മോദിയെ ആലിംഗനം ചെയ്ത് പ്രസിഡന്റ് മുയിസു; മാലദ്വീപിന്റെ മനംമാറ്റത്തിന് പിന്നിലെന്ത്?

മാലദ്വീപിന്റെ ഏറ്റവും വിശ്വസ്തയായ പങ്കാളിയായിരിക്കുന്നതില്‍ ഭാരതം അഭിമാനിക്കുന്നു. ഇവിടത്തെ എന്തു പ്രശ്നത്തിലും ആദ്യം ഓടിയെത്തി ഒപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍, കാലാവസ്ഥ എങ്ങനെയായാലും നമ്മുടെ സൗഹൃദം എപ്പോഴും തെളിച്ചമുള്ളതായിരിക്കും- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് കേട്ടുകൊണ്ട് അടുത്തിരിപ്പുണ്ടായിരുന്നു മാലദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസു. വെള്ളിയാഴ്ച മാലദ്വീപിലെത്തിയ മോദി പിറ്റേന്ന് രാജ്യത്തിന്റെ അറുപതാം സ്വാതന്ത്ര്യദിനത്തിലെ മുഖ്യാതിഥിയായിരുന്നു. ദ്വീപിലെത്തിയ പ്രധാനമന്ത്രിക്ക് മുയിസുവും മന്ത്രിമാരും ചേര്‍ന്ന് വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. പാട്ടും നൃത്തവും ഗാര്‍ഡ് ഓഫ് ഓണറും സഹിതം. എവിടെയും ഇന്ത്യയുടെയും മാലദ്വീപിന്റെയും ദേശീയപതാകകള്‍. മോദിക്ക് ആര്‍പ്പുവിളികള്‍, വന്ദേമാതരം ആലാപനം.
എത്ര പെട്ടെന്നാണ് ലോകം മാറുന്നത്! മാസങ്ങള്‍ക്ക് മുമ്പുവരെ, ഇന്ത്യന്‍ സ്വാധീനത്തില്‍ നിന്നും അകലുന്ന തിരക്കിലായിരുന്നു ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപ്‌സമൂഹം. നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരത്തില്‍ എത്തിയത് 'ഇന്ത്യ ഔട്ട്' എന്ന പ്രചാരണവുമായാണ്. അതെ, ഇന്ത്യയെ പുറത്താക്കുമെന്നായിരുന്നു വാഗ്ദാനം. 2023 നവംബറില്‍ ചുമതലയേറ്റ മുയിസു പറഞ്ഞതുപോലെ ചെയ്തു, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായി. മാലദ്വീപിലെ രാഷ്ട്രീയക്കാര്‍ മോദിയെ പരിഹസിക്കുകയായിരുന്നു, ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ രാജ്യത്തെ ഒഴിവാക്കുകയായിരുന്നു. അവിടെയുള്ള ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് ദ്വീപ് ആവശ്യപ്പെട്ടു, ഇന്ത്യ വഴങ്ങി. മാലദ്വീപ് ചൈനയോട് കൂടുതല്‍ അടുത്തു.
Content Highlights: India`s renewed partnership with Maldives, overcoming past challenges