഞ്ചുകയും അവയെ അമേരിക്കയെ ആക്രമിക്കാനുള്ള 'മിസൈലുക'ളായി ഉപയോഗിക്കുകയുമായിരുന്നു. വിദേശികളുടെ ആക്രമണത്തിന് അമേരിക്ക ഇരയാകുന്നത് ഇതാദ്യമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് 1941-ല്‍ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ നടത്തിയ വ്യോമാക്രമണം ഇതിന് സമാനമായിരുന്നു. എന്നാല്‍, പേള്‍ ഹാര്‍ബര്‍ സ്ഥിതിചെയ്യുന്നത് യു.എസ്. വന്‍കരയ്ക്കു പുറത്ത് ഹവായ് ദ്വീപിലാണെങ്കില്‍ ഈ ആക്രമണം യു.എസ്. വന്‍കരയ്ക്ക് അകത്തുവച്ചുതന്നെയായിരുന്നു.
Content Highlights: Remembering the devastating 9/11 attacks that shook the world 23 years ago