നാറ്റോ മാതൃകയിൽ അച്ചുതണ്ട് സഖ്യം; പാകിസ്താനൊപ്പം ഇനിയും ആരൊക്കെ? ചാണക്യ തന്ത്രവുമായി ഇന്ത്യ

പശ്ചിമേഷ്യൻ, യൂറേഷ്യൻ, ദക്ഷിണേഷ്യൻ സുരക്ഷാ മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന പ്രതിരോധ സഹകരണമാണ് പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ 17-ന് റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ വെച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഒപ്പുവെച്ച ചരിത്രപരമായ 'സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് അഗ്രിമെന്റ്' ആണ് ഈ സഹകരണത്തിന്റെ അടിത്തറയിട്ടത്. ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണത്തെ ഇരുരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്നതായിരുന്നു ഇതിലെ പ്രധാന വ്യവസ്ഥ. ഈ സഹകരണത്തെ വിശാലമാക്കിയാണ് തുർക്കിയും കൂടെക്കൂടിയത്. ഇതോടെ ഇതൊരു ത്രിരാഷ്ട്ര അച്ചുതണ്ടായി മാറി. 2026 ഓഗസ്റ്റിൽ ജിദ്ദയിലും മക്കയിലും നടന്ന ഉച്ചകോടിയിൽ വെച്ചാണ് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, പാക് ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവർ പങ്കെടുത്തുകൊണ്ട് ഈ സുരക്ഷാ ബന്ധം ഒരു ത്രിരാഷ്ട്ര പ്രതിരോധ കരാറായി വികസിപ്പിക്കുന്നതിനുള്ള നിർണായക തീരുമാനമെടുത്തത്. ഏകദേശം പത്ത് മാസത്തിലേറെയായി ചർച്ച നടത്തിയാണ് ഈ പ്രതിരോധ സഹകരണം രൂപീകരിച്ചത്.
പശ്ചിമേഷ്യൻ, യൂറേഷ്യൻ, ദക്ഷിണേഷ്യൻ സുരക്ഷാ മേഖലകളിലെ ശാക്തിക സന്തുലനത്തെ പുനർനിർവചിക്കുകയാണ് കരാർ ഒപ്പിട്ടതോടെ സംഭവിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്ന് ലഭിച്ചിരുന്ന പഴയ സുരക്ഷാ ഉറപ്പുകളുടെ വിശ്വസനീയത കുറഞ്ഞതും, പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ, യുഎസ്- ഇറാൻ സംഘർഷവുമാണ് ഈ കരാറിനെ വേഗത്തിൽ യാഥാർഥ്യമാക്കുന്നതിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിവെച്ച സംഘർഷത്തിലൂടെ ഉണ്ടായ പ്രാദേശിക അസ്ഥിരതയാണ് സൗദി അറേബ്യയെയും തുർക്കിയെയും പുതിയ സുരക്ഷാ അച്ചുതണ്ടുകൾ തേടാൻ പ്രേരിപ്പിച്ചത്. ഗാസയിലെയും ലെബനനിലെയും സൈനിക നടപടികളും, ഹോർമുസ് കടലിടുക്കിലും ചെങ്കടലിലും കപ്പൽ ഗതാഗതത്തിന് നേരിട്ട തടസ്സങ്ങളും ഗൾഫ് മേഖലയിലെ രാജ്യങ്ങളുടെ പരമ്പരാഗത സുരക്ഷാ കാഴ്ചപ്പാടുകളിൽ നിർണായകമായ മാറ്റമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ആണവായുധ ശേഷിയുള്ള പാകിസ്താനും, നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ തുർക്കിയും, വലിയ സാമ്പത്തിക-ഊർജ്ജ ശേഷിയുള്ള സൗദി അറേബ്യയും ഒരു തന്ത്രപരമായ കുടക്കീഴിൽ അണിനിരക്കുന്നത്.
