ലക്ഷദ്വീപിന് വേണ്ടത് ജനാധിപത്യം, നടക്കേണ്ടത് പഞ്ചായത്ത് തിരഞ്ഞെടുപ്പ്

ലക്ഷദ്വീപിനെക്കുറിച്ചെഴുതുമ്പോൾ ഇവിടുത്തെ ഭരണവ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കാതെ മുന്നോട്ട് പോകാനാവില്ല. ഇന്ത്യൻ വൻകരയിലെ ലിബറലുകൾ ജനാധിപത്യത്തിന്റെയും ജനാധിപത്യ സംവിധാനങ്ങളുടെയും മൂല്യച്യുതികളെകുറിച്ച് ചർച്ച ചെയ്യുമ്പോൾ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഒരിക്കൽപോലും ജനാധിപത്യ ഭരണ സംവിധാനം നിലവിൽ വരാത്ത ഒരു പ്രദേശമാണ് ലക്ഷദ്വീപ് എന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽ അല്ലെങ്കിൽ വൈസ്രോയി മോഡലിൽ ഇന്ത്യൻ പ്രസിഡന്റ് എല്ലാവിധ അധികാരങ്ങളും നൽകി ഒരു വ്യക്തിയെ അനിശ്ചിതകാലത്തേക്ക് ഭരണത്തിനയക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഭരണഘടനയുടെ പിൻബലത്തോടെ ഒരു വർഷത്തിൽ 365 ദിവസവും 'അടിയന്തരാവസ്ഥ' നിലനിൽക്കുന്ന പ്രദേശം! ഏകാധിപത്യ പ്രവണതകൾക്ക് നേരിയ ആശ്വാസമായിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മൂന്നു വർഷമായി നടന്നിട്ടില്ല. ചുരുക്കത്തിൽ ഒരു വ്യക്തിയുടെ നിയന്ത്രണത്തിൽ പോലീസും റവന്യുവും ഗതാഗതവും തുടങ്ങി മുഴുവൻ ഭരണ സംവിധാനങ്ങളും പ്രവർത്തിക്കുന്ന പ്രദേശം. ഇതിനു പുറമെ കലാപം പോലുള്ള സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ അടിയന്തരഘട്ടത്തിൽ മാത്രം നടപ്പിലാക്കുന്ന ഇന്ത്യൻ പോലീസ് ആക്ട് സെക്ഷൻ 30 എല്ലാ 90 ദിവസവും പുതുക്കി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശം കൂടിയാണ് ലക്ഷദ്വീപ്. ഒരു പ്രതിഷേധമോ ഒരു പരിപാടിയോ നടത്തണമെങ്കിന് 48 മണിക്കൂർ മുൻപ് അനുമതി വാങ്ങണം. മിക്കവാറും എട്ട് കർശന നിബന്ധനകളോടെയായിരിക്കും പോലീസ് സൂപ്രണ്ടന്റ് അനുമതി നൽകുക, അതിൽ എട്ടാമത്തേത് അഡ്മിനിസ്ട്രേറ്ററെ വ്യക്തിപരമായി വിമർശിക്കാൻ പാടില്ല എന്നതായിരിക്കും.
Content Highlights: Lakshadweep`s development projects raise concerns about environmental impact and indigenous rights