ഡൽഹിയിലെ മോദി-ഷി കൂടിക്കാഴ്ച: കൈകുലുക്കൽ മാത്രമോ? ചൈനയുടെ തന്ത്രങ്ങൾ

#ഡോ. ആനന്ദ് പി. കൃഷ്ണൻ, ഡോ. ജെബിൻ ടി. ജേക്കബ്
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിക്സ് ഉച്ചകോടിക്കിടെ | Photo: PTI
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിക്സ് ഉച്ചകോടിക്കിടെ | Photo: PTI

പതിനെട്ടാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായ ഷി ജിൻപിങ് കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തി. ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ഷി യുടെ ഇന്ത്യാ സന്ദർശനം. ഈ വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയുണ്ടായി.

കൂടികാകാഴ്ച്ചയ്ക്കുശേഷം ഇരു രാജ്യങ്ങളും പ്രത്യേകം പ്രത്യേകമായി പുറത്തിറക്കിയ മാധ്യമ കുറിപ്പുകൾ - ഇരുവരുംതമ്മിലുള്ള ചർച്ചയ്ക്കുശേഷം കണ്ടുവരുന്ന ഒരു പതിവ് രീതി - സമ്മേളത്തിനു മുന്നോടിയായി നിലനിന്ന എല്ലാ അമിതപ്രചാരണവും, ഊഹാപോഹങ്ങളും തെറ്റാണെന്നു തെളിയിച്ചു.

ചൈനയ്ക്കുമേലുള്ള ആശ്രിതത്വം

വ്യാപാരത്തിലെ അസമത്വവും ചൈനയുടെമേൽ വർധിച്ചുവരുന്ന ആശ്രയവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഉഭയകക്ഷിബന്ധങ്ങളെ നിർവചിച്ചിട്ടുള്ളത്. 2025-26 സാമ്പത്തിക വർഷത്തിൽ, ചൈനയുമായുള്ള ഇന്ത്യയുടെ വാണിജ്യക്കമ്മി 112.16 ബില്യൺ യു.എസ്. ഡോളറായിരുന്നു. ഇതിൽ ഭൂരിഭാഗവും ഇലക്‌ട്രോണിക്സ്, ഔഷധങ്ങൾ, അപൂർവ ഭൗമമൂലകങ്ങളടങ്ങിയ കാന്തം (rare-earth magnets), സൗരോർജപാനൽ എന്നിവയ്ക്കുവേണ്ടിവരുന്ന ചേരുവകളുടെയും ഘടകങ്ങളുടെയും മറ്റും ഇറക്കുമതിയുടെ കണക്കാണ്. ഈ മേഖലകൾ ഒരു ആഗോള ഉത്‌പാദനശക്തിയായി ഉയരാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന്‌ നിർണായകമാണ്.

ഹ്രസ്വ-ഇടക്കാല തലത്തിൽ ഇന്ത്യയുടെ വ്യവസായങ്ങൾ ചൈനയെ ആശ്രയിച്ചാണെന്ന ബോധ്യത്തിൽനിന്നുകൊണ്ടുതന്നെ, മോദിസർക്കാർ ദീർഘകാലാടിസ്ഥാനത്തിൽ ഉത്‌പാദനത്തെ തദ്ദേശീയമാക്കാനും പതിയെ ചൈനയിൽനിന്നു വേർപെടുത്താനുമുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

ചൈനയുമായുള്ള സാമ്പത്തിക ഇടപെടലുകളിൽ ഒരു ക്രമാനുസൃതമായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഈ വർഷം മാർച്ചിൽ ഇലക്‌ട്രോണിക്സ്, സൗരോർജപാനൽ എന്നീ തിരഞ്ഞെടുത്ത ചില മേഖലകളിൽ ചൈനീസ് നിക്ഷേപങ്ങൾക്കുമേൽ നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളിൽ ഇന്ത്യ അയവുവരുത്തി. കൂടാതെ ഇന്ത്യയുടെയും ചൈനയുടെയും ഇലക്‌ട്രോണിക്സ് കമ്പനികൾ തമ്മിലുള്ള ചില സംയുക്തസംരംഭങ്ങൾക്കും കേന്ദ്രസർക്കാർ അനുവാദംനൽകി.

