‘രാജിവെക്കൂ ബലേൻ’ തെരുവിൽ മുഴങ്ങുമ്പോൾ! ജനപ്രിയ നേതാവിൽ നിന്ന് ബാലേന്ദ്ര ഷാ ജനവിരുദ്ധനിലേക്കോ?

വലിയ രാഷ്ട്രീയ മാറ്റത്തിനാണ് ഈ വർഷം മാർച്ചിൽ നേപ്പാൾ സാക്ഷ്യം വഹിച്ചത്. മുൻ കാഠ്മണ്ഡു മേയറും സ്ട്രക്ചറൽ എഞ്ചിനീയറും പ്രശസ്ത റാപ്പറുമായിരുന്ന 'ബലേൻ' എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷാ നേപ്പാളിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. താരതമ്യേന എളുപ്പമായിരുന്നു അധികാര കസേരയിലേക്കുള്ള ബലേന്റെ യാത്ര. 2025 സെപ്റ്റംബറിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന ജെൻ-സി ജനകീയ പ്രക്ഷോഭം കെ.പി. ശർമ്മ ഒലിയുടെ സർക്കാരിനെ താഴെയിറക്കിയതോടെയാണ് ബാലേന്റെ വഴി തെളിയുന്നത്. തുടർന്ന് മാർച്ചിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഒലിയെ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ ഝാപ്പയിൽ പരാജയപ്പെടുത്തിക്കൊണ്ട് ബാലേന്ദ്ര ഷാ കരുത്ത് തെളിയിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി) 275 അംഗ പ്രതിനിധിസഭയിൽ 182 സീറ്റുകൾ നേടി ചരിത്രപരമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും ചെയ്തു.

ബലേൻ അധികാരത്തിലെത്തുമ്പോൾ രാജ്യത്തെ ജനങ്ങൾ, പ്രത്യേകിച്ച് യുവതലമുറ വലിയ പ്രതീക്ഷകളിലായിരുന്നു. പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചു മടുപ്പിച്ച പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്നൊരു മാറ്റം ബലേനും അദ്ദേഹത്തിന്റെ പാർട്ടിയും കൊണ്ടുവരുമെന്ന് അവർ പ്രതീക്ഷിച്ചു. കാലങ്ങളായി തുടരുന്ന രാഷ്ട്രീയ അസ്ഥിരതയിൽനിന്നും അഴിമതിയിൽ നിന്നും ഒരു മോചനം സാധാരണക്കാരായ നേപ്പാളി ജനത ആഗ്രഹിച്ചു. അവർ ബലേനിൽ തങ്ങളുടെ രക്ഷകനെ കണ്ടു. പക്ഷേ, പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്ത് വെറും അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ ആ പ്രതീക്ഷകളെല്ലാം നിരാശയ്ക്ക് വഴിമാറുകയാണെന്നാണ് നേപ്പാളിൽനിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബലേന് ലഭിച്ച വലിയ ജനപിന്തുണ അതിവേഗം ഇടിയുകയും ഭരണപരവും നയപരവുമായപാളിച്ചകൾ അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തിരിക്കുന്നു. എന്താണ് ബാലേന് സംഭവിച്ചത്? എവിടെയാണ് അദ്ദേഹത്തിന് പിഴച്ചത്?

