കൊപ്ര വിറ്റ് പൊന്ന് വാങ്ങാൻ പോകുന്ന ആളുകളിൽ ശ്രദ്ധയുടക്കി; സ്വർണവിപണിയുടെ ജാതകം തിരുത്തിയ അഹമ്മദ്

#എം.പി.അഹമ്മദ്/കെ. വിശ്വനാഥ്
എം.പി. അഹമ്മദ്
എം.പി. അഹമ്മദ്

അസാധാരണമായ വളർച്ച ആഴമുള്ളതാവുമ്പോൾ മാത്രമേ അത് സമൂഹത്തിന് ഗുണകരമാവൂ. അതിന് കടന്നുപോന്ന ദുഷ്‌കര കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ ഉണ്ടായിരിക്കണം. അപ്പോൾ അതിൽനിന്ന് വിവേകം ഉൾക്കൊള്ളാനും സമൂഹത്തിന് വെളിച്ചം പകരാനും സാധിക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പിന്റെ ചെയർമാൻ എം.പി. അഹമ്മദിന്റെ വളർച്ച അത്തരത്തിലുള്ളതാണ്. 14 രാജ്യങ്ങളിലായി 450 ഷോറൂമുകളും മുപ്പതിനായിരം ജീവനക്കാരുമുള്ള മഹാപ്രസ്ഥാനമായി സ്ഥാപനം വളർന്നത് അഹമ്മദിന്റെ കാഴ്ചപ്പാടും നേതൃശേഷിയും കൊണ്ടാണ്. നേടുന്നതിനൊപ്പം പങ്കിട്ടുകൊടുക്കാനും ഈ മനുഷ്യൻ ശ്രദ്ധപുലർത്തുന്നു. ഭൂമിയിലേക്ക് നോക്കിനടന്ന്്് ആകാശത്തിലെ നക്ഷത്രങ്ങളെ സ്വപ്നം കാണുന്നു. ഈ വർഷത്തെ പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് എം.പി. അഹമ്മദിനാണ്

മൂന്നരപ്പതിറ്റാണ്ടു മുൻപാണ്. കോഴിക്കോട്ടെ വലിയങ്ങാടിയിലെ പാണ്ടികശാലയിൽ കൊപ്രവിൽക്കാനെത്തിയതാണ് കൊയിലാണ്ടിക്കാരൻ കുമാരൻ. കൊപ്രയ്ക്ക് വില നിശ്ചയിച്ച് തൂക്കിക്കൊടുത്ത് കാശിനായി തിരക്കുകൂട്ടിക്കൊണ്ടിരുന്നു. കാഷ് കൗണ്ടറിലിരിക്കുകയായിരുന്ന ചെറുപ്പക്കാരൻ ചിരിയോടെ ചോദിച്ചു: ''എന്താ കുമേരേട്ടാ തെരക്ക്, ഇനിയിപ്പം കോമളാഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച് പൊരക്ക് പോവാനല്ലേ?''

''അല്ല അഹമ്മദേ, കമ്മത്തിലൈനിൽ ചെന്ന് മോക്ക് മൂന്നു പവന്റെ ഒരു മാല വാങ്ങണം. അതിനാ ഇപ്പം പൈസ''. വർഷങ്ങളായി കൊപ്ര വിൽക്കാനെത്തുന്ന കുമാരേട്ടന് വേണ്ട കാശ് എണ്ണിക്കൊടുത്ത് അഹമ്മദ് പറഞ്ഞു: ''ഇങ്ങള് പോയി അതു വാങ്ങ്. കണക്ക് മ്മക്ക് പിന്നെ നോക്കാം''

കണക്കുനോക്കാതെ കൊടുത്ത പൈസ കൂടിപ്പോയാലും പ്രശ്‌നമില്ല. കുമാരേട്ടൻ തന്റെ പാണ്ടികശാലയിലേക്കുതന്നെ തിരിച്ചുവരുമെന്ന് അഹമ്മദിനറിയാം. അത്രയ്ക്ക് ആഴത്തിലുള്ളതാണ് കച്ചവടത്തിലെ വിശ്വാസം. കുമാരേട്ടൻ മാത്രമല്ല പേരാമ്പ്രയിലും വടകരയിലുംനിന്നെല്ലാം കൊപ്രവിൽക്കാനെത്തുന്ന പലരും കാശുമായി പൊന്നു വാങ്ങാൻ പോവുന്നത് അഹമ്മദിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിൽനിന്നായിരുന്നു രാജ്യത്തെത്തന്നെ സ്വർണവിപണിയുടെ ജാതകം തിരുത്തിയ അഹമ്മദിന്റെ പ്രയാണത്തിന്റെ തുടക്കം.

