ഡോളറിനുള്ള പണിയോ? ബ്രിക്‌സ് രാജ്യങ്ങളുടെ ഡിജിറ്റൽ കറൻസികൾ ബന്ധിപ്പിച്ചാൽ നേട്ടമാർക്ക്?

ബ്രിക്സ് രാജ്യങ്ങൾ അവരുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസികൾ പരസ്പരം ബന്ധിപ്പിക്കുന്നത് പരിഗണിക്കണമെന്ന ശുപാർശയുമായി റിസർവ് ബാങ്ക്. ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും ടൂറിസം ഇടപാടുകളും എളുപ്പമാക്കുന്നതിനായാണ് ആർബിഐയുടെ നിർദേശം. വാണിജ്യ ഇടപാടുകൾക്കും ടൂറിസത്തിനും ഈ ഡിജിറ്റൽ കറൻസികൾ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും വിഷയം 2026-ലെ ബ്രിക്‌സ് ഉച്ചകോടിയിൽ ഉന്നയിക്കാമെന്നും ആർബിഐ കേന്ദ്ര സർക്കാറിനോട് ശുപാർശ ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ബ്രിക്‌സ് സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിന്റെ ഈ ശുപാർശ. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അതിർത്തി കടന്നുള്ള ഇടപാടുകൾക്ക് യു.എസ്. ഡോളറിനെ ആശ്രയിക്കുന്നതു കുറയ്ക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
ഒരു പൊതു കറൻസി സൃഷ്ടിക്കുന്നതിനെക്കുറിച്ച് ബ്രിക്സ് ഗ്രൂപ്പ് ഗൗരവമായി ചിന്തിച്ചുവരികയാണ്. ഈ ആശയം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും യു.എസ്. ഡോളറിലുള്ള ആശ്രിതത്വം കുറയ്ക്കാനും സ്വന്തം സമ്പദ് വ്യവസ്ഥകളിൽ കൂടുതൽ നിയന്ത്രണം നേടാനുമുള്ള വഴികൾ ബ്രിക്‌സ് രാജ്യങ്ങൾ ഏറെക്കാലമായി പരിഗണിക്കുന്നുണ്ട്. ബ്രിക്‌സ് കറൻസിയെക്കുറിച്ചുള്ള ചർച്ചകൾ വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും സമീപകാലത്ത് ഇതിന് വേഗം കൂടിയിട്ടുണ്ട്. എന്നാൽ പുതിയ ബ്രിക്സ് കറൻസി സൃഷ്ടിക്കുകയോ യു.എസ്. ഡോളറിന് പകരമായി മറ്റേതെങ്കിലും കറൻസിയെ പിന്തുണയ്ക്കുകയോ ചെയ്യരുതെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കുമ്പോഴാണ് പുതിയ നീക്കം.