ജലക്ഷാമം രൂക്ഷം; ആഗോള ഷിപ്പിങ്ങിനെ ബാധിച്ച് പാനമ കനാലിലെ കർശന നിയന്ത്രണങ്ങൾ

ആഗോള സമുദ്രവ്യാപാര ചരിത്രത്തിൽ ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത ഒരു വടംവലിക്കാണ് ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. പാനമ കനാലിലൂടെ കപ്പൽ വേഗത്തിൽ കടന്നുപോകാൻ കപ്പലുടമകൾ ചെലവഴിക്കുന്നത് വൻ തുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ‘ജി. അരേറ്റ’ (G. Arete) എന്ന എൽ.പി.ജി. സൂപ്പർ ടാങ്കർ, നീണ്ട കാത്തിരിപ്പ് ഒഴിവാക്കി വേഗത്തിൽ കനാൽ കടക്കാൻ മാത്രം ലേലത്തിൽ വിളിച്ചുറപ്പിച്ചത് 46 ലക്ഷം ഡോളറാണ്! പാനമ കനാലിന്റെ ചരിത്രത്തിൽ ഒരു സ്ലോട്ടിനായി ലേലം ഉറപ്പിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. അതിനുമുമ്പ് മറ്റൊരു ചരക്കുകപ്പൽ ഇതേ മുൻഗണന ലഭിക്കാൻ ചെലവഴിച്ചത് 40 ലക്ഷം ഡോളറായിരുന്നു.
പക്ഷേ, ഇത് കേവലമൊരു മത്സരത്തിന്റെ കഥയല്ല. മറിച്ച് പാനമ കനാൽ നേരിടുന്ന ഭീകരമായ ജലക്ഷാമത്തിന്റെ നേർചിത്രമാണ്. ആഗോള സമുദ്രവ്യാപാരത്തിൽ നിർണായക സ്ഥാനം വഹിക്കുന്ന കനാലിലെ ജലനിരപ്പ് ദിനംപ്രതി താഴുകയാണ്. അതുകൊണ്ട് പാനമ കനാൽ അതോറിറ്റിക്ക് മുന്നിൽ മറ്റു പോംവഴികളില്ല. അവർ കപ്പൽ ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. പ്രതിദിനം ശരാശരി നാല്പതോളം കപ്പലുകൾ കടന്നുപോയിരുന്ന ഈ ജലപാതയിലൂടെ, സെപ്റ്റംബർ നാല് മുതൽ ദിവസം 34 കപ്പലുകൾ മാത്രമേ കടത്തിവിടൂ. സെപ്റ്റംബർ 15 ആകുന്നതോടെ ഇത് വീണ്ടും 32 ആയി കുറയ്ക്കും. വലിയ കണ്ടെയ്നർ കപ്പലുകളും ഗ്യാസ് ടാങ്കറുകളും കടന്നുപോകുന്ന ആധുനിക 'നിയോപാനമക്സ്' (Neopanamax) ലോക്കുകളിൽ ഇനി ദിവസേന 9 സ്ലോട്ടുകൾ മാത്രമായിരിക്കും ലഭിക്കുക. പഴക്കമേറിയ 'പാനമക്സ്' ലോക്കുകളിലാകട്ടെ, സർവീസുകൾ ആദ്യം 25 ആയി വെട്ടിക്കുറയ്ക്കും. പിന്നീടിത് 23 ആയും ചുരുക്കും.
ഇതിനുപുറമേ, കപ്പലുകളുടെ ആഴപരിധി(ഡ്രാഫ്റ്റ് ലിമിറ്റ്)യും കുറച്ചു. ഇതോടെ കപ്പലുകൾക്ക് ഓരോ യാത്രയിലും കൊണ്ടുപോകാവുന്ന ചരക്കിന്റെ അളവും ഗണ്യമായി കുറയ്ക്കേണ്ടി വരുന്നു. ചുരുക്കത്തിൽ, കനാലിലെ ജലക്ഷാമം ആഗോള സമുദ്രവ്യാപാരത്തെയും ചരക്കുനീക്കത്തെയും വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
കുറയുന്ന ജലനിരപ്പ്, നീളുന്ന കാത്തിരിപ്പ്!
