വായിക്കപ്പെടുമ്പോഴും വിസ്മരിക്കപ്പെടുന്ന ഒരാള്‍; മാധവനാരോട് കാലം നീതി പുലര്‍ത്തിയോ?

ചില മനുഷ്യര്‍ അങ്ങനെയാണ്. പരിഭവങ്ങളേതുമില്ലാതെ അവര്‍ സ്വന്തം കര്‍മ്മമണ്ഡലത്തില്‍ വ്യാപരിക്കും. അംഗീകാരങ്ങൾ തേടി ഒരിക്കലും പോകുകയുമില്ല. ഫലമോ, ചരിത്രത്തില്‍ നിന്നും അവര്‍ വിസ്മൃതരാവും. മാധവനാര് എന്ന പേരില്‍ അറിയപ്പെട്ട കൂത്തിരേഴി മാധവന് നായര്‍ ചരിത്രപുസ്തകങ്ങളില്‍ ഇടം നേടാത്തതിന്റെ കാരണം മറ്റൊന്നല്ല. ഇന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ജന്മസ്ഥലമായ മലപ്പുറം ജില്ലയിലെ വള്ളിക്കുന്നില്‍ ജ്വാല ലൈബ്രറിയുടെ പുതിയ കെട്ടിടം ഉയരുമ്പോള്‍ അതൊരു നാടിന്റെ പ്രായശ്ചിത്തമാകാം, കാലത്തിന്റെ നീതിയുമാകാം.
ഗാന്ധിജിയുടെ ആത്മകഥയുടെ ആദ്യ മലയാള വിവര്‍ത്തനമായ 'എന്റെ സത്യാന്വേഷണ പരീക്ഷകള്‍' ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയിട്ടുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ആത്മകഥ പിന്നീട് പുസ്തകരൂപത്തില്‍ പുറത്തിറക്കുകയായിരുന്നു. മാധവനാരുടെ വിവര്‍ത്തനമാണ് മാതൃഭൂമി ബുക്സ് ഇന്നും പ്രസിദ്ധീകരിക്കുന്നത്. എന്നിട്ടും ഗാന്ധിജിയുടെ ആശയങ്ങളെ മലയാളികളിലേക്കെത്തിച്ച മാധവനാര് എന്ന എഴുത്തുകാരന് മലയാളിയുടെ സ്മൃതിമണ്ഡലത്തിനു പുറത്താണ്.
ഗാന്ധിജിയുമായി അടുത്ത ബന്ധമാണ് മാധവനാര്ക്കുണ്ടായിരുന്നത്. കെപിസിസി സെക്രട്ടറിയായിരുന്ന മാധവനാരുടെ കോഴിക്കോട്ടെ മാതൃഭൂമി ബില്‍ഡിങ്ങിലുള്ള ഔദ്യോഗിക വിലാസത്തിലേക്ക് ഗാന്ധിജി സ്വാതന്ത്ര്യ സമരമുറകൾ വിശദീകരിക്കുന്ന കത്തുകള്‍ അയയ്ക്കുമായിരുന്നു. കെ. കേളപ്പന്, മുഹമ്മദ് അബ്ദുറഹ്മാന് എന്നിവരോടൊപ്പം കോഴിക്കോട്ടെയും ബേപ്പൂരിലെയും ഉപ്പുസത്യാഗ്രഹത്തിന്റെ മുന്‍നിരയില്‍ മാധവനാരുണ്ടായിരുന്നു. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമാക്കാനായി സംഘടിപ്പിച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തിലും മാധവനാര് പങ്കെടുത്തു. ഗാന്ധിജിയുടെ കോഴിക്കോട് സന്ദര്‍ശനത്തിലും അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന സി. രാജഗോപാലാചാരിയുമായി മാധവനാര്‍ക്ക് വലിയ സൗഹൃദമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസ്സിന് പതിനെട്ടാം വയസ്സില്‍ എ.ഐ.സി.സി. സമ്മേളനത്തില്‍ പ്രതിനിധിയാകാനുള്ള അവസരമൊരുക്കിയത് മാധവനാരുമായുള്ള പരിചയമാണെന്ന് അപ്പുക്കുട്ടന് വള്ളിക്കുന്ന് എഴുതിയ 'അറിയപ്പെടാത്ത ഇ.എം.എസ്.' എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
