6800 ൽ നിന്ന് വെറും ഒന്നിലേക്ക്, കശ്മീരി യുവാക്കൾ ഭീകരവാദികളാകുന്നത് നിലച്ചു; തന്ത്രം മാറ്റി പാക് ഭീകരർ

#സ്വന്തം ലേഖകന്‍
പ്രതീകാത്മകചിത്രം | Photo: ANI
പ്രതീകാത്മകചിത്രം | Photo: ANI

ജമ്മു കശ്മീരിലെ സുരക്ഷാ അന്തരീക്ഷത്തിലും സാമൂഹിക ഘടനയിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി സംഭവിച്ച മാറ്റങ്ങൾ രാഷ്ട്രീയ തന്ത്രങ്ങളുടെയും ആഭ്യന്തര സുരക്ഷാ നയങ്ങളുടെയും ചരിത്രത്തിലെ പ്രധാനപ്പെട്ട മുന്നേറ്റങ്ങളിലൊന്നാണ്. 1989-ൽ ആരംഭിച്ച് 1990-കളുടെ മധ്യത്തോടെ പരകോടിയിലെത്തിയ വിഘടനവാദ -ഭീകരവാദ പ്രശ്‌നങ്ങൾ മേഖലയിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും ദശാബ്ദങ്ങളോളം തളർത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക വിവരങ്ങൾ പ്രകാരം 1996-ൽ ജമ്മു കശ്മീരിൽ വിവിധ സംഘടനകളിൽപെട്ട 6,800-ഓളം സജീവ ഭീകരരാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീർ താഴ്വരയിൽ അവശേഷിക്കുന്ന പ്രാദേശികമായി റിക്രൂട്ട് ചെയ്യപ്പെട്ട സജീവ ഭീകരരുടെ എണ്ണം കേവലം ഒന്നിലേക്ക് ചുരുങ്ങി എന്ന റിപ്പോർട്ടുകളാണ് വരുന്നത്. മേഖലയിലെ തീവ്രവാദ ശൃംഖലകളുടെ ഘടനാപരമായ തകർച്ചയാണ് പ്രദേശിക ഭീകരവാദികളുടെ എണ്ണത്തിലുണ്ടായ കുറവിനെ കണക്കാക്കുന്നത്.

ഈ വലിയ മാറ്റം പെട്ടെന്നുണ്ടായ ഒരു സംഭവവികാസമല്ല, മറിച്ച് കൃത്യമായി ആസൂത്രണം ചെയ്ത സൈനിക നടപടികൾ, നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സാങ്കേതിക നിരീക്ഷണ സംവിധാനങ്ങൾ, ഭീകരവാദ സാമ്പത്തിക ശൃംഖലകൾക്ക് മേലുള്ള കർശന നിരോധനങ്ങൾ, സംസ്ഥാനത്തിന്റെ പുനഃസംഘടന എന്നിവയുടെ സംയോജിത ഫലമാണ്. ഇതിനോടൊപ്പം ഭീകരവാദത്തോടും അക്രമ രാഷ്ട്രീയത്തോടും കശ്മീരി പൊതുസമൂഹത്തിനുണ്ടായ കടുത്ത നിരാശയും, വികസനത്തിലും സാമ്പത്തിക പുരോഗതിയിലുമുള്ള ജനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തവും ഈ മാറ്റത്തിന് വേഗത കൂട്ടി.

കശ്മീരിലെ സജീവ തീവ്രവാദികളുടെ എണ്ണത്തിലുണ്ടായ കുറവ് കൃത്യമായ ഘട്ടങ്ങളിലൂടെയാണ് സംഭവിച്ചത്. 1996-ൽ 6,800 ആയിരുന്ന സജീവ ഭീകരരുടെ എണ്ണം 2013-ൽ 240 ആയും 2014 ജനുവരിയിൽ 199 ആയും കുറഞ്ഞു. 2016-ൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെത്തുടർന്ന് സോഷ്യൽ മീഡിയ പ്രചാരണങ്ങളിലൂടെ പ്രാദേശിക യുവാക്കൾക്കിടയിൽ തീവ്രവാദ ബന്ധം പുനരുജ്ജീവിപ്പിക്കപ്പെടുകയും 2018-ൽ സജീവ ഭീകരരുടെ എണ്ണം 300 കടക്കുകയും ചെയ്തിരുന്നു. എന്നാൽ 2019-ന് ശേഷം സുരക്ഷാ സേനകൾ കൈക്കൊണ്ട കർശന നടപടികളുടെ ഫലമായി പ്രാദേശിക റിക്രൂട്ട്മെന്റ് പൂർണ്ണമായും നിലയ്ക്കുന്ന ഘട്ടത്തിലേക്ക് എത്തിച്ചേർന്നു. സുരക്ഷാ ഏജൻസികളുടെ വിവരമനുസരിച്ച്, കുൽഗാം സ്വദേശിയായ മുഹമ്മദ് ലത്തീഫ് ഭട്ട് മാത്രമാണ് നിലവിൽ താഴ്വരയിൽ അവശേഷിക്കുന്ന ഏക പ്രാദേശിക ഭീകരൻ. അനന്ത്‌നാഗിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ നടന്ന ആക്രമണത്തിലും കുൽഗാമിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ നടന്ന വെടിവെപ്പിലും ഇയാൾക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം മേഖലയിൽ പ്രവർത്തിക്കുന്ന വിദേശ ഭീകരരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. 2024 ജൂണിൽ 70 മുതൽ 80 വരെയായിരുന്ന വിദേശ ഭീകരരുടെ എണ്ണം 2025-ഓടെ 35 ആയി കുറഞ്ഞു.