തെരുവിൽ പുകയുന്ന ജനരോഷം

അധികാരത്തിലേറ്റിയ അതേ യുവതലമുറ തന്നെ ഇപ്പോൾ ബലേനെതിരേ രാജ്യതലസ്ഥാനത്തെ തെരുവുകളിൽ പ്രതിഷേധത്തിലാണ്. അധികാരത്തിലേറി കേവലം അഞ്ച് മാസത്തിനുള്ളിൽ തന്നെ ജനങ്ങൾ ബലേൻ നേതൃത്വം നൽകുന്ന ആർ.എസ്.പി സർക്കാരിനെതിരേ തിരിഞ്ഞിരിക്കുന്നു. അതിലേക്ക് വഴിവെച്ചതാകട്ടെ ഭരണപരമായ കടുത്ത തീരുമാനങ്ങളും വീഴ്ചകളുമാണ്. അതോടെ ബലേനെ അധികാരത്തിലേറ്റിയ യുവതലമുറയുടെ പിന്തുണയിൽ വലിയ ഇടിവുണ്ടായി. രാജ്യത്ത് തങ്ങൾ പ്രതീക്ഷിച്ച വേഗത്തിലുള്ള മാറ്റം സംഭവിക്കാത്തതും അധികാരത്തിലേറും മുമ്പ് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിലും നിരാശരായ പലരും ഭരണത്തിനെതിരെ തെരുവിലിറങ്ങി. ഒടുവിൽ ബലേന്റെ രാജി ആവശ്യപ്പെടാനും തുടങ്ങി.

കാഠ്മണ്ഡു മുൻസിപ്പൽ പോലീസുമായുള്ള തർക്കത്തെത്തുടർന്ന് ഡ്രൈവർ തീ കൊളുത്തി മരിച്ചു. ഇത് സർക്കാരിനെതിരെ വലിയ ജനരോഷത്തിന് കാരണമായി. ജൂലായിലാണ് പാർക്കിങ് പിഴയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഗണേഷ് നേപ്പാളി എന്ന 25 കാരൻ തീ കൊളുത്തി മരിച്ചത്. ഇതേത്തുടർന്ന് രണ്ട് ആത്മഹത്യാശ്രമങ്ങൾ കൂടി നഗരത്തിലുണ്ടായി. ഈ സംഭവം സർക്കാരിന്റെയും ഭരണകൂടത്തിന്റെയും നടപടികൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ഉയരാൻ കാരണമായി. യുവാക്കൾ സർക്കാരിനെ ‘ഫാസിസ്റ്റ്’ എന്ന് വിളിച്ച് തെരുവിലിറങ്ങി. ‘പാവപ്പെട്ടവരോടുള്ള ക്രൂരത അവസാനിപ്പിക്കുക’, ‘മനുഷ്യാവകാശങ്ങളെ മാനിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായായിരുന്നു പ്രതിഷേധം. പിന്നാലെ കൃത്യമായ പുനരധിവാസ പദ്ധതികളില്ലാതെ ഭൂരഹിതരായ ചേരി നിവാസികളെ ഒഴിപ്പിക്കാൻ സർക്കാർ സൈന്യത്തെയും സുരക്ഷാ സേനയെയും ഉപയോഗിച്ചതും കടുത്ത ജനരോഷം ക്ഷണിച്ചുവരുത്തി.

ഭരണമാറ്റം വലിയൊരു സാമ്പത്തിക ഉണർവ് ഉണ്ടാക്കുമെന്നായിരുന്നു രാജ്യത്തെ മധ്യവർഗത്തിന്റെ പ്രതീക്ഷ. പുതിയ ബജറ്റിൽ മധ്യവർഗത്തെ തൃപ്തിപ്പെടുത്താൻ നികുതി ഇളവുകളും ഉയർന്ന നികുതി ഒഴിവാക്കലുകളും പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, വ്യവസായ രജിസ്ട്രേഷൻ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. പക്ഷേ, യഥാർത്ഥ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിനായില്ല. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളെ തകിടം മറിച്ചു. ഇതിനെല്ലാം പുറമെ, ബലേൻ അധികാരമേറ്റ ആദ്യ മാസങ്ങളിൽ നേപ്പാളിലെ ഓഹരി വിപണിയിൽ വലിയ തകർച്ചയുണ്ടാകുകയും ചെയ്തു.

