ഡോളറിന് വെല്ലുവിളി, ട്രംപിന്റെ ഭീഷണി; BRICS ആളെ കൂട്ടി ശക്തി വര്‍ധിപ്പിക്കുമ്പോള്‍ പേടിക്കേണ്ടതാര്?

ബ്രിക്സ് വീണ്ടും വലുതാകുന്നു! ഇത്തവണ അംഗമായത് തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായ ഇന്‍ഡോനീഷ്യ. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമായ ഇന്തോനേഷ്യ വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നുമാണ്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക, രാഷ്ട്രീയ ശക്തി. കൂട്ടായ്മയിലെ പത്താമത്തെ അംഗരാജ്യമാണ് ഇന്‍ഡോനീഷ്യ. ബ്രിക്സ് കൂട്ടായ്മയില്‍ ഇന്‍ഡോനീഷ്യ പൂര്‍ണ അംഗമായെന്ന് 2025-ല്‍ ബ്രിക്സിന്റെ അധ്യക്ഷപദവി വഹിക്കുന്ന ബ്രസീല്‍ അറിയിച്ചു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയില്‍ പിന്നീട് ദക്ഷിണാഫ്രിക്ക കൂടി അംഗമായി. 2024-ന്റെ തുടക്കത്തില്‍ ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, എത്യോപ്യ, ഈജിപ്ത് എന്നിവ ഉള്‍പ്പെടുത്തി ഈ കൂട്ടായ്മ വികസിച്ചു. സൗദി അറേബ്യയെയും അര്‍ജന്റീനയേയും പുതിയ അംഗമായി പ്രഖ്യാപിച്ചു. അര്‍ജന്റീന ക്ഷണം നിരസിച്ചപ്പോള്‍ കൂട്ടായ്മയില്‍ ചേരണോ വേണ്ടയോ എന്ന കാര്യത്തില്‍ സൗദി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
2009-ല്‍ രൂപീകൃതമായ ബ്രിക്‌സ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആഗോളരാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്ന ശക്തിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും രാഷ്ട്രീയമായും സാമ്പത്തികമായും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി തന്ത്രപരമായ വികസനം ബ്രിക്‌സ് നടത്തിയത്. ഇതിനൊപ്പം ഇന്‍ഡോനീഷ്യ കൂടി ചേരുമ്പോള്‍ പതിനൊന്നംഗ സംഘടനയായ ബ്രിക്സ് പാശ്ചാത്യശക്തികളോട് കിടപിടിക്കാനുള്ള കരുത്ത് നേടും. അതേസമയം, ആളെക്കൂട്ടി ശക്തി വര്‍ധിപ്പിക്കാന്‍ കൂട്ടായ്മ ഒരുങ്ങുമ്പോഴും ബ്രിക്‌സ് അംഗങ്ങള്‍ക്കിടയിലുള്ള ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പോലും പരിഹാരമായിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തന്നെ ഉദാഹരണം. ഇതിന് പുറമനേ സമീപ വര്‍ഷങ്ങളില്‍ റഷ്യയും ചൈനയും യുഎസ് ഡോളറിന് പകരമുള്ള മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. കൂട്ടാമയ്ക്കുള്ളില്‍ നിന്ന് തന്നെ ഇതിന് എതിര്‍പ്പും നേരിടുന്നുണ്ട്. അതോടൊപ്പം യു.എസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയുമുണ്ട്. ഈ സാഹചര്യത്തിലാണ് കൂട്ടായ്മ വീണ്ടും ആള്‍ബലം വര്‍ധിപ്പിക്കുന്നത്.
Content Highlights: 2:34 Indonesia joins BRICS as full member