ബംഗ്ലാദേശിന് കിട്ടുന്ന പണി; അതിര്‍ത്തി പിടിച്ച് അരാക്കാന്‍ ആര്‍മി; പിന്നിൽ ആര്?

ബംഗ്ലാദേശ് അതിര്‍ത്തിയിലെ അവസാനത്തെ പട്ടണമായ മൗംഗ്‌ഡോയും മ്യാന്‍മര്‍ പട്ടാളമായ ടാറ്റ്മാഡോയില്‍ നിന്നും പിടിച്ചെടുത്തു കഴിഞ്ഞു അരാക്കാന്‍ ആര്‍മി (എ.എ). ഷെയ്ക്ക് ഹസീന സര്‍ക്കാരിന്റെ അട്ടിമറിയെ തുടര്‍ന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ അസ്വസ്ഥമായ ഇക്കാലത്ത് അരാക്കന്‍ ആര്‍മിയുടെ വിജയത്തിന്റെ പ്രത്യാഘാതങ്ങളും അതുണ്ടാക്കാവുന്ന ഭൗമരാഷ്ട്രീയ ബലാബലത്തിലെ മാറ്റങ്ങളും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയാണ്. ബംഗ്ലാദേശിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിര്‍ത്തിയില്‍ അതിനിര്‍ണായകമായ സ്ഥാനത്താണ് ഈ മേഖല; ഇവിടം ഉലയാതിരിക്കേണ്ടത് ഇന്ത്യയുടെ രാജ്യസുരക്ഷാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രധാനമാണ്. അതുകൊണ്ടു തന്നെ, ഇന്ത്യന്‍ ചാരസംഘടന റോയുടെ (റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) സഹായവും എ.എയുടെ പെട്ടെന്നുള്ള കുതിപ്പിനു കാരണമായെന്ന ആരോപണവും ശക്തമാണ്.
മ്യാന്‍മറിലെ രാഘൈന്‍ പ്രവിശ്യയില്‍ അധിവസിക്കുന്ന രാഘൈന്‍ വംശജര്‍ക്ക് കൂടുതല്‍ സ്വയംഭരണം എന്ന ആവശ്യം മുന്‍നിര്‍ത്തി പോരാടുന്ന ഈ സൈന്യത്തിന്റെ പുതിയ വിജയക്കുതിപ്പ് സ്വാഭാവികമാണെന്നു കരുതുന്നവരുണ്ട്. ആഭ്യന്തരയുദ്ധം നടക്കുന്ന മ്യാന്‍മാറും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് നിലവില്‍ വന്ന ഇടക്കാലഭരണകൂടത്തിന്റെ കീഴിലെ ബംഗ്ലാദേശും വംശീയതയുടെ കനലുകള്‍ കെടാത്ത മണിപ്പുരുമെല്ലാം ചേർന്ന് തികച്ചും അസ്ഥിരമാണ് ഈ മേഖല. ഇതിനിടയിൽ അരാക്കാന്‍ ആര്‍മി നേടുന്ന വിജയങ്ങള്‍ ബംഗ്ലാദേശിന് വലിയ തലവേദനയാണ്. മ്യാന്‍മാറില്‍ നിന്നുള്ള പീഡനം കാരണം ബംഗ്ലാദേശിലേക്ക് കൂട്ടമായി പലായനം ചെയ്യുന്ന രോഹിംഗ്യ മുസ്ലിങ്ങള്‍, അതിര്‍ത്തിയിലെ ഷെല്ലിംഗ്, ആയുധക്കടത്ത്-മുഹമ്മദ് യൂനുസ് നയിക്കുന്ന ധാക്കയിലെ ഇടക്കാല സര്‍ക്കാരിനെ കാത്തിരിക്കുന്നത് തലവേദന ഒഴിയാത്ത നാളുകളാണ്, ഉള്ള ആഭ്യന്തര തലവേദനകള്‍ പോരാത്തതുപോലെ!