ഉണങ്ങി പാകംവന്ന കൊപ്രയുടെ മനംമയക്കുന്ന ഗന്ധവും പത്തരമാറ്റ് സ്വർണത്തിന്റെ തിളക്കവും അഹമ്മദ്ക്കയെന്ന് ചുറ്റുമുള്ളവർ നീട്ടിവിളിക്കുന്ന എം.പി. അഹമ്മദിന്റെ ജീവിതത്തിനുണ്ട്. മൂന്നരപ്പതിറ്റാണ്ടുമുൻപ് കോഴിക്കോട്ട് വലിയങ്ങാടിയിലെ കൊപ്രമാർക്കറ്റിലെ പണിയെടുത്തു ജീവിക്കുന്ന മനുഷ്യർക്കിടയിൽനിന്ന് വിയർപ്പിന്റെ വിലയും നെറിയും പഠിച്ചുവളർന്ന മനുഷ്യൻ ആരംഭിച്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനം ഇന്ന് 14 രാജ്യങ്ങളിലായി 450 ഷോറൂമുകളും മുപ്പതിനായിരം ജീവനക്കാരുമുള്ള മഹാപ്രസ്ഥാനമായി വളർന്നുവെന്നത് ചരിത്രം. ഏകദേശം 88,000 കോടി രൂപയാണ് സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ്. അയ്യായിരം കോടിയോളം രൂപ വിവിധ നികുതിയിനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളിലേക്ക് അടയ്ക്കുന്നു. കാലവും കച്ചവടവും എത്ര മാറിയിട്ടും അഹമ്മദിന് വലിയ മാറ്റമില്ല, നേരുംനെറിയുമുള്ള നല്ല നാട്ടിൻപുറത്തുകാരൻ തന്നെ. അന്നും ഇന്നും അഹമ്മദ് വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്, അദ്ദേഹത്തിന്റെ ജീവനക്കാരിൽ ആരോട് ചോദിച്ചാലും അതവർ പറഞ്ഞുതരും. 'ദൈവത്തിന്റെ അനുഗ്രഹവും കൃപയുമുണ്ടാവണമെന്നാണ് സർവരുടെയും ആഗ്രഹം. പക്ഷേ, അത് ഏകപക്ഷീയമാവില്ല. ദൈവം നമ്മളോട് കാരുണ്യം കാണിക്കണമെങ്കിൽ ദൈവത്തിന്റെ സൃഷ്ടികളായ മനുഷ്യരോട് നമ്മളും കാരുണ്യം കാണിക്കണം. അവർക്കായി എന്തെങ്കിലും നൽകണം'

ഇതൊരു അലിഖിത ശാസനപോലെ തന്റെ സഹപ്രവർത്തകരിലേക്ക്, ജീവനക്കാരിലേക്ക് എത്തിക്കാൻ അഹമ്മദ് പരിശ്രമിക്കുന്നു. കമ്പനിയുടെ നെറ്റ് ട്രേഡിങ് പ്രോഫിറ്റിന്റെ അഞ്ചുശതമാനം സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നു. ഇതിൽ അശരണരായ മനുഷ്യർക്ക് ഭക്ഷണം നൽകുന്നതിനും പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസസൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് മുൻഗണന. ''വിശപ്പിനെക്കാൾ വലിയ ദുഃഖവും വേദനയും വേറേയില്ല. നമ്മുടെ കൺമുന്നിലുള്ളവൻ വിശന്നിരിക്കുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതെ പോവും. പിന്നെ അത്തരം കാര്യങ്ങൾ സത്യസന്ധമായി വേണം ചെയ്യാൻ. സ്വർണത്തിന്റെ തിളക്കമേ നിലനിൽക്കൂ. സ്വർണം പൂശിയാൽ കുറച്ചുകാലം കഴിഞ്ഞാൽ മങ്ങിപ്പോവും'' -അഹമ്മദ് നയം വ്യക്തമാക്കുന്നു. 

ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 170 മേഖലകളിലായി 1,30,000 പേർക്കും ആഫ്രിക്കൻ രാജ്യമായ സാംബിയയിലും എത്യോപ്യയിലുമായി 15,000 പേർക്കും ദിവസേന ഭക്ഷണപ്പൊതികൾ വിതരണംചെയ്യുന്നു. ഒരു വർഷത്തിൽ 5-കോടിയിലധികം ഭക്ഷണപ്പൊതികളാണ് നൽകുന്നത്. വിശപ്പുരഹിത ലോകം എന്ന സ്വപ്നം മുൻനിർത്തിയുള്ള 'ഹംഗർഫ്രീ വേൾഡ് കാമ്പയിന്' മാത്രമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലുമായി ആയിരത്തിലധികം ജീവനക്കാർ പ്രവർത്തിക്കുന്നു.

ഒരു കുടുംബ ചിത്രം

തുടക്കം

'വടക്കെ മലബാറിലെ ഒരു കാർഷികകുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ കാർഷികോത്പന്നങ്ങളുമായി ബന്ധപ്പെട്ട കച്ചവടത്തിലായിരുന്നു തുടക്കം. മുംബൈയിൽ ഒരു സുഹൃത്തുണ്ടായിരുന്നു. കൊൽക്കത്തയിലേക്കും മുംബൈയിലേക്കും കൊപ്ര കയറ്റുമതിയായിരുന്നു അയാൾക്ക്. മുംബൈയിൽ ഫിനാൻസ് മേഖലയിലുള്ളവരുമായി നല്ല ബന്ധമുണ്ടായിരുന്നു. 1990 കാലഘട്ടം. കറൻസിയുടെ മൂല്യം കുറയുകയും സ്വർണത്തിന്റെ മൂല്യം ഉയരുകയും ചെയ്യുന്ന സമയം. സ്വർണത്തിന് ഇനിയങ്ങോട്ട് മൂല്യം കൂടാൻപോകുകയാണെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു. മലയാളികളുടെ വരുമാനം മൊത്തത്തിൽ വർധിക്കാൻ പോവുകയാണ്. അവരുടെ സമ്പാദ്യം സ്വർണത്തിലും പിന്നെ ഭൂമിയിലുമായിരിക്കും നിക്ഷേപിക്കുക. അതു മനസ്സിലാക്കി ആ രണ്ടു മേഖലകളിലേക്കും ഞങ്ങൾ പ്രവേശിക്കുകയായിരുന്നു.'

1993-ൽ അടുപ്പമുള്ളവരിൽനിന്നും ബന്ധുക്കളിൽനിന്നുമായി മൊത്തം അൻപതുലക്ഷം രൂപയുടെ നിക്ഷേപം സ്വരൂപിച്ച്് ചെറിയതോതിൽ സ്വർണക്കച്ചവടം തുടങ്ങി. ഈ നിക്ഷേപത്തിൽ പകുതിയിലധികം രൂപയും അഹമ്മദിന്റേതുതന്നെയായിരുന്നു.

'ആഭരണമേഖലയെക്കുറിച്ച് പഠിക്കാനായി, കോഴിക്കോട്ടെ അളകാപുരി ഹോട്ടലിന്റെ എതിർവശത്തുള്ള കൊളംബോ കോംപ്ലക്‌സിന്റെ ആദ്യനിലയിലുള്ള എഴുനൂറ് സ്‌ക്വയർ ഫീറ്റ് മുറിയിൽ ഒരു ഷോപ്പ് എടുത്തു. ഓരോരുത്തരും സ്വർണാഭരണങ്ങൾ നിർമിക്കുന്ന ആളുകളെ പോയിക്കണ്ട് സംസാരിച്ചു. ഗുണമേന്മയുള്ള, ഭംഗിയുള്ള ആഭരണങ്ങൾ വേണമെന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. 916 സ്വർണംതന്നെ വേണമെന്നും പറഞ്ഞു. അതിനായിരുന്നു മുൻഗണന. അങ്ങനെ ഒരിക്കലും നൽകാനാവില്ലെന്നായിരുന്നു അവരുടെയെല്ലാം മറുപടി. കാരണം വലിയ ചെലവുവരും. ആ വെല്ലുവിളി ഏറ്റെടുത്ത് ക്വാളിറ്റിയുള്ള സ്വർണംതന്നെ ഞങ്ങൾ വാങ്ങി. സ്വർണത്തിന്റെ യഥാർഥ ഗുണമേന്മ സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അന്ന് ഗ്രാമിന് 390 രൂപയായിരുന്നു വില. ഞങ്ങളുടെ സ്വർണം വാങ്ങിയവരെല്ലാം അതിന്റെ ഗുണമേന്മയിൽ സംതൃപ്തരായിരുന്നു. അങ്ങനെ വിശ്വാസം വളർന്നു. പിന്നെ കൊപ്രക്കച്ചവടം വഴി മലബാർ മേഖലയുടെ നാനാഭാഗത്തുനിന്നു വരുന്ന ആളുകളുമായി നല്ല ബന്ധം ഞങ്ങൾ സൂക്ഷിച്ചിരുന്നു. ആ കർഷകരായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഉപഭോക്താക്കൾ. അവർ പറഞ്ഞാണ് ഞങ്ങളുടെ സ്വർണത്തിന് പെരുമയുണ്ടായത്. അവരിലൂടെ ഞങ്ങളുടെ സ്വർണത്തിന്റെ മികവ് ലോകമറിഞ്ഞു. 2000-ത്തിൽ കോഴിക്കോട് മലബാർ ഗേറ്റിൽ വലിയ ഷോറൂം ആരംഭിച്ചു. 1996-ൽ തിരൂരിലും 1998-ൽ കണ്ണൂരിലും ഷോറൂം തുടങ്ങി. തുടർന്ന് മലപ്പുറം, കാസർകോട്, മഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. 2000 ആയപ്പോൾ കമ്പനിയായി. ഇപ്പോൾ ഇന്ത്യക്കുപുറമേ 13 രാജ്യങ്ങളിലേക്കുകൂടി വ്യാപിച്ചു. 450 ഷോറൂമുകളുണ്ട്.'

