വെടിയേറ്റ് വീണത് 9 പേര്‍, കൊന്നതാര്, കൊല്ലിച്ചതാര്?; ആ വെള്ളിയാഴ്ച കൊട്ടാരത്തിൽ സംഭവിച്ചത്

ജനാധിപത്യത്തില്‍നിന്ന് രാജഭരണത്തിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് ജനകീയപ്രക്ഷോഭം! കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാവുന്ന ഈ പ്രതിഷേധം നടക്കുന്നത് നേപ്പാളിലാണ്. രാജഭരണം തിരിച്ചുവേണമെന്നും നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് മാര്‍ച്ച് 28-ന് ഒരുകൂട്ടമാളുകള്‍ പ്രക്ഷോഭവുമായി തലസ്ഥാനമായ കാഠ്മണ്ഡുവിലെ തെരുവിലിറങ്ങി. പോലീസിനെയിറക്കിയാണ് സര്‍ക്കാര്‍ പ്രക്ഷോഭത്തെ നേരിട്ടത്. കടകമ്പോളങ്ങള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. സുരക്ഷാ സേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരു പ്രതിഷേധക്കാരനും ഒരു ക്യാമറാമാനും. അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലധികമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ അക്രമവുമായി ബന്ധപ്പെട്ട് നൂറിലേറെപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഹിന്ദു രാജ്യമായിരുന്ന നേപ്പാളില്‍ രാജഭരണം അവസാനിച്ചിച്ച് ഒന്നര പതിറ്റാണ്ടിലേറെയായി. 2015-ല്‍ നിലവില്‍ വന്ന പുതിയ ഭരണഘടനപ്രകാരം മതനിരപേക്ഷ റിപ്പബ്ലിക്കാണ് നേപ്പാള്‍. പക്ഷേ, ഒരു വെള്ളിയാഴ്ച വൈകുന്നേരത്തെ അത്താഴ വിരുന്നിനിടെയുണ്ടായ സംഭവ വികാസങ്ങളായിരുന്നു നേപ്പാള്‍ രാജകുടുംബത്തെയും ആ രാജ്യത്തെയും എന്നെന്നേക്കുമായി മാറ്റിമറിച്ചത്. 2001 ജൂണ്‍ ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരത്തെ രാജകുടുംബത്തിന്റെ പതിവ് അത്താഴ വിരുന്ന് ഒരു ദുരന്തത്തിലാണ് അവസാനിച്ചത്. കിരീടാവകാശി ദീപേന്ദ്ര ബിര്‍ ബിക്രം ഷാ ദേവ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും നേരെ വെടിയുതിര്‍ത്തു. ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നേപ്പാള്‍ രാജകുടുംബത്തിന്റെ അടിവേരിളക്കുന്നതായിരുന്നു ആ കൂട്ടക്കൊല. കിരീടാവകാശി ദിപേന്ദ്രയെ ഇത്രയും ക്രൂരമായ ഒരു പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്തായിരിക്കാം? നേപ്പാളിനെ എങ്ങനെയാണ് ഈ കൂട്ടക്കൊല ബാധിച്ചത്?
Content Highlights: Nepal royal family massacre mystery and conspiracy