മ്യാന്‍മാറിനും ബംഗ്ലാദേശിനും ഇടയ്ക്കുള്ള 270 കിലോമീറ്റര്‍ അതിര്‍ത്തിയും അരാക്കാന്‍ ആര്‍മി പിടിച്ചടക്കിയിരിക്കുകയാണ്. 2009-ല്‍ മാത്രം രൂപം കൊണ്ട ഈ വംശീയ സൈന്യം തൊഴില്‍ തേടി ചൈനീസ് അതിര്‍ത്തി കടന്ന രാഘൈന്‍ ചെറുപ്പക്കാര്‍ സൃഷ്ടിച്ചതാണ്. എട്ടു വര്‍ഷം മുമ്പാണ് അവര്‍ അതിര്‍ത്തിയില്‍ നിന്നും സ്വയംഭരണത്തിനുള്ള പോരാട്ടവുമായി നാട്ടിലേക്ക് ഇറങ്ങിയത്. രാഘൈന്‍ പ്രവിശ്യയിലെ ദാരിദ്ര്യവും ഒറ്റപ്പെടലും കേന്ദ്രത്തിന്റെ അവഗണനയും കാരണം പെരുകുന്ന ജനരോഷം അവര്‍ ഭംഗിയായി ഉപയോഗിച്ചു, അത് സൈനിക മുന്നേറ്റത്തിനും വിഭവസമാഹരണത്തിനും ഇന്ധനമാക്കി.
അരാക്കാന്‍ ആര്‍മിയും മ്യാന്‍മറിലെ സൈനികഭരണകൂടവും
രാഖൈനിലെ തേരാവാദ ബുദ്ധമതക്കാരാണ് ഈ സംഘടനയിലുള്ളത്. അച്ചടക്കവും ഉത്സാഹവുമുള്ള പോരാളികളുടെ സംഘം. ഏതാണ്ട് മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയ്ക്കാണ് അംഗസംഖ്യ. മ്യാന്‍മാറും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ വിമതസേനകളുമായി ബന്ധമുണ്ടായിരുന്നവരാണ് എ.എയ്ക്ക് നേതൃത്വം നല്‍കുന്നവരില്‍ പലരും. അതേ ബന്ധം തന്നെയാണ് അവര്‍ക്ക് ആധുനിക ആയുധങ്ങള്‍- ഡ്രോണും ആര്‍ട്ടിലറിയും ഉള്‍പ്പെടെ- ലഭ്യമാക്കാന്‍ സഹായിച്ചിട്ടുള്ളത്. ഗറില്ലാ യുദ്ധതന്ത്രത്തിലും സമര്‍ത്ഥരാണ് അരാക്കനീസ് ഭടന്‍മാര്‍. ഭൂപ്രകൃതി നന്നായി ഉപയോഗപ്പെടുത്തുന്നതിനാല്‍ അവരെ കീഴ്‌പ്പെടുത്തുന്നത് സൈന്യത്തിന് എളുപ്പമല്ല. മ്യാന്‍മര്‍ പട്ടാളത്തിന്റെ വ്യോമാക്രമണങ്ങളെയും മെച്ചപ്പെട്ട ആയുധ സജ്ജീകരണങ്ങളെയും കടുത്ത പ്രഹരശേഷിയുള്ള പീരങ്കികളെയും മറികടന്നാണ് മൗംഗ്‌ഡോ പട്ടണം പിടിച്ചെടുത്തത്.
ഇപ്പോള്‍ തന്നെ രാഘൈന്‍ പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും അവരുടെ അധീനതയിലാണ്, അത് ഒരു പ്രത്യേകരാജ്യം പോലെ ഭരിക്കുകയുമാണ്. 2021-ല്‍ ജനകീയസര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചതിനെ തുടര്‍ന്ന് നടന്ന ശക്തമായ ജനകീയപ്രക്ഷോഭങ്ങള്‍ അവരുടെ വളര്‍ച്ചക്ക് കരുത്തു പകര്‍ന്നു. തിരഞ്ഞെടുക്കപ്പെട്ട പുതിയ പാര്‍ലമെന്റ് ചാര്‍ജെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു തിരഞ്ഞെടുപ്പില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടും ആരോപിച്ചുള്ള പട്ടാള അട്ടിമറി. തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടിയ ഓംഗ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) നേതാക്കളൊക്കെ ജയിലിലായി. തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധങ്ങള്‍ പടര്‍ന്നു, വ്യത്യസ്ത വംശീയ, രാഷ്ട്രീയ പശ്ചാത്തലങ്ങളിലുള്ളവര്‍ ഒരുമിച്ച് തെരുവിലിറങ്ങി.
