വെനസ്വേലയ്ക്കു പിന്നാലെ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക; അസ്വസ്ഥമായി ചൈന

ഡൊണാൾഡ് ട്രംപ് | Photo: Julia Demaree Nikhinson/AP Photo
ഡൊണാൾഡ് ട്രംപ് | Photo: Julia Demaree Nikhinson/AP Photo

ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം ചെറുക്കാനുള്ള അമേരിക്കൻ നയത്തിന്റെ പ്രധാനസ്തംഭങ്ങൾ ഇവയാണ്: എൽബ്രിജ് കോൾബിയുടെ ചട്ടക്കൂട്, 2025-ലെ ദേശീയ സുരക്ഷാതന്ത്രം (NSS), ഹെറിറ്റേജ് ഫൗണ്ടേഷന്റെ റിപ്പോർട്ട്. നിലവിൽ അമേരിക്കയുടെ പ്രതിരോധനയത്തിന്റെ അമരക്കാരിൽ ഒരാളായ കോൾബി അമേരിക്കയ്ക്ക് ലോകത്തെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നു. വിദേശനയത്തിൽ കഴിവിനപ്പുറമുള്ള കടപ്പാടുകളാണ് അമേരിക്കയ്ക്കുള്ളത്. അതിനാൽ ആദ്യദ്വീപ് ശൃംഖലയ്ക്കാണ് (തായ്‌വാൻ, ജപ്പാൻ, ഫിലിപ്പൈൻസ്) യുഎസ് മുൻതൂക്കം നൽകേണ്ടത്. ദക്ഷിണേഷ്യ സന്തുലിതമാക്കി നിലനിർത്താനുള്ള ഉത്തരവാദിത്തം ഇന്ത്യയെ ഏൽപ്പിക്കണമെന്ന് കോൾബി കരുതുന്നു. ഇന്ത്യയുടെ പ്രതിരോധബജറ്റ് ജിഡിപിയുടെ 3.5 ശതമാനമെങ്കിലും ആയിരിക്കണമെന്നും.

ചൈനയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് അമേരിക്ക ഇന്ത്യയ്ക്ക് അത്യാധുനിക സാങ്കേതികവിദ്യകളും രഹസ്യവിവരങ്ങളും നൽകണം. അമേരിക്ക ദക്ഷിണേഷ്യയിൽ നേരിട്ട് പോരിന് ഇറങ്ങില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയ്ക്ക് സ്വൈരവിഹാരം നടത്താനാവാത്ത സാഹചര്യം ഇന്ത്യ ഉണ്ടാക്കണം. കോൾബിയുടെ കണ്ണിൽ പാകിസ്താൻ ചൈനയുടെ 'നന്നാവാൻ' സാധ്യതയില്ലാത്ത ബിനാമിയാണ് (പാക് സൈനികമേധാവി വൈറ്റ് ഹൗസിലെ പതിവുകാരനാവുമെന്ന് ദീർഘദർശനം ചെയ്യാൻ കോൾബിക്കായില്ല!) എൻഎസ്എസ് റിപ്പോർട്ടും പാകിസ്താനെ നിയന്ത്രിച്ചു നിർത്തേണ്ടതിന്റെ ആവശ്യകത പറയുന്നുണ്ട്. ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും തുറമുഖങ്ങളിൽ ചൈനീസ് നാവികസേന വരുന്നത് തടയണമെന്നും കോൾബിയുടെ നിഷേധിക്കൽ തന്ത്രം സൂചിപ്പിക്കുന്നു. ഹിമാലയത്തിലെ കടന്നുകയറ്റങ്ങൾ ചെറുക്കാൻ നേപ്പാളിനെയും ഭൂട്ടാനെയും ചൈനയ്‌ക്കെതിരെയുള്ള 'ഉയർന്ന പ്രതിരോധ മതിൽ' ആയി മാറ്റാൻ അമേരിക്ക ഇന്ത്യയെ സഹായിക്കണമെന്നും അതിൽ പറയുന്നു.

Continue reading