നാലുവർഷ ബിരുദം പൂർത്തിയാക്കിയാൽ നേട്ടങ്ങൾ എന്തൊക്കെ? കോഴ്സ് ഘടന ഇങ്ങനെ | നിലയുറയ്ക്കാതെ നാലാംവർഷം 02

കേരളത്തിൽ നാലുവർഷ ബിരുദം (എഫ്.വൈ.യു.ജി.പി.) ആരംഭിച്ചശേഷമുള്ള ആദ്യത്തെ ബാച്ച് വിദ്യാർഥികൾ 2027 മാർച്ചിൽ മൂന്നുവർഷം (ആറ് സെമസ്റ്ററുകൾ) പൂർത്തിയാക്കുകയാണ്. അവർക്ക് വേണമെങ്കിൽ മൂന്നുവർഷംകൊണ്ട് കോഴ്സ് മതിയാക്കി മൂന്നുവർഷ ബിരുദം നേടാം, അല്ലെങ്കിൽ ഒരുവർഷം കൂടി പഠിച്ച് നാലുവർഷ ബിരുദം നേടാം. ഇതിൽ ഏതുവേണമെന്ന് തീരുമാനമെടുക്കുന്നതിനുള്ള നിർണായക ഘട്ടത്തിലാണ് ഇപ്പോൾ ആ വിദ്യാർഥികളുള്ളത്.
നാലാം വർഷം തിരഞ്ഞെടുക്കേണ്ടതുണ്ടോ അതോ മൂന്നുവർഷം പൂർത്തിയാക്കി ബിരുദപഠനം അവസാനിപ്പിക്കണോ അതോ മൂന്നുവർഷ ബിരുദം നേടിയ ശേഷം രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദത്തിന് ചേരണോ? ഇപ്പോൾ മൂന്നുവർഷം പൂർത്തിയാക്കാൻ പോകുന്ന വിദ്യാർഥികളുടെ മനസ്സിൽ ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. നാലാംവർഷ കോഴ്സിന്റെ ഘടന എങ്ങനെയാണ്, നാലാംവർഷം കൂടി പഠനം തുടർന്ന് നാലുവർഷ ബിരുദധാരികളായി പുറത്തിറങ്ങിയാൽ എന്തൊക്കെയാണ് നേട്ടം?ഇക്കാര്യങ്ങൾ പരിശോധിക്കുന്നത് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വയം കണ്ടെത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കിയേക്കും.
അവർ ചോദിക്കുന്നു: ഞങ്ങളെന്തുവേണം, നിൽക്കണോ പോണോ? | നിലയുറയ്ക്കാതെ നാലാംവർഷം 01
ബിരുദ, ബിരുദാനന്തര പഠനത്തിന് ശേഷം ഗവേഷണ മേഖലയിലേക്ക് തിരിയാൻ ആഗ്രഹിക്കുന്നവർക്ക് കോളേജ് പഠന കാലയളവിൽ ഒരുവർഷം ലാഭം കിട്ടുമെന്നതാണ് നാലുവർഷ ബിരുദത്തിന്റെ ഹൈലൈറ്റ് ആയി ഉയർത്തിക്കാണിക്കുന്നത്. അതായത്, മൂന്നുവർഷ ബിരുദവും രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദവും കഴിഞ്ഞ് പിഎച്ച്.ഡി ഗവേഷണം ആരംഭിക്കുന്നതിന് പകരം, നാലുവർഷ ബിരുദം (കുറഞ്ഞത് 75 ശതമാനം മാർക്കോടെ 'ഓണേഴ്സ് വിത്ത് റിസർച്ച്' അല്ലെങ്കിൽ ഓണേഴ്സ് ബിരുദം) പൂർത്തിയാക്കിയാൽ ബിരുദാനന്തര ബിരുദമില്ലാതെ തന്നെ നേരിട്ട് ഗവേഷണത്തിലേക്ക് കടക്കാം.
