ഗാസയ്ക്കുവേണ്ടി ചെങ്കടലില്‍ കപ്പലുകള്‍ മുക്കുന്ന ഹൂതികള്‍; യുദ്ധ ഭീതിയില്‍ തളരുന്ന ലോകവ്യാപാരം

'ലോകത്തെ ഊഷ്മളമാക്കുന്ന, ഊട്ടുന്ന, ഭക്ഷണവും വസ്ത്രവും നല്‍കുന്ന സുപ്രധാന ജോലി നിര്‍വഹിക്കുന്നതിനിടയില്‍ ഞങ്ങളുടെ നിരപരാധികളായ നാവികള്‍ ഒന്നുമറിയാതെ നടുക്കടലില്‍ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അതീവ ദുഖഃകരമാണ്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. നാവികരുടെ സുരക്ഷയ്ക്കായി ലോകമൊരുമിക്കണം.' ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ രണ്ടാമതൊരു ചരക്കു കപ്പല്‍ കൂടി മുങ്ങിയപ്പോള്‍ വേള്‍ഡ് ഷിപ്പിങ് ഓര്‍ഗനൈസേഷയന്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ലോകത്തോട് ആവശ്യപ്പെട്ടതാണിത്. ആളില്ലാ ബോട്ടുകളും റിമോട്ട് കണ്‍ട്രോള്‍ ബോംബുകളും ഡ്രോണുകളുമുപയോഗിച്ച് ഹൂതികള്‍ ചെങ്കടലില്‍ ചോരക്കളി നടത്തുമ്പോള്‍ ലോകവ്യാപാര മേഖല വലിയ പ്രതിസന്ധിയെ കൂടെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ നവംബര്‍ മുതലാണ് ഹൂതികള്‍ ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്കെതിരേ ആക്രമണം തുടങ്ങിയത്. ഇതുവരെ എഴുപതോളം ആക്രമണങ്ങള്‍ നടന്നു. മൂന്ന് നാവികര്‍ കൊല്ലപ്പെട്ടു. യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ലോകരാഷ്ട്രങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ ചെവിക്കൊള്ളായതോടെ ചെങ്കടല്‍ പാത പ്രധാന യുദ്ധമുഖമായി മാറുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഗ്രീക്ക് ഉടമസ്തതയിലുള്ള എം.വി ട്യൂട്ടര്‍ ആക്രമിക്കപ്പെട്ടത്. കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങിപ്പോയതായി അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഷിപ്പിങ് അസോസിയേഷന്‍ ചെങ്കടല്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കിയത്. മാര്‍ച്ച് രണ്ടിന് ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള റൂബിമാറായിരുന്നു ഹൂതികള്‍ മുക്കിയ ആദ്യ കപ്പല്‍. ഇതിന് പിന്നാലെയാണ് എം.വി ട്യൂട്ടറിനെതിരേയും ആക്രമണമുണ്ടായത്.
Content Highlights: Red sea crises and houthi attacks