അച്ചുതണ്ട് സഖ്യവും ആഗോള ഭിന്നതയും
ഈ സഖ്യം ഓരോ പങ്കാളി രാജ്യത്തിന്റെയും വിദേശനയ ലക്ഷ്യങ്ങളെയും ആഭ്യന്തര നയങ്ങളെയും കൃത്യമായി പിന്തുണയ്ക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പാകിസ്താൻ തങ്ങളുടെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കരസേനയ്ക്ക് ആവശ്യമായ ആധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനും ഈ ബന്ധത്തെ ഉപയോഗപ്പെടുത്തിയേക്കാം. തുർക്കിയാകട്ടെ തങ്ങളുടെ വളർന്നുവരുന്ന പ്രതിരോധ വ്യവസായ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണി കണ്ടെത്താനും, ആഫ്രിക്കയിലും ഏഷ്യയിലും സ്വാധീനം ഉറപ്പിക്കാനുള്ള സാധ്യതയാണ് തേടുന്നത്. സൗദിയാകട്ടെ തങ്ങളുടെ സാമ്പത്തിക ശേഷിയെ വിദേശ സൈനിക ശേഷികളുമായി ബന്ധിപ്പിച്ച് സ്വന്തം പ്രദേശത്തിന്റെ സുരക്ഷ കൂടുതൽ കരുത്തുറ്റതാക്കാനുള്ള ശ്രമത്തിലും.
പശ്ചിമേഷ്യയിൽ ഒരേസമയം ഇറാന്റെയും ഇസ്രയേലിന്റെയും സ്വാധീനം വർധിക്കുന്നത് തടയുക എന്നത് മൂന്നുപേരുടെയും പൊതുവായ ആവശ്യമാണ്. അമേരിക്കയിൽ നിന്ന് മുമ്പ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സുരക്ഷാ ഗ്യാരണ്ടികളെ മാത്രം ആശ്രയിക്കുന്നത് എത്രത്തോളം ദോഷം ചെയ്യും എന്ന് സമീപകാലത്തെ പശ്ചിമേഷ്യൻ സംഘർഷത്തിൽ നിന്ന് സൗദിക്ക് ബോധ്യം വന്നിട്ടുണ്ട്. സൗദിക്ക് മാത്രമല്ല മേഖലയിലെ യുഎസ് സൈനിക താവളങ്ങളുള്ള മറ്റ് രാജ്യങ്ങൾക്കും ഏറെക്കുറെ കാര്യങ്ങൾ വ്യക്തമായിക്കഴിഞ്ഞു. നാറ്റോയിൽ നിന്ന് അകലാൻ ശ്രമിക്കുന്ന അമേരിക്കൻ നിലപാടുകളാണ് തുർക്കിയെയും പുതിയ സഖ്യങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നത്. സൗദിയും തുർക്കിയും പാകിസ്താന്റെ ആണവ പ്രതിരോധ ശേഷിയുടെ നിഴലിൽ തങ്ങളുടെ പ്രാദേശിക നിലനിൽപ്പ് ഉറപ്പാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മേഖലയിൽ ഒരു സുന്നി-ഇസ്ലാമിക അച്ചുതണ്ട് സഖ്യമാണ് ഈ കരാറിലൂടെ രൂപംകൊണ്ടിരിക്കുന്നത്. ഭാവിയിൽ ഇത് കൂടുതൽ രാജ്യങ്ങൾ പങ്കുചേർന്ന് ഈ സഖ്യം വലുതായിക്കൂടെന്നില്ല. നാറ്റോ മാതൃകയിൽ മറ്റൊരു സൈനിക സഖ്യത്തിന്റെ പ്രാഥമിക രൂപമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്ന ചില വിലയിരുത്തലുകളുമുണ്ട്.
ഹോർമുസ് കടലിടുക്കിലും ചെങ്കടലിലും സംയുക്ത സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലൂടെ പ്രമുഖ ഊർജ്ജ വിതരണ ശൃംഖലകളിൽ ഈ സഖ്യത്തിന് നിർണായക നിയന്ത്രണം നേടാനാകും. യൂറേഷ്യൻ മേഖലയിലും സൗത്ത് കോക്കസിലും ഈ സഖ്യത്തിന്റെ നിഴൽ വീഴുന്നുണ്ട്. തുർക്കിയും പാകിസ്താനും തമ്മിലുള്ള സൈനിക ബന്ധം അസർബൈജാനെ തന്ത്രപരമായി ശക്തിപ്പെടുത്താൻ ഉപയോഗിച്ചതുപോലെ, ഈ ത്രിരാഷ്ട്ര ചേരി രൂപപ്പെടുന്നതോടെ അർമേനിയ, സൈപ്രസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾക്ക് മേലുള്ള തന്ത്രപരമായ സമ്മർദ്ദം വർദ്ധിക്കുന്നു. ഒരു നാറ്റോ അംഗരാജ്യമായ തുർക്കി ഇത്തരമൊരു സമാന്തര സഖ്യത്തിൽ നിർണായക പങ്കാളിയാകുന്നത് നാറ്റോയ്ക്കുള്ളിലെ ആന്തരിക ഭിന്നതകൾ വദ്ധിപ്പിക്കാനും, റഷ്യക്കും ചൈനയ്ക്കും യൂറേഷ്യൻ കാര്യങ്ങളിൽ കൂടുതൽ കരുനീക്കങ്ങൾക്ക് ഇട നൽകാനും കാരണമാകുകയും ചെയ്യും.