ഇന്ത്യൻ സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിൾസ് (Rashtriya Rifles), സിആർപിഎഫ്, ജമ്മു കശ്മീർ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കിയ 'ഓപ്പറേഷൻ ഓൾ-ഔട്ട്' (Operation All-Out) ആണ് ഭീകരസംഘടനകളുടെ കമാൻഡ് ശൃംഖല തകർത്തത്. മുൻനിര കമാൻഡർമാർ തുടർച്ചയായി വധിക്കപ്പെട്ടതോടെ ഭീകരസംഘടനകൾക്ക് പുതിയ കേഡറുകൾക്ക് പരിശീലനം നൽകാനും ആസൂത്രിത ആക്രമണങ്ങൾ നടത്താനുമുള്ള ശേഷി നഷ്ടപ്പെട്ടു. നിയന്ത്രണ രേഖയിലെ ഭീകരവിരുദ്ധ ഗ്രിഡ് ശക്തിപ്പെടുത്തിയത് അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം പൂർണ്ണമായി തടയുന്നതിൽ നിർണ്ണായകമായി. ബഹുതലത്തിലുള്ള മുള്ളുവേലികൾ, തെർമൽ ഇമേജറുകൾ, റഡാറുകൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ എന്നിവ അതിർത്തിയിൽ സ്ഥാപിച്ചതും 2021 ഫെബ്രുവരിയിലെ ഇന്ത്യ-പാകിസതാൻ വെടിനിർത്തൽ ധാരണയും നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ഗണ്യമായി പ്രതിരോധിച്ചു. ഇതിന്റെ ഫലമായി 2023-ലും 2026-ലും നിയന്ത്രണ രേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങളുടെ എണ്ണം പൂജ്യമായി. സൈനിക നടപടികൾക്കൊപ്പം കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ഇന്റലിജൻസ് ഓപ്പറേഷനുകൾ പ്രാദേശിക തലത്തിൽ ഭീകരർക്ക് അഭയവും വിവരങ്ങളും നൽകിയിരുന്ന ഓവർഗ്രൗണ്ട് വർക്കർമാരുടെ ശൃംഖലയും തകർത്തു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും (NIA) സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും (SIA) സംയുക്തമായി നടത്തിയ റെയ്ഡുകൾ ഭീകരർക്ക് ആവശ്യമായ ആയുധങ്ങൾ, പണം, ഒളിത്താവളങ്ങൾ എന്നിവ എത്തിച്ചുനൽകുന്ന ശൃംഖലകളെ നിർവീര്യമാക്കി.

2019 ഓഗസ്റ്റ് 5-ന് ഭരണഘടനയുടെ 370, 35എ വകുപ്പുകൾ റദ്ദാക്കിക്കൊണ്ട് ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചത് ഇക്കാര്യത്തിൽ നിർണായകമായി. സംസ്ഥാനത്തിന് ലഭിച്ചിരുന്ന പ്രത്യേക പദവി മാറിയതോടെ കേന്ദ്ര സുരക്ഷാ-അന്വേഷണ ഏജൻസികൾക്ക് കശ്മീരിൽ പൂർണ്ണ അധികാരത്തോടെ ഇടപെടാനും നിയമനടപടികൾ വേഗത്തിലാക്കാനും സാധിച്ചു. നിയമവിരുദ്ധ പ്രവർത്തന തടയൽ നിയമം (UAPA) കർശനമായി നടപ്പിലാക്കിയതിലൂടെ 2019-നും 2023-നും ഇടയിൽ ഭീകരബന്ധം ആരോപിക്കപ്പെട്ട 3,662 വ്യക്തികളെയാണ് അറസ്റ്റ് ചെയ്തത്. ഭീകരവാദ സാമ്പത്തിക ശൃംഖലകൾക്ക് മേൽ കേന്ദ്ര സർക്കാർ നടത്തിയ കർശന നടപടികൾ ഭീകരപ്രവർത്തനങ്ങളുടെ ശേഷി ഇല്ലാതാക്കി. ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ വ്യക്തികളുടെയും സംഘടനകളുടെയും ആസ്തികൾ എൻ.ഐ.എ കണ്ടുകെട്ടുകയും വസ്തുവകകൾ കണ്ടുകെട്ടൽ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തിയതും വിഘടനവാദ നേതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും താഴ്വരയിലെ സമാന്തര സാമ്പത്തിക വ്യവസ്ഥയെ തകർത്തു.

