623 കിലോമീറ്റര്‍ വേഗത്തിലോടി പരീക്ഷണം, ലക്ഷ്യം 1000 കിലോമീറ്റര്‍ വേഗം;കുതിക്കാൻ ചൈനയുടെ മാഗ്‌ലെവ്

ചൈന എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ എക്‌സില്‍ പങ്കുവെച്ച ചിത്രം | Photo: twitter.com/ChinaScience
ചൈന എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ എക്‌സില്‍ പങ്കുവെച്ച ചിത്രം | Photo: twitter.com/ChinaScience

സാങ്കേതികവിദ്യയുടെ കാര്യത്തില്‍ എന്നും ലോകത്തെ അമ്പരപ്പിക്കുന്ന രാജ്യമാണ് ചൈന. നൂതന സാങ്കേതികവിദ്യകള്‍ എല്ലാ മേഖലകളിലും പരീക്ഷിക്കുന്ന രാജ്യം. ഇപ്പോഴിതാ അവര്‍ വികസിപ്പിച്ച മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ (മാഗ്‌ലെവ്) ട്രെയിന്‍ പരീക്ഷണസമയത്ത്‌ വേഗതയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. ചൈന എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ (CASIC) രൂപകല്‍പന ചെയ്ത മാഗ്‌ലെവ് ട്രെയിന്‍ 623 കിലോ മീറ്ററിലേറെ വേഗത്തിലാണ് പരീക്ഷണ ഓട്ടം നടത്തി റെക്കോര്‍ഡ് ഇട്ടത്. രണ്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ലോ-വാക്വം ട്യൂബിലൂടെ നടത്തിയ പരീക്ഷണയോട്ടത്തിലാണ് റെക്കോര്‍ഡ് മറികടന്നിരിക്കുന്നതെന്നാണ് സി.എ.എസ്.ഐ.സി. അവകാശപ്പെടുന്നത്. പുതുതായി കൈവരിച്ചിരിക്കുന്ന വേഗത മാഗ്‌ലെവ് വികസനത്തിലെ വലിയ മുന്നേറ്റത്തിന്റെ സൂചനയാണെന്നും  സി.എ.എസ്.ഐ.സിയെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

വേഗത്തിന്റെ കാര്യത്തില്‍ ചൈന ലോകത്തെ അമ്പരപ്പിക്കുന്നത് ഇതാദ്യമല്ല. ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള അതിവേഗ മാഗ്‌ലെവ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതും ചൈനയിലാണ്. ഷാങ്ഹായ് മാഗ്‌ലെവ്  മണിക്കൂറില്‍ 300 കിലോ മീറ്ററിലധികം വേഗത്തിലാണ് സര്‍വീസ് നടത്തുന്നത്. മണിക്കൂറില്‍ 431 കിലോ മീറ്ററാണ് ഇതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത.  600 കിലോ മീറ്ററിന് മുകളില്‍ വേഗതയിലുള്ള മഗ്‌ലെവ് എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇതും മറികടന്ന് ഏറെ വൈകാതെ തന്നെ വിമാനത്തിന്റെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ എന്ന ആശയം ചൈന യാഥാര്‍ഥ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേഗതയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുക എന്നതിലുപരി എയറോസ്പേസ്, റെയില്‍ ട്രാന്‍സ്പോര്‍ട്ട് സാങ്കേതികവിദ്യ എന്നിവയെ കൂട്ടിയോജിപ്പിച്ച് മണിക്കൂറില്‍ 1000 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഹൈ-സ്പീഡ് ഫ്ളൈയര്‍ പ്രോജക്ട് ഒരുക്കാനുള്ള നീക്കത്തിലാണ് സി.എ.എസ്.ഐ.സി. എന്നാണ് റിപ്പോര്‍ട്ടുകള്‍.  

Content Highlights: China on the way to its dream of high-speed maglev

Continue reading