കേരളത്തിലെ പോലീസ് അതിക്രമങ്ങൾ; നിയമങ്ങളും മനുഷ്യാവകാശങ്ങളും

2025-ൽ കേരളത്തിൽ പുറത്തുവന്ന പോലീസ് അതിക്രമ കേസുകൾ യാദൃശ്ചിക സംഭവങ്ങളല്ല. ഗർഭിണിയായ സ്ത്രീയെ പോലീസ് സ്റ്റേഷനിൽ മർദിച്ചത്, കസ്റ്റഡിയിൽ യുവാക്കൾ മരിച്ച സംഭവങ്ങൾ, സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വീണ്ടും ചർച്ചയായ പീഡനക്കേസുകൾ ഇവയെല്ലാം ചേർന്ന് ഭീതിദമായ യാഥാർഥ്യം തുറന്നു കാണിക്കുന്നു. പോലീസിലെ ഒരു വിഭാഗം കരുതുന്നത് പൗരന്മാരെ കയ്യേറ്റം ചെയ്യുന്നത് ഭരണഘടന തങ്ങൾക്ക് നൽകിയ നിയമപരമായ അധികാരമാണ് എന്നാണ്.
പോലീസ് അതിക്രമങ്ങൾ നിയന്ത്രിക്കാനുള്ള പ്രധാന നിയമങ്ങളും മനുഷ്യാവകാശ ചട്ടങ്ങളും :
1-ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള പൗരന്റെ അധികാരം
പൗരന്റെ ജീവനും ശരീരസുരക്ഷയും മാനവും സംരക്ഷിക്കപ്പെടേണ്ടത് ഭരണഘടനാപരമായ അവകാശമാണ്. പോലീസ് കസ്റ്റഡിയിലെ പീഡനവും മാനസിക പീഡനവും ആർട്ടിക്കിൾ 21-ന്റെ നേരിട്ടുള്ള ലംഘനമാണ്.നിയമപാലനം എന്ന വാക്ക് ഒരിക്കലും മർദനത്തിന് അനുമതി നൽകുന്നില്ല.
ആർട്ടിക്കിൾ 20(3) സ്വയം കുറ്റം സമ്മതിക്കാൻ ആരെയും നിർബന്ധിക്കരുത്
ഒരു പ്രതിയെ ശാരീരികമോ മാനസികമോ ആയ സമ്മർദത്തിലൂടെ കുറ്റസമ്മതം ചെയ്യിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണ്. കസ്റ്റഡിയിൽ മർദിച്ച് കുറ്റം ഏറ്റുപറയിപ്പിക്കുക എന്ന പോലീസ് രീതി ഈ ആർട്ടിക്കിളിന്റെ നഗ്‌നമായ ലംഘനമാണ്.
- ആർട്ടിക്കിൾ 14 നിയമത്തിനു മുന്നിലെ സമത്വം;
പോലീസുകാരനും സാധാരണ പൗരനും ഒരുപോലെ നിയമത്തിന് വിധേയരാണ്. യൂണിഫോം ധരിച്ചതുകൊണ്ട് അധികാരദുരുപയോഗത്തിന് ഇളവ് ലഭിക്കില്ല.
ക്രിമിനൽ പ്രൊസീജർ നിയമം (സിആർപിസി) / ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്എസ്).
- വകുപ്പ് 41 & 41എ (സിആർപിസി) / (ബിഎൻഎസ്എസ്എസ് 35 വകുപ്പ് ) അറസ്റ്റ് നടപടികൾ
അനാവശ്യ അറസ്റ്റ് ഒഴിവാക്കണം. അറസ്റ്റ് അനിവാര്യമെങ്കിൽ കാരണം രേഖപ്പെടുത്തണം. അറസ്റ്റിലായ വ്യക്തിക്ക് അവകാശങ്ങൾ അറിയിക്കേണ്ടത് പോലീസിന്റെ നിയമബാധ്യതയാണ്.
- സിആർപിസി വകുപ്പ് 50 ( ബിഎൻഎസ്എസ്എസ് വകുപ്പ് 47) അറസ്റ്റിന്റെ കാരണം അറിയിക്കൽ:
അറസ്റ്റിലായ വ്യക്തിയെ ഏത് കുറ്റത്തിനാണ് പിടികൂടുന്നതെന്ന് വ്യക്തമായി അറിയിക്കണം. ഇത് അറിയിക്കാതെയുള്ള തടങ്കൽ നിയമവിരുദ്ധമാണ്.
- സിആർപിസി വകുപ്പ് 54 ( ബിഎൻഎസ്എസ്എസ് വകുപ്പ് 53) മെഡിക്കൽ പരിശോധന:
കസ്റ്റഡിയിൽ ഉള്ള വ്യക്തിക്ക് മർദനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മെഡിക്കൽ പരിശോധന ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്. ഇത് പീഡനം മറയ്ക്കാതിരിക്കാനുള്ള ഒരു സംരക്ഷണ വ്യവസ്ഥയാണ്.