രാജ്യത്തിന്റെ പരിമിത വാണിജ്യചട്ടക്കൂടുകൾക്ക് പുറത്തും, ഇന്ത്യൻ വ്യവസ്ഥിതിയിൽ ചൈനീസ് സാങ്കേതികവിദ്യയും അവരുടെ സാമ്പത്തികസംവിധാനവും തങ്ങളുടെ സാന്നിധ്യവും ഇടപെടലുകളും വർധിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ബാറ്ററി നിർമാണത്തിലും ഇലക്‌ട്രിക് വാഹനങ്ങൾ ഉത്‌പാദിപ്പിക്കാനും മറ്റുമുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ടാറ്റ ഗ്രൂപ്പ് ചൈനീസ് കമ്പനികളുമായി കൈകോർത്തിട്ടുണ്ട്. കൂടാതെ, നിർമിതബുദ്ധിയുടെ തരംഗവും അതിൽ ചൈനയുടെ വർധിക്കുന്ന കാര്യക്ഷമതയും ആ മേഖലയിലെ ചൈനീസ് ഓഹരികളിൽ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ താത്‌പര്യം കൂട്ടിയിട്ടുണ്ട്. സെമികണ്ടക്ടർ ചിപ്പുകൾ, ക്ലൗഡ് കംപ്യൂട്ടിങ്‌, റോബോട്ടിക്സ് എന്നിവയാണ് ഇതിന്റെ മുൻപന്തിയിൽ.

ചൈനയുടെ ഇടപെടലുകൾ

മറുവശത്ത്, വ്യാവസായിക വികസനത്തിന് ഇന്ത്യ നടപ്പാക്കുന്ന ദീർഘകാലശ്രമങ്ങളെ തടസ്സപ്പെടുത്താനുള്ള നടപടികളിലും ചൈന ഏർപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയ നടപടികളിലൂടെ കയറ്റുമതി നിയന്ത്രണങ്ങൾകൂടാതെ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന നിർമാണത്തിനും സൗരോർജവ്യവസായത്തിനുമുള്ള ഇളവുകളെയും പ്രോത്സാഹന ആനുകൂല്യങ്ങളെയുംകുറിച്ച് ലോക വ്യാപാരസംഘടനയിൽ തർക്കമുന്നയിച്ചും സാങ്കേതികവിദ്യയുടെ പുതിയമേഖലകളിൽ തങ്ങളുടെ ആധിപത്യത്തെ മുതലെടുക്കാൻ ചൈന പരിശ്രമിച്ചിട്ടുണ്ട്. കൂടാതെ, നൂതനസാങ്കേതികവിദ്യയുടെ ലഭ്യതയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയിൽ പുതുതായി വളർന്നുവരുന്ന റോബോട്ടിക്സ് സംരംഭങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർക്കും വിദഗ്ധർക്കും ചൈനീസ് വിസനിയന്ത്രണങ്ങളും ബാധകമാക്കിയിട്ടുണ്ട്. ചൈനയിൽനിന്ന് വലിയതോതിലുള്ള ടൈറ്റാനിയം ഓക്സൈഡ് പോലുള്ള രാസവസ്തുക്കളുടെ ഇറക്കുമതി ഇന്ത്യൻ കമ്പനികളുടെ വിതരണത്തെ പ്രതികൂലമായി ബാധിച്ചെന്നും എടുത്തുപറയണം. ഇവയിൽ കേരളത്തിൽനിന്നുള്ള പ്രമുഖരായ ട്രാവൻകൂർ ടൈറ്റാനിയവും കേരള മെറ്റൽസ് ആൻഡ് മിനറൽസും ഉൾപ്പെടും.

140 അനുച്ഛേദങ്ങളുള്ള ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനവും അതിൽ എല്ലാവരുടെയും അംഗീകാരം നേടാനെടുത്ത ശ്രമങ്ങളെയും താരതമ്യപ്പെടുത്തുമ്പോൾ, മോദി-ഷി കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള പ്രസ്താവന വെറും ആറ് അനുച്ഛേദങ്ങളിൽ മാത്രമൊതുങ്ങി എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ഇതിൽ ഉഭയകക്ഷിവിഷയങ്ങളിൽ മാത്രമാണ് കാര്യമായി ഊന്നൽനൽകിയിരുന്നത്. അതിലും സാമ്പത്തിക ആശങ്കകൾക്കുപുറമേ, ഗൗരവമായി ഇടംനേടിയ വേറെ വിഷയം അതിർത്തിത്തർക്കമാണ്.