പ്രവർത്തനരീതി

'ടീം വർക്കിലാണ് മുന്നോട്ടുപോകുന്നത്. ആദ്യകാലംതൊട്ടേ കൂടെയുണ്ടായിരുന്നവരാണ് ഇന്നും സ്ഥാപനത്തിന്റെ നിർണായകപദവികൾ കൈകാര്യംചെയ്യുന്നത്. ഇന്ത്യക്കുപുറത്തെ ബിസിനസിന്റെ ചുമതല മകൻ ഷംലാലിനും ഇന്ത്യക്കകത്തെ പ്രവർത്തനങ്ങളുടെ ചുമതല മരുമകനായ അഷറിനുമാണ്. സഹോദരീപുത്രൻ നിഷാദ് ആഭരണനിർമാണത്തിന്റെയും ആദ്യകാലപങ്കാളികളിൽ ഒരാളുടെ മകനായ ഷെറീജ് സാമ്പത്തികകാര്യങ്ങളുടെയും ചുമതലവഹിക്കുന്നു. കെ.പി. അബ്ദുൾ സലാമാണ് വൈസ് ചെയർമാൻ. ജീവിതപങ്കാളി സുബൈദയുടെയും മകൾ സൗജത്തിന്റെയും ഉറച്ചപിന്തുണയും മലബാറിന്റെ വളർച്ചയിൽ നിർണായകമായി. ഓരോ സ്ഥലത്തും ആഭരണങ്ങളുടെ ഉപയോഗം, വിൽപ്പനസാധ്യത, നമുക്ക് ലഭിക്കാവുന്ന മാർക്കറ്റ് ഷെയർ ഇതെല്ലാം റിസർച്ച് നടത്തി കണ്ടെത്തിയാണ് ഷോറൂമുകൾ തുടങ്ങുക. സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്നതിൽ ഏഷ്യൻ രാജ്യങ്ങളിലെ ആളുകളാണ് മുൻപന്തിയിൽ. നമ്മുടെ സംസ്‌കാരത്തിൽ സ്വർണത്തിന് വലിയ പ്രാധാന്യമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഡയമണ്ടിനാണ് കൂടുതൽ താത്പര്യം. കേരളത്തിനുപുറത്ത് ആദ്യമായി ബെംഗളൂരുവിലാണ് തുടങ്ങിയത്.'

ഏകദേശം 3000-ലധികം നിക്ഷേപകർ മലബാറിനൊപ്പം ഇപ്പോഴുണ്ട്. ഷെയറുടമകളിൽ ഇരുപതുശതമാനം പേരും ജോലിക്കാരാണ്. ??'ഗുണമേന്മയുടെ കാര്യത്തിൽ ഒരുതരത്തിലുള്ള കൃത്രിമവും അനുവദിക്കില്ല. അങ്ങനെ ചെയ്യുന്നവർ എന്റെ ബന്ധുവാണെങ്കിൽപ്പോലും ശക്തമായ നടപടി സ്വീകരിക്കും. ആയുഷ്‌കാലം മുഴുവൻ നീളുന്ന ആത്മബന്ധം ഉപഭോക്താവുമായി സൃഷ്ടിക്കുക എന്നതിനാണ് മുൻഗണന. ഒരു കുടുംബം ഷോറൂമിലേക്ക് ഒരിക്കൽ വന്നാൽ പിന്നീടവർ ഇവിടെത്തന്നെ വരുന്നരീതിയിലുള്ള സമീപനം ഉണ്ടാവണം. അവർ പറഞ്ഞുവേണം മറ്റുള്ളവർകൂടി വരാൻ. സ്വർണവ്യവസായത്തിൽ വിശ്വാസത്തിന് വലിയ സ്ഥാനമുണ്ട്.'