നാലാം വർഷത്തെ കോഴ്സ് ഘടന, കരിക്കുലം തുടങ്ങിയവയുടെ കാര്യത്തിൽ നിലവിൽ ലഭ്യമായ ആധികാരിക രേഖ, 2026 ഏപ്രിലിൽ കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ (കെ.എസ്.എച്ച്.ഇ.സി.) പുറത്തിറക്കിയ 'Guidelines for Higher Education Institutions for the Implementation of the Fourth Year of FYUGP' മാർഗ്ഗരേഖയാണ്. ഇതിനിടെ, നാലുവർഷ ബിരുദം നടപ്പാക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ പ്രൊഫ. ഡോ. ഗ്ലാഡ്സ്റ്റൺ രാജ് എസ്. അധ്യക്ഷനായ അവലോകന സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ കരട് റിപ്പോർട്ട് നവംബർ 19-ന് സമർപ്പിച്ചിരിക്കുകയാണ്. നിലവിലുള്ള നാലുവർഷ ഫ്രെയിംവർക്കിൽ കാതലായ മാറ്റങ്ങൾ നിർദേശിച്ചുകൊണ്ടുള്ളതാണ് ഈ റിപ്പോർട്ട്. അക്കാദമിക് സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ച്, വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് 2027 ആദ്യത്തോടെ സർക്കാർ അന്തിമ തീരുമാനമെടുക്കും എന്നാണ് ലഭിക്കുന്ന വിവരം.
നാലാം വർഷത്തേക്കുറിച്ച് (7, 8 സെമസ്റ്ററുകൾ) വ്യക്തമായ ധാരണ ലഭിക്കുന്നതിന് ഈ സെമസ്റ്ററുകളിലെ കോഴ്സ് ഘടനയും കരിക്കുലവും പരിശോധിക്കേണ്ടതുണ്ട്. ഇതിനായി 2026 ഏപ്രിലിലെ ഗൈഡ്ലൈനിൽ നാലാംവർഷ കോഴ്സ് ഘടനയേക്കുറിച്ച് എന്തൊക്കെ പറയുന്നു എന്നാണ് ഇവിടെ ആദ്യം പരിശോധിക്കുന്നത്. അതിനുശേഷം, വിദഗ്ധസമിതി റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്ന പുതിയ മാറ്റങ്ങളും പരിശോധിക്കുന്നു.
നാലാംവർഷം എന്തൊക്കെ പഠിക്കണം?
നാലാം വർഷം തിരഞ്ഞെടുക്കുന്നവരുടെ മുന്നിൽ രണ്ടുവഴികൾ (പാത്ത് വേകൾ/pathways) ഉണ്ട്- ഒന്നുകിൽ ഓണേഴ്സ് ബിരുദം, അല്ലെങ്കിൽ ഓണേഴ്സ് വിത്ത് റിസർച്ച്. നാലുവർഷ ബിരുദത്തിന് ശേഷം ഗവേഷണമോ അതുമായി ബന്ധപ്പെട്ട അക്കാദമിക് മേഖലകളോ ആണ് തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഓണേഴ്സ് വിത്ത് റിസർച്ച് തിരഞ്ഞെടുക്കാം, അല്ലെങ്കിൽ ഓണേഴ്സും. വിദ്യാർഥി ഇവതമ്മിലുള്ള വ്യത്യാസവും കോഴ്സിന്റെ ഘടനയും മനസ്സിലാക്കിയ ശേഷം, സ്വന്തം അഭിരുചിക്കനുസരിച്ച് സ്വയം തീരുമാനിക്കേണ്ട കാര്യമാണിത്. ഗൈഡ് ലൈൻ പ്രകാരം ഏഴ്, എട്ട് സെമസ്റ്ററുകൾ ഓണേഴ്സ് (Honours), ഓണേഴ്സ് വിത്ത് റിസർച്ച് (Honours with Research) എന്നിങ്ങനെ രണ്ടായി ക്രമീകരിച്ചിരിക്കുന്നു. ഓരോന്നിന്റെയും കോഴ്സ് ഘടനയ്ക്ക് അതിനനുസരിച്ചുള്ള വ്യത്യാസങ്ങളുണ്ട്.
ഗൈഡ്ലൈൻ പ്രകാരം ആദ്യ മൂന്ന് വർഷങ്ങളിലായി (6 സെമസ്റ്ററുകൾ) 133 ക്രെഡിറ്റുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നത്. നാലാം വർഷത്തിൽ ആകെ 44 ക്രെഡിറ്റുകളാണ് പൂർത്തിയാക്കേണ്ടത്- ഏഴാം സെമസ്റ്ററിൽ 24 ക്രെഡിറ്റുകളും എട്ടാം സെമസ്റ്ററിൽ 20 ക്രെഡിറ്റുകളും. ആദ്യ ആറ് സെമസ്റ്ററുകളിൽനിന്ന് കുറഞ്ഞത് 75% മാർക്കിന് തുല്യമായ സിജിപിഎ നേടിയ വിദ്യാർത്ഥികൾക്കാണ് 'ഓണേഴ്സ് വിത്ത് റിസർച്ച്' തിരഞ്ഞെടുക്കാനുള്ള യോഗ്യത (സംവരണ വിഭാഗങ്ങൾക്ക് 0.5 സിജിപിഎ ഇളവുണ്ട്).