കടുത്ത വരൾച്ചയും ജലക്ഷാമവും രൂക്ഷമായതോടെയാണ് പാനമ അതോറിറ്റി കനാലിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2023-24 വരൾച്ചാ കാലയളവിൽ പ്രതിദിനമുള്ള കപ്പൽ ഗതാഗതം 38-ൽ നിന്ന് 22-ആയി കുറച്ചിരുന്നു. 1950-ന് ശേഷമുള്ള ഏറ്റവും വരണ്ട ഒക്ടോബർ മാസമായിരുന്നു അന്ന് പാനമയിൽ രേഖപ്പെടുത്തിയത്. ഇത്തവണയും കടുത്ത പ്രതിസന്ധിയാണ് മുന്നിലുള്ളതെന്നാണ് വിലയിരുത്തൽ. ആഗോള ചരക്കുനീക്കത്തിന്റെ അഞ്ച് ശതമാനത്തോളം കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാന പാതയിലെ പ്രതിസന്ധി ആഗോള സമുദ്രവ്യാപാര മേഖലയെ അപ്പാടെ ഉലയ്ക്കുമെന്നതിൽ സംശയമില്ല. ജലക്ഷാമം രൂക്ഷമായാൽ വരുംആഴ്ചകളിലും കനാലിലൂടെയുള്ള കപ്പൽയാത്രകൾ വെട്ടിച്ചുരുക്കാൻ അതോറിറ്റി നിർബന്ധിതരായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ മുൻകൂട്ടി ബുക്കിങ് ഇല്ലാതെ എത്തുന്ന കപ്പലുകളുടെ കാത്തിരിപ്പ് സമയം ഒന്നോ രണ്ടോ ദിവസങ്ങളിൽനിന്ന് മൂന്നാഴ്ചയോളമായി വർധിച്ചു. കനാലിലൂടെ കടന്നുപോകുന്ന പത്തിൽ ഒൻപത് കപ്പലുകളും മുൻകൂട്ടി ബുക്കിങിന് ശേഷമണ് എത്തുന്നത്. ശേഷിക്കുന്ന കുറഞ്ഞ സ്ലോട്ടുകൾ അതോറിറ്റി ലേലം നടത്തിയാണ് നൽകുന്നത്. 1.35 ലക്ഷം ഡോളർ ആയിരുന്നു നേരത്തെ ഇത്തരം ലേലങ്ങളിലെ ശരാശരി തുക. എന്നാൽ, നിലവിലെ കടുത്ത തിരക്ക് കാരണം വേഗത്തിൽ കടന്നുപോകാനായി ഉയർന്ന തുകയാണ് കപ്പലുകൾ നൽകുന്നത്. ഏപ്രിലിൽ ഒരു കപ്പൽ 40 ലക്ഷം ഡോളർ ലേലത്തിൽ നൽകി. പിന്നാലെയാണ് കനാലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലേലത്തുക നൽകി 'ജി. അരേറ്റ' ക്യൂ ഒഴിവാക്കിയത്. കാലതാമസം ഒഴിവാക്കി കപ്പലുകൾക്ക് വേഗത്തിൽ കടന്നുപോകാൻ ലേലത്തിൽ വലിയ തുക നൽകുകയല്ലാതെ മറ്റ് മാർഗമില്ല.
ജലക്ഷാമത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ
പ്രാദേശികവും ആഗോളവുമായ ഒട്ടേറെ ഘടകങ്ങൾ പാനമ കനാൽ നേരിടുന്ന ജലക്ഷാമത്തിന് പിന്നിലുണ്ട്. പസഫിക് സമുദ്രത്തിലെ ജലോപരിതല താപനില ഉയരുന്ന ‘എൽ നിനോ’ പ്രതിഭാസം പാനമ ഉൾപ്പെടുന്ന മധ്യ അമേരിക്കൻ മേഖലയിൽ കടുത്ത വരൾച്ചയ്ക്കും മഴക്കുറവിനും കാരണമായിട്ടുണ്ട്. മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ പാനമ കനാലിന്റെ വൃഷ്ടിപ്രദേശത്തെ മഴ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 34% കുറവാണെന്നാണ് റിപ്പോർട്ടുകൾ. ഇത് കനാലിലേക്ക് ജലമെത്തിക്കുന്ന ഗാറ്റൂൺ (Gatun), അലജുല (Alajuela) എന്നീ കൃത്രിമ തടാകങ്ങളിലെ ജലനിരപ്പ് ഗണ്യമായി താഴാൻ ഇടയാക്കി.