വള്ളിക്കുന്നിലെ കൂത്തിരേഴി കുടുംബത്തില്‍ 1903ല്‍ ജനിച്ച മാധവന് നായര്‍ ഫറോക്ക് ഗണപത് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം നേടി. തൂടര്‍ന്ന് ജംഷഡ്പൂരിലെ ടാറ്റ കമ്പനി ലബോറട്ടറിയില്‍ ശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ചു. യാത്രകള്‍ എന്നും അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നു. അരവിന്ദഘോഷിന്റെ ആത്മീയ ചിന്തകളും ബ്രഹ്മവിദ്യാസംഘത്തിന്റെ ആശയങ്ങളുമായിരുന്നു അദ്ദേഹത്തെ മുന്നോട്ട് നയിച്ചിരുന്നത്. ജംഷഡ്പൂരില്‍ നിന്നും ഹിമാലയത്തിലേക്ക് നടത്തിയ ആത്മീയയാത്രയിലെ അനുഭവങ്ങള്‍ 'ഒരു ഹിമാലയ യാത്ര' എന്ന പേരില്‍ 1927ല്‍ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യത്തെ ഹിമാലയ യാത്രാവിവരണമാണ് ഇത്. 2012, 2014, 2016 വര്‍ഷങ്ങളില്‍ മാതൃഭൂമി ബുക്സ് പുനഃപ്രസിദ്ധീകരിച്ച പുസ്തകത്തിന് ഇപ്പോഴും വായനക്കാര്‍ ഏറെയുണ്ട്.
അക്കാലത്ത് 100 രൂപ ശമ്പളമുണ്ടായിരുന്ന ടാറ്റയിലെ ജോലി ഉപേക്ഷിച്ച് മാധവനാര് കോഴിക്കോട്ട് മടങ്ങിയെത്തി. 1931ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിക്കുകയും പിന്നീട് അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു. മാതൃഭുമി പ്രസ്സില്‍ നിന്നും ആദ്യ കോപ്പി അച്ചടിച്ചിറങ്ങിയ ശേഷം മലപ്പുറത്തേക്ക് പത്രക്കെട്ടുകള്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ സഞ്ചരിച്ച് ഫറോക്കില്‍ ഇറങ്ങി കൂരിരുട്ടില്‍ 10 കിലോമീറ്ററോളം നടന്ന് വള്ളിക്കുന്നിലെ വീടണയാറുള്ള മാധവനാരെ കൂത്തിരേഴി കുടുംബത്തിലെ പിന്മുറക്കാര് ഓര്‍ക്കുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് എഴുതിയ ലേഖനത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ മാധവനാര്ക്കൊപ്പം ജോലി ചെയ്ത കാലത്തെക്കുറിച്ച് സ്മരിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടോളം മാധവനാര് മാതൃഭൂമിയുടെ ഭാഗമായിരുന്നു.
സാമൂഹിക മാറ്റങ്ങള്‍ കുടുംബത്തില്‍ നിന്നും ആരംഭിക്കണം എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. കൂത്തിരേഴി തറവാട്ടിലേക്ക് ഒരു ഹരിജന്‍ ബാലനെ പ്രവേശിപ്പിച്ചത് അക്കാലത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. നിറംങ്കൈതക്കോട്ട ക്ഷേത്രത്തില്‍ അവര്‍ണര്‍ക്കും പ്രാര്‍ഥിക്കാന്‍ തുല്യ അവസരം ലഭിക്കുന്നതിനായി അദ്ദേഹം ശബ്ദമുയര്‍ത്തി. തികഞ്ഞ ഗാന്ധിയനായിരുന്ന മാധവനാര് സ്വന്തം ജീവിതത്തിലും ഗാന്ധിജിയെപ്പോലെ മിതത്വം പുലര്‍ത്തി. മുട്ടോളം വരുന്ന നേരിയ ഖദര്‍ മുണ്ടും മുറിക്കയ്യന്‍ ഖദര്‍ ഷര്‍ട്ടുമായിരുന്നു സ്ഥിരം വേഷം. ജീവിതാവസാനം വരെ അവിവാഹിതനായി തുടര്‍ന്നു. 1964ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയം രുചിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ കയ്പേറിയ അധ്യായം.