സ്വന്തം താത്‌പര്യങ്ങൾ മാത്രം

ഇന്ത്യക്ക്‌ പ്രാധാന്യംനൽകുന്നതിനു പകരം ബ്രിക്സ് ഉച്ചകോടിയെയും ആ സംഘടനയെയും തങ്ങളുടെ അമേരിക്കാവിരുദ്ധവും പാശ്ചാത്യവിരുദ്ധവുമായ അജൻഡ അവതരിപ്പിക്കാനുള്ള ഒരു വേദിയായാണ് ചൈന കാണുന്നത്.

ബ്രിക്സ് രാജ്യങ്ങളുടെ പ്രാദേശിക കറൻസികളുപയോഗിച്ചുള്ള വമ്പിച്ച വാണിജ്യനിക്ഷേപങ്ങൾക്ക് ഊന്നൽനൽകുന്നതിനപ്പുറം, ചൈനയുടെ ശ്രമം ആഗോള സമ്പദ്‌വ്യവസ്ഥയിൽനിന്ന്‌ ഡോളർ ആശ്രിതത്വം കുറയ്ക്കുകയാണ് (de-dollarize). എന്നാൽ, തങ്ങളുടെ ഭാഗത്തുനിന്ന്‌ പ്രാദേശിക കറൻസികളുടെ ഉപയോഗത്തെ ഡോളറിൽനിന്നുള്ള അകൽച്ചയായി ചിത്രീകരിക്കുന്നതിനെതിരേ ഇന്ത്യ കരുതൽ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബ്രിക്സിനെത്തന്നെ, പാശ്ചാത്യേതര എന്നാൽ, പാശ്ചാത്യവിരുദ്ധമല്ലാത്ത (non-western, not anti-western) കൂട്ടായ്മയായാണ് ഇന്ത്യ അവതരിപ്പിക്കുന്നത്.

അമേരിക്ക ഏർപ്പെടുത്തിയ തീരുവകളെച്ചൊല്ലിയുള്ള പിരിമുറുക്കങ്ങൾ നേരിടുമ്പോൾത്തന്നെ, യു.എസുമായി നല്ലബന്ധം നിലനിർത്തണമെന്നത്, തങ്ങളുടെ വിദേശനയത്തിന്റെ ഒരു ആധാരശിലയായാണ് ഇന്ത്യ കാണുന്നത്. എന്നിരുന്നാലും അമേരിക്കയ്ക്ക് ചൈനയുമായുള്ള ഉഭയകക്ഷിബന്ധം ഇന്ത്യയുമായുള്ള ബന്ധത്തെക്കാൾ ഏറെ നിർണായക പ്രാധാന്യമുള്ളതാണ്. അതുപോലെത്തന്നെ, ഇന്ത്യയുമായുള്ള ബന്ധത്തെക്കാൾ യു.എസ്.-ചൈന ബന്ധത്തിനാണ് ചൈന പ്രാധാന്യം നൽകുന്നതും, ആ ബന്ധം കല്ലുകടികൾ നിറഞ്ഞതാണെങ്കിൽപ്പോലും. ഈ കാരണത്താലാണ്, ബ്രിക്സ് ഉച്ചകോടിക്കായുള്ള ഇന്ത്യാ സന്ദർശനത്തെ അമേരിക്കയ്ക്ക് സൂചനനൽകാനായി ഷീ ശ്രദ്ധകേന്ദ്രീകരിച്ചത് (രണ്ടാഴ്ചയ്ക്കുള്ളിൽ ഷിയുടെ യു.എസ്. സന്ദർശനം ഉണ്ടാവുമെന്നു കേൾക്കുന്നു). ഇതിനാലാണ് ഇന്ത്യ-ചൈന ഉഭയകക്ഷിതലത്തിലെ ഫലങ്ങൾ ഇപ്പോഴും പരിമിതമായി തുടരുന്നത്.

(ലേഖകർ ഡൽഹി ശിവ് നാടാർ സർവകലാശാലയിൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഹിമാലയൻ സ്റ്റഡീസിൽ അധ്യാപകരാണ്) 

Content Highlights: Modi and Xi's meeting at the BRICS summit in Delhi highlights economic ties and geopolitical tensions between India and China.