പിരമിഡുകള്‍ക്കു കീഴെ മഹാനഗരം?; ചരിത്രം തിരുത്തിയെഴുതുമോ അവകാശവാദം

ഈജിപ്തിലെ ഗിസയിലുള്ള പിരമിഡുകള്‍ക്ക് കീഴെ രണ്ടു കിലോമീറ്റര്‍ ആഴത്തില്‍ 'മഹാനഗരം' കണ്ടെത്തിയെന്ന അവകാശവാദം ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇറ്റലിയിലെ പിസ സര്‍വ്വകലാശാലയിലെ കൊറാഡ മലാംഗ, സ്‌കോട്ട്‌ലന്‍ഡിലെ സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാലയിലെ ഫിലിപ്പോ ബിയോണ്ടി എന്നീ ഗവേഷകര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 15-നാണ് തങ്ങളുടെ ഗവേഷണഫലം ലോകത്തെ അറിയിച്ചത്. ഗിസയിലെ പിരമിഡുകളെക്കാള്‍ പത്തിരട്ടി വലിപ്പത്തിലാണ് നഗരമെന്നും സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (എസ്.എ.ആര്‍) ടോമോഗ്രഫി എന്ന ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതു കണ്ടെത്തിയതെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. പക്ഷേ, ഈ ഗവേഷണഫലം നിഷ്പക്ഷ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചതല്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ഭൂരിഭാഗം വിദഗ്ധരും കരുതുന്നു.
പിരമിഡിന് ചുവട്ടിലേക്ക് റഡാര്‍ മിടിപ്പുകള്‍ അയക്കുമ്പോള്‍ തിരിച്ചുവരുന്ന സിഗ്നലുകള്‍ പഠിച്ച് ഭൂമിക്കടിയിലെ നിര്‍മ്മിതികളുടെ ത്രിമാനമാതൃക തയ്യാറാക്കിയാണ് ഈ നിഗമനത്തില്‍ എത്തിയത്, ശരിക്കും കുഴിച്ചു നോക്കിയിട്ടല്ല. എന്തായാലും ഈ നിഗമനങ്ങള്‍ സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍- അതെ, സ്ഥിരീകരിക്കപ്പെട്ടാല്‍ മാത്രം- ഈജിപ്‌റ്റോളജിയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുങ്ങും. പിരമിഡുകള്‍ ഈജിപ്തിലെ രാജകീയ ശവക്കല്ലറകളാണെന്നും അവ നിര്‍മിക്കപ്പെട്ടത് തൊഴിലാളികളുടെ കഠിനാധ്വാനം കൊണ്ടാണെന്നുമുള്ള പൊതുബോധം മാറ്റിയെഴുതാന്‍ പിന്നെ അധികസമയം വേണ്ട. വരുന്ന മാര്‍ച്ച് 25-ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നാണ് മലാംഗയും ബിയോന്‍ഡിയും അറിയിച്ചിട്ടുള്ളത്.
Content Highlights: Giza pyramids underground city ancient Egypt archaeology SAR tomography Corrado Malanga