പാകിസ്താനും തുർക്കിയും പിന്നെ ഇന്ത്യയുടെ ആശങ്കകളും
ദക്ഷിണേഷ്യയുടെ ബലതന്ത്രത്തിൽ ഈ സഖ്യം ആഴത്തിലുള്ള മാറ്റത്തിന് വഴിയൊരുക്കും. സാമ്പത്തിക ഞെരുക്കത്തിലായ പാകിസ്താന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ധനസഹായവും തുർക്കിയിൽ നിന്നുള്ള അത്യാധുനിക ഡ്രോൺ-മിസൈൽ സാങ്കേതികവിദ്യകളും ലഭിക്കുന്നത്, ഇന്ത്യയ്‌ക്കെതിരായ അവരുടെ പരോക്ഷ യുദ്ധ തന്ത്രങ്ങൾക്ക് വീണ്ടും ഊർജ്ജം നൽകുമെന്നാണ് ഉയരുന്ന പ്രധാന ആശങ്കകളിലൊന്ന്. 2025 മേയിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന നാല് ദിവസത്തെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക ഏറ്റുമുട്ടലിൽ തുർക്കി നേരിട്ട് ഇടപെട്ടത് ദക്ഷിണേഷ്യൻ സംഘർഷ മേഖലയിൽ ബാഹ്യശക്തികളുടെ ഇടപെടൽ എത്രത്തോളം ശക്തമാണെന്ന് തെളിയിച്ചു. നൂറുകണക്കിന് ബെയ്റക്തർ ഡ്രോണുകളും ലോയിറ്ററിംഗ് ആയുധങ്ങളുമാണ് തുർക്കിയിൽ നിന്ന് പാകിസ്താന് ലഭിച്ചത്. അതിനാൽ തന്നെ പാകിസ്താൻ-തുർക്കി-സൗദി അറേബ്യ സഖ്യം ഇന്ത്യയുടെ താത്പര്യങ്ങൾക്കും സുരക്ഷയ്ക്കും അറബിക്കടലിലെ സമുദ്ര അതിർത്തികളിലും പുതിയ ഭീഷണികൾ സൃഷ്ടിക്കും. കേവലം ഒരു നയതന്ത്ര സംവിധാനം എന്നതിന് ഉപരിയായി ഇന്ത്യയുടെ തന്ത്രപരമായ പ്രതിരോധ സംവിധാനങ്ങൾക്കും പരമാധികാരത്തിനും എതിരെ ഉയർന്നുവരുന്ന വെല്ലുവിളിയായാണ് ന്യൂഡൽഹി ഇതിനെ വിലയിരുത്തുന്നത്.