സൈനിക സര്‍ക്കാര്‍ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി. ആയിരക്കണക്കിന് പ്രതിഷേധക്കാരും പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. പതിനായിരങ്ങള്‍ ജയിലിലായി, ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതരായി. ദശകങ്ങളായി മ്യാന്‍മാര്‍ സൈന്യത്തിനെതിരെ പോരാടി വന്ന അരാക്കാന്‍ ആര്‍മി അടക്കമുള്ള വിമതസേനകള്‍ക്ക് ഇത് സുവര്‍ണാവസരമായി. അവ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സമരം ചെയ്യുന്ന സംഘടനകളുമായി കൈകോര്‍ത്തു. ഇവരൊരുമിച്ച് പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സസ് (പി.ഡി.എഫ്) എന്ന സഖ്യം ഉണ്ടാക്കി. യന്ത്രത്തോക്കുകളും വ്യോമാക്രമണങ്ങളുമായി സൈന്യം 'ശത്രുക്കളെ' നേരിട്ടതോടെ രാജ്യം സമ്പൂര്‍ണമായ ആഭ്യന്തരയുദ്ധത്തിലേക്ക് വീണു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തിന്റെ പകുതിയിലധികം ഇന്ന് വിമതസേനകളുടെ നിയന്ത്രണത്തിലാണ്.
മ്യാന്‍മറിലെ സ്വൈര്യക്കേടും ചൈനയും
എന്നും ചൈന മ്യാന്‍മാറിലെ അസ്ഥിരത മുതലെടുത്തിരുന്നു. ദശകങ്ങളായി അവിടെയുള്ള വിമതസേനകള്‍ക്ക് (കാരെന്‍, ഷാന്‍, അരാക്കാന്‍ തുടങ്ങിയവ) എല്ലാ സൗകര്യങ്ങളും മാത്രമല്ല, അഭയവും നല്‍കി വന്നത് ചൈനയാണ്. അരാക്കാന്‍ ആര്‍മിയുടെ മുന്നേറ്റം എങ്ങനെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയും എന്ന ആലോചനയിലാവും ചൈനീസ് നയതന്ത്രജ്ഞര്‍. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി പ്രകാരം ചൈന മ്യാന്‍മറില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. രാഘൈന്‍ പ്രദേശത്തെ തുറമുഖങ്ങളിലും അവര്‍ക്ക് കണ്ണുണ്ട്. പ്രത്യേകിച്ച് ക്യാക്ഫ്യു ആഴക്കടല്‍ തുറമുഖം.
എന്തായാലും മ്യാന്‍മറില്‍ സമാധാനപ്രക്രിയക്ക് മുന്‍കൈയെടുത്ത് രാജ്യത്ത് മുന്‍തൂക്കം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ചൈന. തങ്ങളുടെ അതിര്‍ത്തിയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന കാരെന്‍, ഷാന്‍ വംശീയസേനകള്‍ വെടിനിര്‍ത്തലിന് ഏറെക്കുറെ സമ്മതിച്ചുകഴിഞ്ഞു. ചൈനയുടെ മേല്‍നോട്ടത്തില്‍ വെടിനിര്‍ത്തലുണ്ടായാല്‍ മ്യാന്‍മറിലെ സൈന്യത്തിന്റെ മേല്‍ക്കൈ നിലനില്‍ക്കും എന്നതാണ് പ്രശ്‌നം. ടാറ്റ്മാഡോയ്‌ക്കെതിരെ നേടിയ വന്‍വിജയങ്ങള്‍ ലക്ഷ്യങ്ങള്‍ മാറ്റിവരയ്ക്കാന്‍ അരാക്കാന്‍ സേനയെ പ്രേരിപ്പിക്കുമോ എന്ന് കണ്ടറിയണം. അതിര്‍ത്തി കടന്ന് ചിറ്റഗോംഗിലെ മതപീഡനം നേരിടുന്ന ബുദ്ധരേയും ഹിന്ദുക്കളെയുമൊക്കെ രക്ഷിക്കാന്‍ അവര്‍ക്കു തോന്നിക്കൂടായ്കയില്ല! ലക്ഷ്യം ഇപ്പോഴും രാഘൈന്‍ നിവാസികളുടെ സ്വയംഭരണമാണെന്ന് സേന അവകാശപ്പെടുന്നുണ്ടെങ്കിലും.