ഓണേഴ്സ്, ഓണേഴ്സ് വിത്ത് റിസർച്ച് എന്നീ രണ്ടു വിഭാഗങ്ങളിലുമുള്ള കുട്ടികൾക്ക് ഏഴാം സെമസ്റ്ററിൽ ആറ് കോഴ്സുകൾ (പേപ്പറുകൾ) ഉണ്ട്. ഇവയിലൂടെ ഒരു പേപ്പറിന് നാല് ക്രെഡിറ്റ് വെച്ച് ആകെ 24 ക്രെഡിറ്റ് നേടണം. രണ്ട് ട്രാക്കുകളിലുള്ളവർക്കും 6 കോഴ്സുകളിൽ 3 എണ്ണം നിർബന്ധമായും പ്രധാന വിഷയമായ മേജറിലായിരിക്കണം. ഇവ മേജർ പഠിപ്പിക്കുന്ന ഡിപ്പാർട്ട്മെന്റിൽനിന്ന് നേരിട്ട് ക്ലാസുകളിൽ പങ്കെടുത്ത് നേടണം. ബാക്കി മൂന്ന് കോഴ്സുകൾ ഓണേഴ്സ് ട്രാക്കിലുള്ളവർക്കും ഓണേഴ്സ് വിത്ത് റിസർച്ച് ട്രാക്കിലുള്ളവർക്കും വ്യത്യസ്തമായാണ് വിഭാവനം ചെയ്തിരിക്കുന്നത്:
ഏഴാം സെമസ്റ്റർ: ഓണേഴ്സ് ട്രാക്ക്- ബാക്കി 3 കോഴ്സുകൾ മേജർ ഡിപ്പാർട്ട്മെന്റിന് പുറത്തുനിന്ന് നേടണം. ഇത് രണ്ട് വിധത്തിൽ സാധിക്കും:
1. സ്കിൽ/തൊഴിലാധിഷ്ഠിത കോഴ്സുകൾ (ഇത്തരം കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങളിൽനിന്നോ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്നോ നേടണം.)
2. മൈനർ കോഴ്സുകൾ (മറ്റ് ഡിപ്പാർട്ട്മെന്റുകളിൽനിന്നോ യുജിസിയുടെ SWAYAM തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയോ).
ഏഴാം സെമസ്റ്റർ: ഓണേഴ്സ് വിത്ത് റിസർച്ച് ട്രാക്ക്- ഈ മൂന്ന് കോഴ്സുകൾ (12 ക്രെഡിറ്റ്) നിർബന്ധ റിസർച്ച് കോഴ്സ് വർക്കുകളാണ് (റിസർച്ച് മെത്തഡോളജി, എത്തിക്സ്, അക്കാദമിക് റൈറ്റിങ്, ഡാറ്റ അനാലിസിസ്, സ്റ്റാറ്റിസ്റ്റിക്സ്). ഈ കോഴ്സുകൾ എവിടെനിന്ന് നേടണം എന്ന് ഗൈഡ് ലൈനിൽ വ്യക്തമാക്കിയിട്ടില്ല. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാകാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എട്ടാം സെമസ്റ്റർ: ഓണേഴ്സ് ട്രാക്ക്- എട്ടാം സെമസ്റ്ററിൽ ഓണേഴ്സ് ട്രാക്കിലുള്ളവർ 20 ക്രെഡിറ്റ് നേടണം. ഇത് രണ്ടുതരത്തിലാണ് പൂർത്തിയാക്കേണ്ടത്:
1. ഇന്റേൺഷിപ്പ്/പ്രായോഗിക പരിശീലനം (12 ക്രെഡിറ്റ്): ഇത് വ്യവസായ സ്ഥാപനങ്ങൾ പോലെയുള്ള കോളേജിന് പുറത്തുനിന്നുള്ള സ്ഥാപനത്തിലാണ് ചെയ്യേണ്ടത്.