കനാലിന്റെ ഘടനയും പ്രവർത്തനവും മറ്റൊരു പ്രധാന കാരണമാണ്. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് അറ്റ്ലാന്റിക്-പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന 82 കിലോ മീറ്റർ ദൈർഘ്യമുള്ള കൃത്രിമ ജലപാതയാണ് പാനമ കനാൽ. സമുദ്രനിരപ്പിലുള്ള ഒരു കനാലല്ല ഇത്. മറിച്ച് പൂർണമായും ശുദ്ധജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു 'ലോക്ക് കനാൽ' ആണ്. സമുദ്രനിരപ്പിൽനിന്ന് കപ്പലുകളെ ഉയർത്തിയും താഴ്ത്തിയുമാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഓരോ തവണ കപ്പൽ കനാൽ കടന്നുപോകാനും വലിയ അളവിൽ ശുദ്ധജലം ആവശ്യമാണ്. ഇതാകട്ടെ കടലിലേക്ക് ഒഴുകിപ്പോകുകയും ചെയ്യുന്നു. ഈ ജലനഷ്ടം നികത്താൻ തടാകങ്ങളിൽ തുടർച്ചയായി വെള്ളം ലഭിക്കേണ്ടതുണ്ട്. തടാകങ്ങളിൽ വെള്ളം കുറയുന്നത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു.
സമുദ്രനിരപ്പിൽനിന്ന് 26 മീറ്റർ ഉയരത്തിലുള്ള ഗാറ്റൂൺ തടാകം വഴിയാണ് കപ്പലുകൾ കനാൽ കടന്നുപോകുന്നത്. കപ്പലുകളെ സമുദ്രനിരപ്പിൽനിന്ന് തടാകത്തിന്റെ ഉയരത്തിലേക്ക് ഉയർത്താനും പിന്നീട് മറുഭാഗത്ത് സമുദ്രനിരപ്പിലേക്ക് താഴ്ത്താനും ലിഫ്റ്റുകൾ പോലെ പ്രവർത്തിക്കുന്ന 'ലോക്ക്' സംവിധാനം ഇതിനുണ്ട്. ഇതിനായി വലിയ ലോക്ക് അറകൾ നിർമിച്ചിരിക്കുന്നു. ഗാറ്റൂൺ തടാകത്തിലെ ജലം ഗുരുത്വാകർഷണ ബലത്തിലൂടെ ഒഴുക്കിയാണ് ഈ ലോക്കുകളിൽ ജലനിരപ്പ് ക്രമീകരിക്കുന്നത്. കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഇലക്ട്രിക് ലോക്കോമോട്ടീവുകൾ ഉപയോഗിച്ചാണ് ഇവയെ ലോക്കുകളിലേക്ക് നയിക്കുന്നത്.
കനാലിലേക്ക് ജലമെത്തിക്കുന്ന തടാകങ്ങൾ തന്നെയാണ് പാനമയിലെ 42 ലക്ഷം ജനങ്ങളിൽ പകുതിയോളം പേരുടെ കുടിവെള്ള സ്രോതസ്സും. കപ്പലുകൾ കടത്തിവിടുന്നതിനും ജനങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾക്കുമായി ഒരേ ജലസ്രോതസ്സിനെയാണ് ആശ്രയിക്കുന്നതെന്ന് സാരം. പ്രദേശത്തെ കർഷകർ വനം വെട്ടിത്തെളിച്ച് തീയിട്ടുള്ള കൃഷിരീതികൾ തുടരുന്നതുമൂലം കനാലിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വൻതോതിൽ വനനശീകരണം ഉൾപ്പെടെയുള്ള വെല്ലുവിളികളും നേരിടുന്നു. 1950-കളിൽ പൂർണ്ണമായും വനമായിരുന്നു ഈ പ്രദേശം. 1970-കളുടെ അവസാനത്തോടെ 70 ശതമാനത്തോളം വനമാണ് കുറഞ്ഞത്. ഇത് ജലാശയങ്ങളിൽ ചെളിയും മണ്ണും അടിഞ്ഞുകൂടുന്നതിനും ജലസംഭരണശേഷി കുറയുന്നതിനും കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആഗോള വിപണിയിൽ ഇരട്ടപ്രഹരം