അതിർത്തി തർക്കങ്ങളും നയതന്ത്ര പരാജയങ്ങളും

ഭരണപരിചയമില്ലാത്ത ബലേന്റെ പക്വതയില്ലാത്ത വിദേശനയങ്ങളും അതിർത്തി പ്രസ്താവനകളും രാജ്യത്തെ കടുത്ത നയതന്ത്ര പ്രതിസന്ധിയിലേക്ക് നയിച്ചു. ഇന്ത്യയുമായുള്ള തുറന്ന അതിർത്തിയിലൂടെ രാജ്യത്തേക്ക് കൊണ്ടുവരുന്ന സാധനങ്ങൾക്ക് കടുത്ത കസ്റ്റംസ് നികുതി ഏർപ്പെടുത്താൻ ഏപ്രിലിൽ ബാലൻ ഉത്തരവിട്ടു. മരുന്നുകൾ, പലചരക്ക് സാധനങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്കായി അതിർത്തിയിലെ ഇന്ത്യൻ വിപണിയെ ആശ്രയിക്കുന്ന സാധാരണക്കാരായ നേപ്പാൾ ജനതയെ ഈ തീരുമാനം കഠിനമായി ബാധിച്ചു. അവർ പ്രതിഷേധിച്ചു. ജനകീയ പ്രക്ഷോഭം ശക്തമായതോടെ സർക്കാരിന് ഈ തീരുമാനം പിൻവലിക്കേണ്ടി വന്നു.

പിന്നാലെ ജൂണിൽ അതിർത്തി പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയെക്കുറിച്ച് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ, നേപ്പാൾ ചിലയിടങ്ങളിൽ ഇന്ത്യൻ അതിർത്തി ലംഘിച്ചിട്ടുണ്ടെന്ന് ബലേൻ വെളിപ്പെടുത്തി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കം ഒരു ഏകപക്ഷീയമായ വിഷയമല്ലെന്നും പലയിടങ്ങളിലും നേപ്പാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഈ തർക്കങ്ങൾ പരിഹരിക്കാൻ ബ്രിട്ടന്റെ സഹായം തേടാമെന്നും അഭിപ്പായപ്പെട്ടു. ഈ പ്രസ്താവന വലിയ വിവാദമായി മാറുകയും പ്രതിപക്ഷ കക്ഷികൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യൻ സൈന്യത്തിലെ 'അഗ്നിപഥ്' പദ്ധതി പ്രകാരം നേപ്പാളി യുവാക്കളുടെ റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന മുൻ ഗൂർഖാ സൈനികരുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നത് യുവാക്കൾക്കിടയിലെ മറ്റൊരു തർക്കവിഷയമായി തുടരുന്നു.

അധികാരമേറ്റ ആദ്യ മാസങ്ങളിൽ വിദേശയാത്രകൾ വൈകിപ്പിച്ചും ചില കൂടിക്കാഴ്ചകൾ നിരസിച്ചും കടുത്ത നയതന്ത്ര കടുംപിടുത്തമാണ് ബലേൻ സ്വീകരിച്ചത്. മന്ത്രിമാരേക്കാൾ താഴ്ന്ന റാങ്കിലുള്ള വിദേശ പ്രതിനിധികളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കില്ലെന്ന വാശിയിലായിരുന്നു ബലേൻ. എന്നാൽ പിന്നീട് ഈ നയതന്ത്രശൈലി ഭരണത്തിന് തിരിച്ചടിയാകുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം നിലപാടുകളിൽ മാറ്റംവരുത്താൻ തയ്യാറായി. വാശി ഉപേക്ഷിച്ച് ഇന്ത്യൻ, ചൈനീസ് അംബാസഡർമാരെ പ്രത്യേകം കാണുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാസങ്ങളോളം അകലം പാലിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്

പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളും അകൽച്ചയും

ബലേനെ അധികാരത്തിലേറ്റിയ ആർ.എസ്.പിയുള്ളിലും കടുത്ത തർക്കങ്ങൾ പുകയുകയാണ്. പാർട്ടി സഹസ്ഥാപകനായ റാബി ലാമിച്ചനെയുമായുള്ള അധികാര വടംവലിയാണ് പ്രധാന പ്രശ്നം. ലാമിച്ചനെയുമായി ബലേൻ അകൽച്ചയിലാണ്. ബലേൻ ഇന്ത്യയുമായി അകലം പാലിച്ച അതേസമയത്ത് തന്നെ ലാമിച്ചനെ ബി.ജെ.പിയുടെ ക്ഷണപ്രകാരം ഡൽഹി സന്ദർശിച്ചു. മാത്രമല്ല, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ലാമിച്ചനെയ്ക്ക് ലഭിച്ച ഗംഭീര സ്വീകരണം, ബലേന് പകരം ഒരു ബദൽ രാഷ്ട്രീയ മാർഗ്ഗമായി ഇന്ത്യ അദ്ദേഹത്തെ കാണുന്നുണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉയരാൻ കാരണമായി.

ഓഗസ്റ്റിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളുടെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ ചേർന്ന പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിൽനിന്ന് ബലേൻ വിട്ടുനിന്നു. യോഗത്തിൽ പങ്കെടുക്കാതെ ബലേൻ അവധിയാഘോഷിക്കാൻ പോയത് പാർട്ടിക്കുള്ളിൽ വലിയ അസംതൃപ്തിക്ക് കാരണമായി. പാർട്ടി യോഗങ്ങളിൽ ബാലേൻ അപൂർവമായി മാത്രമേ പങ്കെടുക്കാറുള്ളൂ എന്നാണ് വിമർശനം. മാത്രമല്ല, പാർട്ടി സംവിധാനത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ലെന്നും മുതിർന്ന നേതാക്കളിൽ ചിലർ കുറ്റപ്പെടുത്തുന്നു. ബജറ്റിലെ നികുതി നിർദ്ദേശങ്ങളിലും സർക്കാരിന്റെ മുൻഗണന വിഷയങ്ങളിലും ധനമന്ത്രി സ്വർണിം വാഗ്ലെയുമായി ബലേൻ മന്ത്രിസഭയോഗത്തിൽ പരസ്യമായി തർക്കിച്ചതായും വാർത്തകളുണ്ടായിരുന്നു.

ഓർഡിനൻസുകളിലൂടെയുള്ള ഭരണം

ഭരണത്തിൽ സുതാര്യതയും ജനാധിപത്യ ചർച്ചകളും ഉറപ്പുനൽകി അധികാരത്തിലെത്തിയ ബലേൻ, നേരിടുന്ന വലിയ ആക്ഷേപം ജനാധിപത്യ സ്ഥാപനങ്ങളെ അവഗണിക്കുന്നു എന്നതാണ്. പാർലമെന്റിനെ നേരിടാൻ മടിക്കുകയാണെന്ന വിമർശനവും ശക്തമാണ്. പാർലമെന്റിൽ തുറന്ന ചർച്ചകൾ നടത്തുന്നില്ലെന്നാണ് ആരോപണം. പകരം ഓർഡിനൻസുകളിലൂടെയും ഉത്തരവുകളിലൂടെയും തീരുമാനങ്ങൾ നടപ്പിലാക്കാനാണ് അദ്ദേഹം താല്പര്യം കാണിക്കുന്നതെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. കൃത്യമായ ചർച്ചകളില്ലാതെ പല പ്രധാനനയങ്ങളും മുന്നോട്ട് കൊണ്ടുപോകുമ്പോൾ പല പാർലമെന്റ് സമ്മേളനങ്ങളും നീട്ടിവെക്കുകയാണ്.