2. ഓൺലൈൻ/അക്കാദമിക് മൊബിലിറ്റി കോഴ്സുകൾ (8 ക്രെഡിറ്റ്): ഇത് യുജിസിയുടെ അംഗീകൃത ഓൺലൈൻ പ്ലാറ്റ്ഫോമുകളായ SWAYAM, SWAYAM Plus, K-Learn എന്നിവ വഴി ചെയ്യണം. ഈ കോഴ്സുകൾ വിദ്യാർത്ഥിയുടെ പ്രധാന വിഷയവുമായോ ഇന്റേൺഷിപ്പ് മേഖലയുമായോ ബന്ധപ്പെട്ടവയായിരിക്കണം.
എട്ടാം സെമസ്റ്റർ: ഓണേഴ്സ് വിത്ത് റിസർച്ച് ട്രാക്ക്- എട്ടാം സെമസ്റ്ററിലെ ഓണേഴ്സ് വിത്ത് റിസർച്ച് വിദ്യാർത്ഥികൾക്ക് പരമ്പരാഗത ക്ലാസ് മുറി പഠനമില്ല. അവർ 20 ക്രെഡിറ്റുകൾ നേടേണ്ടത് രണ്ട് രീതികളിലാണ്:
1. സ്വന്തം മേജർ വിഷയവുമായി ബന്ധപ്പെട്ട റിസർച്ച് പ്രൊജക്ട്/ഡിസർട്ടേഷൻ (12 ക്രെഡിറ്റ്): സർവ്വകലാശാല അംഗീകരിച്ച ഒരു റിസർച്ച് ഗൈഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഇത്.
2. റിസർച്ച് കോഴ്സ് (8 ക്രെഡിറ്റ്): ഗവേഷണ വിഷയവുമായി നേരിട്ട് ബന്ധമുള്ള അഡ്വാൻസ്ഡ് ലെവൽ ഓൺലൈൻ കോഴ്സുകൾ, പ്രത്യേക റിസർച്ച് പരിശീലനങ്ങൾ അല്ലെങ്കിൽ ഇന്റർഡിസിപ്ലിനറി റിസർച്ച് കോഴ്സുകൾ. SWAYAM, SWAYAM Plus, K-Learn, മറ്റ് സർവ്വകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, നാഷണൽ സെന്റർ ഓഫ് എക്സലൻസുകൾ അല്ലെങ്കിൽ അത്യാധുനിക ലബോറട്ടറികൾ എന്നിവ വഴി ഇവ നേടാം.
സ്വന്തം കോളേജിലെ/യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റിന് ഗവേഷണ സൗകര്യങ്ങളും പിഎച്ച്ഡി യോഗ്യതയുള്ള അധ്യാപകരും ഉണ്ടെങ്കിൽ റിസർച്ച് പ്രൊജക്ട് സ്വന്തം ഡിപ്പാർട്ട്മെന്റിൽതന്നെ ചെയ്യാം. ആവശ്യമായ ലാബ് സൗകര്യങ്ങളോ സാങ്കേതിക സജ്ജീകരണങ്ങളോ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പുറമേയുള്ള കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരും.
മേൽപ്പറഞ്ഞതിൽ വിദഗ്ധസമിതി നിർദേശിച്ചിരിക്കുന്ന പ്രധാന മാറ്റങ്ങൾ
2026 ഏപ്രിലിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുറത്തിറക്കിയ നാലാം വർഷ മാർഗ്ഗരേഖയിലെ കോഴ്സ് ഘടനയിലും പ്രായോഗിക നടത്തിപ്പിലും പ്രൊഫ. ഡോ. ഗ്ലാഡ്സ്റ്റൺ രാജ് എസ്. അധ്യക്ഷനായ അവലോകന സമിതി ചില തിരുത്തലുകൾ നിർദേശിച്ചിട്ടുണ്ട്. ഈ കരട് റിപ്പോർട്ട് നിലവിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് സമർപ്പിച്ചിരിക്കുകയാണ്. ഇത് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചാൽ മാത്രമേ ഏഴ്, എട്ട് സെമസ്റ്ററുകളുടെ ഘടന എപ്രകാരമായിരിക്കുമെന്ന് അന്തിമമായി പറയാൻ കഴിയൂ. അതിനാൽ, കരട് റിപ്പോർട്ട് നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ പരിശോധിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