അതുപോലെ, ബംഗ്ലാദേശിലെ അസ്ഥിരത തങ്ങള്‍ക്ക് അനുകൂലമാക്കാനും ചൈന ശ്രമിക്കുമെന്നുറപ്പ്. ഇന്ത്യയോട് കൂടുതല്‍ അനുഭാവം കാണിച്ച മുന്‍പ്രധാനമന്ത്രി ഹസീനയ്‌ക്കെതിരായ ജനവികാരമുണ്ടാക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ വഴി ചൈന ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. പക്ഷേ, മാറിയ ആഗോള സാഹചര്യത്തില്‍ ചില ചില്ലറ സഹായങ്ങള്‍ മുഖേന ബംഗ്ലാദേശിനെ ബീജിങ്ങിലേക്കടുപ്പിക്കാനുള്ള ശ്രമം ഫലവത്താവുന്ന കാര്യം സംശയമാണ്. ഡീപ് സ്റ്റേറ്റിന്റെ സംവിധാനത്തിലായിരുന്നു ബംഗ്ലാദേശിലെ ഭരണകൂട അട്ടിമറിയെന്നത് പരക്കെ വിശ്വസിക്കപ്പെടുന്നു. ആ നിലയ്ക്ക്, യൂനുസ് സര്‍ക്കാര്‍ ചൈനീസ് പ്രലോഭനത്തില്‍ വീഴുമോ, അല്ലെങ്കില്‍ വീഴാന്‍ അമേരിക്ക അനുവദിക്കുമോ എന്നത് കണ്ടറിയണം. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിയാനും ഇടയുണ്ട്.
അരാക്കാന്‍ സേനയും രോഹിംഗ്യകളും
പട്ടാളത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടക്കൊലകളെയും അക്രമത്തെയും തുടര്‍ന്ന് 2017-ഓടെ രാഘൈനില്‍ നിന്നും ബംഗ്ലാദേശിലേക്ക് ജീവനും കൊണ്ടോടിയത് ആറു ലക്ഷത്തോളം രോഹിംഗ്യകളാണ്. രാഘൈന്‍ സംസ്ഥാനത്ത് ഇനിയും ഏഴു ലക്ഷത്തോളം പേര്‍ അവശേഷിക്കുന്നുണ്ട്. തങ്ങള്‍ രോഹിംഗ്യകള്‍ക്ക് എതിരല്ലെന്നും രാഘൈനിലെ എല്ലാവര്‍ക്കും വേണ്ടിയാണ് പോരാടുന്നതെന്നും എ.എ അവകാശപ്പെടുന്നുണ്ടെങ്കിലും അതില്‍ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് രോഹിംഗ്യകളെ അവര്‍ പുറത്താക്കിയിട്ടുണ്ട് എന്നുള്ളതാണ് കാരണം ചിലയിടങ്ങളില്‍ അരാക്കാന്‍ സേനയ്‌ക്കെതിരേ സൈനികനീക്കം നടക്കുമ്പോള്‍ റോഹിംഗ്യക്കാർ സൈന്യത്തോടൊപ്പം നിന്നതായും അരാക്കാന്‍ ആര്‍മിയുടെ ഡ്രോണുകളെ ലക്ഷ്യം വച്ചെന്നും ആരോപണമുണ്ട്.
എങ്കിലും രോഹിംഗ്യകളോട് അവരുടെ മനോഭാവം സൂചിപ്പിക്കുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം അരാക്കാന്‍ സേന പുറത്തുവിട്ടത്. മ്യാന്‍മര്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജിഹാദി സംഘങ്ങള്‍ ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും എതിരെ ക്രൂരതകള്‍ അഴിച്ചു വിടുന്നതായി സേന ആരോപിച്ചു. അതിര്‍ത്തിയിലെ രോഹിംഗ്യൻ സംഘടനകള്‍ നിരവധിയായ കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകൾക്കും കാരണക്കാരാണെന്നും ഇവയില്‍ ചിലതിന് ജമാഅത്തെ ഇസ്ലാമിയും അല്‍ഖ്വയിദയുമായി ബന്ധമുണ്ടെന്നും അമുസ്ലിങ്ങളെ ആക്രമിക്കാന്‍ മൗംഗ്‌ഡോ പട്ടണത്തിലെ മുസ്ലിങ്ങളെ ഇളക്കിവിടുന്നതായും അവര്‍ ആരോപിച്ചു. ഇത്തരം സംഘങ്ങള്‍ വളര്‍ന്നു വരുന്നതിന് ബംഗ്ലാദേശ് ഒത്താശ ചെയ്യുന്നതായും അവര്‍ ആരോപിക്കുന്നുണ്ട്.
അരാക്കാന്‍ സേനയ്ക്കു പിന്നിലാര്?