- സിആർപിസി 57 ( ബിഎൻഎസ്എസ്എസ് വകുപ്പ് 58) : 24 മണിക്കൂർ നിയമം :
അറസ്റ്റിലായ വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. ഈ കാലാവധി കടന്നുള്ള പോലീസ് കസ്റ്റഡി പൂർണമായും നിയമവിരുദ്ധമാണ്.
3-ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി / ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്):
വകുപ്പ് 330 & 331 (ഐപിസി) / ബിഎൻഎസ് 120 വകുപ്പ്;
കുറ്റസമ്മതം നേടാനായി കസ്റ്റഡിയിൽ മർദനം നടത്തിയാൽ ഗുരുതര കുറ്റമാണ്. ഗുരുതര പരിക്ക് സംഭവിച്ചാൽ കടുത്ത ശിക്ഷ നിർബന്ധമാണ്.
വകുപ്പ് 166 (ബിഎൻഎസ്എസ് 198 വകുപ്പ്) നിയമവിരുദ്ധമായി അധികാരം ദുരുപയോഗം ചെയ്യൽ:
ഒരു പോലീസ് ഉദ്യോഗസ്ഥൻ നിയമം ലംഘിച്ച് ഒരാളുടെ അവകാശങ്ങൾ നിഷേധിച്ചാൽ, അത് വ്യക്തിഗത കുറ്റമായി കണക്കാക്കപ്പെടുന്നു. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സംരക്ഷണം ലഭിക്കില്ല.
4-സ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ
- സിആർപിസി /ബിഎൻഎസ്എസ് സ്ത്രീകളുടെ അറസ്റ്റ്;
സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സാധാരണയായി പകൽസമയത്ത് മാത്രമായിരിക്കണം. വനിതാ പോലീസ് ഉദ്യോഗസ്ഥർ മുഖേന മാത്രമേ അറസ്റ്റ് നടത്താവൂ. പുരുഷ പോലീസ് ഉദ്യോഗസ്ഥന് സ്ത്രീയെ സ്പർശിക്കാൻ പോലും നിയമപരമായ അധികാരമില്ല.
ലൈംഗിക അതിക്രമങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങൾ
പോലീസ് സ്റ്റേഷനിൽ പോലും സ്ത്രീയുടെ മാനവും ശരീരസുരക്ഷയും സംരക്ഷിക്കപ്പെടണം. സ്റ്റേഷനിൽ നടന്ന മർദനം ഇരട്ടിയായി ഗുരുതര കുറ്റമാണ്.
5-ഡികെ ബാസു കേസ് -കസ്റ്റഡി പീഡനത്തിനെതിരായ അടിസ്ഥാന വിധി
സുപ്രീം കോടതി ഈ കേസിൽ നൽകിയ നിർദേശങ്ങൾ:
അറസ്റ്റിന്റെ മെമോ തയ്യാറാക്കണം
ബന്ധുക്കൾക്ക് ഉടൻ വിവരം അറിയിക്കണം
കസ്റ്റഡി സമയത്ത് മെഡിക്കൽ പരിശോധന നിർബന്ധം
പോലീസ് ഡയറിയിൽ എല്ലാ വിവരങ്ങളും രേഖപ്പെടുത്തണം
ഈ നിർദേശങ്ങൾ സംസ്ഥാനത്തിന്റെ മാതൃഭാഷയിൽ പോലീസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കണം
ഇവ പാലിക്കാത്തത് കോടതിയലക്ഷ്യവും മനുഷ്യാവകാശ ലംഘനവും ആണ്.
6- മനുഷ്യാവകാശ നിയമങ്ങളും എൻഎച്ച്ആർസി മാർഗനിർദേശങ്ങളും
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി )
കസ്റ്റഡിയിൽ മരണമോ ഗുരുതര പീഡനമോ സംഭവിച്ചാൽ, സ്വതന്ത്ര അന്വേഷണം നിർബന്ധമാണ്. നഷ്ടപരിഹാരം മാത്രം മതിയാകില്ല; കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടിയും വേണം.
- അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകൾ (ഐസിസിപിആർ)
ഇന്ത്യ ഒപ്പുവെച്ച കരാറുകൾ പ്രകാരം, പീഡനവും ക്രൂരമായ ശിക്ഷയും നിരോധിതമാണ്. പോലീസ് കസ്റ്റഡി ഒരു പീഡനമേഖല ആകരുത്.
നിഗമനം : കേരളത്തിൽ പോലീസ് അതിക്രമങ്ങൾ തുടരുന്നത് നിയമത്തിന്റെ അഭാവം കൊണ്ടല്ല, മറിച്ച് നിയമത്തെ അവഗണിക്കുന്ന മനോഭാവം കൊണ്ടാണ്.
സസ്‌പെൻഷൻ മാത്രം ശിക്ഷയാകില്ല. കുറ്റപത്രം, വിചാരണ, ശിക്ഷ ഇവ നടപ്പിലായാൽ മാത്രമേ പോലീസ് സ്റ്റേഷനുകൾ നിയമത്തിന്റെ ക്ഷേത്രങ്ങൾ ആകൂ; ഭീതിയുടെ മുറികൾ അല്ല.