നഷ്ടമായത് നാലരക്കോടിയുടെ ഭൂമി,കർഷകൻ പറയുന്നു-മരങ്ങളൊന്ന് മാറ്റിത്തരൂ,ഈ മണ്ണ് മതി എനിക്ക് ജീവിക്കാൻ

കാപ്പിയും കുരുമുളകും അടക്കയും ഏലവും വിളയുന്ന രണ്ടരയേക്കർ ഭൂമി. അതിൽ നിന്നുള്ള വാർഷിക വരുമാനം ഇരുപത് ലക്ഷം. അതിന് റിസോർട്ടുകാർ പറഞ്ഞ വില നാലരക്കോടി. അത് വെള്ളരിമലയിൽ നിന്ന് ഉരുൾപൊട്ടി ഒഴുകുന്നതിന് മുൻപുള്ള അണ്ണയ്യന്റെ കഥ. ഇന്നാ രണ്ടരയേക്കറില്ല. അവിടെ ഉരുളിന്റെ ബാക്കിയായ മണ്ണും കടപുഴകി ഒഴുകിവന്ന മരങ്ങളും അതിനടിയിൽ അജ്ഞാതരായ കുറേ മനുഷ്യരുടെ ജഡങ്ങളും മാത്രം. ആ ഭൂമിയുടെ ഉടമ അണ്ണയ്യന്റെ ഇന്നത്തെ സമ്പാദ്യം ദാനം കിട്ടിയ ഒരു ഓട്ടോ മാത്രമാണ്. ഓട്ടോയ്ക്ക് പക്ഷേ, ഇന്ന് ഓടാൻ നിർവാഹമില്ല. ഒരു വർഷം മുൻപ് ചൂരൽമലയിലെ ഏറ്റവും മികച്ച കർഷകരിൽ ഒരാളായ അണ്ണയ്യന് ഇന്നെടുക്കാൻ കൈയിൽ നൂറ് രൂപപോലുമില്ല. ഭാര്യയ്ക്ക് താത്കാലിക തൂപ്പുകാരിയുടെ ജോലിയാണുള്ളത്. മകൻ നട്ടെല്ലിന് പരിക്കുപറ്റി കിടപ്പിലും. എന്നിട്ടും അണ്ണയ്യന് ഇന്ന് വേണ്ടത് പണമല്ല. ഉരുൾ കവർന്ന തന്റെ ഭൂമിയാണ്. ആ ഭൂമി തിരിച്ചുകിട്ടിയാൽ, അവിടുത്തെ മരങ്ങൾ ഒന്ന് മാറ്റിക്കൊടുത്താൽ അവിടെ പഴയതുപോലെ പൊന്നുവിളയിക്കാമെന്ന് ആത്മവിശ്വാസമുണ്ട്. ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും.
എണ്ണം പറഞ്ഞ ഒരു കൃഷിക്കാരനുണ്ട്, നിങ്ങളൊന്ന് പോയിക്കാണണമെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ബാബുവാണ് അണ്ണയ്യന്റെ ഫോണ്‍ നമ്പര്‍ തന്നത്. മേപ്പാടിയിലെ ഓട്ടോ സ്റ്റാന്‍ഡിലെത്തിയാല്‍ അണ്ണയ്യനെ കാണാം. ഉരുള്‍ ബാക്കിയാക്കിയ ജീവിതമെങ്ങനെയെന്നറിയാനുള്ള യാത്രയില്‍ ആദ്യം കണ്ട മനുഷ്യന്‍. മുണ്ട് മുറുക്കിയുടുത്ത് പൊന്ന് വിളയിച്ച കര്‍ഷകരുടെ മണ്ണ് കൂടിയായിരുന്നു ഉരുളെടുത്ത ചൂരല്‍മല. കാപ്പി, ഏലം, കുരുമുളക്... കഠിനാധ്വാനത്തിന്റെ ബലത്തില്‍ അവര്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കി. മണ്ണിനെ മക്കളെക്കാള്‍ സ്നേഹിച്ച അണ്ണയ്യനും സ്ഥിതി മറിച്ചായിരുന്നില്ല. രണ്ടരയേക്കര്‍ ഭൂമിയെ മക്കളേക്കാള്‍ സ്‌നേഹിച്ച് ഊണും ഉറക്കവും കളഞ്ഞ് അയാള്‍ പണിയെടുത്തു, ഉരുള്‍വിഴുങ്ങുംവരെ. മുണ്ടക്കൈയില്‍നിന്ന് പൊട്ടിയൊഴുകിയ ഉരുള്‍വഴി അവസാനിച്ചത് അണ്ണയ്യന്റെ കൃഷിയിടത്തിലായിരുന്നു. വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയെടുത്ത വിളവ്, സ്വന്തമാക്കിയ ഭൂമി. ഒരു ജീവിതകാലം കൊണ്ട് അയാള്‍ പടുത്തുയര്‍ത്തിയതെല്ലാം ഒറ്റ നിമിഷത്തില്‍ ഇല്ലാതായി. ഉരുള്‍ജലം തോട്ടത്തില്‍ ബാക്കിയാക്കിയതാകട്ടെ ടണ്‍ കണക്കിന് മരത്തടികളും 67 മൃതദേഹങ്ങളും. വില്ലേജ് റോഡിന്റെയറ്റം ഇന്നും പഴയപ്രതാപത്തെ ഓര്‍മ്മിപ്പിച്ച് ആ വലിയ ഗേറ്റ് ബാക്കിയുണ്ട്, വീടിരുന്നിടത്ത് ബാക്കിയായ തറയ്ക്കും അടിഞ്ഞ മരങ്ങള്‍ക്കും കാവലായി.
Content Highlights: Wayanad landslide survivor Annayyan seeks land restoration for livelihood