'കണ്ണീരിന്റെ കവാടം' പിടിച്ച് ഹൂതികൾ; ഇന്ത്യയുടെ ഹൃദയമിടിപ്പ് കൂടും, ക്രൂഡ് വില ഉയരുന്നു, വീണ്ടുമൊരു പ്രതിസന്ധി

#ന്യൂസ് ഡെസ്‌ക്
ബാബ് അൽ മാൻഡേബ്| Photo:By From WorldWind software - From WorldWind software, Public Domain, https://commons.wikimedia.org
ബാബ് അൽ മാൻഡേബ്| Photo:By From WorldWind software - From WorldWind software, Public Domain, https://commons.wikimedia.org

ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് അൽ മന്ദേബ് (Bab el-Mandeb) കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ (അൻസാർ അല്ലാഹ്) പിടിച്ചെടുത്തത് ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സൂയസ് കനാൽ വഴി മധ്യധരണ്യാഴിയെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന പ്രമുഖ അന്താരാഷ്ട്ര വ്യാപാര പാതയാണിത്. യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ എണ്ണ കയറ്റുമതിക്കായി ബാബ് അൽ മന്ദേബ് പാതയെ പ്രധാനമായും ആശ്രയിച്ചു തുടങ്ങിയത്. ഈ പാതയിലും പ്രതിസന്ധി ഉടലെടുക്കുന്നത് ആഗോള വ്യാപാരത്തെ എത്രകണ്ട് ബാധിക്കുമെന്ന് നിശ്ചയിക്കാനാകില്ല.

ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിൽ പാചകവാതക പ്രതിസന്ധി ഉടലെടുത്തിരുന്നു. ആഗോളതലത്തിൽതന്നെ ക്രൂഡോയിൽ വില വർധിച്ചത് നിരവധി രാജ്യങ്ങളെ സാമ്പത്തിക സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടിരുന്നു. ഇന്ത്യയിലും വിലവർധന ഒഴിച്ചുനിർത്താനാകാതെ വന്നു. ഇതിന്റെ പ്രത്യാഘാതം ഒഴിഞ്ഞുവരുന്നതിനിടെയാണ് ചെങ്കടലിൽ അടുത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. യെമന്റെ ചെങ്കടൽ തീരത്ത് നടന്ന 18 മണിക്കൂർ നീണ്ട ആക്രമണത്തിലൂടെയാണ് 29 കിലോമീറ്റർ വീതിയുള്ള ഈ ജലപാതയുടെ പൂർണ്ണ നിയന്ത്രണം ഹൂതികൾ കൈക്കലാക്കിയത്.

'കണ്ണീരിന്റെ കവാടം' (Gate of Tears) എന്നറിയപ്പെടുന്ന ബാബ് അൽ മന്ദേബ്, ചെങ്കടൽ തീരത്തെ പ്രമുഖ തുറമുഖ നഗരമായ മൊച്ച, മയൂൺ (പെരിം) ദ്വീപ്, സുഖർ, ഹനീഷ് ദ്വീപുകൾ എന്നിവ ഹൂതികൾ പിടിച്ചടക്കി കഴിഞ്ഞു. പുതിയ സംഭവവികാസങ്ങളെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നു.

ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

ഇന്ത്യയിൽ നിന്ന് ഏകദേശം 3,000 കിലോമീറ്റർ അകലെയാണെങ്കിലും ബാബ് എൽ-മന്ദേബിലെ പ്രതിസന്ധി ഇന്ത്യയുടെ സാമ്പത്തിക രംഗത്തെയും ഊർജ്ജ സുരക്ഷയെയും ഗുരുതരമായി ബാധിക്കും. ഹോർമുസിനു പുറമെ ഇന്ത്യ ക്രൂഡ് ഓയിൽ, മറ്റ് പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് ഈ ജലപാത വഴികൂടിയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നത് രാജ്യത്ത് ഇന്ധനവില വർദ്ധിക്കാൻ ഇടയാക്കും. ഇന്ത്യയിൽനിന്നുള്ള ഡീസൽ, വ്യോമയാന ഇന്ധനം, മരുന്നുകൾ, യന്ത്രസാമഗ്രികൾ, തുണിത്തരങ്ങൾ എന്നിവ യൂറോപ്പിലേക്ക് അയക്കുന്നത് പ്രധാനമായും ഈ പാത വഴിയാണ്.

ചെങ്കടൽ പാത സുരക്ഷിതമല്ലാതാകുന്നതോടെ കപ്പലുകൾക്ക് ആഫ്രിക്കൻ വൻകര ചുറ്റി ഗുഡ് ഹോപ്പ് മുനമ്പ് (Cape of Good Hope) വഴി സഞ്ചരിക്കേണ്ടി വരും. ഇത് മുംബൈയിൽനിന്ന് റോട്ടർഡാമിലേക്കുള്ള കപ്പൽ ദൂരം 15,700 കിലോ മീറ്ററിൽനിന്ന് 23,000 കിലോ മീറ്ററായി ഉയർത്തും. ഇതിലൂടെ യാത്രാസമയവും ചരക്കുകൂലിയും കുത്തനെ കൂടുകയും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര മത്സരശേഷി കുറയുകയും ചെയ്യും. ഇതിനകംതന്നെ ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ബാബ് അൽ മന്ദേബിലെ പ്രതിസന്ധി ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും കയറ്റുമതി സമ്പദ്‌വ്യവസ്ഥയ്ക്കും ഇരട്ട തിരിച്ചടിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Content Highlights: Bab el-Mandeb's control by Houthi rebels poses significant threats to global trade, impacting oil prices and international shipping routes.