നാലാം വർഷത്തെ ആകെ ക്രെഡിറ്റ് 44 ആയി (സെമസ്റ്റർ 7-ൽ 24, സെമസ്റ്റർ 8-ൽ 20) നിലനിർത്തിക്കൊണ്ടുതന്നെ, കോഴ്സുകളുടെ ഘടനയിലും ക്രെഡിറ്റ് വിഭജനത്തിലമാണ് പ്രധാന മാറ്റങ്ങൾ ശുപാർശ ചെയ്യുന്നത്. ഏപ്രിൽ മാർഗ്ഗരേഖ പ്രകാരം ഏഴാം സെമസ്റ്ററിൽ സാധാരണ ഓണേഴ്സ് വിദ്യാർത്ഥികൾക്ക് 12 ക്രെഡിറ്റ് അഡ്വാൻസ്ഡ് മേജർ കോഴ്സുകളും 12 ക്രെഡിറ്റ് വൊക്കേഷണൽ/മൈനർ കോഴ്സുകളുമാണ് നിശ്ചയിച്ചിരുന്നത്. മൂന്ന് കോഴ്സുകൾ സ്വന്തം ഡിപ്പാർട്ട്മെന്റിൽനിന്ന് പഠിക്കുന്ന വിദ്യാർഥികൾക്ക് ബാക്കി മൂന്നു കോഴ്സുകൾ പഠിക്കാൻ രണ്ട് സാധ്യതകളാണ് ഇതിൽ നിർദേശിച്ചിരുന്നത്- മൂന്ന് സ്കിൽ കോഴ്സ് ഓൺലൈൻ വഴി, മൂന്നെണ്ണം മറ്റ് ഡിപ്പാർട്മെന്റിൽനിന്ന്. എന്നാൽ, ഇതിനു പുറമേ മൂന്നാമതൊരു സാധ്യതകൂടി പുതിയ മാർഗനിർദേശത്തിൽ പറയുന്നു. സ്കിൽ കോഴ്സുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകാം, മൈനർ അല്ലെങ്കിൽ മൂന്ന് മേജർ എടുക്കാം എന്നതാണിത്.
ഇതിനുപുറമെ, ഡബിൾ മേജർ വിദ്യാർത്ഥികൾക്കായി പ്രത്യേക നാലാം വർഷ ഘടന അവതരിപ്പിച്ചിട്ടുമുണ്ട്. 12–13 ക്രെഡിറ്റുകൾ കുറവുള്ളവർക്കും നാലാം വർഷ പ്രവേശനം നൽകാമെന്നും ശുപാർശചെയ്യുന്നുണ്ട്. 'ഓണേഴ്സ് വിത്ത് റിസർച്ച്' സീറ്റുകളിൽ 60% സ്വന്തം കോളേജിലെ വിദ്യാർത്ഥികൾക്കും 40% മറ്റ് കോളേജുകളിൽ നിന്നുള്ളവർക്കുമായി കേന്ദ്രീകൃത അലോട്ട്മെന്റ് വഴി നൽകണമെന്നതും സുപ്രധാന നിർദ്ദേശമാണ്.
7,8 സെമസ്റ്റർ കോഴ്സ് ഘടനയും വിദഗ്ധസമിതി നിർദേശിച്ച മാറ്റങ്ങളും ഒറ്റനോട്ടത്തിൽ:
എട്ടാം സെമസ്റ്ററിലെ കോഴ്സ് ഘടനയിലും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്ന മാറ്റങ്ങളാണ് സമിതി മുന്നോട്ടുവെക്കുന്നത്. നേരത്തെയുള്ള ഗൈഡ്ലൈൻ പ്രകാരം സാധാരണ ഓണേഴ്സ് വിദ്യാർത്ഥികൾക്ക് എട്ടാം സെമസ്റ്ററിൽ കോളേജിന് പുറത്തുള്ള സ്ഥാപനങ്ങളിൽ 12 ക്രെഡിറ്റിന്റെ ഇന്റേൺഷിപ്പ് നിർബന്ധമായിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഇത്രയും വലിയ ഇന്റേൺഷിപ്പ് സൗകര്യങ്ങൾ ലഭ്യമാകില്ലെന്ന പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത്, എട്ടാം സെമസ്റ്ററിലെ നിർബന്ധിത ഇന്റേൺഷിപ്പ് ഒഴിവാക്കി പകരം 12 ക്രെഡിറ്റിന്റെ റിസർച്ച് പ്രോജക്റ്റ് അല്ലെങ്കിൽ മൂന്ന് അഡ്വാൻസ്ഡ് തിയറി പേപ്പറുകൾ ചെയ്താൽ മതിയെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ട്.
