സിന്ദൂറിനുശേഷം വീണ്ടും തലപൊക്കി പാക് ഭീകരത, വൈറ്റ്‌കോളര്‍ ഭീകരരും സുരക്ഷാവെല്ലുവിളികളും

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കടുത്ത് നവംബര്‍ പത്തിന് വൈകിട്ടുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ പ്രകമ്പനങ്ങള്‍ വളരെ ദൂരം അനുഭവപ്പെട്ടിരുന്നു. എട്ടുപേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ- ചാവേര്‍ സ്‌ഫോടനമാണെന്ന് ആദ്യനിഗമനങ്ങള്‍- അലകള്‍ രാജ്യമെമ്പാടും ദീര്‍ഘകാലം അനുഭവപ്പെടുമെന്നതില്‍ സംശയം വേണ്ട. പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജ്യതലസ്ഥാനത്ത് ഇത്തരമൊരു ഭീകരാക്രമണമുണ്ടാവുന്നത്.
ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ട് ആറു മാസമായി. പാക്കധീന കശ്മീരിലും പാകിസ്താനിലുമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളെ ഇന്ത്യന്‍ കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ തകര്‍ത്തത് കഴിഞ്ഞ മേയ് ഏഴാം തീയതി പുലര്‍ച്ചെ ആയിരുന്നു. 25 മിനിറ്റ് നീണ്ടുനിന്ന മിസൈല്‍ ആക്രമണങ്ങളില്‍ ഒന്‍പത് ഭീകരതാവളങ്ങള്‍ തകര്‍ക്കപ്പെട്ടു, ബഹവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനവും മുറിദ്‌കെയിലെ ലഷ്‌കര്‍ കേന്ദ്രവും ഉള്‍പ്പെടെ. ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ ഉറ്റ ബന്ധുക്കളടക്കം നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. അതോടെ ഭീകരരും അവരെ സഹായിക്കുന്ന പാകിസ്താനും കുറച്ചുകാലത്തേക്ക് അടങ്ങിയിരിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഭീകരരെ ഉപയോഗിച്ച് ഇന്ത്യയോട് നിഴല്‍യുദ്ധം നടത്തുന്ന രീതിയില്‍ മാറ്റം വരുത്താന്‍ പാകിസ്താന്‍ തയ്യാറല്ലെന്നാണ് സമീപ കാലത്ത് പാക് അതിര്‍ത്തി കടന്നുവരുന്ന ഭീകരവാദ സംഭവങ്ങളുടെ വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കുന്നത്.