സുരക്ഷ

സ്വർണംപോലെ വിലയുള്ള ഉത്പന്നങ്ങൾ വിൽക്കുമ്പോൾ അതിനനുസരിച്ചുള്ള സുരക്ഷാസംവിധാനങ്ങളും കരുതലും അനിവാര്യമാണ്. കാനഡയിലെ ഒരു ഷോറൂമിൽ ഒരിക്കൽ തോക്കുമായി ഒരു സംഘം വന്ന് കൊള്ളയടിക്കാൻ ശ്രമിച്ചു. ആ രാജ്യത്തെ നിയമസംവിധാനത്തിന്റെ സഹായത്തിൽ നഷ്ടമായ ആഭരണങ്ങൾ വീണ്ടെടുത്തു. ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും വരാത്തരീതിയിൽ അതിനെയെല്ലാം പ്രതിരോധിക്കാനുള്ള സംവിധാനമുണ്ട്.

വെല്ലുവിളികൾ

വിവിധരാജ്യങ്ങളിലേക്ക് കച്ചവടം വ്യാപിപ്പിക്കുമ്പോൾ അതിനനുസരിച്ചുള്ള വെല്ലുവിളികളുമുണ്ടാവും. പല സ്ഥലങ്ങളിലും ഇങ്ങനെ വ്യാജപേരുകളും ലോഗോയും എന്തിന് ബ്രാൻഡ് അംബാസഡർമാരുടെ ഫോട്ടോയുംവരെ ഉപയോഗിച്ച് ഷോപ്പ് തുടങ്ങാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. അതെല്ലാം നിയമസംവിധാനം ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. ലോകത്തെല്ലായിടത്തും ഞങ്ങൾ രജിസ്റ്റേർഡ് ആയിട്ടാണ് നിലകൊള്ളുന്നത്.

മലബാർ വേ ഓഫ് ലൈഫ്

നിലവിലുള്ള മുപ്പതിനായിരത്തിലധികം ജീവനക്കാർക്കും കൃത്യമായ പരിശീലനം നൽകിയിട്ടുണ്ട്. ഈ ജീവനക്കാരിൽ വലിയൊരു പങ്കും ഇന്ത്യക്കാരാണ്. സ്റ്റാഫിനെ റിക്രൂട്ട് ചെയ്ത് നല്ല ട്രെയിനിങ് കൊടുത്ത് മലബാർ കുടുംബത്തിന്റെ ഭാഗമാക്കുകയാണ്. പരസ്പരവിശ്വാസം ഉണ്ടാക്കിയെടുക്കുകയാണ് പ്രധാനം. സ്ഥാപനത്തിനുള്ളിൽ മലബാർ വേ ഓഫ് ലൈഫ് എന്നൊരു നിയമാവലിതന്നെയുണ്ട്. തെറ്റിധരിപ്പിക്കുകയോ കളവുപറയുകയോ ചെയ്യരുത്, ആരെയും ഉപദ്രവിക്കരുത്, ലഹരി ഉപയോഗിക്കരുത് തുടങ്ങി പലകാര്യങ്ങൾ അതിൽപ്പെടുന്നു. നല്ല ഭക്ഷണവും താമസവും അവർക്ക് ഉറപ്പാക്കുന്നു.