എട്ടാം സെമസ്റ്ററിലെ 8 ക്രെഡിറ്റ് ഓൺലൈൻ കോഴ്സുകൾക്ക് അനുയോജ്യമായവ ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാൽ, പകരം സർവ്വകലാശാല നിർദേശിക്കുന്ന ഓഫ്ലൈൻ കോഴ്സുകൾ അതാത് കോളേജുകളിലുണ്ടെങ്കിൽ അത് തിരഞ്ഞെടുക്കാനും അനുമതി നൽകിയിട്ടുണ്ട്. യുജിസി നിർദേശിക്കുന്ന ലെവൽ 6 തലത്തിലുള്ള ഓൺലൈൻ കോഴ്സുകളുടെ ലഭ്യതക്കുറവ് മനസ്സിലാക്കി, അവ ലഭ്യമല്ലാത്തവർക്ക് അതാത് കോളേജിൽ നിന്നുതന്നെ ഓഫ്ലൈനായി ക്ലാസുകൾ എടുക്കാമെന്നതും നിലവില സാഹചര്യത്തിൽ സ്വാഗതാർഹമായ മാറ്റമാണ്.
പ്രോജക്ട് മൂല്യനിർണയത്തിലെ അവ്യക്തത നീക്കി മിഡ്-ടേം അവതരണത്തിന് 20%, പ്രബന്ധത്തിന്റെ ഗുണനിലവാരത്തിന് 50%, ഓപ്പൺ വൈവയ്ക്ക് 30% എന്നിങ്ങനെ കൃത്യമായ മാനദണ്ഡം റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. കൂടാതെ, പ്ലേജിയറിസം പരിശോധന നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ശരിയായി നടപ്പാക്കുകയാണെങ്കിൽ ഗവേഷണ പ്രൊജക്ടിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാനും മൂല്യനിർണയം സുതാര്യമാക്കാനും ഈ നിർദേശങ്ങൾ ഉതകും.
എട്ടാം സെമസ്റ്ററിൽ 12 ക്രെഡിറ്റിന്റെ ഇന്റേൺഷിപ്പ്/അപ്രന്റിസ്ഷിപ്പ് എല്ലാവർക്കും നിർബന്ധമാക്കിയിരുന്നത് ഓപ്ഷണൽ ആക്കിയിട്ടുണ്ട്. ഇന്റേൺഷിപ്പ്/അപ്രന്റീസ്ഷിപ്പിന്റെ കൂടെ സ്വന്തം സ്ഥാപനത്തിൽനിന്നോ മറ്റു സ്ഥാപനത്തിൽനിന്നോ പ്രോജക്ടും ചെയ്യാം എന്നതാണ് പുതിയ വ്യവസ്ഥ. അത് വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന സബ്ജക്ടുകൾക്കനുസരിച്ച് മാറ്റംവരാം. മികച്ച രീതിയിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരം കുറവുള്ള വിദ്യാർഥികൾക്ക് ഇത് ഏറെ ആശ്വാസകരമാണ്.
നല്ലത് മൂന്നുവർഷം എക്സിറ്റോ, നാലുവർഷ ബിരുദമോ?
മൂന്നാം വർഷം (ആറാം സെമസ്റ്റർ) പൂർത്തിയാകുമ്പോൾ പഠനം നിർത്തി ബിരുദവുമായി പുറത്തിറങ്ങണോ അതോ നാലാം വർഷംകൂടി പഠിച്ച് ഓണേഴ്സ് ബിരുദം നേടണോ എന്നതാണ് വിദ്യാർത്ഥികൾക്ക് മുന്നിലുള്ള ഏറ്റവും പ്രധാന ചോദ്യം. ഒരു വർഷം നേരത്തെ ബിരുദ സർട്ടിഫിക്കറ്റുമായി (132/133 ക്രെഡിറ്റ്) പുറത്തിറങ്ങാം എന്നതാണ് മൂന്നുവർഷ എക്സിറ്റിന്റെ പ്രധാന ആകർഷണം.
പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് പൂർണ്ണസമയം തയ്യാറെടുക്കാനും സ്വകാര്യ മേഖലയിലോ വിദേശത്തോ ഉടൻ ജോലിക്ക് പ്രവേശിക്കാനും എം.ബി.എ അല്ലെങ്കിൽ എൽ.എൽ.ബി പോലുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്ക് മാറാനും ആഗ്രഹിക്കുന്നവർക്ക് മൂന്നുവർഷ ബിരുദമാണ് കൂടുതൽ അനുയോജ്യം. മാത്രമല്ല, മൂന്നുവർഷം കഴിഞ്ഞ് പഠനം നിർത്തിയാലും അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് വഴി നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചെത്തി നാലാം വർഷം പൂർത്തിയാക്കാനുള്ള സൗകര്യവുമുണ്ട്.