പശ്ചിമേഷ്യയിലെ ഇറാൻ യുദ്ധംമൂലം ഹോർമുസ് കടലിടുക്കിലും ചെങ്കടലിൽ ഹൂതികളുടെ ആക്രമണംമൂലം സൂയസ് കനാലിലും ഗതാഗത തടസ്സങ്ങൾ നേരിടുന്നുണ്ട്. ഇതേ സമയത്തുതന്നെയാണ് പാനമയിലും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഇത് ആഗോള വ്യാപാരത്തിൽ വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാനമ കനാലിന് പകരം സുരക്ഷിതമായ മറ്റ് പാതയില്ല. കനാൽ ഉപയോഗിക്കുന്നതിലൂടെ അമേരിക്കയുടെ കിഴക്ക്-പടിഞ്ഞാറ് തീരങ്ങൾക്കിടയിലുള്ള യാത്രയിൽ കപ്പലുകൾക്ക് കേപ് ഹോൺ ചുറ്റിപ്പോകുന്ന ദൂരം ഒഴിവാക്കാനാകും. ഇതോടെ, കപ്പലുകൾക്ക് യാത്രയിൽ 8,000 നോട്ടിക്കൽ മൈൽ (15,000 കിലോ മീറ്റർ) ദൂരം കുറയ്ക്കാനും സാധിക്കുന്നു.
കപ്പലുകളുടെ ഡ്രാഫ്റ്റ് പരിധി (വെള്ളത്തിൽ മുങ്ങിക്കിടക്കാവുന്ന ആഴം) കനാൽ അതോറിറ്റി കുറച്ചതോടെ പരമാവധി ശേഷിയിൽ ചരക്കുകൾ കയറ്റാൻ സാധിക്കാതെ വരുന്നു. കപ്പലുകൾക്ക് കുറഞ്ഞ അളവിൽ മാത്രം ചരക്ക് കൊണ്ടുപോകേണ്ടി വരികയോ അല്ലെങ്കിൽ കേപ് ഹോൺ ചുറ്റി യാത്ര ചെയ്യേണ്ടി വരികയോ ചെയ്യുന്നു. ഇത് പ്രായോഗികമല്ല. അമേരിക്കയിൽ നിന്നുള്ള എൽ.പി.ജി കയറ്റുമതിയുടെ വലിയൊരു ഭാഗം നിലവിൽ ഏഷ്യയിലേക്കാണ് പോകുന്നത്. ഈ വലിയ കപ്പലുകൾക്ക് കനാൽ കടക്കുകയല്ലാതെ മറ്റ് വഴികളില്ല. ഇത്തരമൊരു സാഹചര്യത്തിൽ സ്ലോട്ട് ലഭിക്കാൻ എൽ.പി.ജി കമ്പനികൾ മത്സരിച്ച് ലേലം വിളിക്കുന്നു. ചില കമ്പനികൾ പസഫിക് തുറമുഖങ്ങളിൽവെച്ച് വലിയ കപ്പലുകളിൽനിന്ന് ചെറിയ കപ്പലുകളിലേക്ക് ചരക്കുകൾ മാറ്റുന്ന താൽക്കാലിക മാർഗ്ഗങ്ങൾ അവലംബിക്കുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് പാനമ. അതുകൊണ്ടുതന്നെ ഇവിടുത്തെ ജലക്ഷാമം ഒരു പ്രാദേശിക പ്രശ്നം എന്നതിലുപരി വലിയൊരു പ്രകൃതിസൂചന കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിസന്ധി ദീർഘകാലം തുടർന്നേക്കാമെന്നാണ് കനാൽ അതോറിറ്റിയുടെ വിലയിരുത്തൽ. കനാലിലെ ജലക്ഷാമം ദീർഘകാലത്തേക്ക് പരിഹരിക്കുന്നതിനായി പുതിയ ജലാശയം നിർമിക്കാൻ കനാൽ അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ നിർമാണം അടുത്ത വർഷം മാത്രമേ ആരംഭിക്കുകയുള്ളൂ. ഇത് പൂർത്തിയാകാൻ 2032 വരെ സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതുവരെ ആഗോള കപ്പൽ ഗതാഗതം കൂടുതൽ വെല്ലുവിളികളെ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.