പകരച്ചുങ്കം-ഉഭയകക്ഷി ചര്‍ച്ചകളില്‍ കണ്ണുവെച്ച് ഇന്ത്യ, ഇളവുകള്‍ക്ക് സാധ്യത

ലോകരാജ്യങ്ങള്‍ ആശങ്കയോടെ കാത്തിരുന്ന വാര്‍ത്തയെത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഷയില്‍ 'വിമോചനദിന'മായ ഏപ്രില്‍ രണ്ടിന് രാത്രിയില്‍ ഇന്ത്യയടക്കമുള്ള നൂറ്റി എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം കുത്തനെ വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനമാണ് തീരുവ. ട്രംപിന്റെ ഭാഷയില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നതിന്റെ പകുതി മാത്രമാണിത്. പകരച്ചുങ്കം വര്‍ധിപ്പിച്ചതിനുള്ള ഇന്ത്യന്‍ പ്രതികരണം കരുതലോടെയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീരുവവര്‍ദ്ധന വലിയൊരു തിരിച്ചടിയല്ല, മറികടക്കാന്‍ ആവാത്തതുമല്ല എന്നാണ് വാണിജ്യമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.
വ്യാപാരരംഗത്തെ എതിരാളികളുമായി താരതമ്യപ്പെടുത്തിയാല്‍ ഭേദമാണ് ഇന്ത്യയുടെ അവസ്ഥ. ട്രംപിന്റെ പകരത്തീരുവയുടെ ഏറ്റവും വലിയ ഇരകള്‍ കംബോഡിയ (49 ശതമാനം), ബോട്സ്വാന (37), തായ്ലന്‍ഡ് (36), ശ്രീലങ്കയും മ്യാന്‍മാറും (44 വീതം), തായ്വാനും ഇന്തോനേഷ്യയും (32 വീതം), സ്വിറ്റ്സര്‍ലന്‍ഡ് (31) ശതമാനം, യൂറോപ്യന്‍ യൂണിയന്‍ (20), ഇംഗ്ലണ്ട് (10), ജപ്പാന്‍ (24), ദക്ഷിണകൊറിയ (25 ശതമാനം) എന്നിങ്ങനെയാണ്. ചൈനയ്ക്ക് 34 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷേ, നേരത്തേ തന്നെ 20 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഫലത്തില്‍ ചൈന നല്‍കേണ്ട തീരുവ 54 ശതമാനമാവും. ചൈനയടക്കമുള്ള രാജ്യങ്ങള്‍ കോപതാപങ്ങളോടെയാണ് പകരച്ചുങ്ക പ്രഖ്യാപനത്തെ വരവേറ്റിരിക്കുന്നത്.
Content Highlights: donald trump announces reciprocal tariff, impact on India