3 വർഷ ബിരുദം V/s 4 വർഷ ബിരുദം ഒറ്റനോട്ടത്തിൽ:
മറുവശത്ത്, നാലുവർഷം പൂർത്തിയാക്കി ഓണേഴ്സ് അല്ലെങ്കിൽ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം (176/177 ക്രെഡിറ്റ്) നേടുന്നവർക്ക് ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലകളിൽ വലിയ അവസരങ്ങളാണ് തുറന്നുകിട്ടുന്നത്. മാസ്റ്റേഴ്സ് ബിരുദം നേടാൻ ആഗ്രഹിക്കുന്നവർക്ക് രണ്ടുവർഷത്തിന് പകരം ഒരു വർഷം കൊണ്ട് പി.ജി പൂർത്തിയാക്കാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുപോലെ, കുറഞ്ഞത് 75% മാർക്കോടെ നാലുവർഷ ബിരുദം നേടുന്നവർക്ക് ബിരുദാനന്തര ബിരുദത്തിന് നിൽക്കാതെതന്നെ നേരിട്ട് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) എഴുതി പി.എച്ച്.ഡി ഗവേഷണത്തിനുള്ള യോഗ്യത നേടാം (ഇങ്ങനെ പിഎച്ച്ഡി നേടുന്നവർക്ക് ബിരുദാനന്തര ബിരുദം ഇല്ലാതെ ലക്ചർഷിപ്പിന് അർഹതയുണ്ടാകുമോ എന്നകാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്). രണ്ടുവർഷ ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്കും നാലുവർഷ ബിരുദം പൂർത്തിയാക്കിയവർക്കും ബിഎഡിന് ഒരുവർഷം മതി എന്ന നിർദേശം 2025-ലെ എൻസിടിഇയുടെ കരട് ചട്ടത്തിലുണ്ട്. എപ്പോൾ നിലവിൽവരും എന്ന് വ്യക്തമല്ലെങ്കിലും ഇതിനുള്ള സാധ്യതയും വിദ്യാർഥികൾക്കു മുന്നിലുണ്ട്.
കൂടാതെ, 16 വർഷത്തെ ഔപചാരിക വിദ്യാഭ്യാസം (12+4) നിർബന്ധമാക്കിയിട്ടുള്ള അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ അധിക ബ്രിഡ്ജ് കോഴ്സുകളില്ലാതെ നേരിട്ട് മാസ്റ്റേഴ്സ് പ്രവേശനം നേടാനും നാലുവർഷ ബിരുദം സഹായിക്കും. ഉടൻ തൊഴിലിലേക്കോ മത്സരപ്പരീക്ഷകളിലേക്കോ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് മൂന്നുവർഷ ബിരുദവും, ഗവേഷണം, അധ്യാപനം, വിദേശ ഉപരിപഠനം എന്നിവ ലക്ഷ്യമിടുന്നവർക്ക് നാലുവർഷ ബിരുദവുമാണ് കൂടുതൽ പ്രയോജനകരമാകുക എന്ന് ചുരുക്കി പറയാം.
വിദഗ്ധസമിതി കരട് റിപ്പോർട്ട് 1-6 സെമസ്റ്ററുകളിൽ നിർദേശിക്കുന്ന മാറ്റങ്ങൾ
പ്രൊഫ. ഡോ. ഗ്ലാഡ്സ്റ്റൺ രാജ് എസ്. അധ്യക്ഷനായ അവലോകന സമിതി നാലുവർഷ ബിരുദത്തിന്റെ ആദ്യത്തെ മൂന്ന് വർഷങ്ങളിലെ (1 മുതൽ 6 വരെ സെമസ്റ്ററുകൾ) കോഴ്സ് ഘടനയിലും ക്രെഡിറ്റ് വിഭജനത്തിലും ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. നിലവിലെ മാർഗ്ഗരേഖ പ്രകാരം ആദ്യ ആറ് സെമസ്റ്ററുകളിൽ 133 ക്രെഡിറ്റുകളാണ് പൂർത്തിയാക്കേണ്ടിയിരുന്നതെങ്കിൽ, സെമസ്റ്റർ വിഭജനം കൂടുതൽ ലളിതമാക്കുന്നതിനായി ഇത് 132 ക്രെഡിറ്റുകളാക്കി ഏകീകരിക്കാനുള്ള നിർദേശമാണ് പ്രധാനപ്പെട്ടത്.