കൊല്ലപ്പെടുന്ന ഭീകരരുടെ മൃതദേഹങ്ങൾ പൊതു സംസ്‌കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുനൽകുന്ന രീതി ഭരണകൂടം അവസാനിപ്പിച്ചത് പ്രാദേശിക റിക്രൂട്ട്മെന്റ് കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മുൻകാലങ്ങളിൽ ഭീകരരുടെ സംസ്‌കാര ചടങ്ങുകൾ വികാരഭരിതമായ വിലാപയാത്രകളായും പുതിയ യുവാക്കളെ അക്രമത്തിന്റെ പാതയിലേക്ക് ആർഷിക്കുന്ന പ്രചാരണ വേദികളായും മാറപ്പെട്ടിരുന്നു. ഈ ചടങ്ങുകൾ തടഞ്ഞതോടെ ഭീകരവാദത്തിന് ലഭിച്ചിരുന്ന സാമൂഹികമായ പങ്കാളിത്തം ഇല്ലാതായി. ദശാബ്ദങ്ങൾ നീണ്ട അക്രമങ്ങളും സാമ്പത്തിക നഷ്ടങ്ങളും അനശ്ചിതത്വവും കശ്മീരി സമൂഹത്തെ തീവ്രവാദ ആശയങ്ങളിൽ നിന്ന് അകന്നു ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഒരുകാലത്ത് താഴ്വരയിലെ ദൈനംദിന ജീവിതത്തെ പൂർണ്ണമായി സ്തംഭിപ്പിച്ചിരുന്ന സംഘടിത കല്ലേറ് സമരങ്ങളും വിഘടനവാദ സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന ഹർത്താലുകളും അവസാനിച്ചു.

മാറ്റം ഉൾക്കൊണ്ട് വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ താഴ്വരയിലെ യുവാക്കൾ തയ്യാറായി. ഭീകരവാദ സംഘടനകളിൽ ചേരുന്നതിൽ നിന്ന് സ്വന്തം മക്കളെ തടയാൻ കുടുംബങ്ങളും പ്രാദേശിക കൂട്ടായ്മകളും സജീവമായി രംഗത്തിറങ്ങി. തെറ്റായ പാതയിൽ അകപ്പെട്ട യുവാക്കളെ കീഴടങ്ങാൻ പ്രേരിപ്പിക്കാനും സുരക്ഷാ സേനയുമായി സഹകരിച്ച് അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും രക്ഷിതാക്കൾ കാണിച്ച താല്പര്യം പ്രാദേശിക റിക്രൂട്ട്മെന്റ് കേവലം ഒന്നിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായകമായി. സാമ്പത്തിക സുസ്ഥിരതയും വിനോദസഞ്ചാര കുതിച്ചുചാട്ടവും സുരക്ഷാ അന്തരീക്ഷത്തിലുണ്ടായ പുരോഗതിയും ജമ്മു കശ്മീരിന്റെ സാമ്പത്തിക മേഖലയിൽ പ്രതിഫലിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതോടെ വിനോദസഞ്ചാര രംഗത്ത് മുൻപെങ്ങുമില്ലാത്ത വളർച്ച രേഖപ്പെടുത്തി. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ 7.85 കോടിയിലധികം വിനോദസഞ്ചാരികളാണ് ജമ്മു കശ്മീർ സന്ദർശിച്ചത്.