പാകിസ്താന്റെ പ്രതിരോധ ശേഷിയിൽ തുർക്കിയിൽ നിന്ന് ലഭിക്കുന്ന സാങ്കേതിക സഹായങ്ങൾ ഇന്ത്യക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. തുർക്കിയുടെ പ്രതിരോധ സ്ഥാപനങ്ങൾ പാകിസ്താനായി നിർമ്മിച്ച് നൽകുന്ന 'മിൾഗം' (MILGEM) ഡിസൈനിലുള്ള ബാബർ-ക്ലാസ് കൊർവെറ്റുകളും, പാക് വ്യോമസേനയുടെ 42 എഫ്-16 യുദ്ധവിമാനങ്ങൾക്ക് തുർക്കി എയറോസ്പേസ് ഇൻഡസ്ട്രീസ് നൽകുന്ന ആധുനികവൽക്കരണവും പാക് പടയുടെ പ്രഹരശേഷി ഗണ്യമായി ഉയർത്തും. ഇതിന് പുറമെ, അതിർത്തികളിൽ നിരീക്ഷണത്തിനും പ്രത്യാക്രമണങ്ങൾക്കും ഉപയോഗിക്കാവുന്ന ഡ്രോണുകളുടെ കൈമാറ്റം അതിർത്തി സുരക്ഷയെ കൂടുതൽ സങ്കീർണ്ണമാക്കും. രണ്ടാമതായി, സൗദി അറേബ്യ പോലെയുള്ള ഒരു പ്രബല സാമ്പത്തിക ശക്തി പാകിസ്താന് പ്രതിരോധ പരിരക്ഷയോ രാഷ്ട്രീയ പിൻബലമോ നൽകുമ്പോൾ, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന സൈനിക തിരിച്ചടികളുടെ നയതന്ത്ര ആഘാതം മറ്റൊരു തലത്തിലേക്ക് മാറുന്നു. കാരണം ഓപ്പറേഷൻ സിന്ദൂറിൽ നടന്നതുപോലെ ആകില്ല ഇനിയുള്ള സമാനമായ സൈനിക സംഘർഷങ്ങൾ എന്ന് സാരം.
ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെയും ഊർജ്ജ ഇറക്കുമതിയുടെയും ബഹുഭൂരിപക്ഷവും കടന്നുപോകുന്നത് അറേബ്യൻ കടലിലൂടെയും സമീപത്തെ സമുദ്ര പാതകളിലൂടെയുമാണ്. പാകിസ്താൻ നാവികസേനയ്ക്ക് പുറമെ തുർക്കിയുടെ നാവിക സേനയും മേഖലയിലെത്തുന്നതും സ്ഥിരം സാന്നിധ്യമാകുന്നതും സുരക്ഷാ വെല്ലുവിളിയാകും. നിലവിൽ ചൈനയിൽ നിന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കുള്ള കടന്നുകയറ്റ ശ്രമങ്ങൾക്ക് പുറമെയാണ് തുർക്കിയെന്ന ഭീഷണിയും ഉയരുന്നത്.
വൈരുദ്ധ്യങ്ങളുടെ ഏച്ചുകെട്ടൽ
ഈ കൂട്ടുകെട്ടിനെ മാധ്യമങ്ങൾ 'മുസ്ലീം നാറ്റോ' എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, മൂന്നുരാജ്യങ്ങളുടെയും താത്പര്യങ്ങളിലുള്ള വൈരുദ്ധ്യങ്ങൾ ഇതിന്റെ സമ്പൂർണ്ണ വളർച്ചയ്ക്ക് തടസ്സമാകുന്നുണ്ട്. ദേശീയ പ്രാധാന്യങ്ങളിലെ വ്യത്യാസങ്ങളും ബാഹ്യ സാമ്പത്തിക ബന്ധങ്ങളും സഖ്യത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ഈ ത്രിരാഷ്ട്ര സഖ്യം പുതിയ പ്രാദേശിക പങ്കാളികളെ ആകർഷിക്കാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങളും വിദേശനയങ്ങളിലെ മാറ്റവും നിലവിൽ പാകിസ്താന് അനുകൂലമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത് ബംഗ്ലാദേശിനെയും ഈ ചേരിയുടെ ഭാഗമാക്കിയേക്കാം. അങ്ങനെയെങ്കിൽ കിഴക്കും പടിഞ്ഞാറും ഇന്ത്യയ്ക്ക് ഒരേപോലെ സുരക്ഷാ വെല്ലുവിളിയാകും ഉണ്ടാക്കുക. കൂടാതെ, അസർബൈജാൻ, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ഈ പങ്കാളിത്ത ചട്ടക്കൂടുകളുമായി സഹകരിക്കാൻ താല്പര്യം കാണിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ സഖ്യം കടുത്ത ഭൗമരാഷ്ട്രീയ പരിധികൾ നേരിടുന്നുണ്ട്. സൗദി