മ്യാന്‍മറിലെ സൈനിക സര്‍ക്കാരിലും വിമത സംഘങ്ങളിലും വളര്‍ന്നുവരുന്ന ചൈനയുടെ സ്വാധീനം നിയന്ത്രിക്കാന്‍ വേണ്ടി ഇന്ത്യ അരാക്കാന്‍ സേനയ്ക്ക് പരിമിതമായ തോതില്‍ പരിശീലനവും ആയുധങ്ങളും പണവും കൂടാതെ രഹസ്യവിവരങ്ങളും നല്‍കുകയാണെന്ന് മ്യാന്‍മര്‍ സൈന്യവുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു. ഇന്ത്യ ഈ ആരോപണത്തെ ഒരുതരത്തിലും അംഗീകരിച്ചിട്ടില്ല. മാത്രമല്ല, ആരോപണം സാധൂകരിക്കുന്ന തെളിവുകളും ഇതുവരെ ഇല്ല. ഔദ്യോഗികമായി ഇന്ത്യ മ്യാന്‍മര്‍ പ്രശ്‌നത്തില്‍ നിഷ്പക്ഷനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അവിടെ സമാധാനമുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ രാജ്യം പങ്കാളിയാണ്. എത്രയും വേഗം അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നതാണ് ഭാരതത്തിന്റെ ഔദ്യോഗിക നിലപാട്.
അതേസമയം, ഇന്ത്യയുടെ ഇടപെടല്‍ രാജ്യത്തിന് അനിവാര്യമാണെന്ന് വാദിക്കുന്നവരുമുണ്ട്. പ്രധാന കാരണങ്ങള്‍ രണ്ടാണ്. ഒന്ന് ഇന്ത്യയുടെ സാമ്പത്തിക സഹായമില്ലാതെ പിടിച്ചുനില്‍ക്കാന്‍ പാടാണെങ്കിലും, ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികളെയും ആഭ്യന്തരപ്രശ്‌നങ്ങളെയും നേരിടുകയാണെങ്കിലും ബംഗ്ലാദേശ് പാകിസ്താനോടു കൂടുതല്‍ അടുക്കുകയാണ്. രണ്ടാമത്തേത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അശാന്തിക്കു തിരികൊടുക്കുന്നത് മ്യാന്‍മര്‍ അതിര്‍ത്തിക്കു തൊട്ടടുത്തു നിന്നുമാണെന്ന സൂചനകള്‍. അതിനാല്‍ ഇന്ത്യയ്ക്ക് കൈകെട്ടി നോക്കിനില്‍ക്കാനാവില്ലെന്ന് ചിന്തിക്കുന്നവരാണ് അധികവും. ബംഗ്ലാദേശ് കൂടി കൈവിട്ടതോടെ, രാജ്യം യുദ്ധസാഹചര്യത്തെ നേരിടേണ്ടി വന്നാല്‍ ഒരേസമയം മൂന്നര യുദ്ധമുന്നണികള്‍ വേണ്ടി വന്നേക്കും! (പരേതനായ ഇന്ത്യയുടെ ആദ്യത്തെ സംയുക്തസേനാധ്യക്ഷന്‍ ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യ നേരിടേണ്ടി വരാനിടയുള്ള രണ്ടര യുദ്ധമുന്നണികളെ പറ്റി പറഞ്ഞത്- പാകിസ്താന്‍, ചൈന, രാജ്യത്തിനകത്തുള്ള ശത്രുക്കള്‍- ഓര്‍മിക്കുക. ഇപ്പോള്‍ ബംഗ്ലാദേശ് കൂടി പെടുത്താവുന്നതാണ്!) അത് ഏതു വിധേനയും ഒഴിവാക്കേണ്ടതാണല്ലോ!
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ക്കായി വൈകാതെ ചൈന സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ലെ ഗാല്‍വന്‍ ഏറ്റുമുട്ടലിനുശേഷം മേഖലയില്‍ നിന്നും സമാധാനപരമായി അതതു സ്ഥാനങ്ങളിലേക്ക് ഇരു സൈന്യങ്ങളും മടങ്ങിക്കഴിഞ്ഞ ശേഷമാണ് ഡോവല്‍ ചൈനയുടെ വിദേശമന്ത്രി വാങ് യീയെ കാണുന്നത്. ചൈനീസ് അതിര്‍ത്തി മാത്രമല്ല, ബംഗ്ലാദേശ്- മ്യാന്‍മര്‍ അതിര്‍ത്തിയും ചര്‍ച്ചയാകാതിരിക്കില്ല.
Content Highlights: Arakan Army`s capture of Maungdaw raises concerns about regional stability and India`s role.