സാമ്പത്തിക സഹായങ്ങളും തൊഴിലവസരങ്ങളും ലഭ്യമായതോടെ വിഘടനവാദ ആശയങ്ങൾക്ക് കശ്മീരി യുവാക്കൾക്കിടയിൽ ലഭിച്ചിരുന്ന ആകർഷണം പൂർണ്ണമായി ഇല്ലാതായി. കശ്മീർ താഴ്വരയിൽ പ്രാദേശിക തീവ്രവാദം തകർച്ച നേരിട്ടെങ്കിലും, ഭീകരസംഘടനകൾ തങ്ങളുടെ പ്രവർത്തന തന്ത്രങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സുരക്ഷ ശക്തമായ കശ്മീർ താഴ്വരയിൽ നിന്ന് അക്രമങ്ങൾ ജമ്മു മേഖലയിലെ പീർ പഞ്ചാൽ പർവ്വതനിരകൾക്ക് തെക്കുവശത്തുള്ള സാന്ദ്രമായ വനമേഖലകളിലേക്കും അതിർത്തി ജില്ലകളിലേക്കും (രാജൗരി, പൂഞ്ച്, റിയാസി, കിഷ്ത്വാർ) മാറ്റപ്പെട്ടു. 2018-ൽ കേവലം 5% മാത്രമായിരുന്ന ജമ്മു മേഖലയിലെ അക്രമസംഭവങ്ങൾ 2025 ആയപ്പോഴേക്കും ആകെ ഭീകരാക്രമണങ്ങളുടെ 60%-ത്തിൽ അധികമായി ഉയർന്നത് സുരക്ഷാ ഏജൻസികൾക്ക് പുതിയ വെല്ലുവിളിയാണ്. ദുർഘടമായ ഭൂപ്രകൃതിയും സ്വാഭാവിക ഗുഹകളും വിദേശ ഭീകരർക്ക് താൽക്കാലികമായി ഒളിച്ചിരിക്കാൻ സഹായകരമാകുന്നുണ്ട്.മുൻകാല ക്രിമിനൽ പശ്ചാത്തലമോ സുരക്ഷാ ഏജൻസികളുടെ പട്ടികയിൽ പേരോ ഇല്ലാത്ത യുവാക്കളെ ഉൾപ്പെടുത്തി അക്രമങ്ങൾ നടത്തുന്ന 'ഹൈബ്രിഡ് ഭീകരവാദം' മറ്റൊരു തന്ത്രമാണ്.

അതിർത്തി കടന്നെത്തുന്ന ഡ്രോണുകൾ വഴി ചെറുആയുധങ്ങളും പിസ്റ്റളുകളും എത്തിച്ചുനൽകുകയും ഓൺലൈൻ ഹാൻഡ്ലർമാർ വഴി ലക്ഷ്യങ്ങൾ നിശ്ചയിച്ചു നൽകുകയും ചെയ്തുകൊണ്ട് ഇവർ ചെറിയ ആക്രമണങ്ങൾ നടത്തുന്നു. കശ്മീരി പണ്ഡിറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ, അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ട് ഭീതി പടർത്തുകയാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യം. അന്താരാഷ്ട്ര സാമ്പത്തിക നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ (FATF) നടപടികളിൽ നിന്നും ഉപരോധങ്ങളിൽ നിന്നും ഒഴിവാകുന്നതിനായി പാകിസ്താൻ കേന്ദ്രീകൃത ഭീകരസംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബയും ജെയ്ഷെ മുഹമ്മദും പുതിയ പേരുകളിൽ മതേതര പ്രതിച്ഛായയുള്ള 'പ്രോക്‌സി' സംഘടനകൾ രൂപീകരിച്ചു. ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF), പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (PAFF), കശ്മീർ ടൈഗേഴ്സ് എന്നിവ ഈ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനകളാണ്. 2024 ജൂണിൽതീർത്ഥാടകരുടെ ബസിന് നേരെ നടന്ന ആക്രമണവും 2025 ഏപ്രിലിൽ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണവും പ്രാദേശിക റിക്രൂട്ട്മെന്റുകൾ ഇല്ലാതാകുമ്പോഴും വിദേശ ഭീകരരെ ഉപയോഗിച്ച് ആഘാതം സൃഷ്ടിക്കാൻ ഭീകരശൃംഖലകൾ ശ്രമിക്കുന്നുവെന്നതിന്റെ ലക്ഷണങ്ങളാണ്. എന്നിരുന്നാലും പ്രാദേശികമായി യുവാക്കളെ റിക്രൂട്ട് ചെയ്ത് ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന രീതികൾ കുത്തനെ കുറഞ്ഞത് സുരക്ഷാ ഏജൻസികളും ഭരണകൂടവും ജനങ്ങളും ഒത്തുചേർന്നുണ്ടാക്കിയ വലിയ വിജയം തന്നെയാണ്.

Content Highlights: Explore how strategic military actions and security measures have led to a significant decline in terrorism in Kashmir over the past decades.