അറേബ്യയുടെ പ്രാഥമിക സുരക്ഷാ ആശങ്ക ഇറാന്റെ അധിനിവേശ നീക്കങ്ങളും ഹൂതി വിമതരുടെ ആക്രമണങ്ങളുമാണ്. തുർക്കി ഈസ്റ്റേൺ മെഡിറ്ററേനിയനിലെ പരമാധികാര തർക്കങ്ങളിലും കുർദിഷ് സംഘർഷങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ പാകിസ്താന്റെ സുരക്ഷാ ചിന്തകൾ പൂർണ്ണമായും ഇന്ത്യ കേന്ദ്രീകൃതമാണ്. ഈ ഭീഷണി മുൻഗണനകളിലെ പരസ്പരവിരുദ്ധത ഒരു നാറ്റോ മാതൃകയിലുള്ള യുദ്ധസജ്ജമായ പ്രതിബദ്ധതയുള്ള ഒരു സംവിധാനത്തിലേക്ക് ഈ രാജ്യങ്ങളെ എത്തിക്കാൻ സാധ്യത കുറവാണ്. രണ്ടാമതായി, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക ബന്ധം ഇതിലെ പരസ്പര സഹകരണത്തിന്റെ ശക്തി കുറയ്ക്കും. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സംഘർഷങ്ങളിൽ സൗദിക്ക് അകലം പാലിക്കേണ്ടി വരും. പാകിസ്താനുമായി സഹകരിക്കുമ്പോഴും ഇന്ത്യയുമായുള്ള വൻകിട സാമ്പത്തിക ഇടപാടുകൾ ഉപേക്ഷിക്കാൻ സൗദി അറേബ്യ തയ്യാറാകില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ഇന്ത്യയുമായുള്ളതുപോലെ തന്നെ മറ്റ് രണ്ട് രാജ്യങ്ങളുമായി ഒരു തുല്യതയിലൂന്നിയുള്ള വ്യാപാര ബന്ധം സൗദിക്കില്ല. ഇസ്ലാമിക ലോകത്തിന്റെ നേതൃത്വം വീണ്ടും ഏറ്റെടുക്കാനുള്ള തുർക്കിയുടെ മോഹങ്ങളും ഇതിന് വിലങ്ങുതടിയാകും.
ഇന്ത്യയുടെ മറുനീക്കങ്ങൾ
ഈ സഖ്യം ഉണ്ടാകുന്നതിന് മുമ്പുതന്നെ ഇന്ത്യ ചിലനീക്കങ്ങൾ നടത്തിയിരുന്നു. ശത്രുരാജ്യങ്ങളുടെ ബാഹ്യ പിന്തുണക്കാരെ അവരുടെ സ്വന്തം തന്ത്രപരമായ മേഖലകളിൽ നേരിടുക എന്ന ചാണക്യ നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും നിർണായകമായ ഭൗമരാഷ്ട്രീയ നീക്കം അർമേനിയയുമായുള്ള സൈനിക പങ്കാളിത്തമാണ്. തുർക്കിയും പാകിസ്താനും ചേർന്ന് അസർബൈജാനെ സൈനികമായി ശക്തിപ്പെടുത്തുമ്പോൾ, ഇന്ത്യ അർമേനിയയുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധ ദാതാവായി മാറി. ഇന്ത്യ വികസിപ്പിച്ചെടുത്ത പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം, ആകാശ് വ്യോമപ്രതിരോധ മിസൈലുകൾ, സ്വതി വേപ്പൺ ലൊക്കേറ്റിംഗ് റേഡാറുകൾ എന്നിവ ഇന്ത്യ അർമേനിയയ്ക്ക് കൈമാറി. നിലവിൽ അർമേനിയൻ വ്യോമസേനയുടെ സുഖോയ് എസ്.യു-30 യുദ്ധവിമാനങ്ങളിൽ ഇന്ത്യയുടെ തദ്ദേശീയ അസ്ത്ര ബി.വി.ആർ മിസൈലുകൾ ഘടിപ്പിക്കുന്നതിനുള്ള സഹകരണവും, 500 കിലോമീറ്റർ പ്രഹരപരിധിയും മാക് 6 വേഗതയുമുള്ള പ്രളയ് ബാലിസ്റ്റിക് മിസൈലുകൾ കൈമാറുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുന്നു. ഈസ്റ്റേൺ മെഡിറ്ററേനിയനിൽ തുർക്കിയുടെ നീക്കങ്ങളെ തടയാൻ ഇന്ത്യ ഗ്രീസുമായും ഗ്രീക്ക് സൈപ്രസുമായും തന്ത്രപരമായ നാവിക-സൈനിക ബന്ധങ്ങൾ ശക്തമാക്കുന്നു. 2025 മേയിലെ അതിർത്തി ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി സൈപ്രസിലും തുടർന്ന് ഗ്രീസിലും നടത്തിയ സന്ദർശനങ്ങൾ അങ്കാറയ്ക്കുള്ള വ്യക്തമായ സന്ദേശമായിരുന്നു.
ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ഗ്രീസിലെ സലാമിസ് നാവിക കേന്ദ്രം സന്ദർശിക്കുകയും സംയുക്ത നാവിക അഭ്യാസങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. കൂടാതെ, 1000 മുതൽ 1500 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലുകൾ ഗ്രീസിന് നൽകാനുള്ള ഇന്ത്യയുടെ തീരുമാനം ഏജിയൻ കടലിലെ സന്തുലിതാവസ്ഥ മാറ്റാൻ പോന്നതാണ്. പശ്ചിമേഷ്യയിൽ ഇന്ത്യ, യു.എ.ഇ, ഇസ്രായേൽ എന്നിവരുമായി ചേർന്നുള്ള സമാന്തര തന്ത്രപരമായ അച്ചുതണ്ട് ശക്തിപ്പെടുത്തുന്നു എന്നതാണ് വളർന്നുവരുന്ന മറ്റൊരു ശ്രദ്ധേയമായ മാറ്റം. ഇത് എത്രത്തോളം യാഥാർഥ്യമാകുമെന്നതും പാകിസ്താൻ- തുർക്കി- സൗദി സഖ്യം പോലെ മറ്റൊരു സഖ്യമാകുമോയെന്നതും വിലയിരുത്താനുള്ള സമയമായിട്ടില്ല. സൈനിക ശക്തിയിലും ആണവ ശേഷിയും സാങ്കേതിക വിദ്യയിലും ഇന്ത്യയ്ക്ക് നിർണായക സ്വാധീനമായി മാറാൻ സാധിക്കും. മറുഭാഗത്ത് സൈനിക സാങ്കേതിക വിദ്യകളിൽ ഇസ്രയേലിനും പങ്കുവഹിക്കാനാകും. സംയുക്ത വികസനങ്ങളിൽ സാമ്പത്തിക സ്രോതസ്സായി യുഎഇയും നിലകൊണ്ടേക്കാം. ഇത് പുതിയ ആയുധ വികസനത്തിനുള്ള ഒരു കൂട്ടായ്മ ആയി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നേരിട്ടുള്ള ഒരു സഖ്യത്തിന് പകരം പരസ്പര സഹകരണമെന്നത് കൂടുതൽ മേഖലകളിൽ ശക്തിപ്പെട്ടേക്കാം.
മാത്രമല്ല പശ്ചിമേഷ്യയിൽ ഇന്ത്യയ്ക്കുള്ള സ്വാധീനം എന്നത് കേവലം ശക്തിയിൽ മാത്രം അധിഷ്ടിതമായ ഒന്നല്ല, അത് വ്യാപാര ബന്ധത്തിലും സൗഹൃദത്തിലും അധിഷ്ടിതമായ ഒന്നാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം നിലനിൽക്കുന്നിടത്തോളം ഇന്ത്യാ- പാകിസ്താൻ സംഘർഷങ്ങളിൽ ഏതെങ്കിലും പക്ഷം പിടിക്കുന്നതിൽ നിന്ന് ഈ രാജ്യങ്ങൾ വിട്ടുനിന്നേക്കും. എങ്കിലും വളർന്നുവരുന്ന ഭീഷണിയെ കൃത്യമായി തിരിച്ചറിഞ്ഞ ഇന്ത്യ, അർമേനിയ, ഗ്രീസ്, സൈപ്രസ്, ഇസ്രായേൽ, യു.എ.ഇ എന്നീ രാജ്യങ്ങളുമായി ചേർന്ന് പടുത്തുയർത്തുന്ന പ്രതിരോധ സഹകരണം സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കരുത്തേകുകയും ചെയ്യും.
Content Highlights: Formation of a 2026 trilateral defense axis between Pakistan, Turkey, and Saudi Arabia., Shift in regional security dynamics following the Riad agreement and Jeddah summit., Impact of Turkish drone technology and military support on Pakistan's defense capabilities., India's strategic countermeasures involving Armenia, Greece, and Cyprus., Analysis of internal contradictions within the trilateral alliance.