ചൈനയ്ക്കും റഷ്യയ്ക്കും കനത്ത തിരിച്ചടി, ഗ്രീൻലൻഡിൽ ആധിപത്യം; അനന്തമായ ആയുസ്സുള്ള ട്രംപിന്റെ കരാർ!

സൈനിക ശക്തി ഉപയോഗിച്ച് പിടിച്ചെടുക്കുമെന്ന ഭീഷണികൾ, വിലയ്ക്ക് വാങ്ങാനുള്ള ശ്രമങ്ങൾ, സഖ്യരാജ്യങ്ങൾക്ക് മേൽ വ്യാപാരതീരുവകൾ ചുമത്തുമെന്ന മുന്നറിയിപ്പുകൾ, വടക്കേ അമേരിക്കൻ വൻകര മുഴുവൻ അമേരിക്കൻ പതാകയ്ക്ക് കീഴിലാക്കുന്ന ഭൂപടങ്ങൾ പങ്കുവെക്കൽ.. മാസങ്ങളായി തുടർന്ന നാടകങ്ങൾക്കൊടുവിൽ ഗ്രീൻലൻഡ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ വിജയത്തിലേക്ക്. ഡെൻമാർക്കുമായും ഗ്രീൻലൻഡുമായും പുതിയ സുരക്ഷാ കരാറിൽ ഏർപ്പെട്ടതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഗ്രീൻലൻഡിന്റെ സുരക്ഷയിൽ അമേരിക്കയ്ക്ക് ‘സ്ഥിരമായ സുരക്ഷാ നിയന്ത്രണം’ നൽകുന്നതാണ് കരാർ. ഇതിനെ ‘അനന്തമായ ആയുസ്സുള്ള കരാർ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കൻ നികുതിദായകർക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ, ഗ്രീൻലൻഡിന്റെ സുരക്ഷയിലും പ്രതിരോധ കാര്യങ്ങളിലും അമേരിക്കയ്ക്ക് നിയന്ത്രണം നൽകുന്നതാണ് കരാറെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗ്രീൻലൻഡിനെച്ചൊല്ലി യൂറോപ്പിലും നാറ്റോ സഖ്യരാജ്യങ്ങൾക്കിടയിലും വലിയ നയതന്ത്ര പ്രതിസന്ധികൾ സൃഷ്ടിച്ച വാഗ്വാദങ്ങൾക്കൊടുവിലാണ് ആർട്ടിക് മേഖലയിൽ പൂർണ സൈനിക-സുരക്ഷാ മേധാവിത്വം ഉറപ്പിക്കുന്ന ഈ ചരിത്ര കരാറിലേക്ക് ട്രംപ് എത്തുന്നത്. അതും ഒരുതുണ്ട് ഭൂമിപോലും നേരിട്ട് വിലയ്ക്കുവാങ്ങാതെ തന്നെ. ഈ കരാറിന് അവസാനമില്ലെന്നും ഗ്രീൻലൻഡിന്റെയും അമേരിക്കയുടെയും സുരക്ഷയ്ക്കാവശ്യമായ നീക്കങ്ങൾ നടത്താനുള്ള പൂർണ അധികാരം അമേരിക്കയ്ക്കുണ്ടായിരിക്കുമെന്നുമാണ് ട്രംപിന്റെ വാദം. എന്താണ് കരാറിന്റെ വിശദാംശങ്ങൾ? എന്തുകൊണ്ടാണിന് പ്രാധാന്യമർഹിക്കുന്നത്?