ഇതിനുപുറമെ, നേരത്തെ ആദ്യ സെമസ്റ്ററുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന മൈനർ കോഴ്സുകൾ 1 മുതൽ 8 വരെ സെമസ്റ്ററുകളിലേക്ക് വ്യാപിപ്പിക്കാനും നിർദേശമുണ്ട്. ഡബിൽ മേജർ പഠിക്കുന്ന വിദ്യാർഥിക്ക് നാലാം വർഷത്തിൽ 'മേജർ വിത്ത് മൈനർ' പാതയിലേക്ക് മാറാനുള്ള സൗകര്യവും പുതിയ ഘടനയിലുണ്ട്. 44 ക്രെഡിറ്റ് നേടിയ വിദ്യാർത്ഥികൾക്ക്, രണ്ട് മേജറിൽ ഒന്ന് മേജറായി നിലനിർത്തിക്കൊണ്ട് മറ്റൊന്ന് മൈനറിലേക്ക് മാറാം.
ഇന്റേൺഷിപ്പ് മാനദണ്ഡങ്ങളിലും സെമസ്റ്റർ പരീക്ഷാ മൂല്യനിർണ്ണയത്തിലും വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്ന നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. നാല് മുതൽ ആറ് വരെ സെമസ്റ്ററുകൾക്കിടയിൽ വിദ്യാർത്ഥികൾ പൂർത്തിയാക്കുന്ന 2–4 ക്രെഡിറ്റിന്റെ സമ്മർ ഇന്റേൺഷിപ്പ് തന്നെ എല്ലാ പഠന പാതകൾക്കും നിർബന്ധിത ഇന്റേൺഷിപ്പ് യോഗ്യതയായി കണക്കാക്കും. അതുപോലെ, ആദ്യ ആറ് സെമസ്റ്ററുകളിലെ മുഴുവൻ വിഷയങ്ങളും ജയിച്ചവർക്ക് മാത്രമേ നാലാം വർഷ പ്രവേശനം നൽകാവൂ എന്ന കർശന നിബന്ധന ഒഴിവാക്കി, 120 ക്രെഡിറ്റ് നേടിയവർക്കും പരമാവധി 12–13 ക്രെഡിറ്റ് കുറവുള്ളവർക്കും നാലാം വർഷത്തിലേക്ക് പ്രവേശനം നൽകാൻ സമിതി ശുപാർശ ചെയ്യുന്നു. തോറ്റ വിഷയങ്ങൾക്ക് പൂജ്യം ക്രെഡിറ്റ് കണക്കാക്കാതെ, ബാക്കിയുള്ള കോഴ്സ് ക്രെഡിറ്റിന്റെ അടിസ്ഥാനത്തിൽ SGPA കണക്കാക്കണമെന്നതും വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാകുന്ന നിർദ്ദേശമാണ്.
വിദഗ്ധസമിതിയുടെ നിർേദശങ്ങൾ അതേപടി നടപ്പാക്കിയാൽത്തന്നെ നാലുവർഷ ബിരുദത്തിലെ പോരായ്മകളെല്ലാം പരിഹരിക്കപ്പെടുമോ? നാലാംവർഷം കൂടുതലായി വരുന്ന ബാച്ചിനെ കൈകാര്യംചെയ്യാൻ നിലവിലുള്ള അധ്യാപകർ മതിയാകുമോ, ക്ലാസ് മുറികളുടെ ലഭ്യത എങ്ങനെ ഉറപ്പാക്കും, പ്രൊജക്ടുകളും ഇന്റേൺഷിപ്പുകളും എങ്ങനെ നടപ്പാക്കും..? ആശങ്കകൾ നിരവധിയാണ്. വിദഗ്ധരുടെ വിലയിരുത്തലുകൾക്കൂടി പരിശോധിച്ച് ഇക്കാര്യങ്ങൾ അടുത്ത അധ്യായത്തിൽ വിശകലനം ചെയ്യാം.
നിലയുറയ്ക്കാതെ നാലാംവർഷം 01: ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കാം
Content Highlights: Explore the advantages of completing a four-year degree in Kerala, including research opportunities and streamlined pathways to postgraduate studies FYUGP