വിശ്രമജീവിതം നയിക്കുന്ന കാലത്ത് മാധവനാരുടെ വള്ളിക്കുന്നിലെ വീട്ടില്‍ ഒരു അതിഥി എത്താറുണ്ട്. കോഴിക്കോട്ട് നിന്നും ബസ്സ് പിടിച്ച് ഒലിപ്രംകടവില്‍ ഇറങ്ങി കടത്തുതോണിയില്‍ ഇക്കരയെത്തുന്ന അതിഥി, ഒരു കുടയും കക്ഷത്തില്‍ വെച്ച്, കാഴ്ചകളോരോന്നും ആസ്വദിച്ച് പതുക്കെ നടന്നെത്തും. ബാലിയിലെയും മാഡ്രിഡിലേയും തെരുവുകളിലെന്ന പോലെ നാട്ടിലെ യാത്രകളും നെഞ്ചോട് ചേര്‍ത്തിരുന്ന ആ സഞ്ചാരിയുടെ പേര് എസ്.കെ. പൊറ്റക്കാട് എന്നായിരുന്നു. സഞ്ചാര സാഹിത്യത്തിലെ അഗ്രഗാമിയും കുലപതിയും തമ്മിലുണ്ടായിരുന്നത് പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ ബന്ധം. സാഹിത്യകാരന്മാരുടെ മുഖം ജനകീയവല്‍ക്കരിച്ച സോഷ്യല്‍ മീഡിയക്കാലത്തിനു മുമ്പ് ജീവിച്ചിരുന്നതിനാല്‍ എസ്.കെ. പൊറ്റക്കാടിനെ തിരിച്ചറിഞ്ഞവര്‍ വള്ളിക്കുന്നില്‍ വിരളമായിരുന്നു. തിരിച്ചറിഞ്ഞവരാകട്ടെ നമ്മുടെ നാട്ടില്‍ എസ്.കെ.യോ എന്ന് അദ്ഭുതം കൂറുകയും ചെയ്തു. തിക്കോടിയന് അടക്കം കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെ വലിയ സൗഹൃദവലയം മാധവനാര്ക്കുണ്ടായിരുന്നു.
പുസ്തകങ്ങളായിരുന്നു അദ്ദേഹത്തിന്റെ ലോകം. വിശ്വസാഹിത്യത്തിലെ പുതിയ രചനകള്‍ തപാല്‍ വഴി വരുത്തുമായിരുന്നു. പുസ്തകങ്ങള്‍ വായിക്കാനായി കടം വാങ്ങിയ പലരും തിരികെ നല്‍കിയില്ല. 1980ല്‍ അന്തരിച്ച മാധവനാരുടെ പുസ്തകശേഖരം കോഴിക്കോട് ഗോവിന്ദപുരത്തെ ഒരു വായനശാലയിലേക്ക് കൈമാറിയതായി അറിയുന്നു.
ജന്മനാട്ടില് നാലര പതിറ്റാണ്ട് കാലം അദ്ദേഹത്തിന് സ്മാരകങ്ങള്‍ ഒന്നും ഉയര്‍ന്നില്ല, ജ്വാല ലൈബ്രറിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന സ്മാരക മന്ദിരമൊഴികെ. എങ്കിലും എഴുതിയ രണ്ട് പുസ്തകങ്ങളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു. ഇപ്പോള്‍ എഴുതാത്തതെന്ത് എന്ന ചോദ്യത്തിന് താനിപ്പോള്‍ ജീവിതത്തിന്റെ സായന്തന വേളയിലാണെന്നും അവശേഷിച്ച സമയം വായനയ്ക്കായി വിനിയോഗിക്കണമെന്നും മറുപടി പറഞ്ഞ തികഞ്ഞ പുസ്തകപ്രേമിയായിരുന്നു അദ്ദേഹം. ഒരു വായനശാലയുടെ കെട്ടിടം തന്നെയാണ് അദ്ദേഹത്തിനുള്ള ഉചിതമായ സ്മാരകം. ഗാന്ധിജിയുടെ വിവര്ത്തകന് സര്‍ക്കാര്‍തലത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ഇനിയെങ്കിലും ലഭിക്കുമെന്ന് പ്രത്യാശിക്കാം.
Content Highlights: koothirezhi madhavan nair