സമൂഹത്തോടുള്ള ഉത്തരവാദിത്വം

മലബാർ ചാരിറ്റബിൾ ട്രസ്റ്റ് 1999-ലാണ് ആരംഭിക്കുന്നത്. തുടക്കംമുതലേ മൊത്തം ലാഭത്തിന്റെ നിശ്ചിതശതമാനം അതിലേക്ക് മാറ്റിവെക്കുന്നു. ശരീരികമായ പ്രശ്‌നങ്ങൾ കാരണം ജോലിചെയ്യാനോ മറ്റ് ആവശ്യങ്ങൾ നിറവേറ്റാനോ കഴിയാത്ത മനുഷ്യർ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ പരിഗണിക്കുക നമ്മുടെ കടമയാണെന്ന് ആദ്യമേ മനസ്സിലാക്കി. അത് മലബാറിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെയും ദരിദ്രരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായുള്ള മൈക്രോ ലേണിങ് സെന്ററുകൾ തുടങ്ങി. അതിനുവേണ്ടി എൻ.ജി.ഒ.കളെ നിയോഗിച്ചിട്ടുണ്ട്. അതേപോലെ ഇരുപത് സംസ്ഥാനങ്ങളിലായി ഒന്നരലക്ഷം ആളുകൾക്ക് ദിവസവും ഭക്ഷണം എത്തിക്കുന്നു. അതിനായും മലബാറിന്റെ ജീവനക്കാർ അതത് സംസ്ഥാനങ്ങളിലുണ്ട്. ആഫ്രിക്കയിലെ ദരിദ്രരാഷ്ട്രങ്ങളായ സാംബിയ, എത്യോപ്യ, ലൈബീരിയ എന്നിവിടങ്ങളിലായി 15,000 പേർക്ക് ദിവസവും ഭക്ഷണം നൽകുന്നു.

ഇനിയും മുന്നോട്ട്

ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുക വഴി മലബാറിനെ ലോകത്തെത്തന്നെ നമ്പർ വൺ ജൂവലറി ബ്രാൻഡായി മാറ്റുകയെന്ന വെല്ലുവിളിയാണ് ചെയർമാൻ തന്റെ ടീമംഗങ്ങൾക്ക് മുന്നിൽവെക്കുന്നത്. ജി.സി.സി., യൂറോപ്പ്, വടക്കെ അമേരിക്ക ഉൾപ്പെടെയുള്ള പ്രധാന വിപണികളിലേക്കും പുതിയ രാജ്യങ്ങളിലേക്കും വ്യാപനം വേഗത്തിലാക്കുക വഴി ഇന്ത്യയെ ലോക ജൂവലറി നിർമാണമേഖലയിൽ മുൻനിരയിലെത്തിക്കുക എന്ന സ്വപ്നമാണ് ഇതിനുപിന്നിൽ. ലോകോത്തരനിലവാരമുള്ള ആഭരണങ്ങൾ യഥാർഥവിലയിൽ ലഭ്യമാക്കാനാണ് പരിശ്രമം. ഇ.എസ്.ജി. (പരിസ്ഥിതി, സാമൂഹികക്ഷേമം, അതത് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും) പാലിക്കുന്ന ഒരു അന്താരാഷ്ട്ര ബ്രാൻഡ് എന്ന നിലയിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ഫലവൃക്ഷങ്ങൾ നട്ടുവളർത്തുന്നതിനുള്ള പരിശ്രമം നടക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സ്ത്രീശാക്തീകരണം, സമൂഹവികസനം എന്നീ കാര്യങ്ങളിൽ ഊന്നൽനൽകി മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം വിപുലമായി നടത്തിവരുന്നു.

ലോകത്ത് മനുഷ്യബന്ധങ്ങളുടെ പവിത്രതയെ സൂചിപ്പിക്കുന്ന ഉപഹാരങ്ങളാണ് സ്വർണാഭരണങ്ങൾ. അതുകൊണ്ടുതന്നെ ബന്ധങ്ങൾ നിലനിൽക്കുന്ന കാലത്തോളം സ്വർണവ്യാപാരവും നിലനിൽക്കും. നൂറുശതമാനം സത്യസന്ധതയോടെയും കൃത്യനിഷ്ഠതയോടെയും സഹജീവികളോടുള്ള സഹാനുഭൂതിയോടെയും അതത് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിച്ച് വ്യവസായം നടത്തിയാൽ വിജയം സുനിശ്ചിതമാണെന്നാണ് മലബാറിന്റെ വിജയഗാഥ തെളിയിക്കുന്നതെന്നും പുതുതായി ബിസിനസ് രംഗത്തേക്ക് വരുന്നവർക്ക് നൽകാനുള്ള സന്ദേശം അതുതന്നെയാണെന്നും എം.പി. അഹമ്മദ് പറയുന്നു.

Content Highlights: MP Ahammed started his career from a small copra shop in Kozhikode's Valiyangadi., Malabar Gold & Diamonds has grown into a global enterprise with 450 showrooms across 14 countries., The company allocates 5% of its net trading profit for social welfare and hunger-free world campaigns., Focus on trust, 916 purity, and employee welfare drives the brand's core philosophy.