പ്രധാനമന്ത്രിയെന്ന നിലയിൽ ബാലേന്ദ്ര ഷാ പാർലമെന്റിൽ ഹാജരാകാത്തതും വലിയ രാഷ്ട്രീയ വിവാദമായി മാറി. അധികാരം ഏറ്റെടുത്തതിനുശേഷം നടന്ന 39 പാർലമെന്റ് സമ്മേളനങ്ങളിൽ അഞ്ച് എണ്ണത്തിൽ മാത്രമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പാർലമെന്റ് സമ്മേളനങ്ങളിൽ പ്രധാനമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ചോദ്യം ചെയ്തു. അതിർത്തി തർക്കങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവാദ പരാമർശങ്ങളിലടക്കം പ്രധാനമന്ത്രി സഭയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം തുടർച്ചയായി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ സ്പീക്കർ ഡി.പി.ആര്യൽ ചോദ്യോത്തര വേളയ്ക്കായി പാർലമെന്റിൽ നേരിട്ട് ഹാജരാകാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

അധികാരമേറ്റയുടൻ സ്വന്തം സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയെങ്കിലും സ്വന്തം മന്ത്രിമാർക്കെതിരെയുള്ള ആഭ്യന്തര അന്വേഷണങ്ങളിൽ സർക്കാർ സുതാര്യത കാണിക്കുന്നില്ലെന്നാണ് ആരോപണം. ആഭ്യന്തര അന്വേഷണങ്ങൾ നേരിട്ട ആഭ്യന്തര മന്ത്രി സുദാൻ ഗുരുങ്ങിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാത്തത് വലിയ ഒച്ചപ്പാടുണ്ടാക്കി. മാത്രമല്ല, അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയിൽ തിരിച്ചെടുത്തതും സർക്കാരിനെതിരേ കടുത്ത ചോദ്യങ്ങൾ ഉയർത്തി. ഇതിന് പുറമെ, രാജ്യത്തെ വിവിധ സ്വതന്ത്ര സ്ഥാപനങ്ങൾക്ക് മേൽ സർക്കാർ സമ്മർദ്ദം ചെലുത്തുന്നതായും ആക്ഷേപമുണ്ട്.

നേപ്പാളി രാഷ്ട്രീയത്തിൽ ഇതുവരെ ആവർത്തിച്ചുവന്നിരുന്ന തെറ്റുകൾ തിരുത്തുമെന്ന പ്രതീക്ഷയിൽ വലിയ ജനകീയ പിന്തുണയോടെയാണ് ബലേൻ അധികാരത്തിലെത്തിയത്. പക്ഷേ, പ്രതിപക്ഷത്തേപ്പോലെ പോരാടുന്നത് പോലയല്ല, ഒരു രാജ്യത്തിന്റെ ഭരണമെന്ന് ആദ്യ 150 ദിവസങ്ങൾ അദ്ദേഹം ബോധ്യപ്പെടുത്തുന്നു. ഭൂരിപക്ഷമുള്ള ഒരു ജനാധിപത്യ സർക്കാരിനെ നയിക്കുമ്പോഴും സ്വന്തം പാർട്ടിയോടും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളോടും അകലം പാലിക്കുന്ന ബലേന്റെ ഭരണശൈലി നേപ്പാളിനെ വീണ്ടും രാഷ്ട്രീയ അസ്ഥിരതയിലേക്കാണ് തള്ളിവിടുന്നത്. ജനപ്രിയനായ ഒരു ജനനായകനിൽനിന്നും വെറും അഞ്ച് മാസങ്ങൾ കൊണ്ട് ജനവിരുദ്ധനായ ഒരു ഭരണാധികാരിയിലേക്കാണോ ബലേന്റെ പ്രതിച്ഛായ ചുരുങ്ങിക്കൊണ്ടിരിക്കുന്നത്? ബലേനിൽ വിശ്വാസം അർപ്പിച്ചവരുടെ പ്രതീക്ഷയ്ക്കൊത്ത് അദ്ദേഹം ഉയരുമെന്നാണ് അനുയായികളുടെ പ്രതീക്ഷ.

Content Highlights: Nepal Prime Minister Balendra Shah faces a sharp decline in public support and mounting protests just five months into his term, driven by administrative missteps, economic struggles, and controversial foreign policy decisions.