ചൈനയുടെ നെഞ്ചിടിപ്പേറ്റുന്ന ഇന്ത്യയുടെ വജ്രായുധം; ശബ്ദാതിവേഗത്തിലാണ് പ്രഹരം

കഴിഞ്ഞ ദിവസമാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് ഇന്ത്യ ഒരു മിസൈല്‍ പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമായെന്ന് മാത്രമല്ല ബദ്ധവൈരിയായ പാകിസ്താനും നിരന്തരം അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കുന്ന ചൈനയ്ക്കും അതുണ്ടാക്കിയ അസ്വസ്ഥതകള്‍ ചെറുതല്ല. ഇന്ത്യ പലപ്പോഴും മിസൈല്‍ പരീക്ഷണം നടത്തുമ്പോള്‍ അസ്വസ്ഥരാകുന്നവരാണ് ഇരുകൂട്ടരും. എന്നാല്‍ ഇത്തവണ നടത്തിയ പരീക്ഷണം എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്ന ഒന്നായി മാറി. ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യ ഇന്ത്യയും സ്വന്തമാക്കിയിരിക്കുകയാണ്. പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നത്.
നവംബര്‍ 16ന് ഒഡിഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നടത്തിയ പരീക്ഷണത്തിലൂടെ ഇന്ത്യ ദീര്‍ഘകാലമായി സ്വന്തമാക്കാനാഗ്രഹിച്ച സാങ്കേതികവിദ്യയുടെ പൂര്‍ണതയാണ് നടന്നത്. ലോകത്ത് യു.എസ്., റഷ്യ, ചൈന തുടങ്ങിയ വന്‍ശക്തികള്‍ നേരത്തെ തന്നെ സ്വായത്തമാക്കിയ സൈനിക സാങ്കേതികവിദ്യയാണ് ഹൈപ്പര്‍സോണിക് മിസൈല്‍. പൂര്‍ണവിജയമായിരുന്നുവെന്ന് മാത്രമല്ല പ്രതീക്ഷിച്ച എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായി പൂര്‍ത്തിയാക്കിയാണ് പരീക്ഷണം സഫലമായത് എന്നുള്ളത് ഗവേഷകരുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. സ്വന്തമായി ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യയ്ക്ക് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ മുമ്പും നടന്നിരുന്നുവെങ്കിലും പൂര്‍ണവിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ പരീക്ഷണം വിജയിച്ചെങ്കിലും ആയുധം സേനയുടെ ഭാഗമാകുന്നതിന് കൂടുതല്‍ പരീക്ഷണങ്ങളും പരിഷ്‌കരണങ്ങളും ആവശ്യമായി വരും. കുറഞ്ഞത് അഞ്ച് വര്‍ഷത്തിനുള്ളില്‍ മിസൈല്‍ സേനയുടെ സ്ട്രാറ്റജിക് കമാന്‍ഡിന്റെ ഭാഗമായി മാറിയേക്കും.
Content Highlights: Indian Hyper sonic missile How Does The Missile Compare To Those of The US, Russia & China