വളരുന്ന ആകാശം കൈപ്പിടിയിലാക്കിയ രണ്ടുപേർ; വ്യോമയാനരംഗത്തെ കുത്തക ഉയർത്തുന്ന ചോദ്യങ്ങൾ

തുച്ഛമായ ടിക്കറ്റ് നിരക്ക്, കാലിയായ വിമാനങ്ങള്‍, നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് നടന്നുകയറുന്ന വിമാനക്കമ്പനികള്‍... നിന്നു പിഴച്ചുപോയവരേക്കാള്‍ ചിറകു തളര്‍ന്നു വീണവരാണ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍. ഒപ്പമുണ്ടായിരുന്ന വിമാനക്കമ്പനികള്‍ തകര്‍ന്നു വീണപ്പോഴും ഒന്നര പതിറ്റാണ്ട് പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ഇന്‍ഡിഗോയാണ് ആ കഥക്ക് ഒരു ട്വിസ്റ്റ് കൊണ്ടുവന്നത്. നഷ്ടക്കണക്കു പറഞ്ഞ് സര്‍ക്കാര്‍ വിറ്റൊഴിവാക്കിയ ഇന്ത്യയുടെ സ്വന്തം എയര്‍ ഇന്ത്യ ടാറ്റയുടെ കൈയിലെത്തിയതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയുടെ ചിത്രം മാറി. ലോകത്തെ മൂന്നാമത്തെ സിവില്‍ ഏവിയേഷന്‍ മാര്‍ക്കറ്റ് എന്നതു മാത്രമല്ല, രാജ്യത്തിന്റെ തലയെടുപ്പും ജനങ്ങളുടെ ജീവിത നിലവാരവും വച്ചു നോക്കിയാല്‍ ഇനിയുമെത്രയോ വളരേണ്ട വ്യോമയാന മേഖല കൂടിയാണ് ഇന്ത്യയുടേത്. വളരുന്നത് ഈ രണ്ട് കമ്പനികള്‍ മാത്രമാണ് എന്നു വരുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം കൂടുന്നത്. മാസക്കണക്കെടുത്തു നോക്കിയാല്‍ രാജ്യത്തെ വ്യോമയാന വിപണിയുടെ ഏതാണ്ട് 90 ശതമാനവും ഇന്ന് ഇന്‍ഡിഗോയുടേയും ടാറ്റ ഗ്രൂപ്പിന്റേയും കൈവശമാണ്.
ഈ വര്‍ഷം ആദ്യത്തെ രണ്ട് ക്വാര്‍ട്ടറിലെ പത്തു കോടി വിമാനയാത്രക്കാരില്‍ ആറുകോടി പേര്‍ ഇന്‍ഡിഗോയിലും 2.56 കോടി പേര്‍ ടാറ്റയുടെ വിമാനക്കമ്പനികളിലുമാണ് സഞ്ചരിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട നവംബര്‍ മാസത്തെ കണക്കു പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. നവംബറില്‍ ആഭ്യന്തരയാത്ര നടത്തിയവരില്‍ 61.8 ശതമാനവും ഇന്‍ഡിഗോ എയര്‍ലൈന്‍സിനെയാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഏതാണ്ട് അത് അങ്ങനെത്തന്നെയാണ്. നവംബറില്‍ എയര്‍ ഇന്ത്യ (10.5%), വിസ്താര (9.4 %), എയര്‍ ഏഷ്യ (6.6%) എന്നിങ്ങനെ ടാറ്റ ഗ്രൂപ്പ് കമ്പനികളെല്ലാത്തിനും കൂടി 26.5 ശതമാനം മാര്‍ക്കറ്റ് ഷെയറുണ്ട്. ഈ വര്‍ഷത്തെ ട്രെന്‍ഡ് എടുത്തു നോക്കിയാല്‍ നേരിയ മാറ്റങ്ങളേ ഈ അക്കങ്ങളില്‍ കാണാനാകൂ. അതായത് വ്യോമയാന മേഖലയുടെ 88.3 ശതമാനവും ഇന്‍ഡിഗോയും ടാറ്റയും ചേര്‍ന്ന് കൈവശപ്പെടുത്തിയെന്ന് ചുരുക്കം. ബാക്കിയുള്ള 11.7 ശതമാനത്തില്‍ 4.2 ശതമാനം വിഹിതം അകാസക്കും, 6.2.ശതമാനം സ്‌പൈസ് ജെറ്റിനും, ഒരു ശതമാനം അലയന്‍സ് എയറിനുമാണ്. ചെറുവിമാനക്കമ്പനിയായ സ്റ്റാര്‍ എയറിന് 0.3 ശതമാനം മാത്രമാണുള്ളത്.
Content Highlights: indian Aviation industry tata indigo jet spicejet sky one airlines air traffic