2.08 കി.മീ. നീളം, 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്' സംവിധാനം, 535 കോടി ചെലവ്; അഭിമാനം ഈ പാമ്പൻ പാലം

രാജ്യത്തെ എന്‍ജിനിയറിങ് വിസ്മയങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന പുത്തന്‍ പാമ്പന്‍പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും. രാമനവമി ദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമായിരിക്കും ഞായറാഴ്ച (ഏപ്രില്‍ ആറ്) പ്രധാനമന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. രാമനാഥപുരം ജില്ലയിലെ പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലമായ പാമ്പന്‍പാലത്തെ പ്രധാനമന്ത്രി റിമോട്ടുപയോഗിച്ച് ലംബമായി ഉയര്‍ത്തിയാണ് ഉദ്ഘാടനംചെയ്യുക. ചടങ്ങില്‍ രാമേശ്വരത്തുനിന്ന് പാമ്പന്‍പാലത്തിലൂടെ താംബരത്തേക്കുള്ള പുതിയ തീവണ്ടി സർവീസും ഉദ്ഘാടനംചെയ്യും. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവില്‍ പുതിയ പാലം പണിതത്. സമുദ്രനിരപ്പില്‍നിന്ന് ആറുമീറ്റര്‍ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്ററാണ് ദൈര്‍ഘ്യം. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്' പാലമാണിത്. പുതിയ റെയില്‍പ്പാലത്തിന്റെ നിര്‍മാണം ഒക്ടോബറോടെ പൂര്‍ത്തിയായെങ്കിലും സുരക്ഷസംബന്ധിച്ച ആശങ്കകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസൗകര്യവും കാരണമാണ് ഉദ്ഘാടനം നീണ്ടുപോയത്.
ബ്രിട്ടീഷ് ഭരണകാലത്ത് 1914-ല്‍ പണിത പാമ്പനിലെ ഉരുക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായതിനെത്തുടര്‍ന്നാണ് സമാന്തരമായി പുതിയ പാലം നിര്‍മിച്ചത്. 1914 ഫെബ്രുവരി 24-ന് തുറന്ന രണ്ട് കിലോമീറ്ററിലധികം നീളമുള്ള ഈ പാലം എല്ലാക്കാലത്തും സഞ്ചാരികള്‍ക്ക് കൗതുകകാഴ്ചയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയും സിലോണും തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു പാമ്പന്‍ പാലം. 2010-ല്‍ ബാന്ദ്ര-വര്‍ളി സീ ലിങ്ക് തുറക്കുന്നതുവരെ ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായിരുന്നു ഇത്. അപകടമുന്നറിയിപ്പിനെത്തുടര്‍ന്ന് പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം 2022 ഡിസംബര്‍ 23 മുതലാണ് നിര്‍ത്തിവെച്ചത്. ഒരു നൂറ്റാണ്ടിലേറെക്കാലം രാമേശ്വരത്തെ വന്‍കരയുമായി ബന്ധിപ്പിച്ചുകൊണ്ട് തലയുയര്‍ത്തി നിന്ന പാമ്പന്‍ പാലം ഒടുവില്‍ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. പുതിയ പാലം ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തില്‍ പഴയ പാമ്പന്‍ പാലത്തിന്റെ ഒരു ഭാഗം സ്മാരകമാക്കി മാറ്റുകയും ബാക്കി പൊളിച്ചുമാറ്റും.
Content Highlights: new pamban bridge Indias first vertical lift bridge